This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗ്നിപരീക്ഷ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഗ്നിപരീക്ഷ

സത്യാസത്യങ്ങള്‍ തെളിയിക്കുന്നതിന് പ്രാചീനകാലത്തു സ്വീകരിച്ചിരുന്ന കടുത്ത പരീക്ഷകളില്‍ ഒന്ന്. കുറ്റവാളിയെന്നു കരുതപ്പെടുന്ന ആള്‍ തീയില്‍ചാടിയോ തിളയ്ക്കുന്ന എണ്ണ, നെയ്യ് എന്നിവയില്‍ കൈമുക്കിയോ സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവരുന്ന ഒരു പരീക്ഷണമാണിത്. മനുസ്മൃതി, യാജ്ഞവല്ക്യസ്മൃതി എന്നീ ഹൈന്ദവ ഗ്രന്ഥങ്ങളില്‍ പലതരം കുറ്റങ്ങളെയും അവയെ വിചാരണ ചെയ്യേണ്ട രീതികളെയും കുറ്റം ചെയ്തവന് നല്‍കേണ്ടതായ ശിക്ഷകളെയും കുറിച്ചു സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. കുറ്റപത്രം മുതലായ പ്രമാണങ്ങള്‍, സാക്ഷികള്‍, ശപഥം ചെയ്യിക്കല്‍ എന്നിങ്ങനെ പല സാമാന്യമായ ഉപാധികളെ ആശ്രയിച്ച് കുറ്റം തെളിയിക്കാന്‍ ആദ്യം നോക്കുന്നു. എന്നാല്‍ അത്തരം രീതികള്‍ ഫലപ്രദമല്ലാതെവരുമ്പോള്‍ തുലാസ്സ്, അഗ്നി, ജലം, വിഷം, കോശം, തണ്ഡുലം, സപ്തമാഷകം എന്നീ ഏഴുവിധം ദ്രവ്യപരീക്ഷകളെ അതിനുവേണ്ടി ഉപയോഗിക്കാവുന്നതാണ്.

അഗ്നിപരീക്ഷയുടെ സ്വഭാവം: പരീക്ഷ നടത്തുന്നിടത്തു പശുവിന്റെ ചാണകംകൊണ്ട് പടിഞ്ഞാറുനിന്നു തുടങ്ങി കിഴക്കോട്ടു 9 മണ്ഡലങ്ങള്‍ (വൃത്തങ്ങള്‍) വരയ്ക്കുന്നു. അവയില്‍ എട്ടെണ്ണം യഥാക്രമം അഗ്നി, വരുണന്‍, വായു, യമന്‍, ഇന്ദ്രന്‍, കുബേരന്‍, സോമന്‍, സവിതാവ് എന്നിവരെയും ഒമ്പതാമത്തേത് മറ്റെല്ലാദേവന്‍മാരെയും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ഓരോ മണ്ഡലത്തിന്റെയും വ്യാസം 16 അംഗുലമായിരിക്കും. മണ്ഡലങ്ങള്‍ തമ്മിലുള്ള ദൂരവും 16 അംഗുലംവീതമാണ്. ഓരോ മണ്ഡലത്തിലും ദര്‍ഭപ്പുല്ലുവിരിക്കുന്നു. പരീക്ഷാവിധേയനായ ആള്‍ ആ പുല്ലിന്‍മേലാണ് കാല്‍വയ്ക്കേണ്ടത്. ആദ്യം അയാള്‍ ഒന്നാമത്തെ മണ്ഡലത്തില്‍ കിഴക്കോട്ടുതിരിഞ്ഞ് നില്ക്കുന്നു. അനന്തരം അയാളുടെ തലയില്‍ കുറ്റപത്രം വയ്ക്കുന്നു. അയാളുടെ കൈകളിലുള്ള വ്രണങ്ങള്‍, തഴമ്പുകള്‍ മുതലായവയെ അടയാളപ്പെടുത്തിയശേഷം രണ്ടു ഉള്ളംകൈകളും അടുപ്പിച്ചുപിടിച്ച് അവയില്‍ ഏഴ് അരയാലിലകള്‍ പരത്തിവച്ച് ഏഴു നൂല്‍ച്ചരടുകൊണ്ടുകെട്ടുന്നു. അതിനിടയില്‍ ഇരുമ്പു പണിക്കാരന്‍ 50 പലം തൂക്കവും എട്ടംഗുലം വ്യാസവുമുള്ള ഒരു ഇരുമ്പു പിണ്ഡം പഴുപ്പിച്ചു തയ്യാറാക്കിയിരിക്കും. (ആള്‍ ദുര്‍ബലനാണെങ്കില്‍ 16 പലം മതി എന്നും അഭിപ്രായമുണ്ട്.) തീപ്പൊരി പറക്കുന്ന ആ പിണ്ഡത്തെ ന്യായാധിപന്‍ ചവണകൊണ്ടെടുത്ത് അയാളുടെ കൈയില്‍ വയ്ക്കുന്നു.

'ഹേ അഗ്നിദേവാ! നീ സര്‍വജ്ഞനാണ്. പാപികളോടു നീ നിന്റെ ദാഹകശക്തി പ്രദര്‍ശിപ്പിക്കുക. നിരപരാധികളോടു നീ ശീതളനായിഭവിക്കുക. സര്‍വദേവതാന്തരംഗനായ നീ മനുഷ്യര്‍ക്ക് അജ്ഞേയമായവയെ അറിയുന്നു. ഈ മനുഷ്യന്‍ അപരാധമുക്തനാകുവാന്‍ ആഗ്രഹിക്കുന്നു. യാഥാര്‍ഥ്യമറിയിച്ച് ഇവനെ രക്ഷിച്ചാലും' എന്ന് അഗ്നിയെ അഭിസംബോധനചെയ്തുകൊണ്ടാണ് ഇരുമ്പുപിണ്ഡം വയ്ക്കേണ്ടത്. ഏറ്റുവാങ്ങുന്നവനും അപ്രകാരം തന്നെ പ്രാര്‍ഥിക്കുന്നു. അനന്തരം അയാള്‍ അധികംമന്ദമായോ അധികംവേഗതയിലോ അല്ലാതെ ഓരോ മണ്ഡലത്തിലും കാലുകള്‍വച്ചുനടന്ന് എട്ടാമത്തേതിലെത്തി ഇരുമ്പുപിണ്ഡത്തെ ഒമ്പതാമത്തേതിലേക്ക് എറിയുന്നു. പിന്നീട് ഒരുപിടി നെല്ല് എടുത്തു തിരുമ്മി പരീക്ഷ അവസാനിപ്പിക്കുന്നു. ദിവസാവസാനംവരെ കാത്തിരുന്നശേഷം കൈകള്‍ പൊള്ളിയിട്ടില്ലെന്ന് കണ്ടാല്‍ അയാള്‍ നിരപരാധിയാണെന്നു നിര്‍ണയിക്കപ്പെടുന്നു. ഇരുമ്പുകട്ട സമയത്തിനുമുമ്പ് കൈയില്‍ നിന്നു വീഴുകയോ ആള്‍ അതിവേഗം നടക്കുകയോ മറ്റോ ചെയ്താല്‍ പരീക്ഷ ആവര്‍ത്തിക്കണമെന്നാണ് നിയമം.


ഛാന്ദോഗ്യോപനിഷത്തില്‍ (അധ്യാ. 6: ഖണ്ഡം 16.) അഗ്നിപരീക്ഷയെക്കുറിച്ചു പരാമര്‍ശമുണ്ട്. അതിനാല്‍ അഗ്നിപരീക്ഷാസമ്പ്രദായം ഭാരതീയ ശിക്ഷാവിധികളുടെ ഒരു ഭാഗമായി പണ്ടുമുതല്‍ സ്ഥാനം പിടിച്ചിരുന്നു എന്നൂഹിക്കാം.

രാമായണത്തില്‍ സീതയുടെ അഗ്നിപ്രവേശം സ്വന്തം നിരപരാധിത്വം തെളിയിക്കുന്നതിനുള്ള അഗ്നിപരീക്ഷ തന്നെയായിരുന്നു. അത്തരം സംഭവങ്ങള്‍ പുരാണങ്ങളില്‍ വേറെയും കാണാം.

അഗ്നിപരീക്ഷ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, എന്നീ വന്‍കരകളില്‍ പലയിടത്തും പ്രാചീനകാലത്തു നടപ്പുണ്ടായിരുന്നു. പരീക്ഷയുടെ ബാഹ്യസ്വഭാവങ്ങള്‍ക്കു മാറ്റം കാണുമെന്നുമാത്രം.

മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിങ്ങനെ മൂന്നായി കേരളം പിരിഞ്ഞിരുന്ന കാലത്ത് കടുത്തകുറ്റങ്ങളില്‍ സത്യം തെളിയിക്കുന്നതിനു ഈ മൂന്നിടങ്ങളിലും അഗ്നിപരീക്ഷയെ ആശ്രയിച്ചിരുന്നതായി ചരിത്രരേഖകള്‍ ഉണ്ട്. ജലം, അഗ്നി, തുലാസ്സ്, വിഷം എന്നിങ്ങനെ 4 പരീക്ഷകള്‍ ജാതിക്കനുസൃതമായി വിധിക്കപ്പെട്ടിരുന്നു. അഗ്നിപരീക്ഷ ക്ഷത്രിയന്‍മാര്‍ക്കുള്ളതാണ്. (ജലം വൈശ്യന്, വിഷം ശൂദ്രന്, തുലാസ്സ് ബ്രാഹ്മണന്). എന്നാല്‍ പ്രായോഗികമായി ഈ പരീക്ഷകളെല്ലാംതന്നെ നായന്‍മാരിലും താണവരെന്നു പറയപ്പെട്ടിരുന്ന ജാതിക്കാരില്‍ മാത്രമേ ആദ്യകാലത്തു നടത്തപ്പെട്ടിരുന്നുളളു.

തിരുവനന്തപുരത്തിന് തെക്കുള്ള ശുചീന്ദ്രം ക്ഷേത്രം അഗ്നിപരീക്ഷയ്ക്കു പേരുകേട്ടതാണ്. 'ശുചീന്ദ്രം കൈമുക്ക്' എന്ന പ്രയോഗത്തിന്റെ പ്രചാരം അതാണ് സൂചിപ്പിക്കുന്നത്. അഗ്നിപരീക്ഷ മുന്‍പറഞ്ഞ രീതികൂടാതെ പിന്നേയും പലപ്രകാരങ്ങളില്‍ നടത്തപ്പെട്ടിരുന്നു. തിളച്ച എണ്ണ, നെയ്യ്, ഉരുക്കിയ കാരീയം എന്നിവയില്‍ കൈമുക്കി സത്യാവസ്ഥ തെളിയിക്കല്‍ ആയിരുന്നു കേരളത്തില്‍ പ്രചരിച്ചിരുന്ന രീതി. ബ്രാഹ്മണര്‍ക്കു ശുചീന്ദ്രവും മറ്റു ജാതിക്കാര്‍ക്കു കാര്‍ത്തികപ്പള്ളിയിലെ ക്ഷേത്രവുമാണ് അഗ്നിപരീക്ഷയ്ക്കുള്ള രംഗങ്ങളായി നിശ്ചയിക്കപ്പെട്ടിരുന്നത്. 1844-45-ല്‍ ശുചീന്ദ്രത്തുവച്ചുനടന്ന അഗ്നിപരീക്ഷയാണ് കേരളത്തില്‍ ഏറ്റവും ഒടുവിലത്തേതെന്ന് കേരളചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

1810-19 വരെ തിരുവിതാംകൂറിലെ റസിഡണ്ടായിരുന്ന കേണല്‍ മണ്‍ട്രോ നീതിന്യായവകുപ്പിനെ പുനഃസംഘടിപ്പിക്കുകയുണ്ടായി. അഗ്നിപരീക്ഷ മുതലായ പഴയതരം പ്രാകൃതപരീക്ഷകളെ നിര്‍ത്തല്‍ ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ അന്നത്തെ റാണിയും പണ്ഡിതന്‍മാരും അദ്ദേഹത്തിന്റെ നീക്കത്തെ ശക്തിയായി എതിര്‍ത്തു. ഒടുവില്‍ അത്യാവശ്യത്തിനുമാത്രം ദിവാന്റെ മുന്‍ അനുമതിയോടുകൂടി അഗ്നിപരീക്ഷ നടത്താം എന്ന ഒരു വ്യവസ്ഥ ഉണ്ടായി.

അഗ്നിപരീക്ഷയ്ക്ക് ഹിന്ദുക്കള്‍ മാത്രമല്ല ക്രിസ്ത്യാനികളും യഹൂദരും വിധേയരാക്കപ്പെട്ടിരുന്നതായി ചരിത്രരേഖകളുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍