This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടവാലന്‍ തിരണ്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അടവാലന്‍ തിരണ്ടി

Sting ray

അടവാലന്‍ തിരണ്ടി
കേരളത്തിന്റെ തീരസമുദ്രങ്ങളില്‍ ധാരാളമായി കാണുന്ന ഒരിനം തിരണ്ടിമത്സ്യം. ബറ്റോയ്ഡി (Batoidei) മത്സ്യഗോത്രത്തില്‍ പെടുന്നു. ശാ.നാ.: ഡാസിയാറ്റിസ് സെഫെന്‍ (Dasyatis sephen). കൊടിവാലന്‍, ഓലപ്പടിയന്‍ എന്നീ പേരുകളുമുണ്ട്. ചെങ്കടല്‍, അറേബ്യ, ഇന്ത്യ, ശ്രീലങ്ക, മ്യാന്‍മര്‍, സിംഗപ്പൂര്‍, മലയ ദ്വീപസമൂഹം, ഇന്തോ-ചൈന എന്നിവിടങ്ങളില്‍ ഈ ഇനം തിരണ്ടി കാണപ്പെടുന്നു.

അടവാലന്‍ തിരണ്ടിയുടെ പരന്ന ശരീരത്തിന് നീളത്തേക്കാള്‍ വീതി കൂടുതലാണ്. വാലിന് ശരീരത്തേക്കാള്‍ മൂന്നോ നാലോ ഇരട്ടി നീളവുമുണ്ട്. പൃഷ്ഠപത്രവും പുച്ഛപത്രവും ഇല്ല. തലയുടെയും ശരീരത്തിന്റെയും ഉപരിഭാഗത്തും വാലിന്റെ ആരംഭസ്ഥാനത്തും നിരവധി ചെറുമുഴകളുണ്ട്. ഇളം പ്രായത്തില്‍ ഈ മത്സ്യത്തിന്റെ പുറംഭാഗം ചുവപ്പ് കലര്‍ന്ന ഊതനിറമാണ്. പ്രായമാകുമ്പോള്‍ ഈയത്തിന്റെ നിറമാകുന്നു. ചാട്ടവാര്‍ പോലെയുള്ള വാലിന്റെ ആരംഭത്തില്‍ ഒന്നോ രണ്ടോ വലിയ മുള്ളുകളുണ്ടാകും. ഇരുവശവും ചര്‍മദന്തങ്ങളും. 10-12 സെ.മീ. നീളമുള്ള ഈ മുള്ളിലൂടെ വിഷം വമിപ്പിക്കാന്‍ കഴിയും. ഒരു മുള്ളു നശിച്ചാല്‍ മറ്റൊന്ന് അതിനുപകരം മുളച്ചുവരും. ശാന്തസമുദ്രതീരങ്ങളിലെ ഗോത്രവര്‍ഗക്കാര്‍ അഗ്രത്തില്‍ വിഷംപുരട്ടിയ തിരണ്ടിമുള്ളുകള്‍ കുന്തമുനയായി ഉപയോഗിക്കുന്നു. കവചിതവര്‍ഗങ്ങളാണ് ഇവയുടെ മുഖ്യ ആഹാരം. ഇതിന്റെ മാംസം മനുഷ്യര്‍ ഭക്ഷണത്തിന് ഉപയോഗിക്കുന്നു. തൊലി ഊറയ്ക്കിട്ടാല്‍ നല്ല തുകലാകും.

(കെ.കെ.പി. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍