This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംഗാരകവ്രതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അംഗാരകവ്രതം

അംഗാരകനെ, അതായത് കുജനെ (ചൊവ്വയെ) ആരാധിക്കുന്നതിനുള്ള വ്രതം. 'ലഗ്നാലോ ചന്ദ്രാലോ' (ലഗ്നത്തില്‍ നിന്നോ ചന്ദ്രനില്‍നിന്നോ), രണ്ട് (ധനം), നാല് (കുടുംബം), ഏഴ് (ദാമ്പത്യം), എട്ട് (നിധനം), പന്ത്രണ്ട് (വ്യയം) എന്നീ സ്ഥാനങ്ങളില്‍ ചൊവ്വാ വരുന്നതു പൊതുവേ ദോഷകരമാണ്. അതിന്റെ പരിഹാരത്തിനായിട്ടാണ് അംഗാരകവ്രതം വിധിച്ചിട്ടുള്ളത്. അതുപോലെ തന്നെ അനുകൂലസ്ഥാനത്തില്‍ നില്ക്കുന്ന അംഗാരകനെ കുറേക്കൂടി അനുകൂലനാക്കുവാനും ഈ വ്രതം അനുഷ്ഠിക്കാറുണ്ട്.

അംഗാരകവ്രതം ആരംഭിക്കുന്നതു മാര്‍ഗശീര്‍ഷമാസ(വൃശ്ചികം)ത്തിലോ വൈശാഖ(മേടം-ഇടവം)ത്തിലോ ആണ്. ചൊവ്വാഴ്ചതോറും ആണ് ഈ വ്രതം അനുഷ്ഠിക്കേണ്ടത്. അരുണോദയത്തില്‍ നിത്യാനുഷ്ഠാനം കഴിഞ്ഞ് സ്ത്രീയോ പുരുഷനോ ചുവന്ന വസ്ത്രങ്ങള്‍ ധരിച്ച് ചെമ്പുതട്ടത്തില്‍ രക്താക്ഷതങ്ങളും രക്തപുഷ്പങ്ങളും രക്തചന്ദനവും മറ്റും വച്ച് പൂജയാരംഭിക്കുന്നു. അംഗാരകനെ ത്രികോണപീഠത്തില്‍ തെക്കോട്ടു നോക്കിയിരുത്തേണ്ടതാണ്. അംഗാരകധ്യാനം താഴെ കൊടുക്കുന്നു:

'അസൃജമരുണവര്‍ണം രക്തമാല്യാംഗരാഗം

കനകകമലമാലാമാലിനം വിശ്വവന്ദ്യം

അതിലളിതകരാഭ്യാം ബിഭ്രതം ശക്തിശൂലേ

ഭജത ധരണിസൂനും മംഗളം മംഗളാനാം'

'ഓം ഹ്രീം ശ്രീമംഗളായ നമഃ' എന്നാണ് മൂലമന്ത്രം. 'അംഗാരകായ വിദ്മഹേ, ഭൂമിപുത്രായ ധീമഹി തന്നോ ഭൌമഃ പ്രചോദയാത്' എന്നിങ്ങനെയാണ് അംഗാരകഗായത്രി. ഈ ഗായത്രിയോ 'അഗ്നിര്‍മൂര്‍ധാ' എന്നു തുടങ്ങിയ വൈദിക മന്ത്രമോ ആണ് ജപത്തിനും ഹോമത്തിനും ഉപയോഗിക്കുന്നത്. അംഗാരകനു വിധിച്ചിട്ടുള്ള ഹോമദ്രവ്യം ഗുഡാജ്യമിശ്രിതമായ (ശര്‍ക്കരയും നെയ്യും കലര്‍ത്തിയ) തിലമാണ്. ജപവും ഹോമവും 1,008 ആവൃത്തി ചെയ്യുന്നു. അംഗാരകപൂജ സര്‍വസൗഭാഗ്യസിദ്ധിക്കു നിദാനമാണെന്ന് പ്രസ്താവിച്ചിരിക്കുന്നു. നോ: വ്രതങ്ങള്‍

(എം.എച്ച്. ശാസ്ത്രികള്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍