This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡ്രിനൊ കോര്‍ട്ടിക്കോട്രോപ്പിക് ഹോര്‍മോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഡ്രിനൊ കോര്‍ട്ടിക്കോട്രോപ്പിക് ഹോര്‍മോണ്‍

Adreno corticotrophic hormone

പിറ്റ്യൂറ്ററി ഗ്രന്ഥിയില്‍നിന്നു സ്രവിക്കുന്ന ഹോര്‍മോണുകളില്‍ ഒന്ന്. ഈ ഗ്രന്ഥി അനേകം ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്നുണ്ട്. അവയില്‍ നാലെണ്ണം ട്രോപ്പിക് ഹോര്‍മോണുകളാണ്. 'ഉത്തേജിപ്പിക്കുന്നത്' എന്നാണ് 'ട്രോപ്പിക്' എന്ന വാക്കിനര്‍ഥം. മറ്റു പല അന്തസ്സ്രാവിഗ്രന്ഥികളെയും ഉത്തേജിപ്പിക്കുന്നതു (stimulating) കൊണ്ടാണ് ഇവയ്ക്കു ട്രോപ്പിക് ഹോര്‍മോണുകള്‍ എന്നു പേര്‍ ലഭിച്ചിട്ടുള്ളത്. ആ നാലില്‍ ഒന്നാണ് എ.സി.റ്റി.എച്ച്. എന്ന ചുരുക്കപ്പേരുകൊണ്ട് സാമാന്യമായി അറിയപ്പെടുന്ന അഡ്രിനൊ കോര്‍ടിക്കോട്രോപ്പിക് ഹോര്‍മോണ്‍. ഇതിന്റെ കാര്യമായ സ്വാധീനശക്തി അഡ്രിനല്‍ ഗ്രന്ഥികളിലാണ് പ്രകടമായിക്കാണുന്നത്. അഡ്രിനല്‍ കോര്‍ട്ടെക്സില്‍നിന്നുള്ള ഹോര്‍മോണ്‍സ്രാവത്തെ ഇത് ഉത്തേജിപ്പിക്കുന്നു (ഉദാ. കോര്‍ട്ടിസോണ്‍സ്രാവം). പന്നി, ആട് എന്നിവയുടെയും മനുഷ്യന്റെയും പിറ്റ്യൂറ്ററി ഗ്രന്ഥികളില്‍നിന്ന് എ.സി.റ്റി.എച്ച്.-നെ ശുദ്ധമായ അവസ്ഥയില്‍ വേര്‍പെടുത്തിയെടുത്തിട്ടുണ്ട്.

പിറ്റ്യൂറ്ററിയില്‍ ആല്‍ഫാ, ബീറ്റാ എന്നിങ്ങനെ രണ്ടുതരം സെല്ലുകളുണ്ട്. ട്രോപ്പിക് ഹോര്‍മോണുകള്‍ പൊതുവേ ബീറ്റാസെല്ലുകളിലാണു നിര്‍മിതമാകുന്നതെന്നു വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും എ.സി.റ്റി.എച്ച്.-ന്റെ കാര്യത്തില്‍ അന്തിമമായ തെളിവ് ഇനിയും കിട്ടിയിട്ടില്ല. 39 അമിനൊ അമ്ളങ്ങള്‍ കോര്‍ത്തിണക്കിയ ഒരു പോളിപെപ്റ്റൈഡിന്റെ സംരചനയാണ് ഇതിനുള്ളത്. ഇതിന്റെ ത. ഭാ. ഏകദേശം 4500 ആണ്. കൊളസ്റ്റിറോളിനെ സ്റ്റിറോയ്ഡല്‍ ഹോര്‍മോണുകളാക്കി മാറ്റുക എന്നതാണ് ശരീരത്തില്‍ ഇതിന്റെ ഏറ്റവും പ്രധാനമായ പ്രവര്‍ത്തനം. അമിനൊ അമ്ളങ്ങളില്‍നിന്നു യൂറിയയുടെ ഉത്പാദനം കുറയ്ക്കുക എന്നുള്ളതാണ് പ്രോട്ടീന്‍ ഉപാപചയത്തില്‍ ഇതിന്റെ മുഖ്യമായ പങ്ക്. അഡിപ്പോസ് ടിഷ്യൂവില്‍നിന്നു സ്വതന്ത്ര കൊഴുപ്പ് അമ്ളങ്ങളുടെ (free fatty acids) ഉത്പാദനം വര്‍ധിപ്പിക്കലും ഇതിന്റെ മറ്റൊരു പ്രവര്‍ത്തനമായി കരുതപ്പെടുന്നു. ശരീരത്തില്‍ എ.സി.റ്റി.എച്ച്. കുത്തിവെച്ചാല്‍ രക്തത്തിലുള്ള ഗ്ളൂക്കോസിന്റെ അംശം കുറഞ്ഞും ഹൈപോഗ്ളൈസീമിയ എന്ന അവസ്ഥ ഉണ്ടാകുന്നു.

ഒരു ജീവി ഏതെങ്കിലും ഒരു സമ്മര്‍ദത്തിനു (ഉദാ. ഭയം, രക്തസ്രാവം) വിധേയമാകുമ്പോള്‍ ശരീരത്തില്‍ ഉടനടി ഉണ്ടാകുന്ന ജീവശാസ്ത്രപരമായ പരിണാമങ്ങളുടെ പ്രാരംഭം എ.സി.റ്റി.എച്ച്. -ന്റെ സ്രാവമാണ്. സ്രവിച്ചയുടന്‍തന്നെ ഇത് അഡ്രിനല്‍ ഗ്രന്ഥിയുടെ കോര്‍ട്ടെക്സില്‍ എത്തിച്ചേര്‍ന്ന് അതിനെ ഉത്തേജിപ്പിക്കുകയും അതില്‍നിന്ന് ആല്‍ഡോസ്റ്റിറോണ്‍ ഒഴികെ മറ്റെല്ലാ ഹോര്‍മോണുകളെയും വേണ്ട അളവില്‍ സ്രവിപ്പിക്കുകയും ചെയ്യുന്നു. എ.സി.റ്റി.എച്ച്. കുത്തിവെച്ചാല്‍ അഡ്രിനൊ കോര്‍ട്ടിക്കല്‍ ഹോര്‍മോണുകളുടെ (ആല്‍ഡോസ്റ്റിറോണ്‍ ഒഴികെ) അളവു വര്‍ധിച്ചുകാണുന്നു എന്നത് ഇതിനു തെളിവാണ്. തന്‍മൂലം പല സമ്മര്‍ദരോഗങ്ങള്‍ക്കും (ഉദാ. എക്സിമ, ഗാസ്റ്റ്രിക് അള്‍സര്‍) ഈ ഹോര്‍മോണ്‍ കുത്തിവെയ്ക്കാവുന്നതാണ്. അതുകൂടാതെ വാതപ്പനി, സന്നിപാതം, രക്തത്തില്‍ ശ്വേതാണുക്കളുടെ വര്‍ധനവ്, രക്തത്തില്‍ ജനനാലുള്ള ഗ്ളൂക്കോസിന്റെ കുറവ് എന്നിങ്ങനെ പല രോഗങ്ങളെയും ഇതുകൊണ്ടു ചികിത്സിക്കാറുണ്ട്. ചില രോഗങ്ങളെ താത്ക്കാലികമായിട്ടാണെങ്കിലും പെട്ടെന്നു തടഞ്ഞു നിര്‍ത്തുവാന്‍ ഇതിനു കഴിവുള്ളതുകൊണ്ട് അവയെക്കുറിച്ചു പഠിക്കുവാന്‍ ഇതു കുത്തിവെയ്ക്കാവുന്നതാണ്.

വിദഗ്ധമായ വൈദ്യോപദേശമനുസരിച്ചു മാത്രമെ എ.സി.റ്റി.എച്ച്. കൊണ്ടു ചികിത്സ നടത്താവൂ. ഈ ഹോര്‍മോണ്‍ അമിതമായാല്‍ മുഖം, കൈകള്‍, കാലടികള്‍ എന്നീ സ്ഥാനങ്ങളില്‍ തവിട്ടു നിറം വന്നുചേരും. മുഖം വീര്‍ക്കും. തൊലിക്കു നിറം പകരും. തലമുടി ധാരാളം വളരും. സ്ത്രീകള്‍ക്കാണെങ്കില്‍ താടിയും മീശയും വരും. പുരുഷന്‍മാരുടെ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടും. എല്ലുകളിലെ ലോഹാംശം കുറയും. ദീര്‍ഘകാലം ചികിത്സയില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടിട്ടുണ്ട്. ക്ഷയരോഗികള്‍ക്കും മറ്റു സാംക്രമികരോഗങ്ങള്‍ ഉള്ളവര്‍ക്കും ഈ ഹോര്‍മോണ്‍ കൊണ്ടു ചികിത്സ നടത്തിക്കൂടാ.

(പ്രൊഫ. കെ. മാധവന്‍കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍