This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗ്നിപര്‍വതനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഗ്നിപര്‍വതനം

Volcanism

ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങള്‍ തുടങ്ങിയ ഖഗോളീയ വസ്തുക്കളുടെ അന്തര്‍ഭാഗത്ത് നിന്ന് ഉരുകിയ ശിലാപദാര്‍ഥം പുറത്തേക്ക് പ്രവഹിക്കുന്ന പ്രതിഭാസം. പുറത്തേക്ക് ഒഴുകുന്ന ഉരുകിയ ശിലാദ്രവ്യത്തെ ലാവ എന്നു പറയുന്നു. ഗ്രഹാന്തര്‍ഭാഗത്തെ മാഗ്മ (magma) അതിന്റെ ഉയര്‍ന്ന താപനിലയും മര്‍ദവും കാരണം മിക്കപ്പോഴും ശിലാപാളികളിലെ വിള്ളലുകളിലേക്കും മറ്റും തള്ളിക്കയറുന്നു. ഗ്രഹങ്ങളുടെ ബാഹ്യകവചം വിവിധയിനം ധാതുക്കളുടെ സഞ്ചയമായതിനാല്‍ മിക്കപ്പോഴും അവയില്‍ ചിലത് തിളച്ചുമറിയുന്ന മാഗ്മയില്‍ ഉരുകിച്ചേരുന്നു. ചില ധാതുക്കള്‍ മാഗ്മയില്‍ ഉരുകുമ്പോള്‍ മറ്റു ചിലത് മാഗ്മയില്‍ ഖരാവസ്ഥയില്‍ത്തന്നെ നിലനില്‍ക്കുന്നു. ജലം, കാര്‍ബണ്‍ഡയോക്സൈഡ്, സള്‍ഫര്‍ സംയുക്തങ്ങള്‍ തുടങ്ങിയ ബാഷ്പീകാരികള്‍ ഉയര്‍ന്ന മര്‍ദത്തില്‍ ഉരുകിയ സിലിക്കേറ്റുകളില്‍ ലയിച്ചുചേരുന്നു. സിലിക്കേറ്റുകള്‍ ഗ്രഹങ്ങളുടെ പ്രതലത്തില്‍ എത്തുമ്പോഴേക്കും, അവിടത്തെ താഴ്ന്ന താപനിലയില്‍ വീണ്ടും ക്രിസ്റ്റലീകരിക്കപ്പെടുന്നു. മാഗ്മയില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്ന ബാഷ്പീകാരികളുടെ അളവും സ്വഭാവ സവിശേഷതകളും ഓരോ ഗ്രഹത്തിലും വ്യത്യസ്തമാണ്. ഭൂമിയെ സംബന്ധിച്ചിടത്തോളം മിക്കപ്പോഴും ബസാള്‍ട്ടിക്ക് ലാവയാണ് അഗ്നിപര്‍വതത്തിലൂടെ പുറന്തള്ളപ്പെടുന്നത്. ഇതാകട്ടെ പലതരത്തിലുള്ള അഗ്നിപര്‍വതമുഖങ്ങള്‍ക്ക് രൂപം നല്‍കുന്നു.

അഗ്നിപര്‍വതനത്തിന്റെ ഫലമായി ഓരോഗ്രഹത്തിലും രൂപം കൊള്ളുന്ന പ്രതലരൂപങ്ങളുടെ ഘടനയും വ്യത്യസ്തമായിരിക്കും. സജീവ ടെക്റ്റോണിക പ്ളേറ്റുകളുടെ അതിരുകളില്‍ക്കൂടിയും മധ്യ-സമുദ്രവരമ്പുകള്‍ വഴിയും ഭൂമിയുടെ പ്രതലത്തിലേക്ക് മാഗ്മ സദാ ഉത്സര്‍ജിച്ചുകൊണ്ടിരിക്കുന്നു. ബുധഗ്രഹത്തിന്റെ പ്രതലവും അഗ്നിപര്‍വതനം നടന്നതിന്റെ ചില ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ചന്ദ്രനില്‍ ബസാള്‍ട്ടിക് ലാവാപ്രവാഹത്തിന്റെ തെളിവുകള്‍ ശാസ്ത്രജ്ഞര്‍ ശേഖരിച്ചിട്ടുണ്ട്. അഗ്നിപര്‍വത കുംഭങ്ങള്‍, സ്തംഭങ്ങള്‍ തുടങ്ങിയ പ്രതലരൂപങ്ങളും ചന്ദ്രനില്‍ നിരീക്ഷിച്ചിട്ടുണ്ട്. ശുക്രന്റെ ഉപരിതലത്തിന്റെ ഭൂരിഭാഗവും ലാവാപ്രവാഹത്തിന്റെ സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്നു. ചൊവ്വയില്‍ നിര്‍ജീവമായ നിരവധി ഷീല്‍ഡ് അഗ്നിപര്‍വതങ്ങള്‍ തന്നെയുണ്ട്. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വതമായ ഒളിംപസ് മോണ്‍സ് (ഉയരം 27 കി. മീ., ചുവടു വ്യാസം 700 കി. മീ.) കണ്ടെത്തിയിട്ടുള്ളത് ചൊവ്വയിലാണ്. ഭൂമി കഴിഞ്ഞാല്‍ സജീവമായ അഗ്നിപര്‍വതങ്ങളുടെ ആധിക്യം ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിട്ടുള്ളത് വ്യാഴത്തിന്റെ ഉപഗ്രഹമായ അയോവിലാണ്. വ്യാഴത്തിന്റെ ഗുരുത്വാകര്‍ഷണ ഫലമായി രൂപം കൊള്ളുന്ന വേലാര്‍ താപനമാണ് (Tidal heating) അയോവിലെ അഗ്നിപര്‍വതനത്തിന് നിദാനം. അയോവിലെ അഗ്നിപര്‍വതങ്ങള്‍ വര്‍ഷിക്കുന്ന ലാവയില്‍ സള്‍ഫറിന്റെ സാന്നിധ്യം വളരെ കൂടുതലാണെന്നതും ശ്രദ്ധയാകര്‍ഷിക്കുന്നു. നോ: അയോ, ഒളിംപസ് മോണ്‍സ്, ഗലീലിയന്‍ ഉപഗ്രഹങ്ങള്‍, ഭൂമി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍