This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓർക്നി ദ്വീപുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓര്‍ക്നി ദ്വീപുകള്‍
Orkney Islands
സ്കോട്ട്ലന്‍ഡിന്റെ അധീനതയിൽപ്പെട്ട ഒരു ദ്വീപസമൂഹം. 59o വടക്ക്; 3o പടിഞ്ഞാറ് സ്കോട്ട്ലന്‍ഡിലെ കോയ്ത് നെസ് തീരത്തുനിന്ന് ഉദ്ദേശം 10 കി.മീ. വടക്കായി ചിതറിക്കിടക്കുന്ന എഴുപതോളം ചെറു ദ്വീപുകളാണ് ഓർക്നി സമൂഹത്തിൽപ്പെടുന്നത്. മൊത്തം 990 ച.കി.മീ. വിസ്തീർണമുള്ള ഈ ദ്വീപസമൂഹത്തിലെ മൂന്നിലൊരു ഭാഗത്തുമാത്രമേ ജനവാസമുള്ളൂ. പൊമോണാഹോയ്, സൗത്ത് റൊനാള്‍ഡ്ഷേ, നോർത്ത് റൊനാള്‍ഡ്ഷേ, വെസ്റ്ററേ, സാന്‍ഡേ, ഷേപിന്‍സേ, സ്റ്റ്രാണ്‍സേ, റൗസേ എന്നിവയാണ് പ്രധാന ദ്വീപുകള്‍. ഏറ്റവും വലിയ ദ്വീപായ പൊമോണ (മെയിന്‍ലന്‍ഡ്)യിലാണ് തലസ്ഥാനമായ കിർക്വാള്‍ പട്ടണം സ്ഥിതി ചെയ്യുന്നത്. പൊതുവേ ഫലഭൂയിഷ്ഠമായ ഈ ദ്വീപുകള്‍ സ്കോട്ട്ലന്‍ഡിലെ കാർഷികോത്പാദന രംഗത്ത് പ്രാമാണ്യം ആർജിച്ചിരിക്കുന്നു. ഓട്ട്സ്, ടർണിപ്പ് എന്നിവയാണ് പ്രധാന വിളകള്‍. കന്നുകാലി മേച്ചിൽ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്; ആടുമാടുകള്‍ ശാസ്ത്രീയമായ രീതിയിൽ വളർത്തപ്പെടുന്നു. മത്സ്യബന്ധനവും വികസിച്ചിട്ടുണ്ട്; ഹെറിങ്, ലോബ്സ്റ്റർ, കോഡ് എന്നീ ഇനം മത്സ്യങ്ങളാണ് പ്രധാനമായി കാണപ്പെടുന്നത്.
ഒന്നാം ലോകയുദ്ധകാലത്ത് ഈ ദ്വീപുകളിൽ ചിലത് ബ്രിട്ടീഷ് നാവികസേനയുടെ താവളമായി ഉപയോഗിക്കപ്പെട്ടിരുന്നു; ജർമനിയുടെ പുറങ്കടൽ നാവികപ്പടയ്ക്ക് വിനാശകരമായ പരാജയം സംഭവിച്ചത് ഈ ദ്വീപുകള്‍ക്കിടയിൽ വച്ചായിരുന്നു.
പ്രാക്കാല ചരിത്രത്തിന്റെ സൂചകങ്ങളെന്നോണം പിക്റ്റുകളുടെയും സ്കാന്‍ഡിനേവിയരുടെയും കാലങ്ങളിൽ നിർമിതമായിട്ടുള്ള ഹർമ്യങ്ങളുടെയും കോട്ടകൊത്തളങ്ങളുടെയും ഭഗ്നാവശിഷ്ടങ്ങള്‍ ദ്വീപുകളിൽ പലയിടത്തും കാണാം. കെന്നത്ത് കക-ന്റെ കാലത്തിനുമുമ്പ് പിക്റ്റുകളാണ് ഈ ദ്വീപുകള്‍ ഭരിച്ചിരുന്നത്. 875-ൽ നോർവേയിലെ രാജാവായ ഹരോള്‍ഡ് ഫെയർഹെയർ ഓർക്നിയെ പ്രഭു ഭരണത്തിന് കീഴിലാക്കി. ഡെന്മാർക്കിലെ രാജാവായ ക്രിസ്റ്റ്യന്‍ ക തന്റെ ജാമാതാവും സ്കോട്ട്ലന്‍ഡിലെ രാജാവുമായ ജെയിംസ് കകക-ന് സ്ത്രീധനമായി കൈമാറിയതിനെത്തുടർന്ന് 1472-ൽ ഓർക്നി ദ്വീപുകള്‍ സ്കോട്ട്ലന്‍ഡിനോട് സംയോജിപ്പിക്കപ്പെട്ടു. ഇപ്പോള്‍ ആ രാജ്യത്തിലെ ഒരു പ്രവിശ്യയായി തുടരുന്നു.
19-ാം ശതകത്തിൽ ജനസംഖ്യ: 26,000 ആയിരുന്നുവെങ്കിലും 1970-കളിൽ 17,000 ആയി കുറഞ്ഞു. 2005-ലെ കണക്കനുസരിച്ച് ജനസംഖ്യ: 20,100 ആണ്. സ്കോട്ടിഷ് പാർലമെന്റിൽ ഓർക്നി ദ്വീപുകള്‍ക്ക് ഒരു പ്രതിനിധിയാണുള്ളത്. സ്കോട്ട്ലന്റിൽനിന്നു വേർപെട്ടു നിൽക്കാന് ആഗ്രഹിക്കുന്ന ഓർക്ക് റിമൂവ്മെന്റാണ് ഇവിടത്തെ ഒരു മുഖ്യ രാഷ്ട്രീയപാർട്ടി.
ഓർക്നി ദ്വീപുകളിലെ തദ്ദേശീയർ ഓക്കാസിയന്‍സ് എന്ന പേരിലാണ് അറിയപ്പെടുന്നത്.