This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംബ്രിയന്‍ ഭാഷ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അംബ്രിയന്‍ ഭാഷ

Umbrian Language


ഇന്തോ-യൂറോപ്യന്‍ ഗോത്രത്തിലെ പശ്ചിമശാഖയായ സെന്റം (Centum) വിഭാഗത്തില്‍പ്പെട്ട ഒരു ഭാഷ. മധ്യ ഇറ്റലിയിലെ അംബ്രിയ പ്രവിശ്യയില്‍പ്പെട്ട ഗുബിയോ (പഴയ പേര് ഇഗൂവിയം) പ്രദേശത്ത് ഇതു പ്രചാരത്തിലിരുന്നു.

ഇന്തോ-യൂറോപ്യന്‍ ഗോത്രത്തിലെ ഇറ്റാലിക് ഉപഗോത്രത്തിന് ലാറ്റിനോ-ഫലിസ്കന്‍, ഓസ്കോ-അംബ്രിയന്‍ എന്ന് രണ്ടു മുഖ്യ ശാഖകള്‍ ഉണ്ട്. ഓസ്കോ-അംബ്രിയന്‍ ശാഖയില്‍ മൂന്നു ഭാഷകളാണുള്ളത്-ഓസ്കന്‍, വോള്‍സ്കിയന്‍, അംബ്രിയന്‍. അംബ്രിയന്‍ ഭാഷ സംസാരിച്ചിരുന്ന ജനതയെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല. പക്ഷേ, അംബ്രിയന്‍ ഭാഷയ്ക്ക് ഓസ്കന്‍, ലത്തീന്‍ തുടങ്ങിയ ഭാഷകളോടുള്ള ബന്ധത്തെ ആസ്പദമാക്കി പ്രസ്തുത ഭാഷകള്‍ സംസാരിച്ചിരുന്ന വര്‍ഗക്കാരുമായി ഇവര്‍ക്കു ബന്ധമുണ്ടായിരുന്നുവെന്ന് ഊഹിക്കപ്പെടുന്നു. എറ്റ്രുസ്കനോട് ബന്ധപ്പെട്ടതാണ് അംബ്രിയന്‍ അക്ഷരമാല. അംബ്രിയപ്രദേശം ലത്തീന്‍ഭാഷയുടെ സ്വാധീനത്തില്‍പ്പെടുന്നതിനുമുന്‍പുള്ള അംബ്രിയന്‍ഭാഷയെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുള്ളതു മുഖ്യമായും ചില ശാസനങ്ങളില്‍നിന്നും, 'ഇഗൂവിയന്‍ ഫലകങ്ങള്‍' എന്നു വിളിക്കപ്പെടുന്ന താമ്രശാസനങ്ങളില്‍നിന്നുമാണ്. ഇറ്റലിയിലെ ഫല്‍ജിനിയം, റ്റ്യൂഡര്‍ എന്നീ പ്രദേശങ്ങളില്‍ നിന്നും കിട്ടിയിട്ടുള്ളവയാണ് ഈ ശാസനങ്ങള്‍. ഇഗൂവിയത്തില്‍നിന്ന് 15-ാം ശ.-ത്തിന്റെ മധ്യത്തില്‍ ഓടുകൊണ്ടു നിര്‍മിച്ച ഏഴു ഫലകങ്ങള്‍ ലഭിച്ചിട്ടുണ്ട്. പില്ക്കാലത്ത് അതില്‍ രണ്ടെണ്ണം നഷ്ടപ്പെട്ടുപോയി. ഇഗൂവിയന്‍ ഫലകങ്ങളില്‍ ആദ്യത്തേത് ബി.സി. 90-നു മുമ്പ് ആണ് എഴുതപ്പെട്ടതെന്ന് അനുമാനിക്കപ്പെടുന്നു. റോമിലെ 'അര്‍വെലസ് ഫ്രറ്റ്രസ്' (Arvales Fratres) എന്ന മതവിഭാഗത്തെപ്പോലുള്ള ഒരു സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെ വിവരണമാണ് ഇഗൂവിയന്‍ ഫലകങ്ങളിലുള്ളത്. ലത്തീന്‍ അക്ഷരമാലയും അംബ്രിയന്‍ അക്ഷരമാലയും ഉപയോഗിച്ചാണ് ഇഗൂവിയന്‍ ഫലകങ്ങള്‍ എഴുതപ്പെട്ടിട്ടുള്ളത്. അംബ്രിയന്‍ ഭാഷയുടേതായി ആകെ ലഭിച്ചിട്ടുള്ള ലിഖിതരേഖകള്‍ മേല്പറഞ്ഞ ശാസനങ്ങളും ഫലകങ്ങളും മാത്രമാണ്.

ശബ്ദവ്യവസ്ഥയില്‍ മാത്രമേ അംബ്രിയന് ഓസ്കനില്‍നിന്നും വ്യത്യാസം കാണുന്നുള്ളു എന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ അംബ്രിയന്‍ ഓസ്കന്റെ ഒരു ഉപഭാഷയാണെന്ന വാദമുണ്ട്. അംബ്രിയന്‍ ഭാഷയില്‍ കാണുന്ന താലവ്യാദേശം, പദാന്ത്യത്തിലെ താലവ്യമൃദുവ്യഞ്ജനലോപം, രണ്ടു സ്വരങ്ങള്‍ക്കു മധ്യേ വരുന്ന വര്‍ത്സ്യമൃദുവ്യഞ്ജനത്തിനും 'സ' കാരത്തിനും സംഭവിക്കുന്ന രേഫാദേശം തുടങ്ങിയ ധ്വനിപരിണാമങ്ങള്‍ മേല്‍ സൂചിപ്പിച്ച വാദത്തിന് ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പദനിര്‍മിതിയിലും വാക്യനിര്‍മിതിയിലും അംബ്രിയനും ഓസ്കനും തമ്മില്‍ സാരമായ വ്യത്യാസങ്ങളില്ലെന്നാണ് കരുതപ്പെടുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍