This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്സോലോട്ടല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അക്സോലോട്ടല്‍

Axolotl

ആംബിസ്റ്റോമ (Ambystoma) എന്ന അമേരിക്കന്‍ സാലമാണ്ടറിന്റെ (Salamander) ലാര്‍വ (Larva ). ഇതിന് ലാര്‍വീയ ദശയില്‍ തന്നെ പ്രത്യുത്പാദനശേഷിയുണ്ട്. ആംബിസ്റ്റൊമാറ്റിഡേ (Ambistomatidae) കുടുംബത്തില്‍പ്പെട്ട ഇവ മെക്സിക്കന്‍ തടാകങ്ങളില്‍ കാണപ്പെടുന്നു. ശക്തിയുളള ഒരു വാലും ദുര്‍ബലങ്ങളായ രണ്ടു ജോഡി കാലുകളും മൂന്നു ജോഡി ബാഹ്യഗില്ലുകളുമുള്ള അക്സോലോട്ടലിന് ആകൃതിയില്‍ ന്യൂട്ടുകളോട് (Newt) സാദൃശ്യമുണ്ട്. ലാര്‍വീയ ദശയില്‍ തന്നെ ഇവ മുട്ടയിടാന്‍ തുടങ്ങുന്നു. ജലസസ്യങ്ങളോടുചേര്‍ന്ന് ചരടുപോലെയാണ് മുട്ടകള്‍ കാണപ്പെടുന്നത്. രണ്ടുമൂന്ന് ആഴ്ചകള്‍കൊണ്ട് മുട്ടകള്‍ വിരിയുന്നു. കുഞ്ഞുങ്ങള്‍ മാതാപിതാക്കളെപ്പോലെ തന്നെയിരിക്കും. കായാന്തരണ(Metamorphosis) മില്ലാത്ത ഒരു ജീവിയാണിതെന്നും ഇതിന്റെ ജീവിതചക്രം വളരെ ലഘുവായി പൂര്‍ണമാകുന്നു എന്നുമായിരുന്നു ആദ്യത്തെ വിശ്വാസം. എന്നാല്‍ 1865 മുതല്‍ ഇവയില്‍ നടത്തിയ പരീക്ഷണങ്ങളുടെ ഫലമായി പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പുതന്നെ ഇതിനു പൂര്‍ണമായ ലൈംഗികവളര്‍ച്ചയെത്തുന്നുവെന്ന് മനസ്സിലായി. അക്സോലോട്ടല്‍ ജീവിക്കുന്ന പ്രത്യേക സാഹചര്യങ്ങള്‍ മാറിയാല്‍ ഇവ പൂര്‍ണവ്യത്യാസം പ്രാപിക്കുമെന്നും ആ അവസ്ഥയില്‍ ബാഹ്യഗില്ലുകളോ വാലിലെ ചര്‍മമോ കാണുകയില്ലെന്നും ഈ പരീക്ഷണങ്ങള്‍മൂലം വ്യക്തമാവുകയും ചെയ്തു.

1871-ല്‍ ഫ്രാന്‍സും പ്രഷ്യയും തമ്മിലുണ്ടായ യുദ്ധത്തില്‍ പാരീസ് പിടിച്ചെടുത്തശേഷം പ്രഷ്യയില്‍ തിരിച്ചു വന്നവര്‍ തങ്ങള്‍ പിടിച്ചു സൂക്ഷിച്ചിരുന്ന ജലജീവികളായ അക്സോലോട്ടലുകളുടെ സ്ഥാനത്ത് ഉഭയജീവികളായ കുറെ സാലമാണ്ടറുകളെയാണ് കണ്ടത്. പ്രതികൂല പരിതഃസ്ഥിതികളില്‍ അക്സോലോട്ടലുകള്‍ കായാന്തരണം പ്രാപിക്കുമെന്നു മനസ്സിലാക്കാന്‍ വഴിതെളിച്ച ആദ്യസംഭവം ഇതായിരുന്നു. സാഹചര്യം അനുകൂലമാണെങ്കില്‍ അവ ജലജീവികളായിത്തന്നെ തുടരുമെന്നുമാത്രം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍