This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗുജറാത്തിഭാഷയും സാഹിത്യവും
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
ഗുജറാത്തിഭാഷയും സാഹിത്യവും
'ഗുജറാത്ത്' സംസ്ഥാനത്തെ ഭാഷയും അതിന്റെ സാഹിത്യവും. അല്‍ബിറൂണിയുടെ അല്‍-ഹിന്ദ് എന്ന ഗ്രന്ഥത്തില്‍ (11-ാം ശ.) പറയുന്നതനുസരിച്ച് 'ഗുസ്ര്‍' എന്ന ജനവര്‍ഗത്തിന്റെ ദേശത്തിനെക്കുറിക്കുന്ന പദമാണ് 'ഗുസ്റത്ത്'; അവിടത്തെ ഭാഷ ഗുജറാത്തിയും.
ഭാഷ
ഗുജറാത്ത് സംസ്ഥാനവും ഭാഷയും
ഗുജറാത്തിന്റെ അതിര്‍ത്തി എന്നും ഒന്നുതന്നെ ആയിരുന്നില്ല. ചാലൂക്യവംശം ഭരണം ആരംഭിച്ച കാലത്ത് (10-ാം ശ.) രാജസ്ഥാനിലെ അബുമലകള്‍ മുതല്‍ തെക്കോട്ടു പഴയ സാരസ്വതമണ്ഡലവും ഇന്നത്തെ ഗുജറാത്തിന്റെ വടക്കന്‍ പ്രദേശവും ഉള്‍പ്പെട്ടതായിരുന്നു ഗുജറാത്ത്. ഇന്നത്തെ മഹാരാഷ്ട്രയിലെ താന ജില്ലവരെ ആയിരുന്നു സുല്‍ത്താന്‍ഭരണകാലത്തെ ഗുജറാത്തിന്റെ വ്യാപ്തി. എങ്കിലും ഇതില്‍ മുഖ്യപ്രദേശത്തിനു മാത്രമേ ഗുജറാത്ത് എന്നു പറഞ്ഞിരുന്നുള്ളൂ. പതിനേഴില്‍ കുറയാത്ത ദേശ്യഭേദങ്ങളുള്ള ഗുജറാത്തി മാനക രൂപത്തില്‍ (standard form) ഗുജറാത്തില്‍ ഉടനീളം ഉപയോഗിക്കപ്പെടുന്നു. ഈ ഭാഷ ആധുനിക ഇന്തോ യൂറോപ്യന്‍ ഭാഷകളില്‍പ്പെടുന്നു. ഏതാണ്ട് 4 കോടിയില്‍പ്പരം ജനങ്ങള്‍ ഈ ഭാഷ സംസാരിക്കുന്നു.
ഉത്പത്തി
വൈദികഭാഷയുടെ മൂന്നാമത്തെ പ്രാകൃതമായ അപഭ്രംശമാണ് ഗുര്‍ജരം. അതില്‍നിന്നു രൂപപ്പെട്ടതാണ് ഗുജറാത്തി. 10-ാം ശ.ത്തോടുകൂടി ഈ ഭാഷ രൂപപ്പെട്ടു. ആചാര്യഹേമചന്ദ്രന്റെ (1089-1173) സിദ്ധഹേമശബ്ദാനുശാസനം എന്ന സംസ്കൃത വ്യാകരണഗ്രന്ഥത്തില്‍ ഈ ദേശ്യഭാഷയുടെ രൂപം വിശദീകരിക്കുന്നുണ്ട്. ഇത് സാഹിത്യഭാഷയും നിത്യവ്യവഹാരഭാഷയുമായി മാറിയത് 14, 15 ശതകങ്ങളിലാണ്. 'ഗുജ്റഭാഖാ' എന്നാണ് ഭലന എന്ന കവി (1500-50) ഇതിനു പേരിട്ടത്. പ്രേംചന്ദ് എന്ന പ്രസിദ്ധകവി (1650--1700) അത് 'ഗുജറാത്തി' എന്നു പരിഷ്കരിച്ചു.
'സൂരതി', 'ഛരോതരി', 'പത്നി', 'പാഴ്സി ഗുജറാത്തി', 'സൗരാഷ്ട്രി' എന്നിങ്ങനെ മുഖ്യമായും അഞ്ചു ദേശ്യഭേദങ്ങള്‍ മാത്രമാണ് ഇന്ന് ഗുജറാത്തിക്കുള്ളത്. ദേശ്യഭേദങ്ങളില്‍ത്തന്നെ പല ഉപവിഭാഗങ്ങളും കാണാം. എന്നാല്‍ ഈ ഭേദങ്ങള്‍ ഒന്നും തന്നെ രൂപവിഷയകം അല്ല. ഉച്ചാരണത്തിലാണ് ഭേദം ഏറ്റവും കൂടുതല്‍; അതുപോലെതന്നെ പദങ്ങളിലും. മാറാഠി, കൊങ്കണി എന്നീ ഭാഷകളില്‍ നിന്നുമുള്ള പദങ്ങള്‍ അതതു പ്രദേശത്തോട് അടുത്തു കിടക്കുന്ന ദേശ്യഭേദങ്ങളില്‍ കൂടുതലായി കാണാം. വളരെ ലളിതമാണ് ഗുജറാത്തി ഭാഷ. പദസമ്പത്തില്‍ ഒരു നല്ല പങ്കു സംസ്കൃതത്തില്‍നിന്നു സ്വീകരിച്ചതാണ്.
അക്ഷരമാല
ലിഖിതഭാഷയില്‍ മാത്രമേ സ്വരങ്ങള്‍ക്കു ഹ്രസ്വദീര്‍ഘഭേദങ്ങള്‍ ഉള്ളൂ. അകാരത്തിന്റെ കാര്യത്തില്‍മാത്രം ഉച്ചാരണത്തിലും ദീര്‍ഘസ്വരമുണ്ട്. 36 വ്യഞ്ജനങ്ങള്‍ ഉള്ളതില്‍ ങ, ഞ, ഷ, ണ, റ എന്നിവ ഇംഗ്ലീഷ്, സംസ്കൃതം എന്നീ ഭാഷകളില്‍ നിന്നുവന്ന പദങ്ങളില്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. 'റ' യ്ക്കു മലയാളത്തിലെപ്പോലെ രണ്ടുച്ചാരണം ഉണ്ട്; 'റ്റ' എന്നു ഇരട്ടിക്കുമ്പോഴത്തേതും 'റ' ഒറ്റയ്ക്കും 'ഴ' കാണുന്നില്ല.
നാമം, ക്രിയ, ദ്യോതകം എന്നു പദങ്ങളെ മൂന്നായി തിരിക്കാം. മൂന്നു ലിങ്ഗം, രണ്ടു വചനം, ക്രിയയ്ക്കു സകര്‍മക-അകര്‍മകഭേദങ്ങള്‍ എന്നിവ കാണുന്നുണ്ട്. സകര്‍മകങ്ങളില്‍ കര്‍ത്തരിപ്രയോഗമാണ് അധികവും. സകര്‍മകങ്ങളില്‍ കര്‍ത്താവിന് അനുസരിച്ച് ക്രിയകളിലും ലിംഗഭേദമുണ്ട്. ക്രിയാവിശേഷണം, ഗതി, ഘടകം, വ്യാക്ഷേപകം എന്നിവയാണ് ദ്യോതകങ്ങള്‍. വ്യാക്ഷേപകങ്ങള്‍ സാധാരണയായി വാക്യാരംഭത്തില്‍ പ്രയോഗിക്കുന്നു. കര്‍ത്താവ്, കര്‍മം, ക്രിയ എന്നിങ്ങനെയാണ് വാക്യത്തിലെ പദക്രമം. കര്‍ത്തരിയിലും കര്‍മണിയിലും ഭാവാര്‍ഥത്തിലും ഇതേക്രമം തന്നെ.
സാഹിത്യം
ഇതര ഭാഷകളിലെപ്പോലെ ഗുജറാത്തിയിലും നാടോടി സാഹിത്യത്തില്‍നിന്നാണ് തുടക്കം. ഈ നാടോടി സാഹിത്യം മിക്കവാറും അജ്ഞാതകര്‍ത്തൃകമാണ്. നാടോടിഗാനങ്ങള്‍, നാടോടിക്കഥകള്‍, പഴഞ്ചൊല്ലുകള്‍, പല ഇനത്തിലുളള കടങ്കഥകള്‍ എന്നിവ ഉള്‍ച്ചേര്‍ന്നതാണ് ഗുജറാത്തി നാടോടി സാഹിത്യം. ഇവയില്‍ പഴഞ്ചൊല്ലുകളും കടങ്കഥകളും ഒഴികെയുള്ളവ മിക്കവാറും ഗാനങ്ങള്‍ തന്നെ. നാടോടിക്കഥ എന്നു പറയുമ്പോഴും അവയില്‍ അധികവും കഥാഗാനങ്ങള്‍ ആണ്. പഴഞ്ചൊല്ലുകളിലും ഒരു താളമുണ്ട്. കടങ്കഥകള്‍ പദ്യത്തിലും ഗദ്യത്തിലും കാണാം. ചോദ്യോത്തരരൂപത്തിലും കടങ്കഥകള്‍ ഉണ്ട്.