This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഖിലേന്ത്യാ സര്‍വീസുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഖിലേന്ത്യാ സര്‍വീസുകള്‍

ഇന്ത്യന്‍ ഭരണഘടനയുടെ 312-ാം വകുപ്പു പ്രകാരം രൂപീകരിച്ച ഇന്ത്യന്‍ അഡ്മിനിസ്റ്റ്രേറ്റീവ് സര്‍വീസ് (ഐ.എ.എസ്), ഇന്ത്യന്‍ പൊലിസ് സര്‍വീസ് (ഐ.പി.എസ്), ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐ.എഫ്.ടി.എസ്) എന്നിവയാണ് അഖിലേന്ത്യാ സര്‍വീസുകള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളില്‍ ഉന്നത സിവില്‍ ഉദ്യോഗങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നത് ഈ സര്‍വീസുകളിലെ അംഗങ്ങളാണ്.

യൂണിയന്‍ പബ്ളിക് സര്‍വീസ് കമ്മീഷന്‍ (UPSC) തിരഞ്ഞെടുക്കുന്ന ഇവരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. വിവിധ സംസ്ഥാന കേഡറു(cadre)കളിലേയ്ക്കാണ് നിയമനം. കേന്ദ്രത്തിന് സ്വന്തമായ ഒരു കേഡറില്ലാത്തതുകൊണ്ട് ഇവരെ ആവശ്യാനുസരണം സംസ്ഥാനങ്ങളില്‍നിന്ന് നിശ്ചിതകാലയളവില്‍ ഡപ്യൂട്ടേഷനില്‍ എടുക്കാറാണ് പതിവ്. (ഇതിനുപുറമേ കേന്ദ്ര ഗവണ്മെന്റിലെ 25-ല്‍പ്പരം വകുപ്പുകളിലെ ഉയര്‍ന്ന ഗ്രൂപ്പ് A,B ഉദ്യോഗങ്ങളിലേക്കുള്ള ഉദ്യോഗാര്‍ഥികളെയും യു.പി.എസ്.സി. തന്നെയാണ് തിരഞ്ഞെടുക്കുന്നത്. കേന്ദ്രഗവണ്മെന്റില്‍ മാത്രം സേവനം പരിമിതമായ ഈ വിഭാഗത്തെ കേന്ദ്ര സര്‍വീസുകള്‍ - Central Services - എന്ന് വിളിക്കുന്നു.)

കൗടില്യന്റെ അര്‍ഥശാസ്ത്ര(ക്രി.മു. 4-ാം ശ.)ത്തില്‍ ഒരു കേന്ദ്രീകൃത ഉദ്യോഗസ്ഥവിഭാഗത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും ഇന്നത്തെ അഖിലേന്ത്യാ സര്‍വീസുകളുടെ തുടക്കം 1855-ല്‍ സ്ഥാപിതമായ ഇന്ത്യന്‍ സിവില്‍ സര്‍വീസ് (ഐ.സി.എസ്) ആണെന്നുവേണം കരുതാന്‍. ഒരു തുറന്ന മത്സരപരീക്ഷയിലൂടെയായിരുന്നു ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുത്തിരുന്നത്. എന്നിരുന്നാലും ലണ്ടനില്‍ വച്ചുമാത്രം മത്സരപരീക്ഷ നടത്തിയിരുന്നതുകൊണ്ട് ഒരിന്ത്യാക്കാരന് ഐ.സി.എസ് അപ്രാപ്യമായിരുന്നു. 1864-ല്‍ സത്യേന്ദ്രനാഥ് ടാഗൂര്‍ ആദ്യമായി ഐ.സി.എസ്. പാസ്സായ ഇന്ത്യക്കാരനായി.

ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ അവസരം നല്കുവാനായി 1879-ല്‍ സ്റ്റാറ്റ്യൂട്ടറി സിവില്‍ സര്‍വീസ് എന്ന മറ്റൊരു സര്‍വീസ് കൂടി തുടങ്ങി. ഈ സര്‍വീസിലേയ്ക്ക് ഉദ്യോഗാര്‍ഥികളെ ഇന്ത്യയിലെ വിവിധ പ്രവിശ്യകളിലെ സര്‍ക്കാരുകള്‍ നാമനിര്‍ദേശം ചെയ്യുകയായിരുന്നു പതിവ്. എന്നാല്‍ 1892-ല്‍ ഈ സര്‍വീസ് നിര്‍ത്തലാക്കുകയും ഇതിലെ ഉയര്‍ന്ന പദവികള്‍ ഐ.സി.എസ്സില്‍ ലയിപ്പിക്കുകയും ചെയ്തു. താഴെക്കിടയിലുളള പദവികള്‍ പുതിയതായി ഉണ്ടാക്കിയ പ്രാദേശിക സിവില്‍ സര്‍വീസില്‍ (Provincial Civil Service) ചേര്‍ക്കുകയും ചെയ്തു.

അഖിലേന്ത്യാ സര്‍വീസ് എന്ന പ്രയോഗം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് എം.ഇ. ഗോണ്‍ട്‍ലെറ്റ് (M.E Gauntlett) അധ്യക്ഷനായ കര്‍ത്തവ്യ വിഭജന കമ്മിറ്റി (Committee on Division of Functions ,1918)യുടെ റിപ്പോര്‍ട്ടിലാണ്. തുടര്‍ന്നുണ്ടായ 1919-ലെ ഇന്ത്യാ ആക്റ്റോടെ നിലവിലുണ്ടായിരുന്ന പല സര്‍വീസുകളുടെയും ഘടനയില്‍ കാര്യമായ മാറ്റങ്ങളുണ്ടായി. ഇന്ത്യന്‍ സിവില്‍ സര്‍വീസ്, ഇന്ത്യന്‍ പൊലിസ് സര്‍വീസ്, ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസ്, ഇന്ത്യന്‍ എഞ്ചിനിയറിങ് (ജലസേചന വിഭാഗം) സര്‍വീസ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് എന്നിവ ഒഴികെ മറ്റു കേന്ദ്രീകൃത സര്‍വീസുകള്‍ (വിദ്യാഭ്യാസം, മൃഗസംരക്ഷണം, കൃഷി മുതലായവ) നിര്‍ത്തലാക്കപ്പെട്ടു.

കൊളോണിയല്‍ ഭരണകര്‍ത്താക്കളുടെ ഉപകരണമായി പ്രവര്‍ത്തിച്ചിരുന്ന അഖിലേന്ത്യാ സര്‍വീസുകളെ സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാക്കി മാറ്റുകയെന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്തത് ഇന്ത്യയുടെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേലായിരുന്നു. ഐ.സി.എസ്സിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ അഡ്മിനിസ്റ്റ്രേറ്റീവ് സര്‍വീസ് (ഐ.എ.എസ്), ഇന്ത്യന്‍ പൊലീസ് സര്‍വീസ് (ഐ.പി.എസ്) എന്നീ രണ്ടു സര്‍വീസുകളാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് 1960 ജൂല. 1-ന് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐ.എഫ്.ടി.എസ്) എന്ന മൂന്നാമതൊരു അഖിലേന്ത്യാ സര്‍വീസും നിലവില്‍ വന്നു.

മെഡിക്കല്‍, എഞ്ചിനിയറിങ് എന്നീ വിഭാഗങ്ങള്‍ക്ക് അഖിലേന്ത്യാ സര്‍വീസുകള്‍ സൃഷ്ടിക്കുവാനുള്ള നിയമനിര്‍മാണം 1963-ല്‍ത്തന്നെ നടത്തിയെങ്കിലും പല സംസ്ഥാനങ്ങളുടെയും ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് ഈ നീക്കം ഉപേക്ഷിക്കേണ്ടിവന്നു. (ഈ രണ്ടു വിഭാഗങ്ങള്‍ക്കും കേന്ദ്രഗവണ്മെന്റ് വകുപ്പുകള്‍ക്കു മാത്രമായി കേന്ദ്രസര്‍വീസുകള്‍ നിലവിലുണ്ട്.)

2005 ജനു.-യിലെ കണക്കനുസരിച്ച് ഐ.എ.എസ്സില്‍ 4788-ഉം ഐ.പി.എസ്സില്‍ 3666-ഉം ഫോറസ്റ്റ് സര്‍വീസില്‍ 2763-ഉം പദവികളാണ് ഇപ്പോള്‍ നിലവിലുള്ളത്.

തിരഞ്ഞെടുപ്പു പ്രക്രിയ. ഭരണഘടനയുടെ 315-ാം വകുപ്പുപ്രകാരം നിയമിക്കപ്പെട്ട യൂണിയന്‍ പബ്ളിക് സര്‍വീസ് കമ്മീഷന്‍ (UPSC) വര്‍ഷംതോറും നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയിലൂടെയാണ് ഐ.എ.എസ്., ഐ.പി.എസ്. എന്നീ അഖിലേന്ത്യാ സര്‍വീസുകളും മറ്റു കേന്ദ്ര സര്‍വീസുകളുമടക്കം 27 ഓളം വരുന്ന സര്‍വീസുകള്‍ക്ക് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. (പ്രത്യേക വിദ്യാഭ്യാസ യോഗ്യതകള്‍ ആവശ്യമുള്ളതുകൊണ്ട് ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമായി വേറെ ഒരു പരീക്ഷയാണ് യു.പി.എസ്.സി. നടത്താറ്.)

പ്രതിവര്‍ഷം നാലഞ്ചുലക്ഷത്തോളം വരുന്ന അപേക്ഷകരില്‍ നിന്ന് ഒരു പ്രാഥമിക പരീക്ഷയിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്കു മാത്രമേ അടുത്തപടിയായ എഴുത്തു പരീക്ഷ എഴുതാന്‍ അര്‍ഹതയുള്ളൂ. ഈ പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വാചാ പരീക്ഷയിലും പങ്കെടുക്കേണ്ടതുണ്ട്. പ്രാഥമിക പരീക്ഷയൊഴിച്ച് മറ്റു രണ്ടു ഘട്ടങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന പട്ടികയില്‍ നിന്ന് ഉദ്യോഗാര്‍ഥികളുടെ അഭിരുചി, പട്ടികയിലെ സ്ഥാനം, ഒഴിവുകളുടെ സംഖ്യ എന്നീ ഘടകങ്ങള്‍ കണക്കിലെടുത്ത് വിവിധ സര്‍വീസുകളിലേയ്ക്കുള്ള ഒഴിവുകള്‍ നികത്തപ്പെടുന്നു.

ലിസ്റ്റില്‍ താരതമ്യേന ഉയര്‍ന്ന റാങ്കുള്ളവര്‍ ഇന്ത്യന്‍ വിദേശകാര്യ സര്‍വീസ് (ഐ.എഫ്.എസ്), ഐ.എ.എസ്, ഐ.പി.എസ് എന്നീ സര്‍വീസുകള്‍ തിരഞ്ഞെടുക്കുന്നതായാണ് കണ്ടുവരുന്നത്. (ഇവയില്‍ ഇന്ത്യന്‍ വിദേശകാര്യ സര്‍വീസ് ഒരു കേന്ദ്രസര്‍വീസാണ്).

പരിശീലനം. ഉത്തരാഞ്ചല്‍ സംസ്ഥാനത്തിലെ മസ്സൂറി (Mussorie) എന്ന സുഖവാസകേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി ദേശീയ രാജ്യഭരണ അക്കാദമി (LBS National Academy of Administration )യാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കുന്ന പ്രധാന സ്ഥാപനം. സിവില്‍ സര്‍വീസ് പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ സര്‍വീസുകളിലെ ഉദ്യോഗസ്ഥര്‍ക്കും പൊതുവായി ഒരു അടിസ്ഥാന കോഴ്സും (Foundation Course ) ഈ സ്ഥാപനം നടത്തുന്നു. ഈ പൊതു പരിശീലനത്തിനുശേഷം ഐ.എ.എസ്. ഒഴിച്ച് മറ്റു സര്‍വീസുകാര്‍ അവരവരുടെ സര്‍വീസുകളുടെ പ്രത്യേകം അക്കാദമികളിലേക്ക് ഉന്നത പരിശീലനത്തിനായി തിരിക്കുന്നു. ഐ.എ.എസ് പ്രൊബേഷണര്‍മാര്‍ ഇവിടെത്തന്നെ ഉന്നത പരിശീലനത്തിലേര്‍പ്പെടുന്നു.

ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ മുഖ്യ പരിശീലനകേന്ദ്രം ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ ദേശീയ പൊലിസ് അക്കാദമി (SVP National Police Academy)യാണ്. ഫോറസ്റ്റ് സര്‍വീസുകാരുടെ പരിശീലനം ഡെറാഡൂണിലെ (Dehra Dun) ഇന്ദിരാഗാന്ധി ദേശീയ ഫോറസ്റ്റ് അക്കാദമിയിലാണ് നടത്തുന്നത്.

സ്ഥാപനങ്ങളിലെ പരിശീലനത്തിനു പുറമേ വിവിധ ജോലികളില്‍ പ്രായോഗിക പരീശീലനവും നേടേണ്ടതുണ്ട്. നിയമനം ലഭിക്കുന്ന സംസ്ഥാന കേഡറിലായിരിക്കും പ്രായോഗിക പരിശീലനം. അതോടൊപ്പം അതാത് സംസ്ഥാനത്തെ ഭരണഭാഷയും സ്വായത്തമാക്കേണ്ടതുണ്ട്.

(സി.കെ. രാമചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍