This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അട്ടപ്പാടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അട്ടപ്പാടി

കേരളത്തിലെ ഒരു ഗിരിവര്‍ഗാധിവാസകേന്ദ്രം. ഇരുളര്‍, കാടര്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങളാണ് (പ്രധാനമായി) ഇവിടെ നിവസിക്കുന്നത്. പാലക്കാടുജില്ലയില്‍ മണ്ണാര്‍ക്കാട് താലൂക്കിലുള്‍പ്പെടുന്ന വനപ്രദേശമാണിത്. വ. അക്ഷാംശങ്ങള്‍ 11°36'-നും 11°43'-നും ഇടയ്ക്കും, കി. രേഖാംശങ്ങള്‍ 76°08'-നും 76°14'-നും ഇടയ്ക്കുമായാണ് സ്ഥിതി. സമുദ്രനിരപ്പില്‍നിന്ന് സു. 365 മുതല്‍ 900 വരെ മീ. ഉയരത്തിലാണ് ഇതിന്റെ കിടപ്പ്. തൂക്കായുള്ള മലകളും നിബിഡവനങ്ങള്‍ നിറഞ്ഞ ചരിവുകളും നെല്‍പ്പാടങ്ങള്‍ നിറഞ്ഞ താഴ്വരകളും ഒക്കെച്ചേര്‍ന്ന് പ്രകൃതിരമണീയമാണ് ഈ പ്രദേശം. ഭവാനി, ശീര്‍വാണി, വാര്‍ഗാര്‍ എന്നീ നദികള്‍ ഈ പ്രദേശത്തുകൂടി ഒഴുകുന്നു.

അട്ടപ്പാടിയിലേത് തികച്ചും അസുഖകരമായ കാലാവസ്ഥയാണ്. അതിവര്‍ഷവും ഉഗ്രമായ ചൂടും രാത്രികാലങ്ങളില്‍ അതിശൈത്യവും അനുഭവപ്പെടുന്നു.

സാമ്പത്തികപ്രാധാന്യമുള്ളവയാണ് അട്ടപ്പാടിയിലെ വനങ്ങള്‍. തേക്ക്, ഈട്ടി, ചന്ദനം തുടങ്ങിയ വൃക്ഷങ്ങള്‍ ഇവിടെ ധാരാളമായി വളരുന്നു. മുള, ഈറ (ഈറ്റ) തുടങ്ങിയവയും വന്‍തോതില്‍ ലഭിച്ചുവരുന്നു. മലഞ്ചരിവുകള്‍ വെട്ടിത്തെളിച്ച് ഏലം, കാപ്പി, ഓറഞ്ച് എന്നിവയുടെ തോട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. താഴ്വാരങ്ങളില്‍ നെല്‍പ്പാടങ്ങളാണ്. തിന, ചാമ തുടങ്ങിയ ധാന്യങ്ങള്‍ മലയോരങ്ങളില്‍ കൃഷി ചെയ്യപ്പെടുന്നു. നാനാജാതിയിലുളള വന്യമൃഗങ്ങളെ ഈ വനങ്ങളില്‍ കാണാം.

അട്ടപ്പാടിപ്രദേശത്തെ ജനങ്ങളില്‍ ഭൂരിഭാഗവും ആദിവാസികളാണ്; സംഘങ്ങളായി നീങ്ങി, മാറ്റകൃഷി (shifting cultivation)യിലേര്‍പ്പെട്ട ഇക്കൂട്ടരെ സ്ഥിരമായി അധിവസിപ്പിക്കുവാനുള്ള ശ്രമം നടന്നുവരുന്നു. സംസ്ഥാനത്തെ പ്രഥമ ഗിരിവര്‍ഗക്ഷേമകേന്ദ്രം ഇവിടെയാണ്. ഭവാനി നദിയുടെ തെക്കേക്കരയിലായി മുക്കാലി, കൊട്ടിയൂര്‍, കാക്കപ്പാടി, ചെമ്മണ്ണൂര്‍, അട്ടപ്പാടി, ഊരാട്ടിയൂര്‍, കൊല്ലങ്കടവ്, കല്ലാമല എന്നിവിടങ്ങളിലാണ് അധിവാസകേന്ദ്രങ്ങള്‍. ലോകപ്രസിദ്ധമായ 'സൈലന്റ് വാലി നാഷനല്‍ പാര്‍ക്' അട്ടപ്പാടിയുടെ ഹൃദയഭാഗത്താണ്.

ഈ പ്രദേശത്തെ മണ്ണാര്‍ക്കാടുമായി ബന്ധിക്കുന്ന റോഡാണ് പ്രധാന ഗതാഗതമാര്‍ഗം. കോയമ്പത്തൂരിലേക്കുള്ള മലമ്പാത മഴക്കാലങ്ങളില്‍ ഉപയോഗശൂന്യമാണ്. വിവിധ വകുപ്പുകളുടെ ഓഫീസുകള്‍, മലേറിയ നിവാരണകേന്ദ്രം, ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. തനതായ സംസ്കാരവും ആചാരമര്യാദകളുമുള്ളവരാണ് ഇവിടത്തെ ആദിവാസികള്‍. മറ്റു വര്‍ഗക്കാരുമായി ഇവരെ കൂട്ടിയിണക്കാനുള്ള ശ്രമം തുടര്‍ന്നുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍