This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അകാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അകാന്‍

Akan

ആഫ്രിക്കയില്‍ ഐവറികോസ്റ്റിന്റെ കിഴക്കും ഘാനയുടെ തെക്കും ഡഗോംബാ ജില്ലയിലും വസിക്കുന്ന ഒരു ജനവര്‍ഗം. 11-ഉം 18-ഉം ശ.-ങ്ങള്‍ക്കിടയ്ക്കാണ് ഈ വര്‍ഗക്കാര്‍ തുടരെ ഈ പ്രദേശങ്ങളില്‍ കുടിയേറിയത്. 17-ഉം 18-ഉം ശ.-ങ്ങളില്‍ വികാസം പ്രാപിച്ച ബോണോ, ഡെങ്കേര, അക്വാമു, അകിം, അഷാന്തി, ഫന്തീ എന്നിവയാണ് ഏറ്റവും ശക്തമായ അകാന്‍ സംസ്ഥാനങ്ങള്‍. അകാന്‍ വര്‍ഗക്കാര്‍ പടിഞ്ഞാറന്‍ സുഡാനീസ് ഭാഷാഗോത്രത്തിലെ 'ക്വാ' കുടുംബത്തില്‍പ്പെട്ട 'ട്വി' തായ്വഴിയിലുള്ള ഭാഷകള്‍ സംസാരിക്കുന്നു.

അകാന്‍ വര്‍ഗത്തിന് വ്യതിരിക്തമായ ചില ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ട്. അവരുടെ ദായക്രമം പൊതുവേ മരുമക്കത്തായമനുസരിച്ചുള്ളതാണ്; അപൂര്‍വമായി മക്കത്തായവും നടപ്പുണ്ട്. പല ഉപഗോത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഗോത്രം ഒരു രാഷ്ട്രീയ ഘടകമായി പ്രവര്‍ത്തിക്കുന്നു. ഘടകഗോത്രങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാളാണ് ഗോത്രത്തലവന്‍. തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഉന്നത ഭരണസമിതിയുമുണ്ട്. ഭൂവുടമാക്രമനിര്‍ണയം ഗോത്രത്തിന്റെ അധികാരപരിധിയില്‍പ്പെടുന്നതാണ്. അകാന്‍ ഗോത്രത്തെ അഡുവാന, അഗോന, അസെനീ, അസൊഹാ, ബ്രെടുവൊ, എകോനാ, ഒയോകൊ എന്നീ കുലങ്ങളായി തിരിച്ചിട്ടുണ്ട്. ഗോത്രബാഹ്യവിവാഹവ്യവസ്ഥയും മരുമക്കത്തായക്രമവും പുലര്‍ത്തുന്നവയാണ് ഈ കുലങ്ങള്‍.

ഓരോരുത്തരും ബൊസമാഫി, ബൊസാംഫ്രാം, ബൊസമാകന്‍, ബൊസമായെസു, ബൊസംദ്വെര്‍ബ്, ബൊസംകൊന്‍സി, ബൊസംക്രേറ്റ്, ബൊസംമുറു, ബൊസംപോ, ബൊസംപ്രാ, ബൊസംസിക, ബൊസംത്വ് എന്നീ 12 ടോറോ (Ntoro) വിഭാഗങ്ങളിലേതിലെങ്കിലും പെടുന്നവരാണ്.

പൊതുവായുള്ള കുടുംബപ്പേര്, ആചാരമര്യാദകള്‍ എന്നിവ ഓരോ ടോറോയിലെയും അംഗങ്ങളെ കൂട്ടിയിണക്കുന്നു. മക്കത്തായമനുസരിച്ച് ഫന്തി തുടങ്ങിയ അകാന്‍ വര്‍ഗങ്ങളില്‍ ഒരു അര്‍ധസൈനിക വിഭജനവുമുണ്ട്.

അകാന്‍ വര്‍ഗക്കാര്‍ക്ക് പൊതുവായ മതാചാരങ്ങളും വിശ്വാസങ്ങളുമുണ്ട്. ഒരു പരദേവതയില്‍ ഇവര്‍ വിശ്വസിക്കുന്നു. ഈ ദേവതയാണ് ലോകം സൃഷ്ടിച്ചത്. മറ്റു മൂര്‍ത്തികള്‍ ഉന്നതദേവതയില്‍ നിന്ന് ശക്തിയാര്‍ജിക്കുന്നു. പിതൃബലി സര്‍വസാധാരണമാണ്. യഥാകാലം പൂര്‍വികര്‍ക്കുവേണ്ടി ഉത്സവങ്ങള്‍ നടത്തുന്ന പതിവുമുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍