This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അച്ചാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അച്ചാരം

രണ്ടു കക്ഷികള്‍ തമ്മില്‍ കരാര്‍ ഉണ്ടാക്കുമ്പോള്‍ അതു നിറവേറ്റുമെന്ന ഉറപ്പിന് ഉപോദ്ബലകമായി ഒരു കക്ഷി മറ്റേ കക്ഷിക്കു മുന്‍കൂറായി കൊടുക്കുന്ന പണം. അതായത്, ഒരു കരാറിന് നിയമസാധുത വരുത്തുകയും ഒരു കക്ഷി അതു നിറവേറ്റിയില്ലെങ്കില്‍ ആ വീഴ്ച മൂലം ഉണ്ടാകുന്ന നഷ്ടത്തിന് അയാള്‍ ഉത്തരവാദിയായിരിക്കുമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്യുന്ന ഒരു പണക്കൈമാറ്റം ആണിത്. ഇടപാടുകള്‍ കരാറ് അനുസരിച്ച് നടക്കാതെവരുന്ന സന്ദര്‍ഭങ്ങളില്‍ അച്ചാരം തന്നെ നഷ്ടപരിഹാരമായി മാറുന്നു. മറ്റു ചിലതില്‍ അച്ചാരത്തിനു പുറമേ നഷ്ടപരിഹാരവും കൊടുക്കേണ്ടിവരും. അപ്പോഴെല്ലാം അച്ചാരം നഷ്ടപരിഹാരമായിട്ടല്ല, കരാറിലെ ഉത്തരവാദിത്വത്തിന്റെ ഒരു പ്രതീകം മാത്രമായിട്ടാണ് നിലകൊള്ളുന്നത്.

അച്ചാരം എന്ന വാക്കിന്റെ ഉദ്ഭവത്തെപ്പറ്റി അഭിപ്രായ വ്യത്യാസമുണ്ട്. 'സത്യംകാരം' എന്ന സംസ്കൃതപദത്തില്‍നിന്ന് ഇതിനെ വ്യുത്പാദിപ്പിക്കുവാന്‍ ചിലര്‍ ശ്രമിച്ചുകാണുന്നു. എന്നാല്‍ മലയാളത്തില്‍ അച്ചു, വാരം എന്ന രണ്ടു വാക്കുകളില്‍നിന്ന് ഈ ശബ്ദത്തെ നിഷ്പാദിപ്പിക്കാന്‍ കഴിയും. ('അച്ച്' - നാണ്യം; 'വാരം' - വരവ്) ഇവിടെ മുന്‍കൂറായി വന്ന [പണം പറ്റിയ (earnest money)] എന്ന അര്‍ഥം സിദ്ധിക്കുന്നു.

വിവാഹനിശ്ചയം എന്ന അര്‍ഥത്തില്‍ 'അച്ചാരക്കല്യാണം' എന്ന പ്രയോഗം ചില പ്രദേശങ്ങളില്‍ പ്രചാരത്തിലിരിക്കുന്നു. വിവാഹം നടപ്പില്‍ വരുത്തും എന്ന ഒരു വാഗ്ദാനം ഒരടിയന്തിരമായി രൂപം കൊള്ളുമ്പോഴാണ് ഈ സംജ്ഞ പ്രയോഗിക്കുന്നത്.

ഗുണ്ടര്‍ട്ടിന്റെ മലയാളം നിഘണ്ടുവില്‍, 'മകളെ രാജാവിനു അച്ചാരം വച്ചു' എന്ന പ്രയോഗം ഒരു പഴയ പുസ്തകത്തില്‍ (ടിപ്പുകഥ) നിന്ന് ഉദ്ധരിച്ചിട്ട്, 'അച്ചാരം വച്ചു' എന്നതിന് 'വിവാഹവാഗ്ദാനം ചെയ്തു' എന്ന് അര്‍ഥം പറഞ്ഞിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍