This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗ്രോബാക്ടീരിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഗ്രോബാക്ടീരിയം

Agrobacterium

ബാക്ടീരിയാവിഭാഗത്തിലെ യൂബാക്ടീരിയേല്‍സ് ഗോത്രത്തില്‍പ്പെടുന്ന റൈസോബിയേസി (Rhizobiaceae) കുടുംബത്തിലെ ഒരു ജീനസ്. ഏകകോശജീവാണുവായ (Unicellular Bacterium) ഇതിന് ഹരിതകം (Chlorophyll) ഇല്ല. സസ്യങ്ങളില്‍ ഗാള്‍ (Gall) ഉണ്ടാക്കുന്നതിന്റെയും വേരുകളില്‍ കാണുന്ന അതിവൃദ്ധിയുടെയും ഹേതു വളരെ ചെറിയ ഈ ജീവാണുവാണ്. ഇവ ഉപാപചയ (metabolism) സമയത്ത് അമ്ളമോ വാതകമോ ഉത്പാദിപ്പിക്കുന്നില്ല. ഗ്രാംനെഗറ്റീവ് (Gram negative) ആണ്. അഗ്രോബാക്ടീരീയം ടൂമിഫേസിയന്‍സ് (Agrobacterium tumefaciens) എന്നയിനമാണ് സസ്യങ്ങളില്‍ കണ്ടുവരുന്ന ക്രൌണ്‍ ഗാള്‍ (crown gall) രോഗത്തിന് നിദാനം. ഇക്കാരണത്താല്‍ അഗ്രോബാക്ടീരിയം ക്രൗണ്‍ ഗാള്‍ ബാക്ടീരിയം എന്നും അറിയപ്പെടുന്നു.

ജനിറ്റിക് എന്‍ജിനീയറിങ് സാങ്കേതികവിദ്യയുടെ വികാസത്തില്‍ അഗ്രോബാക്റ്റീരിയത്തിലെ പ്ളാസ്മിഡ് കാര്യമായ സംഭാവന നല്കിയിട്ടുണ്ട്. പൊതുവേ പറഞ്ഞാല്‍ ബാക്ടീരിയത്തിലെ ജനിതക വസ്തുവിന്റെ ഭൂരിഭാഗവും ഒരു വൃത്താകാരമായ ഡിഎന്‍എ തന്മാത്രയില്‍ സ്ഥിതി ചെയ്യുന്നു. ഇതിനു പുറമേ, മോതിരാകൃതിയിലുള്ള ചെറിയ ഡിഎന്‍എയും ബാക്റ്റീരിയത്തില്‍ കാണാം. ഇവയാണ് പ്ളാസ്മിഡുകള്‍. അവ ജീന്‍വാഹകരായി പ്രവര്‍ത്തിച്ച് ജീന്‍ മാറ്റ പ്രക്രിയ സാധ്യമാക്കുന്നു.

ആദ്യകാലത്ത് അഗ്രോബാക്ടീരിയത്തിലെ പ്ളാസ്മിഡുകള്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ല. വിശേഷസ്വഭാവമുള്ള ജീനുകളുടെ മാറ്റത്തിന് പ്ളാസ്മിഡുകള്‍ സഹായിക്കുമെങ്കിലും അവ ക്രൗണ്‍ഗാള്‍ രോഗത്തിന്റെ ജീനുകളും ആതിഥേയകോശത്തില്‍ കാണിക്കുമായിരുന്നു. പക്ഷേ, എന്‍സൈം ഉപയോഗിച്ച് രോഗകാരണമായ ജീനുകളെ മാറ്റി. അങ്ങനെ നിരായുധീകരിച്ച (disarmed) പ്ളാസ്മിഡിനോട് കാമ്യമായ ജീനുകള്‍ കൂട്ടിച്ചേര്‍ക്കാനും വിശേഷസ്വഭാവമുള്ള വിളകള്‍ സൃഷ്ടിക്കാനും കഴിഞ്ഞു.

(ഡോ. ജി.വി. തമ്പി, ഡോ. എ.എന്‍. നമ്പൂതിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍