This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അജിത് സിങ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അജിത് സിങ് (1881 - 1947)
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ മറ്റു ഭൂഖണ്ഡങ്ങളിലേക്കു വ്യാപിപ്പിച്ച പ്രവാസി വിപ്ളവകാരികളില്‍ പ്രമുഖന്‍. പഞ്ചാബിലെ ജലന്ധര്‍ ജില്ലയില്‍പ്പെട്ട ഖട്കര്‍ കലാന്‍ ഗ്രാമത്തില്‍ സര്‍ദാര്‍ അര്‍ജുന്‍സിങ്ങിന്റെ മകനായി 1881 ഫെ. 3-ന് ജനിച്ചു. 1907-ല്‍ ലാലാ ലജ്പത് റോയിയോടൊപ്പം ബര്‍മ(മ്യാന്‍മാര്‍)യിലേക്ക് നാടുകടത്തപ്പെട്ടു. തന്റെ ജ്യേഷ്ഠന്റെ മകനായ സര്‍ദാര്‍ ഭഗത് സിങ്ങിന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ ഇദ്ദേഹത്തിന്റെ 'അദൃശ്യ സാന്നിദ്ധ്യം' വലിയ പങ്കു വഹിച്ചു.
ലാഹോറിലെ ഡി.എ.വി. കോളജില്‍ പഠിക്കുമ്പോള്‍ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി. കോണ്‍ഗ്രസ്സിന്റെ തീവ്രവാദി വിഭാഗത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഇദ്ദേഹം കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തനാകാതെ സൂഫി അംബാ പ്രസാദുമായി ചേര്‍ന്ന് 'ഭാരതമാതാസഭ' എന്ന വിപ്ളവ സംഘടനക്ക് രൂപം നല്കി. ജനങ്ങള്‍ക്കിടയില്‍ ബ്രിട്ടിഷ് വിരുദ്ധ വികാരം ആളിക്കത്തിക്കുന്നതിനായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. അജിത് സിങ്ങിന്റെ ഉജ്ജ്വല പ്രഭാഷണങ്ങള്‍ കലാപങ്ങള്‍ക്ക് പ്രേരണയായി. പട്ടാളക്കാര്‍പോലും അച്ചടക്കം ലംഘിച്ച് യോഗങ്ങളിലും കലാപങ്ങളിലും പങ്കെടുത്തപ്പോഴാണ് സമാധാനലംഘനത്തിന്റെ പേരില്‍ ബ്രിട്ടിഷ് ഗവണ്‍മെന്റ് ലാലാ ലജ്പത് റായിയെയും അജിത് സിങ്ങിനെയും ബര്‍മ(മ്യാന്‍മാര്‍)യിലേക്ക് നാടുകടത്തി മാന്റലേയിലെ ജയിലില്‍ പാര്‍പ്പിച്ചത്. ബ്രിട്ടിഷ് പാര്‍ലമെന്റില്‍ തുടരെത്തുടരെ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടുകൊണ്ടിരുന്ന സാഹചര്യത്തില്‍ രണ്ടു നേതാക്കളെയും വിട്ടയക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരായി. സൂറത്ത് കോണ്‍ഗ്രസ്സില്‍ അജിത് സിങ് പങ്കെടുത്തപ്പോള്‍ ബാലഗംഗാധര തിലകന്‍ 'കൃഷിക്കാരുടെ രാജാവ്' എന്ന ബഹുമതി നല്കി കിരീടമണിയിച്ച് അനുമോദിച്ചു.
അജിത് സിങ് തന്റെ സഹായിയും പ്രസിദ്ധ വിപ്ളവകാരിയുമായ സൂഫി അംബാ പ്രസാദും മറ്റു മൂന്നു സഹപ്രവര്‍ത്തകരുമൊപ്പം 1909-ല്‍ കറാച്ചിയില്‍ നിന്നും ഒളിച്ച് ബോട്ടുമാര്‍ഗം പേര്‍ഷ്യയിലെ ബുഷയറിലെത്തി. പേര്‍ഷ്യയില്‍ വിപ്ളവം നടക്കുന്ന കാലമായിരുന്നു. ബ്രിട്ടീഷുകാരുടെയും അവരുടെ ഏജന്റുമാരുടെയും സ്വാധീനത്തെ ഭയപ്പെടേണ്ടതുണ്ടായിരുന്നതിനാല്‍ സര്‍ദാര്‍ അജിത് സിങും സഖാക്കളും പേര്‍ഷ്യക്കാര്‍ പോലും പോകാന്‍ ധൈര്യപ്പെടാത്ത ദുര്‍ഗമമായ വഴികളിലൂടെ തുന്‍തുസ്ഥാനിലേക്ക് പോയി. അവിടത്തെ ഖാന്‍ അവര്‍ക്ക് അഭയം നല്കി. സൂഫി അംബാപ്രസാദ് ഷിറാസില്‍ തങ്ങി. (ഒന്നാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷുകാരുമായി പോരാടിയ അദ്ദേഹം തടവറയില്‍ മരിച്ചു.)
പേര്‍ഷ്യയില്‍ നിന്ന് റഷ്യയിലെത്തിയ അജിത്സിങ് മിഴ്സാഹസന്‍ഖാന്‍ എന്ന പേരില്‍ ഒരു പാസ്പോര്‍ട്ട് തരപ്പെടുത്തി തുര്‍ക്കി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്റ്, ജര്‍മനി എന്നീ രാജ്യങ്ങളിലേക്ക് പോയി. അവിടത്തെ നേതാക്കളെയും പ്രവാസികളായി അവിടെ കഴിയുന്ന മറ്റു രാജ്യങ്ങളിലെ വിപ്ളവകാരികളെയും പരിചയപ്പെട്ടു. മുസ്സോളിനി, ലെനിന്‍, ട്രോട്സ്കി, ചെമ്പകരാമന്‍പിള്ള ഇവരെയൊക്കെ അവിടെ കണ്ടു. ഒന്നാം ലോകയുദ്ധം ആരംഭിച്ചപ്പോള്‍ മുമ്പ് പരിചയപ്പെട്ട ചില വിദ്യാര്‍ഥികളോടൊപ്പം ഒരു ഫ്രഞ്ചു കപ്പലില്‍ ഇദ്ദേഹം സുരക്ഷിതമായി തെക്കേ അമേരിക്കയിലെത്തി. അത്ലാന്തിക്കില്‍ മുങ്ങിയ കപ്പലുകളൊന്നില്‍ അജിത് സിങ് ഉണ്ടായിരുന്നെന്ന് തെറ്റിദ്ധരിച്ച ബ്രിട്ടീഷുകാര്‍ അന്വേഷണം അവസാനിപ്പിച്ചപ്പോള്‍ ഇദ്ദേഹം ബ്രസീലില്‍ താമസമുറപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിച്ചും വിപ്ളവ സംഘടനയായ ഗദര്‍ പാര്‍ട്ടിക്കാര്‍ രൂപീകരിച്ചിരുന്ന സൊസൈറ്റിക്കുവേണ്ടി പ്രവര്‍ത്തിച്ചും ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് സാമ്പത്തിക സഹായം എത്തിച്ചും അവിടെ പൊതുരംഗത്ത് ഇദ്ദേഹം ശോഭിച്ചു.
രാജ്യദ്രോഹം പ്രചരിപ്പിക്കുന്ന ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചതിന് അജിത് സിങ്ങിന്റെ കൂട്ടുപ്രതിയായിരുന്ന അനുജന്‍ സ്വരണ്‍സിങ് ജയിലിലെ പീഡനങ്ങളാല്‍ രോഗിയായി മരിച്ചിരുന്നു. കസൂറിലെ വക്കീല്‍ ധന്‍പത്റോയിയുടെ മകള്‍ ഹര്‍നാം കൗറിനെ 1903-ല്‍ അജിത് സിങ് വിവാഹം ചെയ്തിരുന്നു. നാടുവിട്ടുപോയ ഭര്‍ത്താവിനെ ഓര്‍ത്ത് ഇളയമ്മ ഏകാന്തതയിലിരുന്ന് കണ്ണീര്‍ പൊഴിക്കുന്നത് കണ്ടാണ് ഭഗത് സിങ് വളര്‍ന്നത്. ഭഗത് സിങ് വിദേശങ്ങളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മുഖേന തിരക്കി ഇളയച്ഛനുമായി സമ്പര്‍ക്കം സ്ഥാപിച്ചു.
'ശത്രുവിന്റെ ശത്രു മിത്രം' എന്ന തത്ത്വത്തില്‍ വിശ്വാസമര്‍പ്പിച്ച ഇന്ത്യന്‍ വിപ്ളവകാരികള്‍ ജര്‍മനിയിലേക്ക് ആശയോടെ ഉറ്റുനോക്കിയിരുന്നപ്പോഴാണ് രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടത്. മറ്റു ഇന്ത്യന്‍ വിപ്ളവകാരികളോടൊപ്പം അജിത് സിങും യൂറോപ്പിലെത്തി. ഇദ്ദേഹം ഇറ്റലിയിലാണ് പ്രവര്‍ത്തനരംഗം കണ്ടെത്തിയത്. ഇന്ത്യയില്‍നിന്ന് ഒളിവില്‍ പോയ സുഭാഷ് ചന്ദ്രബോസ് അച്ചുതണ്ടു ശക്തികളുടെ പിന്തുണ തേടുന്ന സന്ദര്‍ഭത്തില്‍ എ.സി.എന്‍. നമ്പ്യാരുമൊത്ത് റോമിലെത്തിയപ്പോള്‍ അജിത് സിങ്ങിനെ കണ്ടു. മുസ്സോളിനിയുടെ സഹായത്തോടെ ആസാദ് ഹിന്ദ്ഫൌജില്‍ പതിനായിരത്തോളം ഭടന്മാരെ ചേര്‍ക്കാന്‍ അജിത് സിങ്ങിനു കഴിഞ്ഞു. ഇദ്ദേഹം ഇറ്റാലിയന്‍ റേഡിയോവിലൂടെ ഹിന്ദുസ്ഥാനിയില്‍ പ്രഭാഷണങ്ങള്‍ നടത്തി. ഇറ്റലിയുടെയും ജര്‍മനിയുടെയും പരാജയത്തോടുകൂടി പ്രഭാഷണങ്ങളും ആസാദ് ഹിന്ദ് ഫൌജിന്റെ പ്രവര്‍ത്തനവും നിലച്ചു. സഖ്യസേന ഇന്ത്യന്‍ പോരാളികളോടൊപ്പം 1945 മേയില്‍ അജിത് സിങ്ങിനെയും തടവിലാക്കി. പട്ടാള ക്യാമ്പുകളിലെ പീഡനം ഇദ്ദേഹത്തെ രോഗിയാക്കി.
ഇന്ത്യയില്‍ അധികാര കൈമാറ്റം നടന്നപ്പോള്‍ ജവാഹര്‍ലാല്‍ നെഹ്റു ഇടപെട്ടതിന്റെ ഫലമായി 1947 മാ. 8-ന് അജിത് സിങ് കറാച്ചിയിലെത്തി. 38 വര്‍ഷത്തിനുശേഷം തിരിച്ചെത്തുമ്പോള്‍ നാട് സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുകയായിരുന്നെങ്കിലും വര്‍ഗീയ ലഹളകള്‍ കൊണ്ട് തകരുന്നതുകണ്ട് ഇദ്ദേഹം വേദനിച്ചു. ശാരീരികമായും മാനസികമായും വേദനകള്‍ സഹിക്കുന്നതിനിടയില്‍ സര്‍ദാര്‍ അജിത് സിങ് ജീവനോടെ കുഴിച്ചുമൂടി (Buried Alive) എന്ന തന്റെ ആത്മകഥ തയാറാക്കി. സംഘര്‍ഷപൂരിതമായ ആ ജീവിതത്തിന്റെ ഒടുക്കം സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാന്‍ ഇദ്ദേഹത്തിന് ഭാഗ്യമുണ്ടായി. 1947 ആഗ. 15-ന് 3.30-ന് സ്വാതന്ത്ര്യദിനത്തിന്റെ ആഹ്ളാദപ്രകടനങ്ങള്‍ കേട്ട് ഇദ്ദേഹം കണ്ണടച്ചു. സ്വാതന്ത്ര്യദിനത്തില്‍ ഉയര്‍ത്താനായി സര്‍ദാര്‍ അജിത് സിങ് തയാറാക്കിവച്ചിരുന്ന ദേശീയ പതാക പുതപ്പിച്ചു ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്ക്കരിച്ചു.
(ഡോ. നന്ദിയോട് രാമചന്ദ്രന്‍)