This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അങ്കം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അങ്കം

ഭാഷ, സാഹിത്യം, കല, ചരിത്രം എന്നിവയില്‍ പല അര്‍ഥവിവക്ഷകളും ഉള്‍ക്കൊള്ളുന്ന ഒരു സംജ്ഞ. 1. സംസ്കൃതത്തിലെ ദശരൂപകങ്ങളില്‍ ഒരു വിഭാഗത്തിനെ അങ്കം എന്ന് പറഞ്ഞുവരുന്നു. മറ്റു രൂപകങ്ങളില്‍നിന്നും ഭിന്നമാണെന്ന് കാണിക്കുവാന്‍ ഇതിന് 'ഉത്സൃഷ്ടികാങ്കം' എന്നും പേരുണ്ട്. ഈ രൂപകത്തില്‍, സൃഷ്ടി ഉത്ക്രാന്ത(വിപരീതം)മാകയാലാണ് ഇതിന് 'ഉത്സൃഷ്ടികാങ്കം' എന്ന പേരുണ്ടായതെന്ന് ആചാര്യവിശ്വനാഥന്‍ അഭിപ്രായപ്പെടുന്നു. 'അങ്ക'ത്തിന്റെ ഇതിവൃത്തം പ്രഖ്യാതമോ അപ്രഖ്യാതമോ ആകാം. പാത്രങ്ങള്‍ ദിവ്യപുരുഷന്‍മാരാകണമെന്നില്ല; നായകന്‍ മനുഷ്യനായിരിക്കുന്നതുകൊള്ളാം; മുഖ്യരസം കരുണമായിരിക്കണം. യുദ്ധാനന്തരം സ്ത്രീകളുടെ വിലാപം ഉണ്ടായിരിക്കുന്നത് നന്ന്. വിലാപവേളയിലുള്ള ചേഷ്ടകളില്‍ സാത്വതി, ആരഭടി, കൈശികി എന്നീ വൃത്തികള്‍ പാടില്ല. യുദ്ധം, വധം തുടങ്ങിയ കാര്യങ്ങള്‍ അരങ്ങില്‍ അവതരിപ്പിക്കാം. നാട്യശാസ്ത്രത്തില്‍ (അധ്യായം 18, ശ്ളോകം 150-152) ഭരതമുനി 'അങ്ക'ത്തിന്റെ സ്വരൂപത്തെപ്പറ്റി പ്രതിപാദിക്കുന്നിടത്ത് ഇത്തരം കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ദശരൂപകത്തില്‍ (70-71) ആചാര്യധനഞ്ജയനും അങ്കത്തെപ്പറ്റി വിശദമായി വിവരിക്കുന്നു. ഇതു ഭാരതത്തിനുമാത്രമേ ഇണങ്ങുകയുള്ളുവെന്നും, ഒറ്റ അങ്കത്തില്‍ തന്നെ അവസാനിക്കുന്ന ഈ കലാരൂപം വിശേഷതരത്തിലുള്ള ഒരു നാടകപ്രകാരമാണെന്നും ശാരദാതനയന്‍ എന്ന ആചാര്യനും പ്രസ്താവിച്ചിട്ടുണ്ട്.

2. നാടകത്തിലെ രണ്ടോ മൂന്നോ രംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിഭാഗം. സംസ്കൃതനാടകത്തിന് അഞ്ചില്‍ കുറയാതെയും പത്തില്‍ കവിയാതെയും അങ്കങ്ങള്‍ വേണമെന്നു നിയമം. നോ: നാടകം

3. പുരാതന കേരളത്തില്‍ രണ്ടുപേര്‍ തമ്മില്‍ നേരിട്ടോ യോദ്ധാക്കളെ ഏര്‍പ്പെടുത്തിയോ യുദ്ധം ചെയ്തു ജയാപജയങ്ങള്‍കൊണ്ട് ന്യായാന്യായങ്ങള്‍ തീരുമാനിച്ചിരുന്ന സമ്പ്രദായം നോ: അങ്കപ്പോര്

4. അടയാളം, പാട്ട്, വടു, മറുവ്, മുദ്ര, കളങ്കം, അക്കം, മടിത്തട്ട്, സാമീപ്യം,യുദ്ധം, അവയവം, ഒന്‍പത് എന്നീ അര്‍ഥങ്ങളിലും ഈ വാക്കു പ്രയോഗിച്ചുപോരുന്നുണ്ട്.

5. സംഗീതത്തില്‍ ഒരു സ്വരസ്ഥാനം. ഏഴ് ശുദ്ധസ്വരങ്ങളും അഞ്ച് വികൃതസ്വരങ്ങളും അടങ്ങിയ പന്ത്രണ്ട് സ്വരസ്ഥാനങ്ങളില്‍ ഒന്‍പതാമത്തേതായ ശുദ്ധധൈവതത്തെയാണ് 'അങ്കം' എന്ന സംജ്ഞ കുറിക്കുന്നതെന്ന് സ്വരാര്‍ണവം എന്ന സംഗീതശാസ്ത്രഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%99%E0%B5%8D%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍