This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംശവടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അംശവടി

Rosier

മെത്രാന്റെ ഇടയസ്ഥാന ചിഹ്നമായ തല വളഞ്ഞ വടി. ഇതു തടിയും വെളളിയും കൊണ്ടു നിര്‍മിക്കാറുണ്ട്. കര്‍ദിനാളന്മാരും ഉയര്‍ന്ന മേല്പട്ടക്കാരും ഉപയോഗിക്കുന്ന അംശവടി സ്വര്‍ണം പൂശിയതായിരിക്കും. സഭാമേലധ്യക്ഷന്മാരെ കൂടാതെ സന്ന്യാസമഠാധിപന്മാരായ പട്ടക്കാരും അംശവടി ഉപയോഗിക്കാറുണ്ട്. വടി കനംകുറഞ്ഞതും ഉദ്ദേശം നാലരയടി നീളമുള്ളതും ആയിരിക്കണം; ആളോടൊപ്പം നീളമുണ്ടെങ്കിലും അപാകതയില്ല എന്നിങ്ങനെ ഇതേപ്പറ്റി ചില നിബന്ധനകളും പാലിക്കപ്പെടുന്നു.

അംശവടി

പൗരസ്ത്യസഭകളിലെ മേല്പട്ടക്കാരുടെ അംശവടിയുടെ മുകള്‍ഭാഗം പാമ്പിന്റെ തലയുടെ ആകൃതിയിലായിരിക്കും. പ്രതീകാത്മകമായ രണ്ട് അര്‍ഥങ്ങള്‍ അംശവടിക്കുണ്ട്. ഒന്ന് ആട്ടിടയന്റെ വടി എന്നാകുന്നു. ആടുകള്‍ കുഴിയില്‍ വീണാല്‍ വലിച്ചുകയറ്റുവാനും വഴി തെറ്റിയാല്‍ ശരിയായ മാര്‍ഗത്തിലേക്കു നയിക്കുവാനും ഈ വടി ഉപയോഗിച്ചിരുന്നു. ഇങ്ങനെ സംരക്ഷണത്തിന്റെയും അജപാലനത്തിന്റെയും പ്രതീകമായി ഇതിനെ കരുതിവന്നിരുന്നു. മെത്രാന്‍ എന്ന വാക്കിന് ആടുകളുടെ ഇടയന്‍ എന്നും അര്‍ഥമുണ്ട്. സഭാനേതാക്കളായ മെത്രാന്‍മാരെ സംബന്ധിച്ചും അംശവടിയുടെ പ്രതീകാത്മകമായ അര്‍ഥം അനുയോജ്യമാകുന്നു. അംശവടിയുടെ രണ്ടാമത്തെ പ്രതീകാത്മകമായ അര്‍ഥം ക്രൈസ്തവ മതചിന്തയിലെ രക്ഷയുടെ ചിഹ്നമായ കുരിശിനോടു ബന്ധപ്പെട്ടിരിക്കുന്നു. പാശ്ചാത്യസഭയിലെ മെത്രാന്‍മാരുടെ അംശവടികളില്‍ പാമ്പിന്‍തലയുടെ സ്ഥാനത്ത് മിക്കവാറും കാണുന്നത് കുരിശുവഹിക്കുന്ന ഒരു ആടിന്റെ രൂപമാണ്. അത് കാല്‍വരിയില്‍ ക്രൂശിതനായി ബലിയര്‍പ്പിക്കപ്പെട്ട ക്രിസ്തുവിന്റെ പ്രതീകമാകുന്നു. മരുഭൂമിയില്‍ വച്ചു മോശയ്ക്ക് എതിരായി ഇസ്രായേല്‍ജനങ്ങള്‍ വിപ്ളവമുണ്ടാക്കിയപ്പോള്‍ അഗ്നിസര്‍പ്പങ്ങള്‍ വന്ന് ജനങ്ങളെ കൊന്നതായി ബൈബിള്‍ സംഖ്യാപുസ്തകത്തില്‍ വിവരിച്ചിരിക്കുന്നതില്‍ നിന്ന് ഉടലെടുത്തതാണ് പാമ്പിന്‍തല എന്ന ആശയം. അന്ന് ജനങ്ങളുടെ രക്ഷയ്ക്കായി പിച്ചളകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി തൂണില്‍ പ്രതിഷ്ഠിക്കുവാന്‍ മോശയോടു ദൈവം കല്പിക്കുകയും ആ പിച്ചളസര്‍പ്പത്തെ നോക്കിയവരെല്ലാം രക്ഷപ്പെടുകയും ചെയ്തു എന്നാണ് കഥ. ഇതുപോലെ മരക്കുരിശിനുമുകളില്‍ പ്രതിഷ്ഠിതനായിരിക്കുന്ന ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ നോക്കുന്നതുമൂലം പാപികളായ മനുഷ്യര്‍ രക്ഷിക്കപ്പെടുന്നുവെന്ന് ബൈബിള്‍ പുതിയനിയമത്തില്‍ പറയുന്നു. അങ്ങനെ ക്രൂശിതനായ ക്രിസ്തുവിന്റെ പ്രതീകമായിട്ടാണ് സര്‍പ്പരൂപത്തെ അംശവടിയില്‍ സങ്കല്പിച്ചിരിക്കുന്നത്. സര്‍പ്പത്തിന്റെ തലയുടെമുകളില്‍ കുരിശുരൂപം കൂടി കാണണമെന്നാണ് അലിഖിത നിയമം.

അജഗണത്തെ നയിക്കുവാന്‍മാത്രമല്ല ഭരിക്കുവാനുമുള്ള ചുമതല മെത്രാന്‍മാരില്‍ നിക്ഷിപ്തമായിരിക്കുന്നു. ഭരണാധികാരത്തിന്റെ ബാഹ്യചിഹ്നമായും അംശവടി പരിഗണിക്കപ്പെടുന്നു. എന്നാല്‍ അധികാരചിഹ്നങ്ങളുടെ പ്രസക്തി കുറഞ്ഞുവന്നതിനാലും സേവനമാണ് അധികാരത്തിന്റെ അടിസ്ഥാനമെന്നുള്ള ആശയത്തിനു മുന്‍തൂക്കം ലഭിച്ചതിനാലും ചില പാശ്ചാത്യ സഭകളില്‍ അംശവടിയുടെ മുകളില്‍ യേശു തന്റെ ശിഷ്യസമൂഹത്തിന്റെ കാലുകഴുകുന്ന രൂപമാണ് അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍ അധികാരചിഹ്നമെന്ന ആശയം പൌരസ്ത്യസഭകളില്‍ കടന്നുകൂടിയതിന്റെ ഫലമായി പാത്രിയര്‍ക്കീസന്മാരുടെ അംശവടിയുടെ മുകളില്‍ രണ്ടു സ്വര്‍ണസര്‍പ്പങ്ങളുടെ രൂപം കൊടുത്തിരിക്കുന്നതായിക്കാണാം. രണ്ടിന്റെയും മധ്യത്തില്‍ ഒരു കുരിശും കാണുന്നുണ്ട്. എങ്കിലും അംശവടിയുടെ മൗലികമായ അര്‍ഥം നല്ല ഇടയന്റെ മരവടിയെന്നുള്ളതുതന്നെയാകുന്നു. മെത്രാന്‍ ചില ഔദ്യോഗികകര്‍മങ്ങളിലും ആരാധനകളിലും അംശവടി ഉപയോഗിക്കാറുണ്ട്.

(ഫാ. പോള്‍ വറുഗീസ്)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%82%E0%B4%B6%E0%B4%B5%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍