This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അച്യുതപ്പൊതുവാള്‍, കെ.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അച്യുതപ്പൊതുവാള്‍, കെ. (1897 - 1974)

കേരളത്തിലെ പ്രസിദ്ധനായ ഒരു സംസ്കൃത പണ്ഡിതന്‍. കിള്ളിക്കുറിശ്ശിമംഗലത്തു കൊപ്പാട്ടു വീട്ടില്‍ ലക്ഷ്മിപ്പൊതുവാള്‍സ്യാരുടെയും പൂന്തോട്ടത്തു മനയ്ക്കല്‍ ദാമോദരന്‍ നമ്പൂതിരിയുടെയും പുത്രനായി 1897 ജൂണ്‍ മാസത്തില്‍ ജനിച്ചു. മേലേടത്തു ഗോവിന്ദന്‍നമ്പ്യാര്‍ തുടങ്ങിയ ഗുരുനാഥന്‍മാരുടെ കീഴില്‍ സംസ്കൃതം പഠിച്ചതിനുശേഷം തൃപ്പൂണിത്തുറ സംസ്കൃത കോളജില്‍, താര്‍ക്കികതിലകം മാന്തിട്ട കുഞ്ചുനമ്പൂതിരിയുടെ കീഴില്‍ ന്യായശാസ്ത്രത്തില്‍ ഉപരിപഠനം നടത്തി. കൊച്ചി ഗവണ്‍മെന്റിന്റെ ന്യായഭൂഷണം, മദ്രാസ് സര്‍വകലാശാലയുടെ ന്യായശിരോമണി എന്നീ പരീക്ഷകള്‍ പാസ്സായി. 32 വര്‍ഷത്തോളം തൃപ്പൂണിത്തുറ സംസ്കൃത കോളജില്‍ ന്യായാധ്യാപകനായി ജോലിനോക്കി. ഒരു കൊല്ലം അണ്ണാമല സര്‍വകലാശാലയിലും അധ്യാപകനായിരുന്നു. മാതൃഭൂമി തുടങ്ങിയ പ്രമുഖപത്രമാസികകളില്‍ പ്രൌഢങ്ങളായ അനേകം ലേഖനങ്ങളും പുസ്തക വിമര്‍ശനങ്ങളും എഴുതിയിട്ടുള്ളതിനു പുറമേ, സംസ്കൃതത്തില്‍ വിലാപസപ്തതി, ശ്രീ പരീക്ഷിത്ചരിതം, മാതൃവിലാപം എന്നീ ഖണ്ഡകാവ്യങ്ങളും പന്ത്രണ്ടോളം സ്തോത്രകൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ശാസ്ത്രസദസ്സിനോടനുബന്ധിച്ച് കൊച്ചി മഹാരാജാവു നല്കാറുള്ള പണ്ഡിതരാജബിരുദവും തിരുവിതാംകൂര്‍ മഹാരാജാക്കന്‍മാരില്‍നിന്നും കാമകോടിപീഠം, ശാരദാപീഠം, ശൃംഗേരി എന്നിവിടങ്ങളിലെ ശങ്കരാചാര്യന്‍മാരില്‍നിന്നും അനേകം ബഹുമതിമുദ്രകളും നേടിയിട്ടുണ്ട്. കേരളത്തിന് അകത്തും പുറത്തും പണ്ഡിതശാസ്ത്ര സദസ്സുകളില്‍ പങ്കെടുത്തിട്ടുണ്ട്. 1954 മുതല്‍ ശ്രീരവിവര്‍മ സംസ്കൃതഗ്രന്ഥാവലി പ്രസാധനം ചെയ്തുവന്നു. 1974-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍