This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അണ്ടികളി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അണ്ടികളി
വേനല്‍ക്കാലത്ത് കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ബാലന്‍മാര്‍ കശുവണ്ടി (പറങ്കിയണ്ടി) ഉപയോഗിച്ചു നടത്തുന്ന ഒരുതരം കളി. കളിക്കാരന്റെ കൈപ്പത്തിയുടെ വലുപ്പവും കൈക്കരുത്തും, ഉന്നവും ആണ് വിജയസിദ്ധിക്കുള്ള പ്രധാന ഘടകങ്ങള്‍. പ്രദേശഭേദമനുസരിച്ച് കളിയുടെ നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടെങ്കിലും മധ്യകേരളത്തിലെ കളിയില്‍ പൊതുസ്വഭാവങ്ങള്‍ ഒത്തുകാണുന്നുണ്ട്. ഒന്നില്‍ കൂടുതലും പത്തില്‍ കുറവുമായിരിക്കും കളിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം.
കളിസ്ഥലം ഒരുക്കുന്നവിധം. പരിസരം വെടിപ്പാക്കിയശേഷം അണ്ഡാകൃതിയിലുള്ള ഒരു കുഴികുത്തുന്നു. കുഴിക്ക് ഏകദേശം 10 സെ.മീ. നീളവും 6 സെ.മീ. വീതിയും 5 സെ.മീ. ആഴവുമുണ്ടായിരിക്കും. കുഴിയില്‍നിന്നും ഏകദേശം 2 മീ. അകലെ ആദ്യത്തെ ചാലും അവിടെനിന്നും 3 മീ. അകലെ രണ്ടാമത്തെ ചാലും വരയ്ക്കുന്നു. ആദ്യത്തേതിന് 'കളി-ചാല്‍' എന്നും രണ്ടാമത്തേതിന് 'കെട്ടുപിടി-ചാല്‍' എന്നും പറയുന്നു. ചാലുകള്‍ക്ക് സമാന്തരമായി കുഴിയുടെ നടുവില്‍നിന്നും വശങ്ങളിലേക്ക് കുറുകെ 'കുഴിവര' വരയ്ക്കുന്നു.
കളിക്കുന്നവിധം. ഓരോ കളിക്കാരനും കുഴിയിലിടുന്ന കശുവണ്ടികളുടെ എണ്ണം തുല്യമായിരിക്കും. വീതം നിശ്ചയിക്കുമ്പോള്‍, എല്ലാംകൂടി ഒരു കൈപ്പത്തിയിലൊതുങ്ങുന്നതാവാന്‍ ശ്രദ്ധിക്കാറുണ്ട്. കളിക്കുന്നതിനുള്ള മുന്‍ഗണന നിശ്ചയിക്കുകയാണ് അടുത്ത പടി. 'കെട്ടുപിടി-ചാലി'ന്റെ പുറത്ത് വലതുകാലിന്റെ പെരുവിരല്‍ സ്പര്‍ശിക്കത്തക്കവണ്ണം വലതുകാല്‍ മുന്നോട്ട് ഊന്നി ഇടതുകാല്‍ പിന്നാക്കം വച്ചുനിന്ന് കളിക്കാര്‍ ഓരോരുത്തരായി ഓരോ കശുവണ്ടി കുഴിയിലേക്കെറിയുന്നു. കുഴിയില്‍ വീഴുന്ന അണ്ടിയുടെ ഉടമസ്ഥന് ആദ്യം കളിക്കാം. കുഴിയില്‍നിന്നുള്ള അകലത്തിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവരുടെ മുന്‍ഗണനാക്രമം നിശ്ചയിക്കപ്പെടുന്നു. ഒന്നിലധികം പേരുടെ കശുവണ്ടികള്‍ കുഴിയില്‍ വീഴാനിടയായാല്‍ ഏറ്റവും ഒടുവില്‍ ഇട്ടയാളിനായിരിക്കും ആദ്യത്തെ ഊഴം; ആദ്യം ഇട്ടയാളിന് അവസാനത്തെ ഊഴവും. കളിക്കാനുള്ള ആദ്യത്തെ ഊഴം കിട്ടുന്നയാളെ 'കുഴിത്താപ്പന്‍' എന്നു വിളിക്കുന്നു.
കളിക്കാന്‍ ഉപയോഗിക്കുന്ന ചെറിയ അണ്ടിക്ക് 'കുനുഅണ്ടി' എന്നു പറയും. കളിക്കാനുള്ള മുന്‍ഗണന നിശ്ചയിച്ചുകഴിഞ്ഞാല്‍ 'കുഴിത്താപ്പന്‍' കുഴിയില്‍നിന്നും കുനു അണ്ടികളെല്ലാംകൂടി വലതുകൈയിലെടുത്ത് കളിച്ചാലിനുപുറത്ത് വലതുകാലിന്റെ പെരുവിരല്‍ തൊടുവിച്ചുനിന്നുകൊണ്ട് അവയെല്ലാംകൂടി കുഴിയിലേക്കിടുന്നു. മൂന്നോ മൂന്നിന്റെ ഗുണിതമോ ആണ് കുഴിയില്‍ വീഴുന്നതെങ്കില്‍ മുച്ച (മുച്ച്) വീണെന്നു പറയും. മുച്ചവീണാല്‍ കളിക്കാരന്റെ ഊഴം അവസാനിക്കും. കൈയിലുള്ളതു മുഴുവന്‍ ഒന്നിച്ച് കുഴിയില്‍ വീഴുകയും അത് മുച്ചയല്ലാതിരിക്കുകയും ചെയ്താല്‍ കുനുഅണ്ടികളെല്ലാം അയാള്‍ക്കു ലഭിക്കും. അടുത്ത കളിക്കുള്ള കുഴിത്താപ്പനും അയാള്‍ തന്നെ. കുഴിത്താപ്പന്‍ കുഴിയിടം വിട്ട് കളിച്ചാലിന് പുറത്തുപോകുന്നപക്ഷം മറ്റൊരു കളിക്കാരന്‍ കുഴിയിടത്തിലെത്തി സ്വയം കുഴിത്താപ്പനെന്നു പ്രഖ്യാപിച്ചാല്‍ കുഴിത്താപ്പനുള്ള മുന്‍ഗണനാവകാശം സ്വയം പ്രഖ്യാപിച്ച ആളിനു ലഭിക്കുന്നു.
കുനുഅണ്ടികളെല്ലാംകൂടി കുഴിയിലേക്കിടുമ്പോള്‍ കുറെയെണ്ണം കുഴിയിലും ബാക്കി വെളിയിലും വീഴാനാണ് കൂടുതല്‍ സാധ്യത. വെളിയില്‍ വീണിട്ടുള്ള അണ്ടികളില്‍ മറ്റു കളിക്കാര്‍ നിര്‍ദേശിക്കുന്ന ഒന്നിനെ കൈയിലുള്ള വലിയ അണ്ടികൊണ്ടു എറിഞ്ഞു തെറിപ്പിക്കുകയാണ് അടുത്തപടി. എറിയാനുപയോഗിക്കുന്ന വലിയ അണ്ടിക്കു 'പൂട്ടിയണ്ടി' എന്നു പറയും. ദേശഭേദമനുസരിച്ച് 'വക്കനണ്ടി', 'വെണ്ടയണ്ടി' എന്നീ പേരുകളുമുണ്ട്. ചിലര്‍ വലിയ കശുവണ്ടി തിരഞ്ഞെടുത്തു തുരന്ന് അതിനകത്തുള്ള പരിപ്പുമാറ്റിയിട്ട് ഈയം ഉരുക്കി ഒഴിച്ച് ഭാരംകൂട്ടി 'പൂട്ടിയണ്ടി'യായി ഉപയോഗിക്കാറുണ്ട്. ഇത് കൊണ്ടു എറിഞ്ഞാല്‍ ഉന്നം പിഴക്കാതിരിക്കുവാനും നിര്‍ദിഷ്ടമായ കുനുഅണ്ടി ഏറെദൂരം തെറിച്ചുപോകാനും സാധ്യതയുണ്ട്. മറ്റു കളിക്കാര്‍ നിര്‍ദേശിച്ച കുനുഅണ്ടിയെ പൂട്ടിയണ്ടികൊണ്ടു ചില നിയമങ്ങള്‍ക്കു വിധേയമായി എറിഞ്ഞു തെറിപ്പിക്കാന്‍ കഴിഞ്ഞാല്‍ മുഴുവന്‍ കുനു-അണ്ടിയും കളിക്കാരനു ലഭിക്കും. അയാള്‍ക്കു കുഴിത്താപ്പന്‍ ആകുകയും ചെയ്യാം.
ചിലപ്രധാനനിയമങ്ങള്‍.(1) ഏറുമൂലം കുഴിവക്ക് ഉടയരുത്. (2) പൂട്ടിയണ്ടി (നിര്‍ദിഷ്ട-കുനുഅണ്ടിയും) മറ്റു കുനുഅണ്ടികളില്‍ കൊള്ളരുത്. (3) പൂട്ടിയണ്ടി (നിര്‍ദിഷ്ട-കുനുഅണ്ടിയും) ഏറ് ഏറ്റ ആദ്യസ്ഥാനത്തുനിന്നും എല്ലാ കുനു-അണ്ടികളില്‍നിന്നും കുഴിവരയ്ക്കു പുറത്തായിട്ട് കുഴിവരയില്‍നിന്നും ഒരു ചാണില്‍ക്കൂടുതല്‍ നീങ്ങിയിരിക്കണം. (4) കുഴിക്കും, കളിച്ചാലിനും ഇടയ്ക്കു വീണിട്ടുള്ള അണ്ടിയാണ് തെറിപ്പിക്കാന്‍ നിര്‍ദേശിക്കപ്പെടുന്നതെങ്കില്‍ കളിച്ചാലിനുമുകളില്‍ കാലുകള്‍ ചേര്‍ത്തുവച്ച് മുട്ടു വളയാതെവേണം കളിക്കാരന്‍ പൂട്ടിയണ്ടി എറിയുവാന്‍. (5) ഏറിനുശേഷം പൂട്ടിയണ്ടിയും നിര്‍ദിഷ്ട കുനുഅണ്ടിയും തമ്മിലുള്ള അകലം ഒരു ചാണില്‍ കൂടുതലായിരിക്കണം. ചാണ്‍ അളക്കുന്നത് മറ്റു കളിക്കാരില്‍ വിരലിന് നീളക്കൂടുതലുള്ള ആളായിരിക്കണം.
മേല്‍പ്പറഞ്ഞ നിയമങ്ങളിലേതെങ്കിലും ലംഘിച്ചാല്‍ ഒന്നും നേടാതെതന്നെ കളിക്കാരന്റെ ഊഴം അവസാനിക്കും. എന്നാല്‍ എറിഞ്ഞുതെറിപ്പിക്കാന്‍ ശ്രമിച്ചിട്ട് നിര്‍ദിഷ്ട-കുനു അണ്ടിയുടെ അടുത്തെങ്ങാനും മാത്രമേ പൂട്ടിയണ്ടി കൊള്ളുന്നുള്ളുവെങ്കില്‍ ഏറ് ഏറ്റ സ്ഥാനത്തുനിന്നും നിര്‍ദിഷ്ട-കുനുഅണ്ടിയിലേക്കുള്ള ദൂരം അളക്കുന്നു. ഇത് കളിക്കാരന്റെ കൈക്ക് ഒരു ചാണ്‍ ഉണ്ടെങ്കില്‍ കുഴിയില്‍ കിടക്കുന്ന അണ്ടികള്‍ അയാള്‍ക്കു കിട്ടും. അകലം ഒരു ചാണില്‍ കൂടുതല്‍ വരികയോ നിയമങ്ങളില്‍ ഏതെങ്കിലും ലംഘിക്കുകയോ ചെയ്താല്‍ ഒന്നും ലഭിക്കാതെ അയാളുടെ ഊഴം തീരും. ഇതോടെ അടുത്തയാളിന്റെ ഊഴം ആരംഭിക്കുകയായി.
ഇതില്‍നിന്നും ഭിന്നമായ ചില സമ്പ്രദായങ്ങളും നിലവിലുണ്ട്. അവയില്‍ പ്രചാരക്കൂടുതല്‍ 'വരയണ്ടികളി'ക്കാണ്. ഇതിന് കുഴികുത്തേണ്ട ആവശ്യമില്ല. കുഴിക്കുപകരം കുറുകെ ഒരു വര വരച്ചശേഷം ആദ്യത്തെ കളിയിലേതെന്നപോലെ തന്നെ 'കളിച്ചാലും', 'കെട്ടുപിടിച്ചാലും' വരയ്ക്കുന്നു. കുഴിയുമായി ബന്ധപ്പെട്ട ചില നിയമങ്ങള്‍ ഒഴിച്ചാല്‍ മറ്റു നിയമങ്ങള്‍ വരയണ്ടികളിയിലും ഏറെക്കുറെ മുന്‍പു പറഞ്ഞവതന്നെയാണ്. ആദ്യത്തെ സമ്പ്രദായത്തിലുള്ള കളിയോളം പ്രചാരം ഇതിനില്ല. ചിലപ്പോള്‍ പുന്നയ്ക്കാ, വെള്ളയ്ക്കാ, മാങ്ങയണ്ടി എന്നിവ ഉപയോഗിച്ചും ഈ കളികള്‍ നടത്താറുണ്ട്.
(ജി. ഭാര്‍ഗവന്‍പിള്ള, സ.പ.)