This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അങ്കമാലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അങ്കമാലി

മധ്യകേരളത്തില്‍ എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റി. നാഷനല്‍ ഹൈവേയും എം.സി. റോഡും അങ്കമാലിയില്‍ സന്ധിക്കുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അങ്കമാലിയ്ക്കടുത്തുള്ള നെടുമ്പാശേരി എന്ന സ്ഥലത്താണുള്ളത്. ജലസേചനസൗകര്യംകൊണ്ട് സമ്പന്നമായ ഒരു കാര്‍ഷികമേഖല അങ്കമാലിക്കുണ്ട്. സുറിയാനി ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ചരിത്രപ്രാധാന്യമുളള സ്ഥലമാണ് ഇത്. പോര്‍ത്തുഗീസുകാരുടെ വരവിനു മുന്‍പ് സുറിയാനിസഭയുടെയും, ആദ്യത്തെ പോര്‍ത്തുഗീസ് ബിഷപ്പിന്റെയും ആസ്ഥാനമായിരുന്നു അങ്കമാലി. അവസാനത്തെ വിദേശബിഷപ്പായിരുന്ന മാര്‍ അബ്രഹാമിന്റെ മൃതദേഹം അടക്കംചെയ്യപ്പെട്ട (1597) സെന്റ് ഹോര്‍മീസ് ചര്‍ച്ച് (സ്ഥാപനം 480-ല്‍) ഉള്‍പ്പെടെ പല പ്രസിദ്ധ ദേവാലയങ്ങളും ഇവിടെയുണ്ട്. ഇവയില്‍ സെന്റ് ജോര്‍ജ്സ് ഫെറോനാ ചര്‍ച്ചിലെ പെരുന്നാള്‍ പ്രസിദ്ധമാണ്.

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ട്രാന്‍സ്ഫോര്‍മര്‍ ഫാക്ടറി അങ്കമാലിയില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇതിനടുത്ത് കരുകുറ്റിയില്‍ ഒരു ഇലക്ട്രിക് കേബിള്‍ഫാക്ടറിയും കൊരട്ടിയില്‍ ഗവണ്‍മെന്റ് സെക്യൂരിറ്റിപ്രസ്സും ഉണ്ട്. തീപ്പെട്ടി, ഓട്, ഇഷ്ടിക എന്നിവ നിര്‍മിക്കുന്ന ഏതാനും സ്വകാര്യവ്യവസായശാലകളും റൈസ്‍മില്ലുകളും അങ്കമാലിയിലുണ്ട്. മുളയും ഈറയുംകൊണ്ടു നിര്‍മിക്കപ്പെടുന്ന പായകളുടെയും കൂടകളുടെയും ഒരു പ്രധാനനിര്‍മാണവിപണനകേന്ദ്രമാണിവിടം. പന്നിവളര്‍ത്തല്‍ അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. ശങ്കരാചാര്യരുടെ ജന്‍മസ്ഥലവും ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ ആസ്ഥാനവുമായ കാലടി ഇവിടെനിന്നും 2. കി.മീ. ദൂരെയാണ് സ്ഥിതി ചെയ്യുന്നത്.

(കാട്ടാക്കട ദിവാകരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍