This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രേറ്റ് ബ്രിട്ടന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:59, 28 ഡിസംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ഗ്രേറ്റ് ബ്രിട്ടന്‍

Great Britain

വടക്കു പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ദ്വീപരാജ്യം. 'യുണൈറ്റഡ് കിങ്ഡം ഒഫ് ഗ്രേറ്റ് ബ്രിട്ടന്‍ ആന്‍ഡ് നോര്‍തേണ്‍ അയര്‍ലണ്ട്' എന്നാണ് ഔദ്യോഗിക നാമം. ബ്രിട്ടന്‍, ഗ്രേറ്റ് ബ്രിട്ടന്‍, യുണൈറ്റഡ് കിങ്ഡം എന്നീ പേരുകളെല്ലാം സൂചിപ്പിക്കുന്നത് ഈ രാജ്യത്തെത്തന്നെ. എന്നാല്‍ വളരെ കൃത്യമായി പറയുകയാണെങ്കില്‍ ഗ്രേറ്റ് ബ്രിട്ടന്‍ എന്നപേര് (1) ബ്രിട്ടീഷ് ഐല്‍സ് എന്ന ബ്രിട്ടീഷ് ദ്വീപുകളില്‍വച്ച് ഏറ്റവും വലുതായ ഗ്രേറ്റ് ബ്രിട്ടന്‍ ദ്വീപിനെയും (2) ഈ ദ്വീപുകളില്‍ സ്ഥിതിചെയ്യുന്ന ഇംഗ്ലണ്ട്, സ്കോട്ട്ലന്‍ഡ്, വെയ്ല്‍സ് എന്നീ സംയുക്ത രാഷ്ട്രത്തെയും വ്യവഹരിക്കുന്നതിനു മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു.

ഐല്‍ ഒഫ് മാന്‍ എന്ന ദ്വീപ് ഒഴികെയുള്ള ബ്രിട്ടീഷ് ഐല്‍സ് മുഴുവനും, ഐറിഷ് റിപ്പബ്ലിക്കിന്റെ അധീനതയിലുള്ള അയര്‍ലണ്ടിന്റെ പ്രദേശങ്ങള്‍ ഇവയാണ് ബ്രിട്ടനിലുള്ളത്. ഐറിഷ് കടലിലുള്ള ഐല്‍ ഒഫ് മാനും, ഫ്രാന്‍സിന്റെ വടക്കന്‍ തീരത്തോടടുത്ത ചാനല്‍ ദ്വീപുകളും യുണൈറ്റഡ് കിങ്ഡം എന്ന രാജ്യത്തിന്റെ ഔദ്യോഗിക ഭാഗങ്ങളല്ല; പ്രത്യുത ബ്രിട്ടീഷ് ചക്രവര്‍ത്തിയോട് വളരെ അടുത്ത ആശ്രിത രാജ്യങ്ങള്‍ മാത്രമാണ്.

50° 60° വ. അക്ഷാംശത്തിനിടയില്‍ സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് ബ്രിട്ടനില്‍ ഗ്രീനിച്ചിലൂടെ 0° രേഖാംശത്തില്‍ ധ്രുവരേഖ (prime meridian) മുറിച്ചു കടന്നുപോകുന്നു. അത്ലാന്തിക് സമുദ്രത്തില്‍ കിടക്കുന്ന ഇതിന്റെ വ.-ഉം പടി.-ഉം തുറസ്സായ ജലാശയങ്ങളാണ്; കി. നോര്‍ത് സീയും, തെ. ഡോവര്‍ കടലിടുക്ക്, ഇംഗ്ലീഷ് ചാനല്‍ എന്നിവയും അതിരുകള്‍ നിശ്ചയിക്കുന്നു. സെന്റ് ജോര്‍ജസ് ചാനല്‍, ഐറിഷ് കടല്‍, നോര്‍ത് ചാനല്‍ എന്നിവ ഗ്രേറ്റ് ബ്രിട്ടനെയും അയര്‍ലണ്ടിനെയും വേര്‍തിരിക്കുന്നു. ബ്രിട്ടന് അതിര്‍വരമ്പിടുന്ന ഏക സ്വതന്ത്ര രാജ്യമാണ് അയര്‍ലണ്ട് റിപ്പബ്ലിക്.

ഭൂപ്രക്രൃതിയും കാലാവസ്ഥയും

ഭൂപ്രകൃതി

ഒരു ഉയര്‍ന്ന ഭൂപ്രദേശവും--ഹൈലന്‍ഡ്--ഒരു താഴ്ന്ന പ്രദേശവും--ലോലന്‍ഡ്--ചേര്‍ന്നതാണ് ബ്രിട്ടന്റെ കരഭാഗം. വടക്കന്‍ ഇംഗ്ലണ്ടിലുള്ള തീസ് നദിയുടെ വ.-ഉം പടി.-ഉം വശങ്ങളിലാണ് ഹൈലന്‍ഡ് പ്രദേശങ്ങള്‍ കാണപ്പെടുന്നത്. തെ. പടിഞ്ഞാറെ ഇംഗ്ലണ്ടിലെ എക്സ് നദിവരെ ഇതു നീണ്ടു കിടക്കുന്നു. തെ.കിഴക്കായിട്ടാണ് ലോലന്‍ഡുകള്‍.

കഴിഞ്ഞ ഹിമയുഗത്തില്‍ ഈ ഹൈലന്‍ഡ് മുഴുവനും, ലോലന്‍ഡിന്റെ സിംഹഭാഗവും മഞ്ഞായിരുന്നു. ബൃഹത്തായ ഹിമപാളികള്‍ ഹൈലന്‍ഡ് പ്രദേശങ്ങളെ അതിക്രമിച്ചു കാര്‍ന്നു തിന്നതിന്റെ ഫലമായി മൊട്ടക്കുന്നുകളും തരിശായി കിടക്കുന്ന പാറപ്രദേശങ്ങളുമാണ് അവിടെ ശേഷിച്ചത്. എന്നാല്‍ ലോലന്‍ഡുകളിലാകട്ടെ ചെളി, മണല്‍, ചരല്‍, മറ്റു ഹിമീകരണ വസ്തുക്കള്‍ തുടങ്ങിയവയുടെ അതിവിസ്തൃത ശേഖരങ്ങള്‍ ശേഷിച്ചു.

ഹൈലന്‍ഡ് ബ്രിട്ടന്‍. സ്കോട്ട്ലന്‍ഡ്, നോര്‍തേണ്‍ അയര്‍ലണ്ട്, വെയ്ല്‍സ്, ഇംഗ്ലണ്ടിന്റെ പടി.-ഉം വ.-ഉം ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ ഏറ്റവും മുഖ്യ സവിശേഷതയാണ് ഹൈലന്‍ഡുകള്‍. സമുദ്രനിരപ്പില്‍ നിന്ന് കഷ്ടിച്ച് 600 മീ. വരെ മാത്രം ഉയരം വരുന്ന പുരാതന പാറക്കട്ടികളാണ് ഈ പ്രദേശത്ത് ഏറെയും കാണപ്പെടുന്നത്. പലയിടങ്ങളിലും കടലോളമെത്തുന്ന ഹൈലന്‍ഡ് ചെങ്കുത്തായുള്ള പാറക്കൂട്ടങ്ങളും സമുദ്രത്തിലേക്കുന്തി നില്‍ക്കുന്ന മുനമ്പുകളും ആയി അവസാനിക്കുന്നു. ശൂന്യമായ ചതുപ്പുകളും ചെളിനിറഞ്ഞ കുഴിക്കണ്ടങ്ങളും കരയുടെ സിംഹഭാഗവും കാര്‍ന്നെടുത്തിരിക്കയാണ്.

വടക്കന്‍ സ്കോട്ട്ലന്‍ഡിലെ നോര്‍ത്ത്-വെസ്റ്റ് ഹൈലന്‍ഡുകളും ഗ്രാംപിയന്‍ പര്‍വതനിരകളുമാണ് കൂട്ടത്തില്‍ ഏറ്റവും ഉയരമേറിയതും പരുക്കനുമായ വിഭാഗങ്ങള്‍. ഗ്രാംപിയന്‍ നിരയിലെ ബെന്‍ നീവിസ് (1,335 മീ.) ആണ് ബ്രിട്ടനിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി.

ഇംഗ്ലണ്ടിലെ കേംബ്രിയന്‍ പര്‍വതനിരകളിലും വെയ്ല്‍സിലെ കേംബ്രിയന്‍ പര്‍വതങ്ങളിലും പരുക്കന്‍ പ്രദേശങ്ങള്‍ ധാരാളം കണ്ടെത്താം. തെക്കന്‍ സ്കോട്ട്ലന്‍ഡിലെ ഉയര്‍ന്ന പ്രദേശങ്ങള്‍, ഉത്തര-മധ്യ ഇംഗ്ലണ്ടിലെ പെനൈന്‍സ്, വടക്കന്‍ അയര്‍ലണ്ടിലെ മോണ്‍ പര്‍വതനിരകള്‍ എന്നിവയാണ് മറ്റു ഹൈലന്‍ഡ് പ്രദേശങ്ങള്‍.

ഹൈലന്‍ഡിലെ പരുക്കന്‍ ഭൂമിയെ കീറിമുറിച്ച് തുണ്ടുകളാക്കിക്കൊണ്ട് വിസ്തൃതമായ അനേകം താഴ്വരകള്‍ ഇതിനു കുറുകെ പോകുന്നു. ദക്ഷിണ-മധ്യ സ്കോട്ട്ലന്‍ഡിന്റെ ഒരു തീരം മുതല്‍ മറുതീരംവരെ എത്തിക്കിടക്കുന്ന 65 കി.മീ. വിസ്തൃതിയുള്ള താഴ്വര ഇക്കൂട്ടത്തില്‍ ഏറ്റവും വലുപ്പമേറിയ ഒന്നാണ്.

ലോലന്‍ഡ് ബ്രിട്ടന്‍. നിരപ്പായി കിടക്കുന്നതു മുതല്‍ നിമ്നോന്നതം വരെ തുറസ്സായ സമതലങ്ങളാണ് ഇവിടെയുള്ളത്. വളരെ കുറച്ച് കുന്നിന്‍ പ്രദേശങ്ങളും പെട്ടെന്നുയര്‍ന്നുവരുന്നതും ചെങ്കുത്തായതും ദീര്‍ഘവുമായ പാറകളും കൂട്ടത്തില്‍ കണ്ടെത്താം. സമുദ്രനിരപ്പില്‍ നിന്ന് ഏതാനും മീറ്ററുകള്‍ മാത്രം ഉയരമുള്ള ചെറുകുന്നുകളോടുകൂടിയ താഴ്ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നതാണ് മിഡ്ലന്‍ഡ്സ് എന്നറിയപ്പെടുന്ന സമതലങ്ങള്‍. ലണ്ടന്‍ ബേസിന്‍ (തടം), വെയ്ല്‍ ഒഫ് യോര്‍ക് (താഴ്വര) എന്നിവയും ഇക്കൂട്ടത്തില്‍പ്പെടുന്നു. കുന്നുകള്‍, താഴ്വരകള്‍, വിസ്തൃതമായ ഗിരിഭൂമികള്‍ എന്നിവയുടെ വിശേഷണമായ അപ്ലന്‍ഡ് പ്രദേശങ്ങളില്‍പ്പെടുന്നതാണ് കോട്സ്വോള്‍ഡ്-ചില്‍റ്റേണ്‍ കുന്നുകള്‍, നോര്‍ത്ത് ആന്‍ഡ് സൌത്ത് ഡൌണ്‍സ്, വടക്കന്‍ യോര്‍ക്ഷയറിലെ ഗിരിപ്രദേശങ്ങള്‍, ഹംബര്‍ സൈഡ്, ലിങ്കന്‍ തുടങ്ങിയവ. 300 മീറ്ററെങ്കിലും ഉയരത്തിലെത്തുന്ന കുന്നിന്‍പ്രദേശങ്ങള്‍ ഇവിടെ നന്നേ വിരളമാണ്.

ലോലന്‍ഡ് ബ്രിട്ടന്റെ തീരങ്ങളില്‍ മിക്കതും ചെങ്കുത്തായ പാറകളും, മണലും ഉരുളന്‍ കല്ലുകളും നിറഞ്ഞ ബീച്ചുകളും, വേലിയിറക്കത്തില്‍ നിന്നുണ്ടായ കരപ്രദേശങ്ങളും നിറഞ്ഞതാണ്. നോര്‍ത്ത് ഡൌണ്‍സ് ഡോവറിലെത്തുന്നതോടെ തൂവെള്ള നിറത്തില്‍ കിഴുക്കാം തൂക്കായ ചുണ്ണാമ്പുപാറകളായി അവസാനിക്കുന്നു. ഡോവര്‍ കടലിടുക്കിലേക്ക് ഇവ നോക്കി നില്‍ക്കുന്നതായാണ് കാഴ്ചയില്‍ തോന്നുക.

ബ്രിട്ടനില്‍ ഏറ്റവുമധികം ഫലസമ്പുഷ്ടവും, അതുകൊണ്ടുതന്നെ ഏറെ ജനസാന്ദ്രതയുള്ളതുമായ പ്രദേശവും ലോലന്‍ഡ് ആണ്.

ജലസമ്പത്ത്

ബ്രിട്ടന്റെ കടല്‍ത്തീരം മുഴുവന്‍ ഉള്ളിലേക്കു കയറിയുമിറങ്ങിയും കാണപ്പെടുന്നു. ഉള്‍ക്കടലുകള്‍, കടലിടുക്കുകള്‍, വീതിയേറിയ നദീമുഖങ്ങള്‍ (സ്കോട്ട്ലന്‍ഡില്‍ ഇതിനെ ഫെര്‍ത് എന്നാണ് വിളിക്കുന്നത്), 'കടലിന്റെ കൈകള്‍' എന്നു വിശേഷിപ്പിക്കാവുന്ന നീണ്ടു വീതികുറഞ്ഞ സമുദ്രഭാഗങ്ങള്‍ എന്നിവ ഈ തീരങ്ങളില്‍ സമൃദ്ധമാണ്. ബ്രിട്ടന്റെ കരയിലേക്ക് ഇപ്രകാരം തള്ളിക്കയറുന്ന പ്രധാനജല സഞ്ചയങ്ങള്‍ സ്കോട്ട്ലന്‍ഡില്‍ ഫോര്‍ത്, മൊറേ, ലോണ്‍ ക്ളൈഡ്, സോള്‍വേ എന്നിവിടങ്ങളിലെ ഫെര്‍ത്തുകള്‍; ഇംഗ്ളണ്ടിലെ വാഷ്, തെംസ് നദീമുഖം, ബ്രിസ്റ്റള്‍ ചാനല്‍, മോര്‍കാംബ് ഉള്‍ക്കടല്‍ എന്നിവയാണ്.

ഉള്‍നാട്ടിലെ ജലാശയങ്ങള്‍ക്ക് 3,049 ച.കി.മീ. വിസ്തൃതിയുണ്ട്. ഇത് മൊത്തം കരയുടെ ഒരു ശതമാനത്തിലേറെ വരും. ഇംഗ്ലണ്ടിലും വെയ്ല്‍സിലും കൂടിയൊഴുകുന്ന സെവേണ്‍, ഇംഗ്ലണ്ടിലെ തെംസ് എന്നിവയാണ് ഏറ്റവും ദൈര്‍ഘ്യമേറിയ നദികള്‍; ഓരോന്നിനും 30 കി.മീറ്ററിലേറെ നീളം വരും. പ്രധാന നദികളില്‍ മിക്കതും (ഇംഗ്ലണ്ടിലെ റ്റൈന്‍, തീസ്, ഹംബര്‍, തെംസ്, സെവേണ്‍, മേഴ്സി എന്നിവയും സ്കോട്ട്ലന്‍ഡിലെ ക്ലൈഡും ഫോര്‍ത്തും) അവയുടെ ദൈര്‍ഘ്യം മൂലമല്ല പ്രാധാന്യം കൈവരിക്കുന്നത്; പ്രത്യുത നദീമുഖങ്ങളിലുള്ള വ്യവസായ വാണിജ്യങ്ങള്‍, ഗതാഗതം എന്നിവമൂലമാണ്.

ബ്രിട്ടനിലെ തടാകങ്ങള്‍ പൊതുവേ ഹിമാനികളില്‍ നിന്നുദ്ഭവിച്ചവയാണ്. ഹൈലന്‍ഡുകളാണ് ഇവയുടെ ആസ്ഥാനം. 'ലോക്സ്' എന്നറിയപ്പെടുന്ന സ്കോട്ട്ലന്‍ഡിലെ തടാകങ്ങള്‍ എണ്ണത്തില്‍ ഏറെയുണ്ട്. ഇവയില്‍ ഏറ്റവും വീതികുറഞ്ഞത് ദൈര്‍ഘ്യവും ആഴവും വളരെയേറിയതാകുന്നു. ലോക്ക് ലോമണ്‍ഡ്, ലോക്ക് നെസ്, ലോക്ക് ഷെന്‍ എന്നിവ കൂട്ടത്തില്‍ മുഖ്യമായവയാണ്. എന്നാല്‍ ഇംഗ്ലീഷ് തടാകങ്ങളെല്ലാംതന്നെ വളരെ ചെറുതാകുന്നു. കേംബ്രിയന്‍ നിരകളിലുള്ള ലേക്ഡിസ്ട്രിക്റ്റിലെ ഏതാനും തടാകങ്ങള്‍ മാത്രമാണ് കൂട്ടത്തില്‍ എടുത്തു പറയാന്‍ തക്കവ. ബ്രിട്ടനിലെ ഏറ്റവും വലുപ്പമേറിയ തടാകം നോര്‍തേണ്‍ അയര്‍ലണ്ടിലെ ലോ നിയാ ആണ്.

കാലാവസ്ഥ

കാനഡയുടെ ദക്ഷിണാര്‍ധത്തിനൊപ്പമാണ് ബ്രിട്ടന്റെയും സ്ഥാനം എങ്കിലും ഇവിടത്തെ കാലാവസ്ഥ അസാധാരണമാംവിധം സൌമ്യമാണ്. സമുദ്രത്തിന്റെ സ്വാധീനമാണ് ഇതിന്റെ പ്രധാനകാരണം. ഏതാണ്ട് വര്‍ഷംമുഴുവന്‍ തന്നെ വീശിക്കൊണ്ടിരിക്കുന്ന പടിഞ്ഞാറന്‍-തെ.പടിഞ്ഞാറന്‍ കാറ്റുകള്‍ നോര്‍ത്ത് അത്ലാന്തിക് പ്രവാഹത്തിന്റെ പരിമിത സ്വാധീനത്തെ കരയിലേക്കെത്തിക്കുന്നു. മഞ്ഞുകാലത്ത് കരയെ ചൂടാക്കുകയും ഉഷ്ണകാലത്ത് തണുപ്പിക്കുകയും ചെയ്യുന്നതില്‍ ഇത് പ്രധാന പങ്കുവഹിക്കുന്നു. നനുത്ത മഴയും ചാറ്റലും, മേഘവും മൂടല്‍മഞ്ഞും നിറഞ്ഞ കാലാവസ്ഥ, കാലാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനങ്ങള്‍-ഇവയെല്ലാം ഇവിടത്തെ പ്രത്യേകതകളാണ്.

ബ്രിട്ടന്റെ പര്‍വതപ്രദേശങ്ങളൊഴിച്ചുള്ള മിക്കവാറും എല്ലാഭാഗങ്ങളിലും ഏറ്റവും തണുപ്പേറിയ മാസങ്ങളില്‍ (ജനുവരി-ഫെബ്രുവരി) താപനില ശ.ശ. 3.3° C 5°C വരെയും, ചൂടേറിയ മാസങ്ങളില്‍ (ജൂലൈ-ആഗസ്റ്റ്) 14.5°C 16.5°C വരെയും ആയിരിക്കും. ഏറ്റവും സൗമ്യമായ ശൈത്യകാലാവസ്ഥ അനുഭവപ്പെടുന്നത് ഇംഗ്ലണ്ടിന്റെ തെ.പടിഞ്ഞാറന്‍ ദ്വീപ പ്രദേശത്താണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേതിനെക്കാള്‍ താപനില ഇവിടെ മെച്ചമായിരിക്കും. ഇംഗ്ളണ്ടിന്റെ തെ. കിഴക്കന്‍ പ്രദേശങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന വേനല്‍ക്കാലോഷ്മാവും ഏറ്റവും താഴ്ന്ന ശൈത്യകാലോഷ്മാവും രേഖപ്പെടുത്തിയിട്ടുള്ളത്. വന്‍കരകളില്‍ നിന്ന് ഇടയ്ക്കിടെ പ്രവഹിക്കുന്ന ശീതോഷ്ണവായുപിണ്ഡങ്ങളുടെ മാര്‍ഗത്തില്‍ ഈ പ്രദേശം ആയിരിക്കുന്നതിനാലാണ് ഈ അനുഭവം. എന്നാല്‍ അതിശൈത്യമോ അത്യുഷ്ണമോ അപൂര്‍വമാണ്. സ്കോട്ട്ലന്‍ഡിന്റെ വ. പടി. തീരങ്ങളില്‍ കാലാവസ്ഥയ്ക്ക് കാര്യമായ വ്യതിയാനങ്ങളൊന്നും അനുഭവപ്പെടുന്നില്ല.

അപൂര്‍വം സ്ഥലങ്ങളിലൊഴികെ ബ്രിട്ടനില്‍ എല്ലായിടത്തും പൊതുവേ നല്ല മഴ ലഭിക്കുന്നു. വാര്‍ഷിക വര്‍ഷപാതം സ്ഥലഘടനയും അത്ലാന്തിക്കിനോടുള്ള സാമീപ്യവും അനുസരിച്ച് വ്യത്യസ്തമായിരിക്കും. ഇത് പര്‍വതസാനുക്കളിലെ ഏറ്റവും കൂടിയ 450 സെ.മീ. മുതല്‍ തെ. കിഴക്കേ അറ്റത്തു കിട്ടുന്ന 40 മുതല്‍ 45 സെ.മീ. വരെ ഏതളവുമാകാം. ലോലന്‍ഡിലെ മിക്ക പ്രദേശത്തും 56 മുതല്‍ 90 വരെ സെ.മീ. ആണ് വാര്‍ഷിക വര്‍ഷപാതം. ഉയരമേറിയ പര്‍വത പ്രദേശങ്ങളില്‍ മാത്രമേ മഴവെള്ളം മഞ്ഞായി മാറുന്നുള്ളു.

ജനങ്ങളും ജീവിതരീതിയും

വെസ്റ്റമിന്‍സ്റ്റര്‍ പാലസ് - ബ്രട്ടീഷ് പാര്‍ലമെന്റ് മന്ദിരം
വിന്‍സര്‍ കാസില്‍

ബ്രിട്ടീഷ് ഐല്‍സിലെ ആദിമജനത (ഇംഗ്ലീഷ്, സ്കോട്ടിഷ്, വെല്‍ഷ്, ഐറിഷ് എന്നിവര്‍) ആക്രമണകാരികളും കുടിയേറ്റക്കാരുമായിരുന്ന കുറേപ്പേരുടെ ഒരു നീണ്ടനിരയില്‍നിന്നും ഉരുത്തിരിഞ്ഞു വന്നവരാണ്. എ.ഡി. 1066-ല്‍ ഇവിടെയെത്തിയ നോര്‍മന്‍സ് ആയിരുന്നു ഇതില്‍ അവസാനത്തെ ആളുകള്‍. കെല്‍റ്റുകള്‍, റോമാക്കാര്‍, ജൂട്ടുകള്‍, സാക്സണ്‍സ്, ആങ്ഗിള്‍സ്, നോഴ്സ്മെന്‍, ഡേന്‍സ് എന്നിവര്‍ ആദ്യകാല ആക്രമണകാരികളില്‍പ്പെടുന്നു.


രാഷ്ട്രീയാധീശത്വം നേടിയെടുക്കാന്‍ ഇംഗ്ലീഷുകാര്‍ക്കായെങ്കിലും മറ്റു മൂന്നുകൂട്ടരും സ്വന്തം വ്യക്തിത്വവും സംസ്കാരവും സര്‍വോപരി സ്വാതന്ത്യ്രവും കാത്തുസൂക്ഷിക്കാന്‍ ദത്തശ്രദ്ധരായിരുന്നു. ഓരോ ഘട്ടത്തിലെയും ആളുകള്‍ ഗവണ്‍മെന്റില്‍ ഉന്നതസ്ഥാനത്തിലെത്തിയിട്ടുണ്ട്. ബ്രിട്ടന്റെ വികസനത്തില്‍ സജീവപങ്കാളികളായിട്ടുള്ളവരും കുറവല്ല. എന്നാല്‍ ഇവരെല്ലാവരും അവരവരുടെ സംസ്കാരത്തിന്റെ തനതു സ്വഭാവങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു.

രണ്ടാം ലോകയുദ്ധത്തിനുശേഷം ഇംഗ്ലണ്ടിലെ വന്‍ നഗരങ്ങളിലേക്ക് ഒരു കുടിയേറ്റ പ്രവാഹം തന്നെയുണ്ടായി. പഴയ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കറുത്തവരും ഈസ്റ്റിന്ത്യാക്കാരും ഇവിടേക്ക് പ്രവഹിച്ചു. ഇവരെ തങ്ങളുടെ സമുദായ മധ്യത്തിലേക്കു സ്വീകരിച്ചാനയിക്കാന്‍ ഇംഗ്ളീഷുകാര്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടു. തത്ഫലമായി ബ്രിട്ടീഷ് ചരിത്രത്തിലാദ്യമായി ഇവിടെ വര്‍ഗീയ സംഘട്ടനങ്ങള്‍ അരങ്ങേറി. 1965-ലും 1968-ലുമായി വര്‍ണ വിവേചനം നിരോധിക്കുന്ന 'റേസ് റിലേഷന്‍ ആക്റ്റുകള്‍' പാര്‍ലമെന്റ് പാസാക്കിയെടുത്തത് ഈ സാഹചര്യത്തിലായിരുന്നു.

ജനസാന്ദ്രത

യൂറോപ്പില്‍ ഏറ്റവുമധികം ജനസാന്ദ്രതയുള്ള മൂന്നാമത്തെ രാഷ്ട്രമാണ് ബ്രിട്ടന്‍. 1991-ലെ സെന്‍സസിന്‍ പ്രകാരം ബ്രിട്ടനിലെ ജനസംഖ്യ താഴെപ്പറയുന്നവയാണ്.

മൊത്തം ജനസംഖ്യയുടെ (5 കോടി 392 ലക്ഷം) 85 ശതമാനത്തോളം ഇംഗ്ലണ്ടില്‍ ജീവിക്കുന്നവരാണ്. ദക്ഷിണ ലങ്കാഷയര്‍, പടിഞ്ഞാറന്‍ യോര്‍ക്ഷയര്‍ എന്നിവിടം മുതല്‍ ലണ്ടന്‍ വരെയെത്തുന്ന ഈ മണ്ഡലത്തിന്റെ മധ്യഭാഗം മിഡ്ലന്‍ഡ്സാണെന്നു പറയാം. ജനസാന്ദ്രത യു.എസ്സിനെക്കാള്‍ പത്തുമടങ്ങു കൂടുതലാണ് ഇംഗ്ളണ്ടില്‍. നാഗരികര്‍, നഗരപ്രാന്തവാസികള്‍, എന്നിങ്ങനെ തികച്ചും വ്യത്യസ്തരായ രണ്ടു കൂട്ടരെ ഇവിടെ കണ്ടെത്താനാകും.

ഗ്രേറ്റര്‍ ലണ്ടനാണ് തലസ്ഥാനനഗരം. ഇവിടത്തെ ജനസംഖ്യ 6 കോടി 70 ലക്ഷമായിരുന്നു. ലണ്ടന്‍ നഗരത്തിന്റെ ഭരണത്തിന് സ്വന്തമായി ഒരു കോര്‍പ്പറേഷനുണ്ട്. ഇവിടത്തെ താമസക്കാരുടെ എണ്ണം 11,500 (2009) വരും.

ഭാഷയും മതവും

ഓക്സ്ഫഡ് സര്‍വകലാശാല

ഗ്രേറ്റ് ബ്രിട്ടനിലെയും നോര്‍തേണ്‍ അയര്‍ലണ്ടിലെയും ദേശ്യഭാഷ ഇന്‍ഡോ-യൂറോപ്യന്‍ ആണ്. ജര്‍മാനിക്-ഉത്പത്തിയുള്ള ഇംഗ്ലീഷ് ആണ് എന്നാല്‍ ഏറെപ്പേരുടെയും സംസാര ഭാഷ. വെയ്ല്‍സിലെ മുഖ്യഭാഷയായ വെല്‍ഷ്, സ്കോട്ട് ലാന്‍ഡിലും നോര്‍തേണ്‍ അയര്‍ലണ്ടിലും വളരെ കുറച്ചുമാത്രം ഉപയോഗിക്കപ്പെടുന്ന ഗെയ്ലിക് എന്നിവയാണ് പ്രധാന കെല്‍റ്റിക് ഭാഷകള്‍.

നിയമം തന്നെ അനുശാസിക്കുന്നതാണ് ബ്രിട്ടനില്‍ മതസ്വാതന്ത്ര്യം. ആംഗ്ലിക്കന്‍ സഭകളില്‍ ഒന്നായ ചര്‍ച്ച് ഒഫ് ഇംഗ്ലണ്ട് ഔദ്യോഗിക സഭയായി കരുതപ്പെടുന്നു. ബ്രിട്ടനിലെ പ്രധാന സഭയും ഇതുതന്നെ. ചര്‍ച്ച് ഒഫ് ഇംഗ്ലണ്ടിന്റെ അനുബന്ധങ്ങളായി സ്കോട്ട്ലന്‍ഡ്, നോര്‍തേണ്‍ അയര്‍ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളിലും സഭകളുണ്ട്. എന്നാല്‍ ഇവയൊന്നുപോലും ഔദ്യോഗികമല്ല. ബ്രിട്ടനിലെ മറ്റു ക്രിസ്തീയ വിഭാഗക്കാരില്‍ റോമന്‍ കത്തോലിക്കരും, മെതഡിസ്റ്റുകള്‍, ബാപ്റ്റിസ്റ്റ്, കോണ്‍ഗ്രിഗേഷണല്‍, യുണൈറ്റഡ് റിഫോം എന്നിവര്‍ ചേര്‍ന്ന 'ഫ്രീ ചര്‍ച്ചസും' ഉള്‍പ്പെടുന്നു.

വിദ്യാഭ്യാസം

5-16 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിര്‍ബന്ധമാണ്; കൂടുതലും സൗജന്യമാണുതാനും. ഇംഗ്ണ്ടിലെയും വെയ്ല്‍സിലെയും പൊതു വിദ്യാഭ്യാസ സംവിധാനം ഒറ്റ യൂണിറ്റായാണ് കൈകാര്യം ചെയ്യപ്പെടുന്നത്. എന്നാല്‍ സ്കോട്ട്ലന്‍ഡിലും നോര്‍തേണ്‍ അയര്‍ലണ്ടിലും ഇവ വെവ്വേറെ ഭരണത്തിന്‍കീഴിലാണ്. പക്ഷേ, രണ്ടിടത്തെയും പ്രവര്‍ത്തനപദ്ധതികള്‍ക്ക് ഐകരൂപ്യമുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മിക്കതും പൊതുഫണ്ടുകള്‍ കൊണ്ടു പ്രവര്‍ത്തിക്കുന്നവയോ, അവയുടെ സഹായം തേടുന്നവയോ ആയിരിക്കും. വിദ്യാര്‍ഥികള്‍ക്കും സാമ്പത്തിക സഹായം ലഭ്യമാണ്.

സ്പോര്‍ട്സും മറ്റു വിനോദങ്ങളും

മുന്‍കാലത്തെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വിസ്തൃതിമൂലം 'ബ്രിട്ടീഷ് സ്പോര്‍ട്സ് പ്രേമ'ത്തിന് ദൂരവ്യാപകഫലങ്ങളുണ്ടായിരുന്നു: ഇംഗ്ലീഷ് ഗെയിമുകളില്‍ ഏറ്റവും ജനസമ്മതിയുള്ള ഒരു കളിയാണ് സോക്കര്‍. ലോകത്ത് പൊതുവേ പ്രിയപ്പെട്ട ഒന്നായി ഇതു മാറിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ഭൂരിഭാഗം സ്ഥലത്തും വളരെ പ്രിയങ്കരമായ രണ്ടു കളികളാണ് ക്രിക്കറ്റും റഗ്ബിയും. വിംബിള്‍ഡണില്‍ നടക്കുന്ന ടെന്നിസ്, എപ്സം ഡൌണിലെ ഇംഗ്ലീഷ് ഡെര്‍ബി എന്നിവയും വിശ്വപ്രസിദ്ധ-സ്പോര്‍ട്സ് ഇനങ്ങള്‍ തന്നെ. ഔപചാരികമായ കുറുനരിവേട്ട, ഗോള്‍ഫ് ഈ രണ്ടിനങ്ങളും ബ്രിട്ടീഷ് ഐല്‍സില്‍ ജന്മമെടുത്തവയാണ്. ബ്രിട്ടനില്‍ ഇവ രണ്ടിനും ജനപ്രിയം ഏറെയുണ്ടുതാനും.

സംസ്കാരം

എല്ലാത്തരം സാംസ്കാരികപ്രവര്‍ത്തനങ്ങള്‍ക്കും ബ്രിട്ടീഷ് ഗവണ്‍മെന്റ് നിര്‍ലോപമായ സഹായസഹകരണങ്ങള്‍ നല്കുന്നു. മ്യൂസിയങ്ങള്‍, ഗാലറികള്‍, ലൈബ്രറികള്‍, വിവിധ ദൃശ്യകലകള്‍ എന്നിവയ്ക്കെല്ലാം ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായമുണ്ട്. പുരാതന സ്മാരകങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍ എന്നിവയുടെ സുരക്ഷിത-സൂക്ഷിപ്പിനായും സര്‍ക്കാര്‍ കൈയയച്ചു സഹായിക്കുന്നു. കലകളെക്കുറിച്ചുള്ള പഠനങ്ങളും കണക്കറ്റു പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. ആര്‍ട്സ് കൗണ്‍സില്‍ ഒഫ് ഗ്രേറ്റ് ബ്രിട്ടന്‍, ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ഡിസൈന്‍ കൗണ്‍സില്‍ എന്നിവയാണ് ഗവണ്‍മെന്റ് ഗ്രാന്റ് ലഭിക്കുന്ന സ്വതന്ത്ര സ്ഥാപനങ്ങള്‍. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ സംഗീതത്തിനും നാടകത്തിനും വളരെ വിലപ്പെട്ട സംഭാവനകള്‍ നല്കുന്നു. സര്‍ക്കാര്‍ സംഭാവനകള്‍ കൂടാതെതന്നെ ചിത്രരചനയും സാഹിത്യവും തഴച്ചു വളര്‍ന്നുകൊണ്ടിരിക്കുന്നുവെങ്കിലും വ്യക്തികളെന്ന നിലയില്‍ സഹായം ലഭിക്കുന്ന കലാകാരന്മാരും എഴുത്തുകാരും ഏറെയാണ്.

രാജകുടുംബം

പൊതുജനം ഏറെ ആദരവോടെ വീക്ഷിക്കുന്ന ഒന്നാണ് ബ്രിട്ടീഷ് രാജകുടുംബം. യഥാര്‍ഥത്തില്‍ ഭരിക്കുന്നത് രാജാവല്ലെങ്കിലും രാജകുടുംബത്തിന്റെ പാരമ്പര്യവും ആചാരങ്ങളും പൂര്‍ണമായി ഇവിടെ അനുഷ്ഠിക്കപ്പെടുന്നു. സ്ഥാനാരോഹണം കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം നടക്കുന്ന കിരീടധാരണം, പാശ്ചാത്യലോകത്തിനപരിചിതമായ ധാടിമോടികളോടെ ആഘോഷിക്കപ്പെടുന്ന, ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ചടങ്ങാണ്. പുതിയ കിരീടാവകാശി പുരുഷപ്രജയാണെങ്കില്‍, ഇത്രതന്നെ ആഘോഷപൂര്‍വമായ ഒരു ചടങ്ങോടെ 'പ്രിന്‍സ് ഒഫ് വെയ്ല്‍സ്' എന്ന യുവരാജപട്ടം അത്രയോ മുന്‍പുതന്നെ അദ്ദേഹത്തിനു നല്‍കിക്കഴിഞ്ഞിട്ടുണ്ടാകും. 'ഇന്‍വെസ്റ്റിച്ചര്‍' (അഭിഷേകം) എന്നാണ് ഈ ചടങ്ങിന്റെ പേര്. ഈ ആഘോഷവേളകളില്‍, കുതിരകള്‍ വലിക്കുന്ന ചിത്രപ്പണികളുള്ള സുവര്‍ണരഥത്തില്‍ ലണ്ടന്‍ തെരുവുകളിലൂടെ സഞ്ചരിക്കുന്ന രാജകുടുംബാംഗങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് ഇന്നും ഹരം പകരുന്ന കാഴ്ചയാണ്.

ലണ്ടനിലെ രാജകുടുംബാസ്ഥാനമാണ് ബെക്കിങ്ഹാം കൊട്ടാരം. ലണ്ടന്‍ നഗരത്തിനു തൊട്ടുപുറത്തുള്ള വിന്‍സര്‍ കൊട്ടാരം രാജകുടുംബത്തിനു പ്രിയപ്പെട്ട മറ്റൊരാസ്ഥാനമാണ്. ഇവകൂടാതെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വേറെയും കൊട്ടാരങ്ങളും ഗ്രാമീണ വസതികളുമുണ്ട്. പാരമ്പര്യമായി ഋതുഭേദമനുസരിച്ച് ഓരോ കാലത്തും രാജകുടുംബാംഗങ്ങള്‍ ഓരോ കൊട്ടാരത്തിലാണ് കഴിച്ചുകൂട്ടുക. 'വിന്റര്‍ പാലസു'കളും 'സമ്മര്‍ പാലസു'കളും ഇപ്രകാരമുണ്ടായവയാണ്. കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കുമുള്ള രാജകുടുംബാംഗങ്ങളുടെ സന്ദര്‍ശനങ്ങളും വര്‍ഷന്തോറും പതിവുള്ളവതന്നെ. തലസ്ഥാനത്തായിരിക്കുമ്പോള്‍ പൊതുവേദികളിലെ പരിപാടികളും ഔദ്യോഗിക സന്ദര്‍ശനങ്ങളും കൊണ്ട് തിരക്കുപിടിച്ചതാണ് ഇവരുടെ ദിവസങ്ങള്‍.

കൊട്ടാരത്തിനധീനപ്പെട്ട വസ്തുവകകള്‍ ഗ്രേറ്റ് ബ്രിട്ടനില്‍ ഏറെയുണ്ട്. റോയല്‍ എസ്റ്റേറ്റുകളില്‍ നിന്നുള്ള ആദായം നേരിട്ട് സര്‍ക്കാരിനു പോവുന്നു. രാജകുടുംബത്തിന്റെ അലവന്‍സുകള്‍; കൊട്ടാരങ്ങള്‍, രാജകീയ ക്രീഡാനൌകകള്‍, വിമാനങ്ങള്‍ തുടങ്ങിയവയുടെ സംരക്ഷണം ആദിയായ ചുമതലകള്‍ ഗവണ്‍മെന്റാണ് നിര്‍വഹിക്കുന്നത്. രാജകുടുംബത്തിന്റെ സംരക്ഷണത്തിനായി ഗവണ്‍മെന്റ് ചെലവാക്കുന്നതിനെക്കാള്‍ വളരെക്കൂടുതലാണ് റോയല്‍ എസ്റ്റേറ്റുകളില്‍ നിന്ന് ഗവണ്‍മെന്റിനു ലഭിക്കുന്ന ആദായം.

സമ്പദ് വ്യവസ്ഥ

ലോകത്തിലെ പ്രധാനപ്പെട്ട സാമ്പത്തിക ശക്തികളിലൊന്നാണ് ഗ്രേറ്റ് ബ്രിട്ടന്‍. വന്‍തോതിലുള്ള നിര്‍മാണ വ്യവസായങ്ങള്‍. വിദേശ വാണിജ്യം, വിവിധ തരത്തിലുള്ള പല അന്താരാഷ്ട്ര വ്യാപാരങ്ങളും ബാങ്കിങ്, ഇന്‍ഷുറന്‍സ് തുടങ്ങിയ മറ്റ് വ്യാപാര പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ അധിഷ്ഠിതമാണിത്. GNP-യുടെ അടിസ്ഥാനത്തില്‍ ലോകത്തെ ആദ്യത്തെ പത്തു വന്‍കിട വ്യവസായ രാഷ്ട്രങ്ങളില്‍ ഒന്നാണ് ബ്രിട്ടന്‍.

വ്യവസായ വിപ്ലവത്തിന്റെ തറവാട് എന്നു വിശേഷിപ്പിക്കാവുന്ന ബ്രിട്ടന്‍ വര്‍ഷങ്ങളോളം ലോകത്തില്‍ ഒന്നാമത്തെ വ്യാവസായിക രാഷ്ട്രവും, ഏറ്റവും സമ്പന്നമായ രാജ്യവുമായിരുന്നു. എന്നാല്‍ 20-ാം ശ.-ത്തോടെ 'ലോകത്തിന്റെ പണിശാല' എന്ന അപരനാമധേയത്തില്‍ അറിയപ്പെട്ടിരുന്ന ബ്രിട്ടന്റെ വാണിജ്യ-നിര്‍മാണരംഗങ്ങളിലുള്ള മേധാവിത്വം പൊടുന്നനെ അസ്തമിച്ചു. ഇതിന്റെ കാരണങ്ങള്‍ പലതായിരുന്നു. വികസിത രാഷ്ട്രങ്ങളില്‍ നിന്നുള്ള മത്സരം, 1930-കളിലെ ആഗോള വിലയിടിവ്, രണ്ടു ലോകയുദ്ധങ്ങള്‍ വരുത്തിവച്ച വര്‍ധിച്ച ജീവിതത്തോത്, ഫാക്ടറികളുടെയും ഉപകരണങ്ങളുടെയും വിദൂരവ്യാപ്തമായ ഉപയോഗശൂന്യത, 'സൂര്യനസ്തമിക്കാത്ത സാമ്രാജ്യ'ത്തിന്റെ ഉടമസ്ഥതയുടെ കൈമോശം എന്നിവ കൂട്ടത്തില്‍ ചിലതു മാത്രം.

മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇംഗ്ലണ്ടിന്റെ രണ്ടാം ലോകയുദ്ധാനന്തര സാമ്പത്തിക വളര്‍ച്ച താരതമ്യേന മന്ദഗതിയിലായിരുന്നു. രാജ്യത്തെ കറന്‍സിയായ പൗണ്ട്-സ്റ്റെര്‍ലിങ്ങിന്റെ ഏറിവന്ന മൂല്യശോഷണമാണ് ഇതിനു മുഖ്യകാരണം. തൊഴിലാളികളും മാനേജ്മെന്റും തമ്മിലുള്ള ശക്തമായ ഉരസലുകളും, കൂടെക്കൂടെയുണ്ടാകുന്ന പണിമുടക്കുകളും, ഉത്പാദനക്ഷമതയിലുണ്ടായ മാന്ദ്യം, പണപ്പെരുപ്പം, കുത്തനെ ഉയരുന്ന ഇറക്കുമതിവിലകള്‍, വന്‍വിദേശ വാണിജ്യക്കമ്മികള്‍ എന്നിവയും ഒപ്പം പ്രാധാന്യമര്‍ഹിക്കുന്നവതന്നെ.

ബ്രിട്ടന്റെ ഭാഗത്തുള്ള നോര്‍ത്ത് സീയില്‍ കണ്ടെത്തിയ പെട്രോളിയത്തിന്റെ വന്‍ നിക്ഷേപങ്ങള്‍ ഇവിടത്തെ സമ്പദ് വ്യവസ്ഥയെ കാര്യമായി സഹായിച്ചിട്ടുണ്ട്. ഇരുമ്പുരുക്ക്, കല്‍ക്കരി അവശ്യ വ്യവസായങ്ങളുടെ ആധുനികവത്കരണപദ്ധതികള്‍, യൂറോപ്യന്‍ കോമണ്‍ മാര്‍ക്കറ്റിലെ അംഗത്വം എന്നിവയും മറ്റു സഹായകോപാധികളായാണ് വീക്ഷിക്കപ്പെടുന്നത്.

സര്‍ക്കാരുടമസ്ഥതയുടെയും സ്വകാര്യ ഉടമസ്ഥതയുടെയും വ്യവസായങ്ങളുടെയും ഒരു സമ്മിശ്ര സമ്പദ്വ്യവസ്ഥയാണ് ബ്രിട്ടന്റേത്. ഗവണ്‍മെന്റുടമസ്ഥതയിലുള്ള പ്രധാന വ്യവസായങ്ങള്‍ ഇരുമ്പുരുക്കുനിര്‍മാണം, റെയില്‍വേ, കല്‍ക്കരിഖനനം, വൈദ്യുത-വാതക ഉപയോഗങ്ങള്‍, സിവില്‍ ഏവിയേഷന്റെ ഒരു നല്ല പങ്ക് എന്നിവയാണ്.

വ്യക്തിപരവും, സംയുക്തവും (corporate) ആയ നികുതികള്‍ വളരെ ഉയര്‍ന്ന തോതിലുള്ള ഒരു രാജ്യമാണ് ബ്രിട്ടന്‍. സാര്‍വത്രികമായിക്കാണുന്ന സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് ഈ തുക പ്രധാനമായും ചിലവഴിക്കപ്പെടുന്നത്.

വ്യവസായം

ബ്രിട്ടനിലെ മൊത്തം പണിയെടുക്കുന്ന ജനതയുടെ മൂന്നിലൊന്നിലേറെ ആളുകള്‍ നിര്‍മാണ വ്യവസായ രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. ഇവിടത്തെ സമ്പദ് വ്യവസ്ഥയുടെ മറ്റ് ഏത് ഘടകം പരിശോധിച്ചാലും കാണുന്നതില്‍ കൂടുതലാണ് ഇത്. ഏചജ-യുടെ ഒരു നല്ല വിഹിതവും ഇതില്‍നിന്ന് തന്നെ ലഭിക്കുന്നു. രാജ്യത്തിന്റെ കയറ്റുമതിയുടെ ഒരു നല്ല പങ്കും ഇതിന്റെ സംഭാവനയാണ്.

അത്യന്താധുനികം മുതല്‍ പഴകിയതും ജീര്‍ണിച്ചതുമായ ഫാക്ടറികള്‍വരെ ബ്രിട്ടനിലുണ്ട്. ബ്രിട്ടന്റെ തെ.-ഉം കി.-ഉം പ്രദേശങ്ങള്‍, പ്രത്യേകിച്ച് ഗ്രേറ്റര്‍ ലണ്ടന്‍ പ്രദേശവും മിഡ്ലന്‍ഡ് ഭാഗങ്ങളും, ആണ് മിക്ക ആധുനിക ഫാക്ടറികളുടെയും ആസ്ഥാനം. വ.-ക്കും പടി.-ഉം ഭാഗങ്ങളുടെ സവിശേഷത കുറച്ചുകൂടി പഴക്കംചെന്ന സങ്കേതിക വിദ്യകളാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നിടങ്ങളില്‍ ഇതു പ്രത്യേകിച്ചും പ്രകടമാണ്. രണ്ടാം ലോകയുദ്ധത്തിനുശേഷം വ.-ക്കും പടി.-ഉം നിന്ന് വ്യവസായങ്ങള്‍ തെ.-ഉം കി.-ഉം പ്രദേശങ്ങളിലേക്ക് മാറ്റിക്കൊണ്ടുവന്നു. ഒപ്പം തന്നെ ഘനവ്യവസായങ്ങളെ അപേക്ഷിച്ച് ലഘു വ്യവസായങ്ങളോടുള്ള പ്രിയം ഏറുകയും ചെയ്തു.

ലോഹങ്ങളും, ലോഹപ്പണികളും, എന്‍ജിനീയറിങ്ങുമാണ് ബ്രിട്ടനിലെ പ്രമുഖ വ്യവസായങ്ങള്‍. വിവിധതരം അയിരുകളില്‍ നിന്ന് ഇരുമ്പു ചേര്‍ന്നതും അല്ലാത്തതുമായ ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതാണ് പ്രധാന ലോഹവ്യവസായം. സ്റ്റീലാണ് ഇക്കൂട്ടത്തില്‍ മുഖ്യം. ലോകത്തില്‍ മേലേക്കിടയിലുള്ള സ്റ്റീലുത്പാദക രാഷ്ട്രങ്ങളില്‍ മുന്‍നിരയിലായിരുന്നു എക്കാലവും ബ്രിട്ടന്റെ സ്ഥാനം. 1967-ല്‍ സ്റ്റീല്‍ വ്യവസായം ദേശസാത്കരിച്ചതോടെ ഇതിന്റെ ആധുനീകരണവും വികസനവും ഇവിടെ ഒരു ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായി മാറി.

ലോഹവിദ്യകളും എന്‍ജിനീയറിങ്ങും ചേര്‍ന്ന വ്യവസായങ്ങള്‍ നാട്ടില്‍ വ്യാപകമാണ്. ഇവ വ്യത്യസ്തങ്ങളായ അനേകം വ്യാവസായിക-ഉപഭോക്തൃ-ഉത്പന്നങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്നു. കപ്പലുകള്‍, ആട്ടോ മൊബൈലുകളും ട്രക്കുകളും, ജെറ്റ് വിമാനങ്ങള്‍, കാര്‍ഷിക-വ്യാവസായിക മെഷീനറികള്‍, യന്ത്രോപകരണങ്ങള്‍ തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തില്‍പ്പെടുന്നവയാണ്.

പരുത്തി-കമ്പിളി-ടെക്സ്റ്റൈല്‍ വ്യവസായത്തിന്റെ കാര്യത്തില്‍ ബ്രിട്ടന് വളരെ ശ്രദ്ധേയമായ ഒരു സ്ഥാനമാണുള്ളത്. സിന്തറ്റിക് ഫൈബറുകള്‍, തുണികള്‍ എന്നിവയും ഇവിടെ ധാരാളമായി ഉത്പാദിപ്പിച്ചു പോരുന്നു. കെമിക്കല്‍-പെട്രോകെമിക്കല്‍ വ്യവസായങ്ങളില്‍നിന്നു ലഭിക്കുന്ന ഉത്പന്നങ്ങളുടെ ശ്രേണി വളരെ വലുതാണ്. വ്യാവസായിക രാസപദാര്‍ഥങ്ങള്‍, ഔഷധങ്ങള്‍, വളങ്ങള്‍, പ്ലാസ്റ്റിക് എന്നിവയൊക്കെ ഇതില്‍പ്പെടുന്നു. ഭക്ഷ്യസംസ്കരണം, പെട്രോളിയം സംസ്കരണം, പ്രിന്റിങ്ങും പബ്ളിഷിങ്ങും, ഇലക്ട്രോണിക് ഉപകരണങ്ങളുടെ വന്‍കിടനിര്‍മാണം, വസ്ത്രനിര്‍മാണം, തുകലുത്പന്ന നിര്‍മിതി, കളിമണ്‍പാത്ര നിര്‍മിതി, ഗ്ളാസുത്പാദനം എന്നിവയാണ് മറ്റ് മുഖ്യ വ്യവസായങ്ങളില്‍ ചിലത്.

കൃഷി

പണിയെടുക്കുന്ന ജനങ്ങളില്‍ ഏതാണ്ട് 3 ശ.മാ പേര്‍ മാത്രമാണ് കൃഷിക്കാര്‍. ഏചജ-യുടെ കഷ്ടിച്ച് 3 ശ.മാ. മാത്രമേ കര്‍ഷകവൃത്തികൊണ്ട് നേടിയെടുക്കുന്നുള്ളുതാനും. എന്നാലും ബ്രിട്ടന്റെ ഭക്ഷണാവശ്യങ്ങളില്‍ പകുതിയോളം നിവര്‍ത്തിക്കാന്‍ കൃഷിക്കാകുന്നു എന്നതിനാല്‍ കൃഷിക്ക് അതിപ്രധാനമായ ഒരു സ്ഥാനമാണ് ഇവിടെ ലഭിച്ചിട്ടുള്ളത്. വര്‍ധിച്ച ഭക്ഷ്യോത്പാദനവും, കുറഞ്ഞ ഇറക്കുമതിയുമാണ് ബ്രിട്ടന്റെ കാര്‍ഷിക പദ്ധതിയുടെ ലക്ഷ്യങ്ങള്‍. ഗവണ്‍മെന്റ് പല തരത്തില്‍ കാര്‍ഷികവൃത്തിയെ സഹായിക്കുന്നു.

മൊത്തം കരയുടെ ഏതാണ്ട് 80 ശ.മാ.വും ഇവിടെ കൃഷിഭൂമിയാണ്. ഇതില്‍ വലിയ 'ഫാമു'കള്‍ ഏതാണ്ട് 60 ശ.മാ. വരും. അത്യാധുനിക യന്ത്രോപകരണങ്ങള്‍ ഉപയോഗിക്കുന്ന ഈ ഫാമുകളാണ് രാഷ്ട്രത്തിന്റെ കാര്‍ഷികോത്പന്നങ്ങളുടെ മുഖ്യ ഉറവിടം. ശേഷിച്ചവ തുണ്ടുനിലങ്ങളായിട്ടായതിനാല്‍ ഇവയിലെ ഉത്പാദനം പൊതുവേ മോശമാണ്. ഈ നിലങ്ങള്‍ ക്രമേണ വലിയ ഫാമുകളുമായി ചേര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

ബ്രിട്ടന്റെ നനവുള്ള കാലാവസ്ഥയും കുന്നുകള്‍ നിറഞ്ഞ ഭൂപ്രകൃതിയും ചേര്‍ന്ന് ഇതിനെ കന്നുകാലിമേയ്ക്കലിനു പറ്റിയ സ്ഥലമാക്കി മാറ്റിയിരിക്കുന്നു. തത്ഫലമായി കാലികളും ഗവ്യോത്പന്നങ്ങളും കാര്‍ഷിക വരുമാനത്തിന്റെ ഒരു നല്ല പങ്ക് സംഭാവന ചെയ്യുന്നുണ്ട്. പാലും മാംസവുമാണ് ഇവയില്‍ പ്രമുഖം. പശുക്കളുടെയും ആടുകളുടെയും എണ്ണം ബ്രിട്ടനില്‍ വളരെയേറെയാണ്. ലോകത്തിലേറ്റവും മുന്തിയയിനം പശുക്കളെ വികസിപ്പിച്ചെടുത്തിട്ടുള്ള രാജ്യമാണ് ബ്രിട്ടന്‍. കോഴിവളര്‍ത്തലും ഇവിടെ ഏറെ അഭിവൃദ്ധി പ്രാപിച്ചിരിക്കുന്നു.

ബ്രിട്ടനിലെ കൃഷിയിടങ്ങളില്‍ കൂടുതലും തെ.-ഉം കി.-ഉം പ്രദേശങ്ങളിലാണ്. ഇവിടത്തെ ഭൂപ്രകൃതിയും മണ്ണും ഉഴവിനും മറ്റു കൃഷിപ്പണികള്‍ക്കും തികച്ചും അനുയോജ്യമാണ്. ബാര്‍ലിയും ഗോതമ്പും പോലുള്ള ധാന്യങ്ങള്‍, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ് എന്നിവയാണ് പ്രധാനവിളകള്‍. പച്ചക്കറികളും സമൃദ്ധമായുണ്ടാകുന്നുണ്ട്. കാബേജും കാരറ്റുമാണ് ഇക്കൂട്ടത്തില്‍ പ്രധാനം. ഫലങ്ങളില്‍ ഒന്നാംസ്ഥാനം ആപ്പിളിനാണ്. ഇത് എല്ലായിടത്തും ധാരാളമായി വളരുകയും, സമൃദ്ധമായ വിള നല്കുകയും ചെയ്യുന്നു.

മത്സ്യബന്ധനവും വനവത്കരണവും

ദൈര്‍ഘ്യമേറിയ ഒരു കടല്‍ത്തീരവും കടലിനോടുള്ള അനായാസ സാമീപ്യവും ബ്രിട്ടനെ എണ്ണപ്പെട്ട ഒരു മത്സ്യബന്ധന രാഷ്ട്രമാക്കിത്തീര്‍ത്തു. തീരദേശത്തുള്ള നഗരങ്ങളിലും പട്ടണങ്ങളില്‍ നിന്നും ആയിരക്കണക്കിന് ബോട്ടുകളും കപ്പലുകളും തൊട്ടുള്ള കടലില്‍ മത്സ്യബന്ധനത്തിനെത്തുന്നു. ലോകത്തിലെ മുന്തിയ മത്സ്യോത്പാദന കേന്ദ്രങ്ങളില്‍ ഒന്നായ നോര്‍ത്ത് സീയാണ് ഇവരുടെ പ്രധാന ലക്ഷ്യം. ഇതു കൂടാതെ വലുപ്പമേറിയ ട്രോളറുകളും 'ഫ്രീസര്‍-ഫാക്ടറി' കപ്പലുകളും ഐസ്ലന്‍ഡ്, ന്യൂഫൗണ്ട്ലന്‍ഡ് തുടങ്ങി നോര്‍വേവരെയുള്ള വിദൂര സമുദ്രഭാഗങ്ങളിലും എത്തുന്നത് പതിവായിരുന്നു.

വര്‍ഷങ്ങളായി ബ്രിട്ടനിലെ ഇഷ്ടഭോജ്യമാണ് സമുദ്ര വിഭവങ്ങള്‍. രാജ്യത്തെ ഭക്ഷണാവശ്യത്തിന്റെ ഒരു നല്ല പങ്ക് ഇത് വഹിക്കുന്നുമുണ്ട്. കോഡ്, ഹാഡക്, പ്ളെയ്ഡ് (നിലംപതുങ്ങി), ഹെറിങ് (മത്തികള്‍), ഹ്വൈറ്റിങ്, ഷെല്‍ഫിഷ് (കക്കകള്‍) എന്നിവയാണ് ഇക്കൂട്ടത്തില്‍ പ്രധാനം. ഇംഗ്ലണ്ടിലെ ഹള്‍, ഗ്രിംസ്ബി, ഫ്ളീറ്റ്വുഡ്, നോര്‍ത്ത് ഷീല്‍ഡ്സ്, ലോസ്റ്റോഫ്റ്റ്; വെയ്ല്‍സിലെ മില്‍ഫോര്‍ഡ് ഹാവന്‍; സ്കോട്ട്ലന്‍ഡിലെ ആബര്‍ഡീന്‍ എന്നിവയാണ് പ്രധാന മത്സ്യബന്ധന തുറമുഖങ്ങള്‍.

മൊത്തം കരയുടെ കഷ്ടിച്ച് എട്ടു ശ.മാ. മാത്രമാണ് ബ്രിട്ടനില്‍ വനങ്ങള്‍. തടിക്കും മരസാമാനങ്ങള്‍ക്കും പ്രധാനാശ്രയം ഇറക്കുമതി തന്നെ. ഒരു പുനഃവനവത്കരണ പരിപാടി അടിയന്തിരമായി നടപ്പിലാക്കിയതിന്റെ ഫലമായി പുതിയ വനഭൂമികള്‍ രൂപംകൊണ്ടു തുടങ്ങിയിട്ടുണ്ട്.

ഖനനം

സമൃദ്ധമായ കല്‍ക്കരി-ഇരുമ്പയിര് നിക്ഷേപങ്ങള്‍ ബ്രിട്ടനിലെ ഇരുമ്പുരുക്കുവ്യവസായത്തിന്റെ ഉറച്ച അടിത്തറയാണ്. ബ്രിട്ടന്റെ വളരെ നേരത്തേയുള്ള വ്യവസായവത്കരണത്തിനു സഹായകമായതും ഇതുതന്നെ. ഇരുമ്പയിര് നിക്ഷേപങ്ങള്‍ ഒട്ടുമുക്കാലും ചൂഷണം ചെയ്യപ്പെട്ടു കഴിഞ്ഞു. ഇനി ശേഷിക്കുന്നത് ഗുണനിലവാരം കുറഞ്ഞ അയിരാണ്. ഇക്കാരണത്താല്‍ ബ്രിട്ടന് വന്‍തോതിലുള്ള ഇറക്കുമതി കൂടിയേ കഴിയൂ എന്നായിട്ടുണ്ട്. എന്നാല്‍ കല്‍ക്കരിയുടെ കാര്യം ഇതില്‍നിന്നു ഭിന്നമാണ്. ഒരു ഊര്‍ജ സ്രോതസ് എന്ന നിലയില്‍ പെട്രോളിയം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന കല്‍ക്കരിയുടെ നിക്ഷേപങ്ങള്‍ ഇവിടെ അതിസമൃദ്ധമാണ്. 1947-ല്‍ കല്‍ക്കരി ഖനന വ്യവസായം ദേശസാത്കരിച്ചതോടെ പഴയ കോളിയറികള്‍ മിക്കതും ആധുനീകരിക്കുകയും ശേഷിച്ചവ അടയ്ക്കുകയും ചെയ്തു. വലുപ്പമേറിയ അനേകം പുതിയ ഖനികള്‍ തുറന്നതും ഇതിനുശേഷംതന്നെ.

1967-ല്‍ നോര്‍ത്ത് സീയുടെ അടിത്തട്ടുകളില്‍ നിന്ന് വന്‍തോതിലുള്ള പ്രകൃതിവാതകോത്പാദനം ആരംഭിച്ചു. 1974 ആയപ്പോഴേക്കും ഇത് പെട്രോളിയമുത്പന്നങ്ങളുടെ ലാഭക്കച്ചവടത്തില്‍ കൊണ്ടെത്തിക്കുകയും ചെയ്തു. ഇതിനു മുന്‍പ് ബ്രിട്ടന്‍ എണ്ണ-പ്രകൃതി വാതകങ്ങള്‍ക്ക് തികച്ചും ഇറക്കുമതിയെ ആശ്രയിക്കുകയായിരുന്നു പതിവ്. നോര്‍ത്ത് സീയിലെ എണ്ണ-വാതക നിക്ഷേപങ്ങള്‍ ഭീമമാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.

വിലയെ അടിസ്ഥാനമാക്കി കണക്കാക്കുമ്പോള്‍ രാഷ്ട്രത്തിന്റെ ശേഷിക്കുന്ന ധാത്യുത്പന്നങ്ങളില്‍ പ്രധാനം കെട്ടിടനിര്‍മാണ വസ്തുക്കളായ കല്ല്, മണ്ണ്, മണല്‍ എന്നിവയാണ്. കളിമണ്‍ പാത്രങ്ങള്‍, സെറാമിക്സ് എന്നീ വ്യവസായങ്ങള്‍ക്കാവശ്യമായ ചെളിയും ഇവിടെ ധാരാളമുണ്ട്. പൊട്ടാഷ്, ഉപ്പ്, വളരെ കുറഞ്ഞ തോതില്‍ ടിന്‍, ഇരുമ്പംശമില്ലാത്ത മറ്റു ലോഹ അയിരുകള്‍ എന്നിവയും ഇവിടെ നിന്നു ലഭിക്കുന്നു.

ഗതാഗതം

കര, കടല്‍, ആകാശം എന്നീ മൂന്നു മേഖലകളിലുമുള്ള ഗതാഗത സംവിധാനങ്ങള്‍ ബ്രിട്ടനില്‍ സുവികസിതമാണ്. നൂതനമായ ഗതാഗത രീതികള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ മുന്‍പന്തിയിലാണ് ബ്രിട്ടന്‍. സൂപ്പര്‍സോണിക് യാത്രാവിമാനമായ കണ്‍കോഡ്, അതിവേഗ-തീവണ്ടികള്‍, എയര്‍-കുഷന്‍ വാഹനങ്ങള്‍ എന്നിവ ഇതില്‍ ചിലതു മാത്രമാണ്.

ബ്രിട്ടീഷ് റെയില്‍ എന്നറിയപ്പെടുന്ന റെയില്‍വേക്ക് ഏതാണ്ട് 18,400 കി.മീ നീളമുള്ള പാതകളുണ്ട്. യൂറോപ്പിലെ പ്രധാന നഗരങ്ങളെ ലണ്ടനുമായി ബന്ധിപ്പിക്കുന്ന യാത്രാവണ്ടികളുള്‍ക്കൊള്ളുന്ന ഈ റെയില്‍ പദ്ധതി ലോകത്തേറ്റവും മെച്ചപ്പെട്ടതില്‍ ഒന്നായി കരുതപ്പെടുന്നു.

റോഡ്-ഗതാഗതത്തിലുണ്ടായ അഭൂതപൂര്‍വമായ വാഹനപ്പെരുപ്പം കണക്കിലെടുത്ത് 1955-ഓടെ ഒരു പുതിയ റോഡ്-നിര്‍മാണ പദ്ധതിക്ക് തുടക്കം കുറിക്കുകയുണ്ടായി. ഇപ്പോള്‍ ഇവിടെ 3,36,000 കി.മീ. റോഡുകളും ഹൈവേകളുമുണ്ട്. ഇതില്‍ 1,760 കി.മീ. റോഡുകള്‍ 'മോട്ടര്‍വേ', എന്നറിയപ്പെടുന്ന അതിവേഗ ട്രങ്ക് റൂട്ടുകളാണ്. ബ്രിട്ടനിലെ മുഖ്യ സഞ്ചാരമാര്‍ഗവും ചരക്കു ഗതാഗത മാര്‍ഗവും റോഡ് തന്നെ.

ശതാബ്ദങ്ങളോളം പ്രധാനമായി ഒരു നാവിക രാഷ്ട്രമായിരുന്നു ഗ്രേറ്റ് ബ്രിട്ടന്‍. ഇപ്പോഴും ബ്രിട്ടന്റെ വാണിജ്യനൌകാശേഖരം ലോകത്തിലേറ്റവും ബൃഹത്തായ ഒന്നാണെന്നു പറയാം. 250-ഓളം തുറമുഖങ്ങളുള്ളതില്‍ ഏറ്റവും വലുതും തിരക്കുള്ളതും ലണ്ടന്‍ തന്നെ. സതാംപ്റ്റണ്‍, ബ്രിസ്റ്റള്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ബെല്‍ഫാസ്റ്റ്, ഗ്ലാസ്കോ, ഹള്‍ എന്നിവയാണ് മറ്റു പ്രധാനപ്പെട്ടവ. ഇവയെല്ലാം വിപുലമായി കച്ചവടച്ചരക്കുകള്‍ കൈകാര്യം ചെയ്യുന്നു. മൊത്തച്ചരക്കുകള്‍ കൈകാര്യം ചെയ്യുന്നതിന് വലുപ്പമേറിയ വിശേഷവത്കൃത തുറമുഖങ്ങള്‍ വേറെയുണ്ട്. പെട്രോളിയം, കല്‍ക്കരി, അയിരുകള്‍ എന്നിവയുടെ കയറ്റിറക്കുമതികള്‍ ഇവിടെയാണ് നടക്കുന്നത്. യാത്രാക്കപ്പലുകള്‍ക്കുള്ള മുഖ്യ തുറമുഖമാണ് സതാംപ്റ്റണ്‍. ഇംഗ്ലീഷ് ചാനല്‍ കുറുകെ കടക്കുന്നത് ഡോവര്‍ തുറമുഖത്തുനിന്നാകുന്നു.

4,000 കി.മീ. നീളമുള്ള തോടുകളും മറ്റ് ഉള്‍നാടന്‍ ജലമാര്‍ഗങ്ങളും ബ്രിട്ടനിലുണ്ട്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും ചെറുതോ വളരെ പഴയതോ ആയതിനാല്‍ വാണിജ്യപ്രാധാന്യം ഇല്ല എന്നു തന്നെ പറയാം. 58 കി.മീ. ദൈര്‍ഘ്യമുള്ള മാഞ്ചസ്റ്റര്‍ കപ്പല്‍ കനാല്‍ ഇംഗ്ലണ്ടിലേറ്റവും തിരക്കുള്ള ജലമാര്‍ഗമായി കരുതപ്പെടുന്നു. മാഞ്ചസ്റ്ററിനെ മേഴ്സി നദീമുഖവുമായും അതിലൂടെ സമുദ്രവുമായും ബന്ധിപ്പിക്കുന്നതാണ് ഈ കനാല്‍.

ബ്രിട്ടീഷ് എയര്‍വേസ് ആണ് ബ്രിട്ടനിലെ ദേശീയ വിമാന സര്‍വീസ്. ആഭ്യന്തരവും അന്താരാഷ്ട്രവുമായ റൂട്ടുകളില്‍ ഇത് സര്‍വീസ് നടത്തുന്നു. സ്വകാര്യ-ഉടമയിലുള്ള എയര്‍ലൈനുകളും ഇവിടെ ധാരാളമുണ്ട്. മൂന്നു പ്രധാന വിമാനത്താവളങ്ങളും ഗ്രേറ്റര്‍ ലണ്ടന്‍ പ്രദേശത്തുതന്നെയാണ് സ്ഥിതിചെയ്യുന്നത്. ഹീത്രു വിമാനത്താവളമാണ് കൂട്ടത്തില്‍ ഒന്നാമന്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍