This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാതോലിക്കാബാവ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:22, 25 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാതോലിക്കാബാവ

Kathholicos

കൂനന്‍കുരിശ്‌ സത്യം-ഒരു ചിത്രീകരണം

പൗരസ്‌ത്യക്രസ്‌തവ സഭകളിൽ നിലവിലുള്ള ഉയർന്ന മെത്രാന്‍പദവി. ഇന്ത്യയിലെയും മറ്റു പൗരസ്‌ത്യ ദേശങ്ങളിലെയും വിവിധ ക്രസ്‌തവസഭകളിൽ കാതോലിക്കാബാവാ സ്ഥാനം നിലവിലുണ്ട്‌. ക്രിസ്‌തുവിന്റെ ശിഷ്യരിൽ പ്രമുഖരായിരുന്ന അപ്പോസ്‌തലന്മാർ ആയിരുന്നു റോം, അന്ത്യോഖ്യ തുടങ്ങിയ സ്ഥലങ്ങളിൽ ക്രസ്‌തവ സഭ സ്ഥാപിച്ചത്‌. ഈ അപ്പോസ്‌തലന്മാരെ എപ്പിസ്‌കോപ്പസ്‌ (Episcopers)എന്നു വിളിച്ചിരുന്നു. സഭ പീഡിപ്പിക്കപ്പെട്ടിരുന്ന കാലത്ത്‌ എപ്പിസ്‌കോപ്പുമാരുടെ അധികാരം ആധ്യാത്മികരംഗത്തുമാത്രം ഒതുങ്ങിനിന്നു. കോണ്‍സ്റ്റന്റയിന്‍ ചക്രവർത്തി ക്രിസ്‌തുമതം സ്വീകരിച്ച്‌ മതപീഡനം അവസാനിപ്പിച്ചപ്പോള്‍ എപ്പിസ്‌കോപ്പുമാരുടെ അധികാരങ്ങള്‍ ആധ്യാത്മികരംഗത്തിനും പുറമേ രാഷ്‌ട്രീയരംഗത്തും വ്യാപിച്ചു. സിവിൽഭരണത്തിനുവേണ്ടി റോമാസാമ്രാജ്യത്തെ പല പ്രാവിന്‍സുകളായി വിഭജിച്ചിരുന്നു. പ്രാവിന്‍സുകളുടെ തലസ്ഥാനനഗരികളിൽ ജോലി ചെയ്‌തിരുന്ന എപ്പിസ്‌കോപ്പുമാർക്ക്‌-മെത്രാന്മാർക്ക്‌-കൂടുതൽ അധികാരങ്ങള്‍ നല്‌കപ്പെട്ടു. റോം, അന്ത്യോഖ്യ, അലക്‌സാണ്ഡ്രിയ എന്നീ നഗരങ്ങളിലെ മെത്രാന്മാർക്ക്‌ ഏറ്റവും ഉന്നതമായ അധികാരങ്ങള്‍ നല്‌കി. അവരെ മെത്രാപ്പോലീത്തമാർ (Arch Bishop) എന്നു വിളിച്ചു. എ.ഡി. 325-ൽക്കൂടിയ നിഖ്യാസുന്നഹദോസ്‌ റോം, അന്ത്യോഖ്യ, അലക്‌സാണ്ഡ്രിയ എന്നിവിടങ്ങളിലെ ആർച്ചുബിഷപ്പുമാരെ പാത്രിയാർക്കീസുമാരായി ഉയർത്തി. (റോമിലെ പാത്രിയാർക്കീസ്‌ ആണ്‌ കത്തോലിക്കാ സഭയിലെ മാർപ്പാപ്പ.) എ.ഡി. 5-ാം നൂറ്റാണ്ടിൽ ക്രസ്‌തവസഭയിൽ അഞ്ചു പാത്രിയാർക്കീസുമാർ-റോം, അന്ത്യോഖ്യ, അലക്‌സാണ്ഡ്രിയ, ജെറുസലേം, കോണ്‍സ്റ്റാന്റിനോപ്പിള്‍-ഉണ്ടായിരുന്നു. എ.ഡി. നാലാം നൂറ്റാണ്ടിന്റെ അവസാനം റോമാസാമ്രാജ്യം രണ്ടായപ്പോള്‍ ക്രസ്‌തവസഭയും രണ്ടായി-പശ്ചിമക്രസ്‌തവസഭയും പൗരസ്‌ത്യ ക്രസ്‌തവസഭയും. എ.ഡി. 451-ൽ കൽക്കദൂന്‍ സുന്നഹദോസിനുശേഷം പൗരസ്‌ത്യ ക്രസ്‌തവ സഭ വീണ്ടും രണ്ടായി വേർപിരിഞ്ഞു. ഇരു വിഭാഗങ്ങളിലും പാത്രിയാർക്കീസുമാർ ഉണ്ടായിരുന്നു.

ഉദയംപേരൂർ ഗ്രാനൈറ്റ്‌ കുരിശ്‌

എ.ഡി. നാലാം നൂറ്റാണ്ടിനുമുമ്പുതന്നെ പൗരസ്‌ത്യ ക്രസ്‌തവസഭയിൽ "കാത്തോലിക്കാ' (കാതോലിക്കോസ്‌) എന്ന ഔദ്യോഗിക നാമധാരികള്‍ ഉണ്ടായി. കാതോലിക്കാബാവാ അഥവാ കാത്തോലിക്കോസ്‌ എന്ന പദം ഉടലെടുത്തത്‌ "കാത്‌-ഹോലിക്കോസ്‌' (Kath Holicos)എന്ന ഗ്രീക്കുപദത്തിൽ നിന്നുമാണ്‌. "പൊതുവിന്റെ അധികാരി' (General Premati or General Vicar) എന്നാണ്‌ ഈ വാക്കിന്റെ അർഥം. പുരാതന റോമാസാമ്രാജ്യത്തിൽ-വിശേഷിച്ചും സാമ്രാജ്യത്തിന്റെ കിഴക്കേ ഭാഗങ്ങളിൽ-വിസ്‌തൃതമായ പ്രദേശത്ത്‌ ഭരണം നടത്തിവന്ന അധികാരിയായിരുന്നു "കാതോലിക്കോസ്‌' എന്ന ഉദ്യോഗസ്ഥന്‍. അവിടെ സാമ്പത്തികചുമതലകള്‍ (Treasury) നിർവഹിച്ചിരുന്നവരെയും ഈ പേർ ചൊല്ലിവിളിച്ചിരുന്നു. ക്രസ്‌തവമേലധ്യക്ഷന്മാർക്ക്‌ സിവിൽ അധികാരങ്ങള്‍ ലഭിച്ചപ്പോള്‍ പേർഷ്യ, അർമീനിയ, ജോർജിയ തുടങ്ങിയ പ്രദേശങ്ങളിലെ ക്രസ്‌തവസഭാനേതാക്കളെയും "കാതോലിക്കാ' എന്ന പേരിൽ വിളിച്ചുതുടങ്ങി. അവർക്ക്‌ ഒരു പാത്രിയാർക്കീസിനുള്ളിടത്തോളം പ്രാധാന്യവും നല്‌കപ്പെട്ടു. ഓരോ കാതോലിക്കാ ബാവയ്‌ക്കും ആധ്യാത്മികവും രാഷ്‌ട്രീയവുമായ അധികാരങ്ങള്‍ ലഭിച്ചു. എ.ഡി. 231-ൽ പേർഷ്യയിൽ "ആഹിദാ ബൂയി' എന്നൊരാളിനെ കാതോലിക്കയായി വാഴിച്ചു. എ.ഡി. 231-ൽത്തന്നെ പൗരസ്‌ത്യ മെത്രാന്മാർ ജെറുസലേമിൽ ഒരു സുന്നഹദോസ്‌ കൂടി, പൗരസ്‌ത്യദേശത്ത്‌ കാതോലിക്കാബാവയെ നിയമിക്കാം എന്നൊരു തീരുമാനവും കൈക്കൊണ്ടു. എ.ഡി. 328-ൽ, പണ്ഡിതനായിരുന്ന "പാപ്പ'യെ പേർഷ്യയിലെ കാതോലിക്കാ ബാവയായി തിരഞ്ഞെടുത്തുവെന്നതിനു രേഖകളുണ്ട്‌.

എ.ഡി. 410-ൽ കാതോലിക്കാബാവയെ നിയമിക്കാനുള്ള അധികാരം പേർഷ്യന്‍ സാമ്രാജ്യാധിപനു വിട്ടുകൊടുത്തു. എ.ഡി. 420-ൽ "മർക്കബ്‌ദ' എന്ന സ്ഥലത്തുകൂടിയ സുന്നഹദോസ്‌, കാതോലിക്കാബാവയെ "പാത്രിയാർക്കീസ്‌' എന്നും അഭിസംബോധന ചെയ്‌തിരുന്നു. എ.ഡി. 1264-ൽ പണ്ഡിതനായ "ഗ്രിഗോറിയോസ്‌ മാർ എബ്രായ്‌' രചിച്ച സഭാചരിത്രഗ്രന്ഥത്തിൽ നെസ്‌തോറിയന്‍ വിഭാഗത്തിൽപ്പെട്ട ക്രസ്‌തവ സഭാധ്യക്ഷന്മാരെ "കാതോലിക്കാ' എന്നു വിശേഷിപ്പിച്ചിരുന്നു.

ആദ്യ പ്രാദേശിക ബിഷപ്പായ മാർചാണ്ടിപറമ്പിലിന്റെ ശവകുടീരത്തിലെ സ്‌മാരകശില

എ.ഡി. നാലാം നൂറ്റാണ്ടുമുതൽ പതിനഞ്ചാം നൂറ്റാണ്ടുവരെ കേരളത്തിലെ ക്രസ്‌തവർക്ക്‌ പേർഷ്യയിലെ ക്രസ്‌തവസഭയുമായി അടുത്തബന്ധം ഉണ്ടായിരുന്നു. കേരളത്തിലെ ക്രസ്‌തവസഭയും പേർഷ്യയിലെ ക്രസ്‌തവസഭയും തോമസ്‌ അപ്പോസ്‌തലന്‍ സ്ഥാപിച്ചുവെന്നാണ്‌ വിശ്വാസം. ഇക്കാരണത്താൽ പുരാതനകാലം മുതൽത്തന്നെ കേരളത്തിലെ ക്രസ്‌തവസഭയും പേർഷ്യയിലെ ക്രസ്‌തവസഭയും തമ്മിൽ അടുത്ത ബന്ധം ഉണ്ടായിരുന്നു. എ.ഡി. 345-ൽ "ക്‌നാനായി തോമാ' എന്ന വാണിജ്യപ്രമുഖന്‍ കേരളത്തിൽ വന്നതോടുകൂടി ഇരുസഭകളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായിത്തീർന്നു. അഞ്ചാം നൂറ്റാണ്ടുമുതൽ പതിനഞ്ചാം നൂറ്റാണ്ടുവരെയുള്ള കേരള സഭാചരിത്രം അത്ര വ്യക്തമായി മനസ്സിലാക്കാന്‍ പറ്റുന്നില്ല. ഈ കാലഘട്ടത്തിൽ പേർഷ്യയിലെ ചില ബിഷപ്പുമാർ കേരളത്തിൽ വന്ന്‌ "കാതോലിക്കാബാവ' പദവി ഏറ്റെടുത്തിരുന്നതായി വിശ്വസിക്കപ്പെടുന്നു. അഞ്ചാം നൂറ്റാണ്ടുമുതൽ പതിനഞ്ചാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിൽ കേരളത്തിലെ ക്രസ്‌തവദേവാലയങ്ങള്‍ പേർഷ്യന്‍ പാത്രിയാർക്കീസുമാരുടെ അഥവാ കാതോലിക്കാമാരുടെ കീഴിലായിരുന്നു.

പോർച്ചുഗീസുകാരുടെ വരവോടുകൂടി കേരളക്രസ്‌തവസഭ യിലുണ്ടായ രണ്ടു പ്രധാന സംഭവഗതികളാണ്‌ 1599-ലെ ഉദയംപേരൂർ സുന്നഹദോസും, 1653-ലെ കൂനന്‍ കുരിശ്‌ സത്യവും. കൂനന്‍ കുരിശുസത്യത്തിനുശേഷം കേരളത്തിലെ മലങ്കര ക്രസ്‌തവസഭ പേർഷ്യന്‍ പാത്രിയാർക്കീസിന്റെ നേതൃത്വം വീണ്ടും സ്വീകരിച്ചുവെങ്കിലും, സഭയ്‌ക്കുള്ളിലെ കശപിശകള്‍ തുടർന്നു. സഭയിലെ ഒരു വലിയ വിഭാഗം ആളുകള്‍ പേർഷ്യന്‍ പാത്രിയാർക്കീസുമാരുടെ നിയന്ത്രണത്തിൽ നിന്ന്‌ സ്വാതന്ത്യ്രം നേടുവാന്‍ ആഗ്രഹിച്ചു. ഇതിനിടയിൽ സഭാംഗങ്ങളുടെയിടയിൽ നിരന്തരം വ്യവഹാരങ്ങളും ഉണ്ടായി. സമുദായക്കേസ്‌, സെമിനാരി ക്കേസ്‌ എന്നൊക്കെ ഈ വ്യവഹാരങ്ങള്‍ അറിയപ്പെട്ടു. വിദേശ പാത്രിയാർക്കീസുമാരുടെ മേൽക്കോയ്‌മ അവസാനിപ്പിക്കുന്നതിനുവേണ്ടി 1912 സെപ്‌. 15-ന്‌ കേരളത്തിലെ ഒരു വലിയവിഭാഗം പേർ "നിരണം' പള്ളിയിൽ സമ്മേളിച്ചു. ഇവിടെവച്ച്‌ "മാർ ഇവാനിയോസ്‌' മെത്രാപ്പോലീത്തയെ കേരളത്തിലെ ആദ്യത്തെ "കാതോലിക്കാ ബാവ'യായി വാഴിച്ചു. കോട്ടയം ദേവലോകം അരമന കേന്ദ്രമായുള്ള ഈ കാതോലിക്കാ ബാവയ്‌ക്ക്‌ "മാർബെസേലിയോസ്‌' എന്ന നാമവും നല്‌കി. പുതിയ കാതോലിക്കാ ബാവ സ്ഥാനമേറ്റതോടുകൂടി കേരള മലങ്കര സഭ രണ്ടായി പിളർന്നു. പുതിയ കാതോലിക്കയെ അനുകൂലിച്ചവർ "കാതോലിക്കാപക്ഷക്കാർ' എന്നറിയപ്പെട്ടു. എന്നാൽ മറ്റൊരു വലിയ വിഭാഗം പേർ പേർഷ്യന്‍ പാത്രിയാർക്കീസിന്റെ അനുയായികളായി ഉറച്ചുനിന്നു. അവരെ "പാത്രിയാർക്കീസ്‌ പക്ഷക്കാർ' എന്നു വിളിച്ചു. പാത്രിയാർക്കീസ്‌ പക്ഷക്കാരും കാതോലിക്കാ പക്ഷക്കാരും തമ്മിൽ "വട്ടിപ്പണക്കേസ്‌' തുടങ്ങിയ വ്യവഹാരങ്ങളുണ്ടായി. 1933-ൽ കാതോലിക്കാ പക്ഷക്കാരനായ ബിഷപ്പ്‌ "മാർ ഇവാനിയോസ്‌' റോമിലെ മാർപ്പാപ്പയുമായി പുനരൈക്യം (Reunion) നടത്തിക്കൊണ്ട്‌ തിരുവനന്തപുരം അതിരൂപതാ (2005 മുതൽ മേജർ അതിരൂപത) മെത്രാപ്പോലീത്തയായിത്തീർന്നു. 1958-ലെ സുപ്രീം കോടതി വിധിയുടെ വെളിച്ചത്തിൽ കാതോലിക്കാ പക്ഷക്കാരും പാത്രിയാർക്കീസ്‌ പക്ഷക്കാരും തമ്മിൽ യോജിച്ച്‌ ഒരു വിഭാഗമായിത്തീർന്നു. എന്നാൽ താമസിയാതെ വീണ്ടും ഇരുവിഭാഗവും തമ്മിൽ കലഹിച്ചു. കലഹം മൂർച്ഛിച്ചതിന്റെ ഫലമായി 1975-ൽ പാത്രിയാർക്കീസ്‌ വിഭാഗക്കാർ കോതമംഗലം (മൂവാറ്റുപുഴ) കേന്ദ്രമായി ഒരു പുതിയ കാതോലിക്കാ ബാവയെ വാഴിച്ചു.

ഇന്ന്‌ കേരളത്തിൽ മൂന്നു കാതോലിക്കാ ബാവമാരുണ്ട്‌. കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന മലങ്കര ഓർത്തഡോക്‌സ്‌ സുറിയാനി സഭയിലും, കോതമംഗലം ആസ്ഥാനമായുള്ള യാക്കോബായ സുറിയാനി സഭയിലും, തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള റോമന്‍ കാതോലിക്കാ മേജർ അതിരൂപതയിലും.

കോട്ടയം ആസ്ഥാനമായുള്ള മലങ്കര ഓർത്തഡോക്‌സ്‌ സഭയിലെ കാതോലിക്കമാർ.

മൊറാന്‍ മാർ ബെസേലിയൂസ്‌ പൗലോസ്‌ ഒന്നാമന്‍ (1912-13)

ഗീവർഗീസ്‌ മാർ പിലെക്‌സിനോസ്‌ ഒന്നാമന്‍ (1913-28)

മൊറാന്‍ മാർ ബെസ്സേലിയസ്‌ ഗീവർഗീസ്‌ രണ്ടാമന്‍ (1929-64)

ബെസ്സേലിയൂസ്‌ ഔഗേന്‍ ഒന്നാമന്‍ (1964-75)

ബെസ്സേലിയൂസ്‌ മാർതോമാ മാത്യൂസ്‌ ഒന്നാമന്‍ (1975-91)

ബെസ്സേലിയൂസ്‌ മാർതോമാ മാത്യൂസ്‌ രണ്ടാമന്‍ (1991-2005)

ബെസ്സേലിയൂസ്‌ മാർതോമാ ദ്വിതിമോസ്‌ ഒന്നാമന്‍ (2005- )

കോട്ടയം കാതോലിക്കാമാർ അവരുടെ സഭയിലെ ഒന്നാം സ്ഥാനീയർ ആണെന്ന്‌ സഭാംഗങ്ങള്‍ വിശ്വസിക്കുന്നു. കാരണം ക്രസ്‌തവ സഭയിൽ കോട്ടയം കാതോലിക്കാമാരുടെ മേധാവികളായി ആരുമില്ല.

കോതമംഗലം ആസ്ഥാനമായുള്ള യാക്കോബായ സുറിയാനി സഭയിലെ കാതോലിക്കമാർ.

ബെസ്സേലിയോസ്‌ മാർപൗലോസ്‌ രണ്ടാമന്‍ (1975-96)

ബെസ്സേലിയോസ്‌ തോമസ്‌ ഒന്നാമന്‍ (2004- )

യാക്കോബായ സുറിയാനി സഭയിലെ കാതോലിക്കമാർ, സഭയിലെ രണ്ടാംസ്ഥാനീയരാണ്‌. കാരണം അവരുടെ മേലധികാരി അന്ത്യോഖ്യയിലെ പാത്രിയാർക്കീസ്‌ ആണെന്ന്‌ സഭാംഗങ്ങള്‍ വിശ്വസിക്കുന്നു.

തിരുവനന്തപുരം മേജർ അതിരൂപതയിലെ കാതോലിക്കാബാവാ.

2005 മെയ്‌ 14 മുതൽ തിരുവനന്തപുരം അതിരൂപതയെ മേജർ അതിരൂപതയായി മാർപ്പാപ്പ ഉയർത്തി. തിരുവനന്തപുരം അതിരൂപതയിലെ ആർച്ച്‌ ബിഷപ്പ്‌ "സിറിൽ മാർ ബെസ്സേലിയോസി'നെ മേജർ ആർച്ച്‌ ബിഷപ്പായും കാതോലിക്കാബാവയും ആയി മാർപ്പാപ്പാ പ്രഖ്യാപിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍