This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്ബര്‍ ഹൈദരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അക്ബര്‍ ഹൈദരി (1869 - 1942)

ഇന്ത്യന്‍ ഭരണതന്ത്രജ്ഞന്‍. ഹൈദരാബാദ് നാട്ടുരാജ്യത്തിന്റെ നവീനശില്പിയെന്നറിയപ്പെടുന്ന സര്‍ അക്ബര്‍ ഹൈദരി ബോംബെയിലെ ഒരു വര്‍ത്തകകുടുംബത്തില്‍ 1869 ന. 8-ന് ജനിച്ചു. ജഡ്ജിയും വിദ്യാഭ്യാസവിചക്ഷണനുമായിരുന്ന ബദറുദ്ദീന്‍ തയാബ്ജി ഹൈദരിയുടെ മാതുലനായിരുന്നു. 17-ാമത്തെ വയസ്സില്‍ ബോംബെ സെന്റ് സേവ്യേഴ്സ് കോളജില്‍നിന്നും ബി.എ. ബിരുദമെടുത്തു. ഇംഗ്ളീഷ്, ലത്തീന്‍, ഉര്‍ദു, പേര്‍ഷ്യന്‍ എന്നീ ഭാഷകളിലും ചരിത്രം, നിയമം, ധനശാസ്ത്രം എന്നീ വിഷയങ്ങളിലും അവഗാഹം നേടി. അഭിഭാഷകനാകാനാഗ്രഹിച്ച ഹൈദരി 1888-ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ധനകാര്യവകുപ്പില്‍ സേവനമാരംഭിക്കുകയും 1901-ല്‍ മദിരാശി സംസ്ഥാനത്തിലെ ഡെപ്യൂട്ടി അക്കൌണ്ടന്റ് ജനറലായി നിയമിതനാവുകയും ചെയ്തു. ഒരു ഇന്ത്യക്കാരന് ആ ഉദ്യോഗം ലഭിക്കുന്നത് ആദ്യമായിട്ടായിരുന്നു. 1905-ല്‍ ഹൈദരി ഹൈദരാബാദില്‍ ധനകാര്യം, റെയില്‍വേ, എന്നീ വകുപ്പുകളുടെ ഭരണം ഏറ്റെടുത്തു. അക്കൌണ്ടന്റ് ജനറല്‍, ധനകാര്യസെക്രട്ടറി, ആഭ്യന്തര വകുപ്പുസെക്രട്ടറി എന്നീ നിലകളിലെല്ലാം (1905-20) ഇദ്ദേഹം ഹൈദരാബാദിനെ സേവിച്ചു.

അക്ബര്‍ ഹൈദരി

1893-ല്‍ ആമിനാ തയാബ്ജിയെ ഹൈദരി വിവാഹം കഴിച്ചു. പര്‍ദാസമ്പ്രദായം ഉപേക്ഷിക്കാന്‍ നേതൃത്വം നല്കിയ ഒരു സ്ത്രീയായിരുന്നു ആമിന. ഇസ്ളാംമതസിദ്ധാന്തങ്ങളില്‍ ഗാഢമായി വിശ്വസിച്ചിരുന്ന ഹൈദരി, മറ്റു മതങ്ങളിലെ സാരാംശങ്ങളും തത്ത്വചിന്തകളും മനസ്സിലാക്കിയിരുന്നു. അരവിന്ദഘോഷ് രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ച് പോണ്ടിച്ചേരി ആശ്രമത്തില്‍ യോഗിയായി താമസിക്കുന്ന കാലത്ത് ഹൈദരി അദ്ദേഹത്തെ പലപ്പോഴും സന്ദര്‍ശിച്ചിട്ടുണ്ട്. അജന്ത, എല്ലോറ, ദൌലത്താബാദ് എന്നിവിടങ്ങളിലെ ചരിത്രാവശിഷ്ടങ്ങളെ ഉചിതമായി നിലനിര്‍ത്തുന്നതിലും ഉസ്മാനിയാ സര്‍വകലാശാല സ്ഥാപിക്കുന്നതിലും (1911) ഹൈദരി മുന്‍കൈയെടുത്തു. സര്‍വകലാശാലയിലെ അധ്യയന ഭാഷ ഉര്‍ദുവാക്കിയത് ഇദ്ദേഹത്തിന്റെ ശ്രമഫലമായിട്ടായിരുന്നു. 1937-ല്‍ ഹൈദരി ഹൈദരാബാദ് എക്സിക്യൂട്ടീവ് കൌണ്‍സിലിന്റെ പ്രസിഡന്റായി നിയമിതനായി. ഇദ്ദേഹത്തിന്റെ ബഹുമുഖപ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമെന്ന നിലയില്‍ ഹൈദരാബാദ് നൈസാം 'നവാബ്' എന്ന പദവിയും ബ്രിട്ടിഷ് ഗവണ്‍മെന്റ് 'സര്‍' സ്ഥാനവും നല്കി. 1917-ലെ അഖിലേന്ത്യാ മുസ്ലീം വിദ്യാഭ്യാസ സമ്മേളനത്തിന്റെ പ്രസിഡന്റ് ഹൈദരിയായിരുന്നു. ഇന്ത്യയിലെ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് ആലോചിക്കാന്‍ വിവിധകക്ഷികളുടെ വട്ടമേശസമ്മേളനം (1930) ലണ്ടനില്‍ വിളിച്ചുകൂട്ടിയപ്പോള്‍ ഹൈദരിയും അതില്‍ പങ്കെടുത്തു. സര്‍വരാഷ്ട്രസമിതിയുടെ ആഭിമുഖ്യത്തില്‍ 1934-ല്‍ ചേര്‍ന്ന സാമ്പത്തികസമ്മേളനത്തിന്റെ ഉപദേശകനായിരുന്നു ഇദ്ദേഹം. അതേ വര്‍ഷം തന്നെ ഇന്ത്യന്‍ നാട്ടുരാജ്യങ്ങളിലെ ഭരണത്തലവന്മാരുടെ കമ്മിറ്റി രൂപവത്കരിച്ചപ്പോള്‍ ഹൈദരി അതിന്റെ പ്രസിഡന്റായി. 1936-ല്‍ പ്രിവി കൌണ്‍സിലിലും 1941-ല്‍ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൌണ്‍സിലിലും ഇദ്ദേഹം അംഗമായി. 1942-ല്‍ ഹൈദരി നിര്യാതനായി.

(പ്രൊഫ. സെയ്യദ് മൊഹിയുദ്ദീന്‍ ഷാ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍