This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗസ്റ്റിന്‍, വിശുദ്ധ (ഹിപ്പോ 354 - 430)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഗസ്റ്റിന്‍, വിശുദ്ധ (ഹിപ്പോ 354 - 430)

Augustine of Hippo, Saint

പ്രാചീന ക്രൈസ്തവപണ്ഡിതനും ചിന്തകനും ഗ്രന്ഥകാരനുമായ വൈദികന്‍. പുതിയനിയമത്തിലെ വിശ്വാസസിദ്ധാന്തങ്ങളും യവനതത്വമീമാംസയുടെ കാതലായ ഭാഗങ്ങളും ഒത്തുചേര്‍ന്ന ഒരു ധര്‍മസംഹിതയുടെ പ്രചാരകനാണ് വിശുദ്ധ അഗസ്റ്റിന്‍. പൌരസ്ത്യ-പാശ്ചാത്യ ക്രൈസ്തവസഭകളെന്ന ഒരു വിഭജനത്തിന്റെ ഉപജ്ഞാതാവ് ഇദ്ദേഹമായിരുന്നു.

വടക്കേ ആഫ്രിക്കയിലെ അള്‍ജീരിയന്‍ തീരത്ത് നുമീദിയയില്‍ ഇന്ന് ബോസ് എന്ന് അറിയപ്പെടുന്ന ഹിപ്പോറീജിയസ് എന്ന പ്രദേശത്തില്‍ തഗസ്തേ (ഇന്നത്തെ സൌക്-അഹ്രാസ്) എന്ന പട്ടണത്തില്‍ 354 ന. 13-ന് അഗസ്റ്റിന്‍ ജനിച്ചു. ക്രിസ്തുഭക്തയായിരുന്ന മോണിക്കയും പാഷണ്ഡനായ (Pagan) പാട്രീഷിയസ്സും ആയിരുന്നു മാതാപിതാക്കള്‍. സ്വദേശത്തും പിന്നീട് മഡൗറ, കാര്‍ത്തേജ് എന്നിവിടങ്ങളിലുമായി ഇദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭാഷാസാഹിത്യശാസ്ത്രങ്ങളുടെയും കാവ്യമീമാംസയുടെയും ഒരു പ്രഗല്ഭാചാര്യനെന്ന നിലയില്‍ കാര്‍ത്തേജിലും മിലാനിലും റോമിലും ഇദ്ദേഹം സേവനം അനുഷ്ഠിച്ചു. 385-ല്‍ ഇദ്ദേഹം ക്രിസ്തുമതാവലംബിയാകുകയും അധികം താമസിയാതെ സ്വദേശത്തു വന്ന് വേദപഠനം ആരംഭിക്കുകയും ചെയ്തു. അതില്‍ അവഗാഹം നേടിയശേഷം, 391-ല്‍ പുരോഹിതവൃത്തി സ്വീകരിച്ചു. 395-ല്‍ ഹിപ്പോറീജിയസ്സിലെ ബിഷപ്പായിത്തീര്‍ന്ന അഗസ്റ്റിന്‍ ആ പദവി മരണംവരെ (430 ഏ. 28) പ്രശസ്തമായ നിലയില്‍ വഹിച്ചു. മധ്യയുഗാരംഭം മുതല്‍ ഒരു വിശുദ്ധനായി അറിയപ്പെടുന്ന ഈ ആധ്യാത്മികചിന്തകന്റെ പെരുന്നാള്‍ ആഗ. 28-ന് ആഘോഷിക്കപ്പെട്ടുവരുന്നു.

കൃതികള്‍. തന്റെ ബൃഹത്തായ കൃതികള്‍കൊണ്ട് അഗസ്റ്റിന്‍ ക്രൈസ്തവസഭാചരിത്രത്തില്‍ ഒരു പുതിയ കാലഘട്ടം ഉദ്ഘാടനം ചെയ്യുക മാത്രമല്ല അന്നുവരെയുള്ള പാശ്ചാത്യചരിത്രത്തിന്റെ പ്രവാഹഗതിയെ നിയമനം ചെയ്യുകകൂടി ഉണ്ടായി. പ്ളേറ്റോണിസ്റ്റുകള്‍ പറയുന്നതുപോലെ "സകല സത്തകളുടെയും സ്രഷ്ടാവും സകല സത്യങ്ങളുടെയും പ്രകാശധാരയുടെയും സകല നിര്‍മാണപദ്ധതികളുടെയും പ്രയോക്താവും ആയി ഈശ്വരനെ മനസിലാക്കിയ ഈ യോഗി തന്റെ കൃതികളിലൂടെ താന്‍ കണ്ടെത്തിയ ജീവിതരഹസ്യങ്ങളെ വിശകലനം ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്തു. ക്രിസ്തുമതം സ്വീകരിക്കുന്നതിന് നാലഞ്ചു കൊല്ലങ്ങള്‍ക്കുമുമ്പ് (380) തന്റെ ആത്മീയ ദര്‍ശനങ്ങളെ ഇദ്ദേഹം ചില കൃതികളില്‍കൂടി (ഉദാ. De Pulchroet apto) പ്രകാശിപ്പിക്കാന്‍ തുടങ്ങിയിരുന്നെങ്കിലും അവയൊന്നും ഇന്ന് ലഭ്യമല്ല. ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനമാണ് ഇദ്ദേഹത്തിന്റെ ആധ്യാത്മിക സര്‍ഗവാസനകളെ അത്ഭുതകരമാംവിധം വികസ്വരമാക്കിയത്. പതിമൂന്നു സഞ്ചികകളിലായുള്ള ഇദ്ദേഹത്തിന്റെ കുറ്റസമ്മതങ്ങളും (Confessions, 397400) ഇരുപത്തിരണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ദൈവനഗരവും (City of God) സ്വന്തം ജീവിതകഥയുടെയെന്നപോലെ ഈശ്വരസങ്കല്പത്തിന്റെയും ശാസ്ത്രീയമായ ചരിത്രസിദ്ധാന്തങ്ങളുടെയും ആവിഷ്കരണങ്ങളാണ്. 410-ല്‍ സംഭവിച്ച റോമിന്റെ പതനത്തിന് ഉത്തരവാദികള്‍ ക്രിസ്ത്യാനികളാണെന്ന ആരോപണത്തെ ദൈവനഗരത്തില്‍ അഗസ്റ്റിന്‍ ഖണ്ഡിതമായി നിഷേധിച്ചു. ഈ പുസ്തകം പ്രാചീനമധ്യകാലലോകങ്ങളുടെ അതിര്‍ത്തിയിലുള്ള ഒരു നാഴികക്കല്ലായി ആദരിക്കപ്പെട്ടുവരുന്നു.

പഴയനിയമത്തിലെ സങ്കീര്‍ത്തനങ്ങള്‍ക്കുള്ള ഭാഷ്യവും (narrations in Psalmos) യോഹന്നാന്റെ സുവിശേഷത്തിന് നല്‍കിയ വിശദീകരണങ്ങളും (tractatus) ശ്രദ്ധേയങ്ങളാകുന്നു. ബൈബിള്‍ വ്യാഖ്യാനത്തിനവലംബമായ സിദ്ധാന്തങ്ങളുടെ വിശദീകരണമാണ് ഇദ്ദേഹത്തിന്റെ മറ്റൊരു കൃതിയായ ക്രിസ്തുമതസിദ്ധാന്തം (De Doctrina Christiana,397-426). വിശ്വാസം, പ്രത്യാശ, ധര്‍മം ഇവയെക്കുറിച്ച് വി. അഗസ്റ്റിന്‍ എഴുതിയ മറ്റൊരു ഗ്രന്ഥത്തില്‍ (Enchiridion and Laurentium,423) തന്റെ ചിന്തകളെ കുറെക്കൂടി ക്രമവത്കൃതമാക്കാന്‍ ഒരു ശ്രമം നടത്തി. ത്രിത്വ (trinity) സിദ്ധാന്തത്തെക്കുറിച്ചു വിശദീകരിക്കുന്ന കൃതിയാണ് ദേ ട്രിനിറ്റേറ്റ് (De Trinitate, 395-420). വേദപുസ്തകപരവും സൈദ്ധാന്തികവുമായ നിരവധി പ്രശ്നങ്ങള്‍ക്ക് സര്‍വസമ്മതമായ ഉത്തരങ്ങള്‍ നല്കുന്ന മുന്നൂറോളം കത്തുകളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.

ചരിത്രസിദ്ധാന്തങ്ങള്‍. ദൈവനഗരത്തില്‍ ഇദ്ദേഹം രണ്ട് നഗരങ്ങളെപ്പറ്റി പറയുന്നു; സ്വാര്‍ഥതനിറഞ്ഞ ഭൂമിയിലെ പട്ടണവും ഈശ്വരഭക്തിയുടെ ഇരിപ്പിടമായ സ്വര്‍ഗനഗരിയും. ഇവ തമ്മിലുള്ള ബന്ധങ്ങളുടെ അനാവരണമാണ് അഗസ്റ്റിന്റെ അഭിപ്രായത്തില്‍ ചരിത്രം. ഇദ്ദേഹത്തിന് കാണാനിടവന്ന 'പാഷണ്ഡസാമ്രാജ്യ' (Pagan Empire) മാണ് ആദ്യത്തേത്. ദൈവത്തെയും ദൈവനീതിയെയും കണക്കിലെടുക്കാതെ ലൌകികസാമ്രാജ്യത്തെ ചില പ്രത്യേക ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന ധാരണ പാപമാണെന്നുള്ളതാണ് ദൈവനഗരത്തിലൂടെ ഇദ്ദേഹം ആവിഷ്കരിച്ച രാഷ്ട്രീയസിദ്ധാന്തം. ക്രൈസ്തവസഭയ്ക്ക് ഭരണകൂടവുമായുള്ള ബന്ധമാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രതന്ത്രത്തില്‍ ഉള്ള മര്‍മപ്രധാനമായ പ്രശ്നം.

ചരിത്രത്തിന്റെ ഉള്ളില്‍നിന്ന് ചരിത്രത്തിന്റെ അര്‍ഥം കണ്ടെത്തുക അസാധ്യമാണെന്ന് ഇദ്ദേഹം സിദ്ധാന്തിച്ചു. ചരിത്രസംഭവങ്ങള്‍ക്ക് ആന്തരമായ യാതൊരു പ്രസക്തിയും പ്രാധാന്യവുമില്ല. ഭൂമിയിലെ പട്ടണത്തിന്റെ ചരിത്രം പാപത്തിന്റെയും മരണത്തിന്റെയും മാനുഷിക പരാജയങ്ങളുടെയും ചരിത്രമാണ്. സ്വര്‍ഗനഗരത്തിന്റേതാകട്ടെ, ആദാം മുതല്‍ ക്രിസ്തുവരെയുള്ള കാലത്തിലെ ബോധപൂര്‍വമായ വികസനത്തെയും ഐശ്വര്യാഭിവൃദ്ധികളെയും പ്രതിനിധാനം ചെയ്യുന്നു.

പില്കാലസ്വാധീനത. ദൈവത്തെ സര്‍വാത്മനാ ആശ്രയിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് അഗസ്റ്റിന്‍ ഊന്നിപ്പറഞ്ഞു. ദീനാനുകമ്പ, ആതുരശുശ്രൂഷ തുടങ്ങിയ മതത്തിന്റെ പ്രായോഗിക വശങ്ങളിലും ഇദ്ദേഹം അതീവ തത്പരനായിരുന്നു. കത്തോലിക്കാസഭയിലെ ഒരു യാഥാസ്ഥിതികാംഗമായിരുന്ന വി. അഗസ്റ്റിന്‍ സഭാസമിതികളുടെ ശാസനകള്‍ (decrees) അചഞ്ചലവും അപ്രമാദവുമെന്ന് കരുതിയിരുന്നു. പാശ്ചാത്യക്രൈസ്തവസഭകളുടെ മൗലികാധിഷ്ഠാനമായ ത്രിത്വസിദ്ധാന്തത്തില്‍ വിശ്വാസത്തെ ഉറപ്പിച്ചു നിര്‍ത്താനും തികച്ചും പാശ്ചാത്യമായ ഒരു ക്രൈസ്തവ ജീവിതക്രമത്തെ വൈദികമായ അടിസ്ഥാനത്തില്‍ രൂപംകൊള്ളിക്കാനുമുള്ള ഇദ്ദേഹത്തിന്റെ തപസ്യയുടെ ഫലം പതിനഞ്ചോളം നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അഭംഗമായി നിലനില്ക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍