This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഡ്‌വാ, വി.എസ്‌. (1899 - 1967)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:35, 26 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുഡ്‌വാ, വി.എസ്‌. (1899 - 1967)

വി.എസ്‌. കുഡ്‌വാ

കർണാടകത്തിലെ ഒരു വ്യവസായിപ്രമുഖനും സാഹിത്യ-സമുദായ പ്രവർത്തകനും. ശ്രീനിവാസ രാമചന്ദ്ര കുഡ്‌വായുടെ പുത്രനായി ദക്ഷിണ കർണാടകത്തിലെ മുൽക്കിയിൽ 1899 ജൂണ്‍ 9-നു ജനിച്ചു. വിദ്യാഭ്യാസാനന്തരം അച്ഛനുമൊത്ത്‌ ഇരുമ്പു വ്യാപാരവും ഒരു എന്‍ജിനീയറിങ്‌ തൊഴിൽശാലയും തുടങ്ങി. സുസജ്ജമായ ഒരു തൊഴിൽ ശാല ജില്ലയിൽ അത്തരത്തിൽ ആദ്യത്തേതായിരുന്നു. വി. ശ്രീനിവാസക്കമ്മത്ത്‌ ആരംഭിച്ച കനറ പബ്ലിക്‌ കണ്‍വേയന്‍സ്‌ കമ്പനിയിൽ 1926-ൽ കുഡ്‌വാ ചേർന്നു. 1932-ൽ ജനറൽ മാനേജരും 39-ൽ മാനേജിങ്‌ ഡയറക്‌ടറുമായി. അക്കാലത്ത്‌ യാത്രയ്‌ക്കും ചരക്കുകൈമാറ്റത്തിനും ഉപയുക്തമായ ഒരു സ്ഥാപനമാക്കി ഇദ്ദേഹം അതിനെ മാറ്റി. പിന്നീട്‌ യാത്രാവാഹനങ്ങള്‍ പ്രത്യേകം വിഭാഗമാക്കി. പോപ്പുലർ മോട്ടോർ സർവീസ്‌, ദ ആദികാവേരി ബസ്‌ സർവീസ്‌, കേന്ദ്ര കർണാടക മോട്ടോർ സർവീസ്‌ തുടങ്ങിയ യാത്രാവാഹന ശൃംഖലകൊണ്ട്‌ കുടക്‌, മൈസൂർ, മലബാർ, ദക്ഷിണകർണാടകം, ചിക്ക്‌മഗ്‌ലൂർ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചു. ബസ്‌ ഉടമകളെയെല്ലാം ഏകോപിപ്പിച്ച്‌ യാത്രക്കാർക്ക്‌ പരമാവധി സൗകര്യം നല്‌കുന്നതിന്‌ ഇദ്ദേഹം ശ്രദ്ധിച്ചു.

1939-ൽ കനറ സെയിൽസ്‌ കോർപ്പറേഷന്‍ തുടങ്ങി. അതുവരെ ബോംബെയിലെയും മദ്രാസിലെയും വ്യാപാരകേന്ദ്രങ്ങളെ ആശ്രയിച്ചിരുന്ന തദ്ദേശീയർക്ക്‌ അതോടെ ഗുണമേന്മയുള്ള വാഹനയന്ത്രങ്ങളും യന്ത്രഭാഗങ്ങളും ന്യായവിലയ്‌ക്ക്‌ കിട്ടുമെന്നായി. 1947-ൽ മരപ്പണിയുള്‍പ്പെടെ ബസുകള്‍ മുഴുവന്‍ നിർമിക്കുന്നതിനു പറ്റിയ കനറ വർക്ക്‌ഷോപ്‌സ്‌ ആരംഭിച്ചു. പിന്നീട്‌ അവിടെ യന്ത്രഭാഗങ്ങള്‍ നിർമിക്കാനും തുടങ്ങി. ഇതു സംബന്ധിച്ചുള്ള വിദഗ്‌ധ പ്രവർത്തനങ്ങള്‍ നേരിൽക്കണ്ടു മനസ്സിലാക്കാന്‍ 1951-ൽ കുഡ്‌വാ ഒരു ലോകപര്യടനം നടത്തുകയുണ്ടായി. തിരിച്ചുവന്ന ഇദ്ദേഹം സ്ഥാപിച്ച സങ്കരസ്റ്റീൽ പ്ലാന്റ്‌ ഇന്ത്യയിൽത്തന്നെ അത്തരത്തിൽ ആദ്യത്തേതായിരുന്നു.

കനറ മോട്ടോർ ആന്‍ഡ്‌ ജനറൽ ഇന്‍ഷുറന്‍സ്‌ കമ്പനി, ജില്ലയിൽ ആദ്യത്തെ ടയർ റീട്രഡിങ്‌ കമ്പനിയായ കനറ ടയർ ആന്‍ഡ്‌ റബ്ബർ വർക്‌സ്‌-ഇവ രണ്ടും കുഡ്‌വായുടെ പരിശ്രമഫലമാണ്‌. ഈ സ്ഥാപനങ്ങളിലേക്ക്‌ പരിശീലനം നേടിയ തൊഴിലാളികള്‍ വേണ്ടിയിരുന്നതുകൊണ്ട്‌, ഉദ്യോഗാർഥികള്‍ക്ക്‌ തൊഴിൽപരിശീലനം നല്‌കി കർശനമായ പരീക്ഷയ്‌ക്കുശേഷം പ്രമാണപത്രം നല്‌കാന്‍ വേണ്ട ഏർപ്പാടും 1940-ൽത്തന്നെ ഇദ്ദേഹം ചെയ്‌തിരുന്നു. സർക്കാർ അപ്രന്റിസ്‌ഷിപ്പ്‌ ആക്‌റ്റ്‌ ഏർപ്പെടുത്തുന്നതിനും വളരെ മുമ്പാണിത്‌ എന്നതും ശ്രദ്ധേയമാണ്‌. യന്ത്രവത്‌കരണംമൂലം രാഷ്‌ട്രത്തിന്‌ ആ വിഷയത്തിൽ വിദഗ്‌ധ പരിശീലനം നേടിയവരെ അധികമധികം ആവശ്യമായിവരുമെന്നതിനാൽ വിദേശത്തു പോയി വിദഗ്‌ധ പരിശീലനം നേടുന്നതിന്‌ അർഹരായവർക്ക്‌ ലോണ്‍ സ്‌കോളർഷിപ്പ്‌ നല്‌കുന്നതിനുള്ള ഒരു നിധിയും കനറാ ഫോറിന്‍ സ്റ്റഡീസ്‌ ലോണ്‍ സ്‌കോളർഷിപ്പ്‌ ആന്‍ഡ്‌ എഡ്യൂക്കേഷന്‍ ഫണ്ട്‌ എന്ന പേരിൽ 1957-ൽ ഇദ്ദേഹം ഏർപ്പെടുത്തി.

ചെറുപ്പത്തിൽത്തന്നെ കുഡ്‌വാ സാഹിത്യതത്‌പരനായിരുന്നു. ഇംഗ്ലീഷിലും കന്നഡയിലും കവിതയും ലേഖനവും എഴുതിത്തുടങ്ങി. 1922-ൽ തുടങ്ങിയ സത്യഗ്രഹി എന്ന കന്നഡവാരിക ദേശീയതയുടെ ഉദയത്തെ പ്രതിഫലിപ്പിച്ചു. 1923-34 കാലത്തു സ്വദേശാഭിമാനി എന്ന കന്നഡ വാരികയുടെ പത്രാധിപരായിരുന്നു. 1938-ൽ സ്വതന്ത്രഭാരതിയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടിരുന്നു. സാരസ്വത്‌ എന്ന കൊങ്കണിവാരികയുടെ പത്രാധിപരും പ്രസാധകനും ആയിരുന്ന ഇദ്ദേഹം 1941-ൽ നവഭാരത്‌ (കന്നഡദിനപത്രം) തുടങ്ങി.

പ്രവർത്തിക്കുന്ന മണ്ഡലങ്ങള്‍ എത്രയോ വിപുലമായിരുന്നിട്ടും ഓരോന്നിന്റെയും വിശദാംശങ്ങള്‍പോലും അറിഞ്ഞിരിക്കുവാന്‍ ഇദ്ദേഹം ശ്രദ്ധിച്ചു. മംഗലാപുരം വിമാനത്താവളം, സുരത്‌കൽ കർണാടക റീജിയണൽ എന്‍ജിനീയറിങ്‌ കോളജ്‌ എന്നിവ സ്ഥാപിക്കുന്നതിനുവേണ്ടി യു. ശ്രീനിവാസ മല്ലയ്യയോടൊപ്പം ഇദ്ദേഹം പ്രവർത്തിച്ചു. 1967 ജൂണ്‍ 30-ന്‌ കുഡ്‌വാ അന്തരിച്ചു.

(എന്‍.എന്‍. ആനന്ദന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍