This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽക്കലി ലോഹങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:44, 1 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആൽക്കലി ലോഹങ്ങള്‍

Alkali Metals

ആവർത്തനപട്ടികയിലെ ഒന്നാംഗ്രൂപ്പ്‌ മൂലകങ്ങള്‍. ഉദാ. സോഡിയം (Na), പൊട്ടാസിയം (K). സോഡിയം ഓക്‌സൈഡും പൊട്ടാസിയം ഓക്‌സൈഡും പഴയകാലത്തെ രസവാദികള്‍ (alchemists) ഉെപയോഗിച്ചിരുന്നതുകൊണ്ടാണ്‌ ആൽക്കലി എന്ന പദം ഉണ്ടായത്‌. ഈ ഓക്‌സൈഡുകള്‍ ജലത്തിലലിയുമ്പോള്‍ ആൽക്കലികള്‍ (ക്ഷാരങ്ങള്‍) ഉണ്ടാകുന്നു.

ലിഥിയം, സോഡിയം, പൊട്ടാസിയം, റുബീഡിയം, സീസിയം, ഫ്രാന്‍സിയം എന്നിവയാണ്‌ ആൽക്കലി ലോഹങ്ങള്‍. ഇവയെല്ലാം മാർദവമുള്ളവയാണ്‌. കത്തികൊണ്ടോ മറ്റോ മുറിക്കുമ്പോള്‍ മുറിച്ചഭാഗങ്ങള്‍ വെള്ളിപോലെ തിളങ്ങും. ലിഥിയം ഒഴികെ ബാക്കി എല്ലാ ആൽക്കലി ലോഹങ്ങളും 100°Cനു താഴെയുള്ള താപനിലകളിൽ ഉരുകും. ലിഥിയം മാത്രം 179°C-ൽ ഉരുകുന്നു. ഈ ലോഹങ്ങളുടെ ഘനത്വം താരതമ്യേന കുറവാണ്‌. ഖരങ്ങളിൽവച്ച്‌ ഏറ്റവും കുറഞ്ഞ ഘനത്വം (density) ലിഥിയത്തിന്‌ ആണ്‌ (0.53 ഗ്രാം/ സി.സി.).

വളരെയധികം ക്രിയാശീലത പ്രകടിപ്പിക്കുന്നവയാണ്‌ ആൽക്കലി ലോഹങ്ങള്‍. ഇവ പൊതുവേ ജലവുമായി തീവ്രമായ രാസപ്രവർത്തനത്തിലേർപ്പെട്ട്‌ അതതു ലോഹത്തിന്റെ ഹൈഡ്രാക്‌സൈഡും ഹൈഡ്രജന്‍ വാതകവും ലഭ്യമാക്കുന്നു. പൊട്ടാസിയം, റുബീഡിയം, സീസിയം എന്നിവയുടെ പ്രവർത്തനതീവ്രത നിമിത്തം ഹൈഡ്രജന്‍ വാതകം പൊടുന്നനെ തീപിടിക്കുന്നതായിക്കാണാം. ആൽക്കലി ലോഹങ്ങളുടെ ലവണങ്ങള്‍ പ്രായേണ ഇലക്‌ട്രാവേലന്റ്‌ യൗഗികങ്ങളും (electrovalent compounds) അയോണുകള്‍ ഏകസംയോജകങ്ങളും (monovalent) ആണ്‌. ആൽക്കലി ലോഹങ്ങള്‍ പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ ലഭ്യമല്ല. പ്രകൃതിയിൽ ഇവ ലവണങ്ങളായിട്ടാണ്‌ ഉപസ്ഥിതമായിട്ടുള്ളത്‌. ഉരുക്കിയ ഹൈഡ്രാക്‌സൈഡോ ക്ലോറൈഡോ വൈദ്യുതവിശ്ലേഷണത്തിനു വിധേയമാക്കിയാണ്‌ ഇവ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. ഈ രീതിയിൽ സോഡിയവും പൊട്ടാസിയവും ആദ്യമായി തയ്യാറാക്കിയത്‌ സർ ഹംഫ്രി ഡേവി (1807) എന്ന ശാസ്‌ത്രജ്ഞനാണ്‌. ലിഥിയം കണ്ടുപിടിച്ചത്‌ ആർഫ്‌ വെഡ്‌സന്‍ (1817) എന്ന വൈജ്ഞാനികനാണ്‌. റുബീഡിയവും സീസിയവും വിരളമൂലകങ്ങള്‍ (rare elements) ആണ്‌. വർണദർശകം (spectroscope) ഉപയോഗിച്ചുള്ള അപഗ്രഥനത്തിലൂടെയാണ്‌ അവയെ ആദ്യമായി (1861) ബുണ്‍സന്‍ തിരിച്ചറിഞ്ഞത്‌.

ഏറ്റവും സുലഭമായ മൂലകങ്ങളിൽവച്ച്‌ ആറാംസ്ഥാനമുള്ള സോഡിയം ഭൂവല്‌ക്കത്തിൽ 2.63 ശ.മാ. ഉണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. വ്യാവസായികപ്രാധാന്യമുള്ളതും ലോഹരൂപത്തിൽ ലഭിക്കുന്നതുമായ ഒന്നാണ്‌ സോഡിയം. ഇരുമ്പ്‌ കഴിഞ്ഞാൽ ഏറ്റവും വില കുറഞ്ഞ ലോഹവും സോഡിയംതന്നെ. ആൽക്കലി ലോഹങ്ങളുടെ ലവണങ്ങള്‍ പ്രായേണ വർണരഹിതങ്ങള്‍ (അനയോണുകള്‍ സവർണങ്ങളല്ലെങ്കിൽ) ആണ്‌. അവ മിക്കതും ജലലേയങ്ങളുമാണ്‌. ആൽക്കലി ലോഹങ്ങളും ലവണങ്ങളും വളരെ പ്രയോജനമുള്ള വസ്‌തുക്കളാകുന്നു. നോ: പൊട്ടാസിയം; റുബീഡിയം; ലിഥിയം; സീസിയം; സോഡിയം

(ജെ.വി. വിളനിലം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍