This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അച്ചടി - മലയാളത്തില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അച്ചടി - മലയാളത്തില്‍

1576-ല്‍ സ്പെയിന്‍കാരനായ ജോണ്‍ ഗൊണ്‍സാല്‍വസ് കൊച്ചിയില്‍ ഒരു അച്ചടിശാല സ്ഥാപിക്കുകയും, അതിനടുത്തകൊല്ലം അവിടെനിന്നും ക്രിസ്തീയ വേദോപദേശം എന്ന ഒരു കൃതി പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്ന് ചില ചരിത്രപരാമര്‍ശങ്ങള്‍ കാണാനുണ്ടെങ്കിലും, ആ പുസ്തകത്തിന്റെ ഒരു പ്രതിയും കണ്ടുകിട്ടിയിട്ടില്ല. 'ഒരു സ്പാനിഷ് ബ്രദറായ ജോണ്‍ ഗൊണ്‍സാല്‍വസ് കൊച്ചിയില്‍ ആദ്യമായി മലയാം-തമിഴ് അക്ഷരങ്ങള്‍ ഉണ്ടാക്കി അതുപയോഗിച്ച് ഒരു വേദോപദേശം അച്ചടിച്ചു' എന്നാണ് 'തിരുവിതാംകൂറിലെ ക്രൈസ്തവസഭാചരിത്രം' (History of Christianity in Travancore) എന്ന പുസ്തകമെഴുതിയ ജി.ടി. മെക്കന്‍സി അഭിപ്രായപ്പെട്ടത്. ഗൊണ്‍സാല്‍വസ്സിന്റെ ഈ പുസ്തകം കണ്ടുകിട്ടുകയാണെങ്കില്‍ കേരളത്തില്‍ മലയാളഭാഷയില്‍ അച്ചടിച്ച ആദ്യത്തെ ഗ്രന്ഥം അതാണെന്ന് ഉറപ്പിച്ചു പറയാം. ഭാരതീയ ലിപിയില്‍ അച്ചടിക്കപ്പെട്ട ആദ്യകൃതി വേദോപദേശ ഗ്രന്ഥമായ ഡോക്ട്രിനക്രിസ്റ്റ ആണ്. 1539-ല്‍ പോര്‍ത്തുഗീസ് ഭാഷയില്‍ യുവാന്‍ ബാരോസ് പ്രസിദ്ധീകരിച്ച വേദപാഠത്തിന്റെ ഏതാനും ഭാഗങ്ങള്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ തര്‍ജുമ ചെയ്തതാണ് ഈ കൃതി. 1556-ല്‍ ഗോവയില്‍ ഇത് അച്ചടിച്ചു എന്നു പറയപ്പെടുന്നുണ്ടെങ്കിലും അതിന്റെ കോപ്പിയോ മറ്റു തെളിവുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ 1578 ഒ.-ല്‍ കൊല്ലത്ത് തങ്കശ്ശേരിയില്‍ ദിവ്യരക്ഷകന്റെ കലാലയത്തില്‍ നിന്നും ഈ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ ഇതിന്റെ കോപ്പി സൂക്ഷിച്ചിട്ടുണ്ട്. കേരളത്തില്‍ അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകമായി അറിയപ്പെടുന്നത് കോട്ടയത്തെ സി.എം.എസ്. പ്രസ്സില്‍നിന്ന് 1824-ല്‍ പ്രസിദ്ധീകരിച്ച 'ചെറുപൈതങ്ങള്‍ക്ക് ഉപകാരാര്‍ഥം വിവര്‍ത്തനം ചെയ്ത കഥകള്‍' എന്ന ബാലസാഹിത്യകൃതിയാണ്.

1579-ല്‍ ഫ്രാന്‍സിലെ സോര്‍ബോണ്‍ സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ മറ്റൊരു വേദപുസ്തകവും 'മലയാഴ്മപ്പേച്ചി'ല്‍ അച്ചടിക്കപ്പെട്ടിട്ടുള്ളതായി പരാമര്‍ശം ഉണ്ടെങ്കിലും അതിന്റെ പ്രതികളും നഷ്ടപ്രായമായിരിക്കുന്നു. പൊതുവേ ഇത്തരത്തിലുള്ള ആദ്യകാല മുദ്രിതകൃതികള്‍ മലയാളമാണെന്ന് പറയപ്പെടുന്നുണ്ട്. പക്ഷേ, അന്ന് തമിഴ് ലിപികളാണ് ഇവയ്ക്ക് ഉപയോഗിച്ചിരിക്കാന്‍ സാധ്യതയുള്ളത്. കൊത്തിയോ വാര്‍ത്തോ അച്ചുകള്‍ നിര്‍മിക്കാന്‍ അന്ന് കേരളത്തില്‍ സൗകര്യങ്ങള്‍ വളരെ കുറവായിരുന്നതിനാല്‍ ഇവിടെ അച്ചടി ആരംഭിച്ച് ഒരു നൂറ്റാണ്ടുകാലത്തേക്കെങ്കിലും അവ ചെന്നൈയില്‍ നിന്നാണ് തയ്യാറാക്കിക്കൊണ്ടുവന്നിരുന്നതെന്ന് വിചാരിക്കാം. ചില വിദേശപാതിരിമാരുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ നടന്നുവന്ന ഈ അച്ചുനിര്‍മാണം ഏറിയകൂറും തമിഴ്ലിപികളിലും ആയിരുന്നു.

1575-ല്‍ കൊച്ചിക്കോട്ടയില്‍ പോര്‍ത്തുഗീസുകാര്‍ സ്ഥാപിച്ച ഒരു മുദ്രണാലയമാണ് കേരളത്തില്‍ ഈ പ്രസ്ഥാനത്തിന്റെ ഉദ്ഘാടനത്തിനു വഴിതെളിച്ചത്. ചേന്ദമംഗലത്തിനടുത്ത് വൈപ്പിന്‍കോട്ടയില്‍ പിന്നീട് സ്ഥാപിതമായ പ്രസ്സും അവരുടേതുതന്നെ ആയിരുന്നു. എന്നാല്‍ കേരളത്തില്‍ മൂന്നാമത് ആരംഭിച്ച അച്ചടിശാല കൊടുങ്ങല്ലൂരിനടുത്ത് അമ്പഴക്കാട്ടാണ് (17-ാം ശ.). ഇഗ്നേഷ്യസ് എന്നു പേരായ ഒരു കേരളീയനാണ് ഇതിന്റെ സ്ഥാപകന്‍. ഇവിടെ നിന്നു പ്രകാശിതമായിട്ടുള്ള പുസ്തകങ്ങളുടെ എണ്ണത്തെ കുറിച്ചു വിശ്വാസയോഗ്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും കേരളക്കരയില്‍ ഒരു മലയാളി സ്ഥാപിച്ച ആദ്യത്തെ മുദ്രണാലയമെന്ന ബഹുമതിക്ക് ഇത് അര്‍ഹമാണ്.

ഹോര്‍ത്തുസ് മലബാറിക്കുസ്(മലയാളം)-മുഖവുരയില്‍ നിന്ന്

ഹോര്‍ത്തൂസ് മലബാറിക്കൂസ്. കേരളത്തിലെ പലതരം സസ്യങ്ങളെ സംബന്ധിച്ച് ഡച്ചുകാരനായ ഹെന്‍ഡ്രിക് ഏഡ്രിയന്‍ വാന്‍ റീഡ് കൊച്ചിക്കോട്ടയില്‍ ഗവര്‍ണര്‍ ആയിരിക്കവേ (1673-77) രചിച്ച് 1678-ല്‍ പ്രസിദ്ധീകരിക്കുന്ന ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന പ്രബന്ധമാണ് ലഭ്യമായിട്ടുള്ളതില്‍ പ്രാചീനമായ (മലയാള ലിപികള്‍) മുദ്രിത ഗ്രന്ഥം.


                HORTI MALABARICI
              PARS DUODECIMA&ULTIMA
                   DE
                  HERBIS
              ET DIVERSIS ILLARUM
                 S PECIE BUS

എന്ന് പുസ്തകത്തിന്റെ പേരും (Henricum Van Rhede Tot Drakesein) എന്ന് ഗ്രന്ഥകാരന്റെ പേരും അച്ചടിച്ച ഈ കൃതി ആംസ്റ്റര്‍ഡാമില്‍നിന്നു പ്രസിദ്ധീകൃതമായി. സചിത്രപ്രസിദ്ധീകരണമാണ് ഇതെന്നത് ഇതിന്റെ മൂല്യം വളരെയേറെ വര്‍ധിപ്പിക്കുന്നു. ഓരോ (ചെടിയുടെ) ചിത്രത്തിന്റെയും പേര് ലത്തീന്‍, മലയാളം, അറബി, ദേവനാഗരി എന്നീ നാലു ലിപികളില്‍ ഇദ്ദേഹം കൊടുത്തിട്ടുണ്ട്. ചതുരവടിവിലുള്ള മലയാള ലിപികളാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഹോര്‍ത്തൂസ് മലബാറിക്കൂസ് (വിവിധ ലിപികളില്‍ അച്ചടിച്ചിട്ടുള്ള പുറം

മലയാളക്കരയില്‍ താന്‍ കണ്ടതും പരിചയപ്പെട്ടതും മറ്റുള്ളവരുടെ സഹകരണത്തോടെ മനസ്സിലാക്കിയതുമായ മിക്ക ഔഷധികളെയും സസ്യങ്ങളെയും വാന്‍ റീഡ് ഇതില്‍ സമഗ്രമായി വിവരിച്ചിരിക്കുന്നു. സസ്യചിത്രങ്ങളും നാലു ഭാഷകളില്‍ അവയുടെ നാമങ്ങളും പ്രത്യേകം വരച്ചു തയ്യാറാക്കി ബ്ളോക്കെടുത്ത് അച്ചടിക്കുന്ന സമ്പ്രദായമാണ് ഇതില്‍ അനുവര്‍ത്തിച്ചുവന്നത്. 'കരപ്പുറത്തുപിറന്നൊള്ള ചേകോവര്‍ണമായ കൊല്ലാടനെന്നു പേരുള്ള ഒരു മലെയാം വൈദ്യന്റെ ചൊല്‍കെട്ട് ചാര്‍ത്തിയ' ഇതിന്റെ ആദ്യ മുദ്രിതപാഠം ലഭ്യമാണ്. ഫാദര്‍ മാത്യുസ് എന്ന ഒരു കര്‍മലീത്താപാതിരി, രംഗഭട്ടന്‍, വിനായകപണ്ഡിതന്‍, അപ്പുഭട്ടന്‍ എന്നീ ഗൌഡസാരസ്വതഭിഷക്കുകള്‍, ഇട്ടി അച്യുതന്‍ എന്ന ഒരു ഈഴവന്‍ തുടങ്ങിയവരും ഇതിന്റെ നിബന്ധനത്തില്‍ തന്നെ സഹായിച്ചതായി ഗ്രന്ഥകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 7,946 ചിത്രങ്ങളുള്ള ഈ ബൃഹത്കൃതിക്ക് 12 വാല്യങ്ങളുണ്ട്. 'മലെയാളത്തിലെ വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും കായ്കെളും വിത്തുകെളും രെസങ്ങളും വെരുകെളും ചക്തികെളും സുദചെക്തികെളും പറെങ്ങിപ്പഴെയിലും മലയാംപാഴെയിലും വകതിരിച്ചു ചൊല്ലുകയും ഈ വണ്ണം ഒരു സംശയം എത്തി നേരാകും വണ്ണം എഴുതിത്തീര്‍ത്ത നിശ്ചയത്തില്‍ എന്റെ ഒപ്പ് അബ്രീല്‍മാസം (വര്‍ഷസംഖ്യ-പഴയ ലിപിയില്‍) മത കൊച്ചിയില്‍ കോട്ടയില്‍ എഴുത്ത' എന്ന രീതിയിലാണ് ഇതിലെ പ്രതിപാദനം. നോ: ഹോര്‍ത്തൂസ് മലബാറിക്കൂസ്


സംക്ഷേപവേദാര്‍ഥം. റോമിലെ ഒരു മുദ്രണാലയത്തില്‍ നിന്ന് 1772-ല്‍ പ്രകാശിപ്പിക്കപ്പെട്ട സംക്ഷേപവേദാര്‍ഥം എന്ന കൃതിക്കാണ് മലയാളത്തിലെ മുദ്രിതഗ്രന്ഥങ്ങളില്‍ രണ്ടാം സ്ഥാനം. ഇക്കാലത്തിനടുപ്പിച്ചു കേരളത്തില്‍ സുവിശേഷപ്രചാരണാര്‍ഥം താമസിച്ചിരുന്ന ക്ളെമന്റ് പിയാനിയസ് എന്ന ഒരു വൈദികനാണ് ഇതിന്റെ കര്‍ത്താവ്. സംക്ഷേപവേദാര്‍ഥം എന്നും കുമ്പേന്തി എന്നും ഉള്ള പേരുകളില്‍ അറിയപ്പെടുന്ന ഈ കൃതിയുടെ പൂര്‍ണനാമം അതില്‍ അച്ചടിച്ചിരിക്കുന്നത് Compendiosa Legis Explicatio Omnibus Christains Scitu Necesaria എന്നാണ്. ചോദ്യോത്തര രൂപത്തില്‍ ഗുരുശിഷ്യസംവാദമായി 270-ലധികം പുറങ്ങളിലായി അച്ചടിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിനു സമ്പൂര്‍ണമായി മലയാള ലിപികളില്‍ മുദ്രിതമായ ആദ്യത്തെ പുസ്തകം എന്ന ബഹുമതി അവകാശപ്പെടാം. ക്ളെമന്റ് പാതിരി അതേ വര്‍ഷം അച്ചടിപ്പിച്ച Alphabetum Grandonico Malabaricum എന്ന ലത്തീന്‍ കൃതിക്ക് ആമുഖമെഴുതിയ ജോണ്‍ ക്രിസ്തോഫര്‍ അമദാത്തിയാസ് സംക്ഷേപവേദാര്‍ഥത്തിന്റെ മുദ്രണത്തിനുവേണ്ടി, മലയാളത്തിലെ 51 മൌലികാക്ഷരങ്ങള്‍ അച്ചടിക്കാന്‍ 1,128 അച്ചുകള്‍ നിര്‍മിക്കേണ്ടിവന്നുവെന്ന കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യന്‍ ഭാഷകളെ അപേക്ഷിച്ച് മലയാളത്തില്‍ അച്ചുകള്‍ തയ്യാറാക്കുന്നകാര്യം എത്ര വിഷമം പിടിച്ചതാണെന്നും പാതിരി രേഖപ്പെടുത്തിയിട്ടുണ്ട്. റോമിലെ ബഹുഭാഷാമുദ്രണാലയത്തില്‍ (Polygot Press) ചതുരവടിവിലുള്ള മലയാള ലിപികളില്‍ അടിച്ച ഈ കൃതിയുടെ അപൂര്‍വം പ്രതികള്‍ ലഭ്യമാണ്. അര നൂറ്റാണ്ടിനുശേഷം ബെഞ്ചമിന്‍ ബെയിലിയുടെ നേതൃത്വത്തില്‍ കോട്ടയം സി.എം.എസ്. പ്രസ്സില്‍ നിന്നും അച്ചടിച്ചു പുറത്തിറക്കിയ പുതിയ നിയമത്തിലേക്കാള്‍ ഒട്ടും താഴേയ്ക്കിടയിലല്ല സംക്ഷേപവേദാര്‍ഥത്തിലെ ഭാഷ. നോ: ക്ളമന്റ് പാതിരി; സംക്ഷേപവേദാര്‍ഥം

1811-ല്‍ കൊറിയര്‍ പ്രസ്സില്‍ മുദ്രണം ചെയ്ത സുവിശേഷങ്ങളുടെ ഒരു ഭാഗം
സി.എം.എസ്. പ്രസ്. ക്രൈസ്തവ പാതിരിമാരുടെ നേതൃത്വത്തില്‍ മുദ്രണവിദ്യയിലൂടെയുള്ള വിജ്ഞാനവിതരണ സംരംഭങ്ങള്‍ നേരത്തെ തുടങ്ങിയെങ്കിലും കേരളത്തില്‍ അച്ചടി സാര്‍വജനീനമായ പ്രയോജനത്തിനുളള ഒരു മാധ്യമമാകുന്നത് തിരുവിതാംകൂറിലും കൊച്ചിയിലും ദിവാനും റസിഡന്റുമായി സേവനം അനുഷ്ഠിച്ച കേണല്‍ മണ്‍റോയുടെ കാലത്താണ് (1810-19). ഇദ്ദേഹത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് കോട്ടയത്ത് ചര്‍ച്ച് മിഷന്‍ സൊസൈറ്റി (സി.എം.എസ്.) ഒരു പ്രസ് സ്ഥാപിക്കുവാന്‍ തീരുമാനിച്ചത്. റവ. ബെഞ്ചമിന്‍ ബെയിലിയുടെ നേതൃത്വത്തില്‍ 1821-ല്‍ സി.എം.എസ്. പ്രസ് സ്ഥാപിതമായി. അവിടെ സ്ഥാപിച്ച ആദ്യത്തെ പ്രസ്, എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക നോക്കി ബെയിലി ധ്വര സംവിധാനം ചെയ്തതാണ്. ഇതില്‍ മുദ്രണം ചെയ്യപ്പെട്ട കൃതികള്‍ ക്രമേണ പ്രചരിച്ചു തുടങ്ങി. ഈ പ്രസ്സിന്റെ പ്രാരംഭകാലപ്രവര്‍ത്തനങ്ങളുടെ സകല ചുമതലകളും വഹിച്ചിരുന്ന റവ. ബെയിലി തന്നെ. ബൈബിള്‍ തുടങ്ങിയ ക്രൈസ്തവഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്തും ശബ്ദകോശങ്ങള്‍ നിര്‍മിച്ചും ഇതിന്റെ പ്രവര്‍ത്തനങ്ങളെ വിപുലീകരിച്ചു. യഥാര്‍ഥത്തില്‍ അച്ചടി ഒരു വ്യവസായമെന്ന നിലയില്‍ കേരളത്തിലാരംഭിക്കാന്‍ തുടക്കമിട്ടത് കോട്ടയത്തെ സി.എം.എസ്. പ്രസ് ആണെന്നു പറയാം.
1829-ല്‍ സി.എം.എസ്.പ്രസ്സില്‍ മുദ്രണം ചെയ്യപ്പെട്ട പുതിയ നിയമത്തിന്റെ ഒരു ഭാഗം കടപ്പാട്:സി.എം എസ്.പ്രസ്
അച്ചുകള്‍ നിര്‍മിക്കാനും സംവിധാനം ചെയ്യാനും റവ. ബെയിലി ഒരു മരപ്പണിക്കാരനെയും രണ്ടു കൊല്ലന്‍മാരെയും തന്നോടൊത്ത് പ്രസ്സില്‍ താമസിപ്പിച്ചിരുന്നു. അതുവരെയുണ്ടായിരുന്ന ചതുരവടിവ് ഉപേക്ഷിച്ചിട്ട് വട്ടത്തില്‍ മലയാളലിപികള്‍ക്ക് അച്ചു തയ്യാറാക്കാന്‍ തുടങ്ങിയതും ഈ പ്രസ്സിന്റെ ആവിര്‍ഭാവത്തോടുകൂടിയാണ്. സംക്ഷേപവേദാര്‍ഥം മുദ്രണം ചെയ്യാന്‍ ഉപയോഗിച്ച ചതുരവടിവിലുള്ള അച്ചുകളുടെ എണ്ണം 1,128 ആണെന്നു പ്രസ്താവിച്ചുവല്ലോ. മുംബൈയിലെ കൊറിയര്‍ പ്രസ്സിലും ഇത്തരം ചതുരവടിവിലുള്ള അച്ചുകളാണ് ഉപയോഗിച്ചിരുന്നത്. അച്ചുകളുടെ എണ്ണം അഞ്ഞൂറില്‍പരമായി കുറച്ചത് ബെയിലി ആണ്. ചതുരവടിവില്‍ വള്ളികള്‍ ( ി, ീ) വ്യഞ്ജനാക്ഷരങ്ങളോടു ചേര്‍ത്ത് മുകളിലായി കൊടുത്തിരുന്നു. അവ വേര്‍പെടുത്തിയതു മൂലമാണ് എണ്ണം കുറഞ്ഞു കിട്ടിയത്. 'നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പുതിയ നിയമം മലയാഴ്മയില്‍ പരിഭാഷയാക്കപ്പെട്ടത്;
കോട്ടയം സി.എം.എസ്.പ്രസ്സില്‍ സൂക്ഷിച്ചിരിക്കുന്ന ബെയിലി പ്രസ്

കോട്ടയം ചര്‍ച്ച് മിശോന്‍ അച്ചില്‍ ബൈബിള്‍ സൊസൈറ്റിക്കുവേണ്ടി മിശിഹ സംവത്സരം 1829-ല്‍ അച്ചടിക്കപ്പെട്ടു', എന്ന പരാമര്‍ശനത്തില്‍നിന്ന് അക്കാലത്ത് മലയാളഗദ്യം നേടിയ നവചൈതന്യത്തെക്കുറിച്ചുള്ള തെളിവും ലഭിക്കുന്നു.

മറ്റു മുദ്രണാലയങ്ങള്‍. 1834-ല്‍ സ്വാതിതിരുനാള്‍ രാമവര്‍മ തിരുവനന്തപുരത്ത് ആദ്യമായി ഗവണ്‍മെന്റ് പ്രസ് സ്ഥാപിച്ചു. അതുവരെ ഗവണ്‍മെന്റിനാവശ്യമായ സകല മുദ്രണജോലികളും കോട്ടയം സി.എം.എസ്. പ്രസ്സിലാണ് നടത്തിവന്നത്. നോ: ബെയിലി, ബെഞ്ചമിന്‍

ഗവണ്‍മെന്റ് പ്രസ്സിനെ മാതൃകയാക്കി 1846-ല്‍ മാന്നാനത്ത് ചാവറ കുരിയാക്കോസ് അച്ചന്‍ തടികൊണ്ട് ഒരു പ്രസ് നിര്‍മിച്ചു. അതാണ് മാന്നാനം സെന്റ് ജോസഫ്സ് പ്രസ്സിന്റെ പ്രാരംഭം കുറിച്ചത്. ഏതാണ്ട് ഇതേ കാലഘട്ടത്തില്‍തന്നെ മലബാര്‍ പ്രദേശത്തും അച്ചടി സംബന്ധമായ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ബാസല്‍ മിഷന്റെ പ്രവര്‍ത്തനമാണ് ഇതിനു പ്രചോദനം നല്കിയത്. കോഴിക്കോട്ട് പ്രവര്‍ത്തനാരംഭിച്ച മിനര്‍വാ പ്രസ് ഇക്കൂട്ടത്തില്‍പെടുന്നു. അവിടെനിന്നും അച്ചടിച്ചിറക്കിയ പുസ്തകങ്ങളില്‍ ഉപ്പൊട്ട കണ്ണന്‍, വ്യാഖ്യാനസഹിതം ഭാഷാന്തരം ചെയ്ത ആയുര്‍വേദഗ്രന്ഥം - അഷ്ടാംഗഹൃദയം-ഭാസ്കരം വ്യാഖ്യാനം-പ്രധാന്യം അര്‍ഹിക്കുന്നു.

19-ാം ശ.-ത്തിന്റെ മധ്യത്തോടുകൂടി അച്ചടി തിരുവിതാംകൂറില്‍ പ്രചാരത്തില്‍ വന്നു. തിരുവിതാംകൂര്‍ രാജാവായിരുന്ന ഉത്രംതിരുനാള്‍ മാത്താണ്ഡവര്‍മയുടെ ആശ്രിതനും കഥകളികലാകാരനുമായിരുന്ന ഈശ്വരപിള്ള വിചാരിപ്പുകാര്‍ 1853-ല്‍ തിരുവനന്തപുരത്ത് 'കേരളവിലാസം' എന്ന പേരില്‍ ഒരച്ചുകൂടം സ്ഥാപിക്കുകയും അതിലൂടെ ആദ്യമായി അമ്പത്തുനാലു ആട്ടക്കഥകളുടെ ഒരു സമാഹാരം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. സ്വാതിതിരുനാള്‍, ഇരയിമ്മന്‍ തമ്പി തുടങ്ങിയവരുടെ ഏതാനും ഗാനസമാഹാരങ്ങളും, രാമായണം തുടങ്ങിയ കിളിപ്പാട്ടുകളും ആദ്യമായി അച്ചടിക്കപ്പെട്ടതും കേരളവിലാസത്തിലായിരുന്നു.

ഏതാണ്ട് ഇക്കാലത്തിനടുപ്പിച്ചായിരുന്നു മലയാളത്തില്‍ പത്രപ്രവര്‍ത്തനത്തിന്റെ ആവിര്‍ഭാവവും. റവ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എന്ന പൌരസ്ത്യവിജ്ഞാനീയ പണ്ഡിതന്‍ 1847 ജൂ.-ല്‍ തലശ്ശേരിക്ക് അടുത്തുള്ള ഇല്ലിക്കുന്നില്‍ സ്ഥാപിച്ച ഒരു അച്ചടിശാലയില്‍ നിന്ന് മലയാളത്തിലെ ആദ്യപത്രമായ രാജ്യസമാചാരം പുറത്തുവന്നു. 19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ മലയാളത്തില്‍ മാസികകളും വാരികകളും മറ്റു ആനുകാലിക പ്രസിദ്ധീകരണങ്ങളുമായി 50-ലേറെയുണ്ടായിരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ പലതിനും സ്വന്തമായി മുദ്രണാലയങ്ങളുമുണ്ടായിരുന്നു. ഭാഷാപോഷിണി, വിദ്യാവിലാസിനി, വിദ്യാവിനോദിനി, വിജ്ഞാനവര്‍ധിനി, രസികരഞ്ജിനി, ഭാഷാവിലാസം തുടങ്ങിയ പേരുകളില്‍ സ്ഥാപിതമാകാന്‍ തുടങ്ങിയ ഇത്തരം അച്ചുകൂടങ്ങളുടെയും ഇവയില്‍നിന്ന് പുറത്തുവന്നുതുടങ്ങിയ കാലികപ്രസിദ്ധീകരണങ്ങളുടെയും പേരുകളില്‍നിന്നു തന്നെ ഇവ സമൂഹത്തിന് നല്‍കാനുദ്ദേശിച്ച സേവനങ്ങളുടെ സ്വഭാവം വ്യക്തമാണ്. 19-ാം ശ.-ത്തിന്റെ അവസാനത്തില്‍ കൊല്ലം പട്ടണത്തില്‍ എസ്.റ്റി. റെഡ്യാര്‍ എന്ന വ്യവസായിയാണ് കിളിപ്പാട്ട്, തുള്ളല്‍ക്കഥ, ആട്ടക്കഥ, മണിപ്രവാള കൃതികള്‍ തുടങ്ങിയ പ്രാചീന മലയാള സാഹിത്യസമ്പത്തുകളെ മറ്റാരേയുംകാള്‍ കൂടുതലായി അച്ചടിച്ച് പ്രചരിപ്പിക്കാന്‍ സ്വന്തം പേരില്‍ ഒരു അച്ചുകൂടം സ്ഥാപിച്ചത്. റെഡ്യാരെപ്പോലെ, മലയാളം മാതൃഭാഷയല്ലാത്ത ദേവ്ജിഭീമ്ജി തുടങ്ങിയ വ്യവസായ തത്പരരും കേരളത്തിലെ മുദ്രണകലയുടെയും തദ്വാരാ മലയാള പ്രസിദ്ധീകരണങ്ങളുടെയും വ്യാപനവികാസത്തിന് നിസ്സീമമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്.

ഉപ്പൊട്ട കണ്ണന്‍ എഴുതിയ അഷ്ടാംഗഹൃദയം-ഭാസ്ക്കരം വ്യാഖ്യാനം-ഒരു ഭാഗം

21-ാം ശ.-ത്തിന്റെ ആരംഭത്തില്‍ കേരളം അച്ചടിയുടെ കാര്യത്തില്‍ അത്യാധുനിക സങ്കേതിക വിദ്യകളുപയോഗിക്കുന്നതില്‍ മുന്നേറിയിട്ടുണ്ട്. അച്ചടി ഒരു കലയെന്ന നിലയിലും വ്യവസായം എന്ന നിലയിലും ഗണ്യമായി അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍