This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അചിന്ത്യകുമാര്‍ സെന്‍ഗുപ്ത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അചിന്ത്യകുമാര്‍ സെന്‍ഗുപ്ത (1903 - 76)

ബംഗാളി നോവലിസ്റ്റ്. ആദ്യകാലങ്ങളില്‍ കവിതാരചനയിലാണ് സെന്‍ഗുപ്ത തത്പരനായിരുന്നത്. ഇദ്ദേഹത്തിന്റെ അമാവാസ്യാ, പ്രിയാ, പൃഥ്വീ, നീല് ആകാശ് എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധമാണ്. പക്ഷേ, പിന്നീട് കാവ്യരചനയില്‍നിന്നു വിരമിച്ച് ചെറുകഥയും നോവലും എഴുതിത്തുടങ്ങി. രവീന്ദ്രനാഥ് ടാഗോറിന് എതിരായി ഒരു വിപ്ളവസാഹിത്യപ്രസ്ഥാനം തുടങ്ങുകയും അനേകം യുവസാഹിത്യകാരന്‍മാരെ അതിനുകീഴില്‍ അണിനിരത്തുകയും ചെയ്യാന്‍ സെന്‍ഗുപ്തയ്ക്കു കഴിഞ്ഞു.

പ്രമുഖനായ ഒരു നോവലിസ്റ്റ് എന്ന നിലയില്‍ സെന്‍ഗുപ്ത സമാദരണീയനാണ്. ബെദെ ആകസ്മിക്, വിവാഹേര്‍ ചെയേബഡോ, പ്രാചീര്‍ ഓ പ്രാന്തര്‍, ഊര്‍ണനാഭ്, ഇന്ദ്രാണി, തുമീ ആര്‍ അമീ എന്നിവയാണ് ഇദ്ദേഹത്തിന്റെ മികച്ച നോവലുകള്‍. വിപ്ളവാവേശം തിരതല്ലുന്ന ആശയങ്ങളും അവയുടെ ആവിഷ്കരണത്തിനുതകുന്ന കഥാപാത്രങ്ങളും ഊര്‍ജസ്വലമായ ശൈലിയും സൂക്ഷ്മമായ ജീവിതനിരീക്ഷണവും സെന്‍ഗുപ്തയുടെ നോവലുകളുടെ സവിശേഷതകളാണ്.

നൂതനരീതിയിലുള്ള നിരവധി ചെറുകഥകളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. മാനവജീവിതത്തിന്റെ എല്ലാ കെടുതികളും മേന്‍മകളും ഈ കഥകളില്‍ ദൃശ്യമാണ്. ഇതി, രുദ്രേര്‍ ആവിര്‍ഭാവ്, ഡബിള്‍ഡെക്കര്‍, ജതന്ബീബി, ഹാഡി മുചിഡോം എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കഥാസമാഹാരങ്ങള്‍.

സെന്‍ഗുപ്ത രചിച്ച, ശ്രീരാമകൃഷ്ണപരമഹംസന്റെ ജീവചരിത്രം ബംഗാളി ജീവചരിത്രസാഹിത്യത്തിന് വിലപ്പെട്ട ഒരു സംഭാവനയാണ്.

(ഡോ. സുകുമാര്‍ സെന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍