This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംബോപദേശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അംബോപദേശം

സന്ദേശകാവ്യംപോലെ പല മലയാള കവികളെയും ഒരു കാലത്ത് ആകര്‍ഷിച്ച ഒരു കാവ്യശാഖ. വേശ്യാവൃത്തിയില്‍ പരിചയസമ്പന്നരായ മുത്തശ്ശികള്‍ പുത്രീപൌത്രിമാര്‍ക്കു കുലത്തൊഴിലില്‍ വിജയംനേടാന്‍ കൊടുക്കുന്ന ഉപദേശങ്ങളാണ് ഈ ശാഖയില്‍പ്പെട്ട കാവ്യങ്ങളുടെ വിഷയം. മലയാളത്തില്‍ ഇത്തരം കാവ്യങ്ങളുടെ ഒരു പഴയ ദൃഷ്ടാന്തമാണ് വൈശികതന്ത്രം. വെണ്‍മണി പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തോടുകൂടി ഇത്തരം കാവ്യശാഖ പുനരുദ്ധരിക്കപ്പെട്ടു. (നോ: വെണ്‍മണി പ്രസ്ഥാനം). വെണ്‍മണി മഹന്‍ നമ്പൂതിരിക്കു പുറമേ കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍, നടുവത്തച്ഛന്‍ നമ്പൂതിരി, മാവേലിക്കര ഉദയവര്‍മതമ്പുരാന്‍, പെട്ടരഴികം വലിയ രാമനിളയത്, ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരി മുതലായ കവികളും ഓരോ അംബോപദേശം രചിച്ചിട്ടുണ്ട്. വസന്തതിലകമാണ് കാവ്യരചനയ്ക്കു നിയതമായി അംഗീകരിക്കപ്പെട്ടിട്ടുള്ള വൃത്തം. ഓരോ ശ്ലോകത്തിന്റെയും പൂര്‍വാര്‍ധത്തിലെ ഉപദേശം ഉത്തരാര്‍ധത്തില്‍ ദൃഷ്ടാന്തംകൊണ്ടു സാധൂകരിക്കുന്ന ഒരു രീതി ഇവയില്‍ അനുവര്‍ത്തിച്ചുകാണാം. ഉദാഹരണത്തിന് വെണ്‍മണി മഹന്‍ നമ്പൂതിരിയുടെ ഒരു ശ്ളോകം ഉദ്ധരിക്കുന്നു.

'നീ തുമ്പുവിട്ടുമകളേ, പരമെന്തിനിത്ര

പൂതം പിടിച്ചൊരു നടപ്പു, വെടിപ്പുവേണ്ടേ?

ഹേ, തന്വി, മേല്‍കഴുകണം, തിരുമിത്തുടച്ച

മാതംഗിതന്നുടയ ചന്തമനന്തമല്ലോ'.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍