This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അജ്ഞാതവാസം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അജ്ഞാതവാസം
ആളറിയിക്കാതെയുള്ള വാസം. അക്ഷക്രീഡാവ്യവസ്ഥ അനുസരിച്ച് പാണ്ഡവന്‍മാര്‍ ഒരാണ്ട് ആ വിധം കഴിച്ച ജീവിതത്തിനാണ് അജ്ഞാതവാസമെന്നു പ്രസിദ്ധി. യുധിഷ്ഠിരനും ദുര്യോധനനുവേണ്ടി ശകുനിയും തമ്മില്‍ നടത്തിയ രണ്ടാമത്തെ ചൂതാട്ടത്തിന്റെ വ്യവസ്ഥ, തോല്ക്കുന്ന കക്ഷി പന്ത്രണ്ടുകൊല്ലം വനവാസവും ഒരു കൊല്ലം അജ്ഞാതവാസവും ചെയ്യണമെന്നായിരുന്നു. അജ്ഞാതവാസകാലത്ത് ജ്ഞാതരായിപ്പോയാല്‍ അവര്‍ വീണ്ടും ഈ വിധം വനവാസവും അജ്ഞാതവാസവുമായി പതിമൂന്നു സംവത്സരം തരണം ചെയ്യണം. ചൂതില്‍ തോറ്റത് യുധിഷ്ഠിരനായിരുന്നതിനാല്‍ വ്യവസ്ഥ പാലിക്കാന്‍ പാണ്ഡവന്‍മാര്‍ പാഞ്ചാലിയോടൊത്തു നാടുവിട്ടു.
പന്ത്രണ്ടുകൊല്ലത്തെ വനവാസംകഴിഞ്ഞ് അജ്ഞാതവാസത്തിന് സമയമായപ്പോള്‍ എവിടെ, ഏതു വേഷത്തില്‍, എന്തു ജോലിചെയ്ത് ഒരു കൊല്ലം ആളറിയിക്കാതെ കഴിച്ചു കൂട്ടാം എന്നു പാണ്ഡവന്‍മാര്‍ കൂടിയാലോചിച്ചു. ഈ വിധമുള്ള താമസത്തിന് ഏറ്റവും പറ്റിയതായി വിരാടന്റെ മത്സ്യരാജ്യം തിരഞ്ഞെടുത്തു. തങ്ങള്‍ കൈക്കൊള്ളേണ്ടവേഷത്തെയും ജോലിയേയും സംബന്ധിച്ച് ഇങ്ങനെയും നിശ്ചയിച്ചു: യുധിഷ്ഠിരന്‍ ബ്രാഹ്മണവേഷത്തില്‍ കങ്കന്‍ എന്ന നാമംധരിച്ച് വിരാടന്റെ സദസ്യനായി താമസിക്കുക; ഭീമന്‍ വലലന്‍ എന്ന പേരില്‍ വിരാടന്റെ ആനക്കാരനും മല്ലനും പാചകനുമായി സേവനമനുഷ്ഠിക്കുക; അര്‍ജുനന്‍ ബൃഹന്നള എന്ന പേരില്‍ ഒരു ഷണ്ഡനായി വിരാടരാജധാനിയിലുള്ള സ്ത്രീകളെ നൃത്തഗീതാദികള്‍ അഭ്യസിപ്പിക്കുക; നകുലന്‍ ഗ്രന്ഥികന്‍ എന്നപേരില്‍ വിരാടന്റെ കുതിരക്കാരനായും സഹദേവന്‍ തന്ത്രിപാലന്‍ എന്നപേരില്‍ കാലിമേയ്പുകാരനായും നില്ക്കുക; പാഞ്ചാലി വിരാടരാജ്ഞിയുടെ സൈരന്ധ്രിയായി ദാസ്യവൃത്തിചെയ്യുക. പാണ്ഡവന്‍മാര്‍ ഈ നിശ്ചയമനുസരിച്ച് പ്രച്ഛന്നവേഷം ധരിച്ചു വിരാടരാജധാനിയില്‍ എത്തി നിയുക്ത ജോലികളില്‍ ഏര്‍പ്പെട്ടു.
അവര്‍ അജ്ഞാതരായി കഴിയുന്ന കാലത്തു പല പ്രധാനസംഭവങ്ങളും ഉണ്ടായി. ഒരിക്കല്‍ രാജധാനിയില്‍ ബ്രഹ്മോത്സവത്തോടനുബന്ധിച്ചു നടന്ന മല്പ്പിടുത്തത്തില്‍ ജീമൂതന്‍ എന്നൊരു മഹാമല്ലനെ വലലന്‍ അടിപ്പെടുത്തിക്കൊന്നു. വേറൊരിക്കല്‍ സൈരന്ധ്രിയുടെ രൂപലാവണ്യം കണ്ടു കാമാന്ധനായിത്തീര്‍ന്ന രാജസ്യാലന്‍ കീചകനെയും വലലന്‍ തന്ത്രത്തില്‍ വധിച്ചു. കീചകന്റെ വധവൃത്താന്തംകേട്ട്, പാണ്ഡവന്‍മാര്‍ വിരാടരാജ്യത്തുണ്ടെന്ന് ശങ്ക തോന്നുകയാല്‍ ദുര്യോധനന്‍, ത്രിഗര്‍ത്തരാജാവായ സുശര്‍മാവുമായി ആലോചിച്ച് വിരാടനെതിരേ ഒരു ദ്വിമുഖാക്രമണത്തിനു പുറപ്പെട്ടു. ആദ്യം ത്രിഗര്‍ത്തന്റെ സൈന്യം വിരാടന്റെ രാജ്യത്തില്‍ പ്രവേശിച്ചു. പാണ്ഡവന്‍മാരുടെ അജ്ഞാതവാസകാലാവധി അവസാനിച്ച ദിവസമായിരുന്നു അത്. വിരാടനു സഹായിയായിച്ചെന്ന വലലന്‍ ത്രിഗര്‍ത്തനെ ബന്ധനസ്ഥനാക്കുകയും അയാളുടെ സൈന്യത്തെ ഓടിക്കുകയും ചെയ്തു. പിറ്റേന്നു കൌരവന്‍മാര്‍ കടന്നുകയറി ഗോഗ്രഹണം നടത്തിത്തുടങ്ങി. അവരോട് എതിരിടാന്‍ ബൃഹന്നളയെ സാരഥിയാക്കിക്കൊണ്ട് വിരാടപുത്രനായ ഉത്തരന്‍ തേരില്‍ പുറപ്പെട്ടെങ്കിലും ശത്രുക്കളെ കണ്ടപ്പോള്‍ ഭയപ്പെട്ട് പിന്തിരിഞ്ഞോടി; ബൃഹന്നള ഉത്തരനെ ബലാത്ക്കാരമായി പിടിച്ചു തേരില്‍ കൊണ്ടാക്കിയിട്ട്, അദ്ദേഹം തേരോടിച്ചാല്‍ മതിയെന്നും താന്‍ യുദ്ധം ചെയ്തുകൊള്ളാമെന്നും പറഞ്ഞ്, തന്റെയും സഹോദരന്‍മാരുടെയും പരമാര്‍ഥസ്ഥിതി വെളിപ്പെടുത്തിക്കൊടുത്തു. അര്‍ജുനന്‍ കൌരവസേനയെ തോല്പിച്ചോടിച്ച് പശുക്കളെ വീണ്ടെടുത്തുകൊണ്ടുമടങ്ങി. ശത്രുക്കളെ ജയിച്ചത് ഉത്തരന്‍തന്നെയാണെന്നു പറഞ്ഞുകൊള്ളാന്‍ അര്‍ജുനന്‍ അവന് അനുമതി നല്കി. ത്രിഗര്‍ത്തനോടെതിരിടാന്‍പോയ വിരാടന്‍ രാജധാനിയിലെത്തിയപ്പോള്‍ ഉത്തരന്‍ ഒറ്റയ്ക്കു കൌരവന്‍മാരെ തുരത്തിവിട്ടിരിക്കുന്നു എന്ന വാര്‍ത്തയുമായി ഉത്തരന്റെ ദൂതന്‍മാരും വന്നുചേര്‍ന്നു. രാജാവ് ഈ വിജയം ആഘോഷിക്കാന്‍ വട്ടംകൂട്ടി. ആഘോഷത്തിന്റെ ഭാഗമായി വിരാടനും കങ്കനും തമ്മില്‍ ഒരു അക്ഷക്രീഡ നടത്തിക്കൊണ്ടിരിക്കുമ്പോള്‍, ബൃഹന്നള സഹായിക്കാനുണ്ടെങ്കില്‍ ഉത്തരനെന്നല്ല ആര്‍ക്കും ശത്രുക്കളെ ജയിക്കാം എന്നു കങ്കന്‍ ആവര്‍ത്തിച്ചു പറഞ്ഞു. പുത്രന്റെ ജയത്തെ ഇങ്ങനെ നിസ്സാരമാക്കി സംസാരിച്ച കങ്കനോട് അരിശംതോന്നിയ രാജാവ് ചൂതെടുത്ത് കങ്കന്റെ മുഖത്തേക്കെറിഞ്ഞു. ചൂതുകൊണ്ടു മുറിഞ്ഞ് കങ്കന്റെ മൂക്കില്‍നിന്ന് ചോരയൊഴുകി. തത്സമയം രാജസന്നിധിയില്‍ എത്തിച്ചേര്‍ന്ന ഉത്തരന്‍ ഈ കാഴ്ചകണ്ട് അന്ധാളിച്ചു. കൌരവന്‍മാരെ ജയിച്ചത് വാസ്തവത്തില്‍ താനല്ലെന്നും താന്‍ ഭയപ്പെട്ടോടിയപ്പോള്‍ ഒരു ദേവകുമാരന്‍ തേരില്‍ വന്നുകയറി തന്നെ പിടിച്ചു തേര്‍ത്തട്ടിലിട്ടുകൊണ്ട് കൌരവന്‍മാരെ ഏകനായി എതിര്‍ത്ത് ഓടിക്കുകയാണുണ്ടായതെന്നും തത്ക്കാലം മറഞ്ഞിരിക്കുന്ന ആ ദേവകുമാരന്‍ അടുത്തുതന്നെ അച്ഛനെ കാണുന്നതാണെന്നും ഉത്തരന്‍ വെളിപ്പെടുത്തി. അച്ഛനും മകനും കങ്കനോടുമാപ്പിരന്നു. മൂന്നാം ദിവസം രാവിലെ പാണ്ഡവന്‍മാര്‍ തങ്ങളുടെ പ്രച്ഛന്നവേഷം മാറ്റി കുളിച്ച് ശുഭ്രവസ്ത്രധാരികളായി വിരാടന്റെ രാജസദസ്സില്‍ പ്രവേശിച്ച് വരാസനങ്ങളില്‍ ഇരുന്നു. അതുകണ്ട് ഈര്‍ഷ്യാകലുഷിതനായിത്തീര്‍ന്ന വിരാടനോട് അര്‍ജുനന്‍ സത്യാവസ്ഥയെല്ലാം പറഞ്ഞു. ഇങ്ങനെ അഭിജ്ഞാതരായിത്തീര്‍ന്ന പാണ്ഡവന്‍മാര്‍ക്കു വിരാടന്‍ സര്‍വസ്വദാനം ചെയ്തതിനുപുറമേ അര്‍ജുനനു തന്റെ മകള്‍ ഉത്തരയെയും നല്കി. പക്ഷേ, അര്‍ജുനന്‍ അവളെ സ്വീകരിക്കാന്‍ വിസമ്മതിക്കുകയും തന്റെ പുത്രനായ അഭിമന്യുവിന് നല്കിയാല്‍ മതിയെന്ന് പറയുകയും ചെയ്തു. അജ്ഞാതവാസത്തിന്റെ വിജയകരമായ സമാപനത്തിനുശേഷം പാണ്ഡവന്‍മാര്‍ ഉപപ്ളാവ്യത്തില്‍ താമസിക്കുമ്പോഴാണ് ഭാരതയുദ്ധത്തിനു നാന്ദികുറിച്ച ഭഗവദ്ദൂതു നടന്നത്. ഈ ഇതിവൃത്തത്തെ ആധാരമാക്കി കുട്ടിക്കുഞ്ഞുതങ്കച്ചി, വി. കൃഷ്ണന്‍തമ്പി, കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍ എന്നിവര്‍ ഭാഷാനാടകങ്ങളും വെണ്‍മണിമഹന്‍ നമ്പൂതിരി ഒരു ആട്ടക്കഥയും രചിച്ചിട്ടുണ്ട്. ഇരയിമ്മന്‍തമ്പിയുടെ കീചകവധം, ഉത്തരാസ്വയംവരം എന്നീ രണ്ട് ആട്ടക്കഥകള്‍ പാണ്ഡവന്‍മാരുടെ അജ്ഞാതവാസകാലാനുഭവങ്ങളെ ഏതാണ്ട് സമഗ്രമായി ആവിഷ്കരിക്കുന്നു.