This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്കിത്തം അച്യുതന്‍ നമ്പൂതിരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അക്കിത്തം അച്യുതന്‍ നമ്പൂതിരി (1926 - )

മലയാള കവി. ഇദ്ദേഹം ശ്രദ്ധേയരായ ആധുനിക കവികളില്‍ ഒരാളാണ്. കുറ്റിപ്പുറത്തിനടുത്തു കുമരനല്ലൂര്‍ അമേറ്റൂര് അക്കിത്തത്തു മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരിയുടെയും പാര്‍വതി അന്തര്‍ജനത്തിന്റെയും പുത്രനായി 1926 മാ. 18-ാം തീയതി ജനിച്ചു.

അക്കിത്തം അച്യുതന്‍ നമ്പൂതിരി

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഗണാഷ്ടകം, മുകുന്ദാഷ്ടകം മുതലായ സ്തോത്രകൃതികളും ഉപനയനാനന്തരം 13 വയസ്സുവരെ ഋഗ്വേദപാഠങ്ങളും അല്പം സംസ്കൃതവും പഠിച്ചു. 15-ാമത്തെ വയസ്സില്‍ കുമരനല്ലൂര്‍ ഹൈസ്കൂളില്‍ മൂന്നാം ഫാറത്തില്‍ ചേര്‍ന്നു. 19-ാമത്തെ വയസ്സില്‍ സാമൂതിരി കോളജില്‍ ഇന്റര്‍മീഡിയറ്റു ക്ളാസില്‍ ചേര്‍ന്നെങ്കിലും പഠിത്തം തുടരാന്‍ സാധിച്ചില്ല. കുറെക്കാലം തൃശൂരില്‍ താമസിച്ച് നമ്പൂതിരി യോഗക്ഷേമസഭയില്‍ പ്രവര്‍ത്തിച്ചു. ഉണ്ണിനമ്പൂതിരി മാസികയുടെ പ്രിന്ററും പബ്ളിഷറും യോഗക്ഷേമം പത്രത്തിന്റെ സബ് എഡിറ്ററും ആയിരുന്നു. 30-ാം വയസ്സില്‍ ആകാശവാണിയില്‍ (കോഴിക്കോട്) സ്ക്രിപ്റ്റ് റൈട്ടറായി.


കൃതികളില്‍ അരങ്ങേറ്റം, മധുവിധു, മധുവിധുവിനുശേഷം, നിമിഷക്ഷേത്രം, പഞ്ചവര്‍ണക്കിളികള്‍, മനസ്സാക്ഷിയുടെ പൂക്കള്‍, വളകിലുക്കം, അഞ്ചുനാടോടിപ്പാട്ടുകള്‍, ബലിദര്‍ശനം, വെണ്ണക്കല്ലിന്റെ കഥ, ഇടിഞ്ഞുപൊളിഞ്ഞ ലോകം, അനശ്വരന്റെ ഗാനം, സഞ്ചാരികള്‍, കരതലാമലകം എന്നീ കവിതാസമാഹാരങ്ങളും ദേശസേവിക, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, സാഗരസംഗീതം (സി.ആര്‍. ദാസിന്റെ ഖണ്ഡകാവ്യ വിവര്‍ത്തനം) എന്നീ ഖണ്ഡകാവ്യങ്ങളും ഒരു കുല മുന്തിരിങ്ങ, ഉണ്ണിക്കിനാവുകള്‍, കളിക്കൊട്ടില്‍ എന്നീ ബാലസാഹിത്യകൃതികളും കടമ്പിന്‍പൂക്കള്‍, അവതാളങ്ങള്‍ എന്നീ ചെറുകഥകളും 'ഈ ഏടത്തി നൊണേ പറയൂ' എന്ന നാടകവും ഉപനയനം, സമാവര്‍ത്തനം എന്നീ ലേഖന സമാഹാരങ്ങളും ഉള്‍പ്പെടുന്നു. ആധുനിക നാഗരികതയും ശാസ്ത്ര-സാങ്കേതിക പുരോഗതിയും മനുഷ്യനെ സ്വന്തം കര്‍മമണ്ഡലങ്ങളില്‍ അന്യനാക്കിയിരിക്കുന്നു എന്ന ദുഃഖസത്യത്തെ വികാരതീവ്രമായി ആവിഷ്കരിച്ചിട്ടുള്ള ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം അക്കിത്തത്തിന്റെ ഏറ്റവും മികച്ച കൃതിയായി ഗണിക്കപ്പെടുന്നു. ബലിദര്‍ശനം എന്ന കവിതാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1972) കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും (1973) ലഭിച്ചിട്ടുണ്ട്. നിമിഷക്ഷേത്രം എന്ന സമാഹാരത്തിന് ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ ഓടക്കുഴല്‍ അവാര്‍ഡ് ലഭിച്ചു. അക്കിത്തം 1946 മുതല്‍ 2001 വരെ എഴുതിയ കവിതകളുടെ സമാഹാരം - അക്കിത്തം കവിതകള്‍ - 2002-ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍