This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടിമവംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അടിമവംശം (1206 - 90)

Slave dynasty

ഡല്‍ഹി ആസ്ഥാനമാക്കി ഉത്തരേന്ത്യ ഭരിച്ച ആദ്യത്തെ മുസ്ളിം രാജവംശം. 'മംലൂക്ക്' രാജവംശം എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഈ രാജവംശത്തിന്റെ ഉദ്ഭവത്തെപ്പറ്റി മിന്‍ഹാജുസ്സിറാജ് എന്ന ചരിത്രകാരന്‍ രേഖപ്പെടുത്തിയിരിക്കുന്നതിന്റെ ചുരുക്കം ഇങ്ങനെയാണ്. സന്താനങ്ങളില്ലാത്ത മുഹമ്മദ് ഗോറിയോട് ഒരു സേവകന്‍ അദ്ദേഹത്തിന്റെ കാലശേഷം രാജ്യത്തിന്റെ ഭാവി എന്തായിരിക്കും എന്നു ചോദിച്ചപ്പോള്‍, അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു: 'മറ്റു രാജാക്കന്‍മാര്‍ക്ക് ഒന്നോ രണ്ടോ പുത്രന്‍മാരുണ്ടെങ്കില്‍ എനിക്കുശേഷം എന്റെ ഓര്‍മയെ നിലനിര്‍ത്താന്‍ എനിക്ക് ആയിരം പുത്രന്‍മാരുണ്ട്; എന്റെ അടിമകള്‍'.

1206-ല്‍ മുഹമ്മദു ഗോറിയുടെ അടിമകളിലൊരാളായ കുത്തുബ്-ഉദ്-ദീന്‍ അയ്ബക്ക് ഗോറിയുടെ ഇന്ത്യന്‍ സാമ്രാജ്യത്തിന്റെ മേല്‍ക്കോയ്മ ഏറ്റെടുത്തു. രാജപ്രതിനിധിയായിരിക്കുമ്പോള്‍ തന്നെ തന്റെ യജമാനന്റെ സാമ്രാജ്യാതിര്‍ത്തി വികസിപ്പിക്കുവാന്‍ അദ്ദേഹം ഉത്സാഹപൂര്‍വം പ്രവര്‍ത്തിച്ചിരുന്നു. ഗ്വാളിയര്‍, അജ്മീര്‍, കലഞ്ജര്‍ തുടങ്ങിയ രാജ്യങ്ങള്‍ പിടിച്ചടക്കിയശേഷം കുത്തൂബ്-ഉദ്-ദീന്‍ ഗുജറാത്തിലെ ചില പ്രദേശങ്ങളും കൈവശമാക്കി. ഗോറിയുടെ വധത്തിനുശേഷം അദ്ദേഹത്തിന്റെ സാമ്രാജ്യത്തില്‍ കലാപങ്ങളുണ്ടായി. ഇന്ത്യയില്‍ കുത്തുബ്-ഉദ്-ദീനെ മറ്റു മുസ്ളിം നേതാക്കന്‍മാര്‍ സുല്‍ത്താനായി അംഗീകരിച്ചു. ഗോറിലെ പുതിയ രാജാവ് അദ്ദേഹത്തിനു രാജമുദ്രകളായ പതാകയും മറ്റും അയച്ചുകൊടുക്കുകയും അദ്ദേഹത്തെ ഇന്ത്യയിലെ രാജാവായി അംഗീകരിക്കുകയും ചെയ്തു. കുത്തുബ്-ഉദ്-ദീന്‍ ഡല്‍ഹിയിലും അജ്മീറിലും ഓരോ പള്ളി പണികഴിപ്പിച്ചു. കുത്തുബ്-മിനാര്‍ എന്ന പ്രസിദ്ധമായ സ്തൂപത്തിന്റെ പണി അദ്ദേഹമാണ് ആരംഭിച്ചത്.

കുത്തുബ്-ഉദ്-ദീന്റെ മരണശേഷം (1210) പുത്രനും പിന്തുടര്‍ച്ചാവകാശിയുമായ ആരാം ബക്ഷ്, സുല്‍ത്താന്‍ ആറാംഷാ എന്ന പേരോടുകൂടി രാജാവായി. ഡല്‍ഹിയിലെ പ്രഭുക്കന്‍മാര്‍ അദ്ദേഹത്തിനെതിരായി ഗൂഢാലോചന നടത്തുകയും ഇല്‍ത്തമിഷിനെ (ഇല്‍ത്തമിഷ്-ബദൌനിലെ ഗവര്‍ണര്‍) ഡല്‍ഹി സുല്‍ത്താനാകാന്‍ ക്ഷണിക്കുകയും ചെയ്തു. ഡല്‍ഹിക്കുസമീപം നടന്ന യുദ്ധത്തില്‍ ഇല്‍ത്തമിഷ്, ആറാംഷായെ പരാജയപ്പെടുത്തിയശേഷം ഡല്‍ഹി സുല്‍ത്താനായി (1210-1236). ആ സമയം ഡല്‍ഹി സുല്‍ത്താന്റെ അധീശത്വം വളരെ അപകടത്തിലായിരുന്നു. ഹിന്ദുരാജാക്കന്‍മാര്‍ സുല്‍ത്താന്റെ അധികാരത്തെ വകവച്ചിരുന്നില്ല. പല മുസ്ളിം പ്രഭുക്കന്‍മാരും ഇല്‍ത്തമിഷിനെ സുല്‍ത്താനായി അംഗീകരിച്ചില്ല. പക്ഷേ, അവരെ എല്ലാം പരാജയപ്പെടുത്തി ഡല്‍ഹി സാമ്രാജ്യത്തെ വികസിപ്പിക്കുവാന്‍ പുതിയ സുല്‍ത്താനു കഴിഞ്ഞു. ഏറ്റവും അപകടകാരിയായ ഒരു പുതിയ ശത്രുകൂടി ഡല്‍ഹിസാമ്രാജ്യത്തെ ഭീഷണിപ്പെടുത്തി. മംഗോളിയര്‍, തങ്ങളുടെ വിശ്രുത നേതാവായ ജെംഗിസ്‍ഖാന്റെ കീഴില്‍ ജൈത്രയാത്ര നടത്തി ഇന്ത്യയുടെ അതിര്‍ത്തിയില്‍ വന്നുചേര്‍ന്നു (1221). പക്ഷേ, അവര്‍ സിന്ധു നദി കടന്ന് ഇന്ത്യയില്‍ പ്രവേശിച്ചില്ല. ഇവിടത്തെ അത്യുഷ്ണം മംഗോളിയരെ പിന്‍തിരിയാന്‍ പ്രേരിപ്പിച്ചുവെന്ന് കരുതപ്പെടുന്നു. 1228-ല്‍ ബാഗ്ദാദിലെ ഖലീഫയില്‍ നിന്നും ഇല്‍ത്തമിഷിന് ഇന്ത്യയിലെ സുല്‍ത്താനായി അംഗീകാരം ലഭിച്ചു. ഖലീഫയുടെ നാമത്തില്‍ ഇല്‍ത്തമിഷ് നാണയങ്ങള്‍ പുറത്തിറക്കി. അദ്ദേഹത്തിനുശേഷം വെള്ളിയിലുള്ള 'ടങ്ക' ഇന്ത്യയിലെ അംഗീകരിക്കപ്പെട്ട നാണയമായി തീര്‍ന്നു. ബംഗാളില്‍ കലാപം അടിച്ചമര്‍ത്തി സുല്‍ത്താന്‍ അവിടെ അധികാരം പുനഃസ്ഥാപിച്ചു. പല ചരിത്രകാരന്‍മാരുടെയും അഭിപ്രായത്തില്‍ ഡല്‍ഹി മുസ്ളിംസാമ്രാജ്യത്തിന്റെ യഥാര്‍ഥ സ്ഥാപകന്‍ ഇല്‍ത്തമിഷ് ആയിരുന്നു.

സുല്‍ത്താന്റെ അന്ത്യാഭിലാഷം തന്റെ പുത്രിയായ റസിയാ രാജ്ഞി ആകണമെന്നതായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ആണ്‍മക്കളിലൊരാളായ റുക്നുദ്ദീന്‍ ഫിറൂസ് സുല്‍ത്താനായി. വളരെ താമസിയാതെ അദ്ദേഹം സ്ഥാനഭ്രഷ്ടനായി. തുടര്‍ന്നു റസിയ സുല്‍ത്താനയായി അവരോധിക്കപ്പെട്ടു. 1236 മുതല്‍ 1240 വരെയായിരുന്നു സുല്‍ത്താനാ റസിയയുടെ ഭരണകാലം. ഡല്‍ഹിയിലെ ആദ്യത്തെ രാജ്ഞിയായ റസിയയ്ക്ക് വളരെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു.

1240-ല്‍ നാലുകൊല്ലത്തെ ഭരണത്തിനുശേഷം തടവുകാരിയാക്കപ്പെട്ട റസിയ വധിക്കപ്പെടുകയും തുടര്‍ന്ന് ഡല്‍ഹിയിലെ മുസ്ളിം പ്രഭുക്കന്‍മാര്‍ ഇല്‍ത്തമിഷിന്റെ മറ്റൊരു പുത്രനായ മുയ്സുദ്ദീന്‍ ബഹറാമിനെ സുല്‍ത്താനാക്കുകയും ചെയ്തു. പക്ഷേ, രാഷ്ട്രീയകുഴപ്പങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഇല്‍ത്തമിഷിന്റെ പൌത്രനായ അലാവുദ്ദീന്‍ മ അസുദിനെ മുസ്ളിം പ്രഭുക്കന്‍മാര്‍ ഡല്‍ഹി സിംഹാസനത്തില്‍ സുല്‍ത്താനായി അവരോധിച്ചു. ഈ സുല്‍ത്താനും രാജ്യത്തു സമാധാനം സ്ഥാപിക്കാനോ കാര്യക്ഷമമായി ഭരണം നടത്താനോ സാധിച്ചില്ല. 1246-ല്‍ ഇല്‍ത്തമിഷിന്റെ വേറൊരു പുത്രനായ നാസിറുദ്ദീന്‍ മുഹമ്മദ് സുല്‍ത്താനായി. ഉറച്ച ദൈവവിശ്വാസിയും സാത്വികനുമായിരുന്ന പുതിയ സുല്‍ത്താന്‍, അന്നത്തെ പരിതഃസ്ഥിതിയില്‍ ഭരണാധികാരിയാകാന്‍ പറ്റിയ ആളായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പ്രധാനമന്ത്രിയും ശ്വശുരനുമായിരുന്ന ബാല്‍ബന്‍ കാര്യശേഷിയോടെ ഭരിച്ചു. 'ഇല്‍ബാറി' എന്ന തുര്‍ക്കി വര്‍ഗത്തില്‍ ജനിച്ച ബാല്‍ബനും ഒരു അടിമയായിരുന്നു. 1266 വരെ ഡല്‍ഹിയിലെ പ്രധാനമന്ത്രിപദം അദ്ദേഹം വഹിച്ചു. നാസിറുദ്ദീന്റെ മരണശേഷം (1266) ഗിയാസുദ്ദീന്‍ ബാല്‍ബന്‍ ചക്രവര്‍ത്തിയായി. പിന്നീട് ഇരുപതുകൊല്ലക്കാലം വളരെ സമര്‍ഥമായി അദ്ദേഹം ഭരണം നടത്തി. നിയമപരിപാലനം കര്‍ശനമാക്കി. ബംഗാളിലെ കലാപം അടിച്ചമര്‍ത്തി. സുല്‍ത്താന്റെ സ്ഥാനം സുസ്ഥിരവും സുരക്ഷിതവുമാക്കി. അദ്ദേഹത്തിന്റെ പുത്രന്‍ മുഹമ്മദ്, മംഗോളിയരെ തോല്പിച്ച് ഓടിച്ചെങ്കിലും യുദ്ധത്തില്‍ വധിക്കപ്പെട്ടു (1285). ഈ രാജകുമാരന്‍ അമീര്‍ ഖുസ്രു എന്ന സൂഫി കവിയെ പ്രോത്സാഹിപ്പിച്ചിരുന്നു. രാജകുമാരന്റെ അകാല മരണം ബാല്‍ബന് താങ്ങാനാകാത്ത ആഘാതമായിരുന്നു. വളരെ താമസിയാതെ സുല്‍ത്താന്‍ തന്റെ 80-ാമത്തെ വയസ്സില്‍ (1286) മരണമടഞ്ഞു. ബാല്‍ബന്‍ അടിമരാജവംശത്തിലെ ഏറ്റവും പ്രഗല്ഭനായ സുല്‍ത്താനാണെന്ന് ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു അടിമയായി ജീവിതമാരംഭിച്ച് തന്റെ കഴിവു മാത്രംകൊണ്ട് സുല്‍ത്താനായിതീര്‍ന്ന ബാല്‍ബന്‍ ഒരു മാതൃകാഭരണാധികാരിയായിരുന്നു.

പതനം. ബാല്‍ബന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പൗത്രനായ മുയ്സുദ്ദീന്‍ കെയ്ക്കാബാദ് സുല്‍ത്താനായി. മദ്യപനും സുഖാഡംബരങ്ങളില്‍ അമിതപ്രിയനുമായിരുന്ന ഈ സുല്‍ത്താന്‍ 1290 വരെ കലാപങ്ങളുടെയും ഗൂഢാലോചനകളുടെയും മധ്യത്തില്‍ രാജ്യഭരണം നടത്തി. അസന്തുഷ്ടി സാര്‍വത്രികമായപ്പോള്‍ ജലാലുദ്ദീന്‍ ഫിറോസ്ഷായുടെ നേതൃത്വത്തില്‍ പ്രഭുക്കന്‍മാരും സൈന്യങ്ങളും സംഘടിച്ചു കെയ്ക്കാബാദിനെ വധിച്ച് യമുനയില്‍ തള്ളി (1290). ജലാലുദ്ദീന്‍ ഫിറോസ്ഷാ, കൊല്ലപ്പെട്ട രാജാവിന്റെ പുത്രനെയും വധിച്ചശേഷം 1290 ജൂണ്‍ 13-ന് രാജാവായി. ജലാലുദ്ദീന്‍ ഫിറോസ്ഷായാണ് കില്‍ജി വംശസ്ഥാപകന്‍. അങ്ങനെ അടിമവംശം അസ്തമിച്ചു. നോ: ഇല്‍ത്തമിഷ്, കുത്തബ് മിനാര്‍, ബാല്‍ബന്‍, മുഹമ്മദ് ഗോറി, റസിയാ സുല്‍ത്താനാ

(പ്രൊഫ. ആര്‍. ഈശ്വരപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍