This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അജീവമേഖല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അജീവമേഖല

Azoic zone

ജീവികള്‍ക്കു നിലനില്ക്കാന്‍ സാധ്യമല്ലാത്ത സമുദ്രമേഖല. സമുദ്രത്തിന്റെ അത്യഗാധതകളില്‍ ജീവികള്‍ക്കു നിലനില്ക്കുവാന്‍ സാധിക്കുകയില്ലെന്നായിരുന്നു മുമ്പുണ്ടായിരുന്ന വിശ്വാസം. കടല്‍മാര്‍ഗം ഭൂമിയെ വലംവച്ച ഫ്രാന്‍സിസ് പെറോണ്‍ (1775-1810) സമുദ്രങ്ങളിലെ താപനിലയെപ്പറ്റി നടത്തിയ പഠനങ്ങളായിരുന്നു ഈ വിശ്വാസത്തിന്നാധാരം. ആഴംകൂടുന്നതനുസരിച്ച് സമുദ്രാന്തര്‍ഭാഗത്തെ ഊഷ്മാവ് കുറഞ്ഞുവരുന്നു എന്ന് അദ്ദേഹം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ അഗാധതകളുടെ അടിത്തട്ട് എപ്പോഴും ഹിമാവൃതമാണെന്ന് അദ്ദേഹം കരുതി. മെഡിറ്ററേനിയന്‍ കടലില്‍ എഡ്വേര്‍ഡ് ഹോര്‍ബ്സ് (1815-54) നടത്തിയ ഗവേഷണങ്ങളും (1841-42) ആഴക്കടലില്‍ ജീവികളില്ലെന്ന വിശ്വാസത്തെ ബലപ്പെടുത്തി. 300-700 മീ.-ല്‍ കൂടുതലുള്ള ആഴങ്ങള്‍ ജീവിരഹിതമാണെന്ന് ഹോര്‍ബ്സ് അഭിപ്രായപ്പെട്ടു. ഈ ഭാഗങ്ങളില്‍ ജീവികളില്ലാതെ പോയത് പ്രാണവായുവിന്റെ അപര്യാപ്തതമൂലമായിരിക്കാമെന്ന് അദ്ദേഹം അനുമാനിച്ചു. സൂര്യപ്രകാശത്തിന്റെയും സസ്യങ്ങളുടെയും അഭാവവും കൂടിയ ജലമര്‍ദവുമാണ് ജീവികളുടെ നിലനില്പിന് വിഘാതമെന്നു കരുതപ്പെട്ടിരുന്ന ആ കാലത്ത് മേല്പറഞ്ഞ അഭിപ്രായഗതി പലര്‍ക്കും സ്വീകാര്യമായി തോന്നി. ആദ്യമായി സമുദ്രത്തിന്റെ അഗാധതകളിലെ ജീവികളെപ്പറ്റി ശാസ്ത്രീയപഠനങ്ങള്‍ നടത്തി ചില വിവരങ്ങള്‍ നല്കിയത് നോര്‍വേക്കാരനായ മൈക്കല്‍ സാഴ്സ് എന്ന ജന്തുശാസ്ത്രജ്ഞനായിരുന്നു. നോര്‍വേയുടെ തീരത്ത് ഏകദേശം 550 മീ. ആഴത്തില്‍നിന്ന് ശേഖരിച്ച 13 ജാതി ജന്തുക്കളുടെ വിവരങ്ങള്‍ 1851-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. ചലഞ്ചര്‍ഗവേഷണപര്യടനം (187276) 500 മീ.-ല്‍ കൂടുതല്‍ ആഴങ്ങളില്‍ നിന്ന് 1,500-ല്‍പ്പരം ജാതി ജീവികളെ വെളിച്ചത്തുകൊണ്ടുവന്നു. സമുദ്രത്തിന്റെ ഏറ്റവും ആഴംകൂടിയ ഭാഗങ്ങളില്‍പോലും ജീവന്‍ നിലനില്ക്കുന്നുണ്ടെന്ന് പിന്നീട് നടന്ന പര്യവേക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

സമുദ്രമധ്യത്തിലെ ചില ഭാഗങ്ങള്‍ ജീവികളില്ലാത്തതായി കാണപ്പെടുന്നുണ്ടെങ്കിലും നിയതവും ഏകതാനവുമായ ജീവിരഹിതമേഖലകള്‍ നിര്‍ണയിച്ചിട്ടില്ല. കാസ്പിയന്‍കടല്‍, കരിങ്കടല്‍ എന്നിവയുടെ ചില ഭാഗങ്ങളിലെയും ചില ഉള്‍ക്കടലുകളിലെയും താഴത്തെ ജലപാളികള്‍ ഹൈഡ്രജന്‍സള്‍ഫൈഡിനാല്‍ ദൂഷിതമാക്കപ്പെട്ട് ജീവിരഹിതമേഖലകളായിത്തീരാറുണ്ട്. താഴെനിന്ന് മുകളിലേക്ക് 400 മീ. വരെ കനത്തില്‍ ഇത് വ്യാപിക്കുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.

(പ്രൊഫ. സി.വി. കുര്യന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍