This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാണ്‍പൂർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:27, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാണ്‍പൂർ

Kanpur

ഉത്തർപ്രദേശിലെ പ്രധാന നഗരവും മുന്‍ജില്ലയും. വിസ്‌തീർണത്തിലും ജനസംഖ്യയിലും മുന്നിലായിരുന്ന മുന്‍ കാണ്‍പൂർ ജില്ല വിഭജിക്കപ്പെട്ടാണ്‌ കാണ്‍പൂർ ദേഹാത്‌, കാണ്‍പൂർ നഗർ എന്നീ രണ്ടു ജില്ലകള്‍ രൂപംകൊണ്ടത്‌. കാണ്‍പൂർ ദേഹാത്‌ ജില്ലയുടെ വിസ്‌തീർണം: 3146 ച.കി.മീ.; ജനസംഖ്യ: 15,84,037 (2001); ആസ്ഥാനം: അക്‌ബർപൂർ; കാണ്‍പൂർ നഗർ ജില്ലയുടെ വിസ്‌തീർണം: 3030 ച. കി.മീ.; ജനസംഖ്യ: 41,37,489 (2001); ആസ്ഥാനം: കാണ്‍പൂർ.

മഹാഭാരതകാലത്ത്‌ ശ്രീകൃഷ്‌ണന്റെ കാതുകുത്തൽ (കാന്‍-ഛേദന്‍) ഗംഗാനദിക്കരയിലെ ഈ പ്രദേശത്തുവച്ചായിരുന്നു നടന്നതെന്നും അങ്ങനെയാണ്‌ പില്‌ക്കാലത്ത്‌ ഈ സ്ഥലത്തിനു കാന്‍പൂർ എന്നു പേരുണ്ടായതെന്നും പറയപ്പെടുന്നു. സൂര്യപുത്രനായ കർണനുമായി ബന്ധപ്പെടുത്തി, കർണപുരമെന്നായിരുന്നു കാണ്‍പൂരിന്റെ പ്രാഗ്‌രൂപമെന്നും ഒരു അഭിപ്രായമുണ്ട്‌. സചേന്ദിയിലെ ഹിന്ദുസിങ്‌ രാജാവ്‌ സു. എ.ഡി. 1750-ൽ ഒരു കന്യാഷ്‌ടമി ദിനത്തിൽ ഒരു ആധുനിക നഗരത്തിന്‌ അടിത്തറയിട്ടതു മുതൽ ഇവിടം "കന്യപൂർ' എന്നറിയപ്പെടാന്‍ തുടങ്ങിയെന്നും അത്‌ പിന്നീടു കാണ്‍പൂർ എന്നു രൂപാന്തരപ്പെട്ടതാണെന്നുമാണ്‌ ചരിത്രഗവേഷകനായ പർഗേഹിലാലിന്റെ വാദം. കോണ്‍പൂർ (Cawnpur) എന്നായിരുന്നു ബ്രിട്ടീഷുകാർ നഗരത്തെ വിശേഷിപ്പിച്ചിരുന്നത്‌. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരമാണ്‌ കാണ്‍പൂർ. ഗംഗാനദിയുടെ ദക്ഷിണതീരത്തായി സ്ഥിതിചെയ്യുന്ന ഈ നഗരം ഉത്തർപ്രദേശിലെ ഒരു പ്രധാന വ്യാവസായിക-വാണിജ്യ-ഗതാഗത കേന്ദ്രവും കൂടിയാണ്‌. ജനസംഖ്യയുടെ കാര്യത്തിലും മുന്നിലാണ്‌ ഈ നഗരം. ദേശീയപാത 86, 91 എന്നിവയും ഡൽഹി-കൊൽക്കത്ത ട്രങ്ക്‌റോഡ്‌ തുടങ്ങിയ പ്രധാനപാതകളും കാണ്‍പൂർ നഗരത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌. കാണ്‍പൂരിലെ വിമാനത്താവളം ഉത്തർപ്രദേശിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ്‌. കാണ്‍പൂർ സർവകലാശാല, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജി തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നിരവധി സാങ്കേതിക സ്ഥാപനങ്ങള്‍ തുടങ്ങിയവ ഈ നഗരത്തെ ഒരു പ്രധാന വിദ്യാഭ്യാസ കേന്ദ്രമാക്കുന്നു. ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ പള്‍സ്‌ റിസർച്ചും നാഷണൽ സുഗർ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൂന്ന്‌ യൂണിറ്റുകളും കാണ്‍പൂരിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ആരോഗ്യമേഖലയിലും ആധുനികസൗകര്യങ്ങളോടുകൂടിയ നിരവധി സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്‌. ലോകത്തിലെ ഏറ്റവും പ്രധാന തുകൽ നിർമാണകേന്ദ്രങ്ങളിലൊന്നാണ്‌ കാണ്‍പൂർ.

നഗരത്തിലൂടെ സു. 10 കി.മീ. ദൂരം ഗംഗാനദി പ്രവഹിക്കുന്നുണ്ട്‌. നദിയിലെ ലോയർ ഗംഗാകനാലാണ്‌ നഗരത്തിന്റെ മുഖ്യ ശുദ്ധജലസ്രാതസ്സ്‌. ജല-വായു മലിനീകരണം ഈ നഗരം നേരിടുന്ന പ്രധാന പരിസ്ഥിതിപ്രശ്‌നമാണ്‌. വർധിച്ച വ്യവസായവത്‌കരണമാണ്‌ ഇവിടത്തെ അന്തരീക്ഷമലിനീകരണത്തിനു പ്രധാന കാരണം. വ്യവസായ മാലിന്യങ്ങളും വിസർജിതവസ്‌തുക്കളും ഗംഗാനദീജലത്തെ അപകടകരമാംവിധം മലീമസമാക്കുന്നു.

ഭൂമിശാസ്‌ത്രപരമായി "യമുനാ ദോവാബ്‌' എന്നു വിശേഷിപ്പിക്കപ്പെടുന്ന എക്കൽത്തടത്തിലെ ഗോതമ്പ്‌-പരുത്തി മേഖലയിലാണ്‌ ജില്ല സ്ഥിതിചെയ്യുന്നത്‌. ഹരിദ്വാരിൽനിന്നു കാണ്‍പൂർവരെ ഗംഗാനദിക്കു സമാന്തരമായി നിർമിച്ചിട്ടുള്ള ലോവർ ഗംഗാകനാൽ ഈ ജില്ലയിലൂടെ ഒഴുകുന്നു. ഗംഗയുടെയും യമുനയുടെയും അനേകം പോഷകനദികള്‍ ഈ ജില്ലയിലുണ്ട്‌. തന്മൂലം ജില്ല ഫലഭൂയിഷ്‌ഠവും ജലസമൃദ്ധവുമാണ്‌.

സമുദ്രനിരപ്പിൽനിന്ന്‌ 125 മുതൽ 135 വരെ മീ. ഉയരത്തിലുള്ള ഒരു സമതലപ്രദേശമായ കാണ്‍പൂർ ജില്ലയുടെ ഉത്തര-പൂർവാതിർത്തി (സു. 100 കി.മീ. ദൂരം) ഗംഗാനദിയും ദക്ഷിണ-പശ്ചിമാതിർത്തി (സു. 100 കി.മീ. ദൂരം) യമുനാനദിയുമാണ്‌. ഗംഗയുടെ പോഷകനദികളായ പാണ്ഡവ്‌, ഈസന്‍, ഉത്തരനോന്‍ എന്നിവയും യമുനയുടെ പോഷകനദികളായ ഖിന്ദ്‌, സേഗുർ, ദക്ഷിണനോന്‍ എന്നിവയും ഗംഗയ്‌ക്കും യമുനയ്‌ക്കും സമാന്തരമായി വടക്കുപടിഞ്ഞാറുനിന്നു തെക്കുകിഴക്കോട്ടൊഴുകുന്നു. പോഷകനദികളുടെ സാന്നിധ്യംകൊണ്ട്‌ ജില്ലയിലെ ഭൂപ്രദേശം ചെറുദോവാബുകളായി വേർതിരിക്കപ്പെട്ടിരിക്കുന്നു.

മാർച്ച്‌ ആരംഭത്തോടെ നദികള്‍ ശുഷ്‌കമാകാന്‍ തുടങ്ങും. ആർദ്രത താരതമ്യേന കൂടുതലാകയാൽ മേയ്‌, ജൂണ്‍ മാസങ്ങളിൽ ഇവിടെ അസഹനീയമായ ചൂടനുഭവപ്പെടുന്നു. ഉഷ്‌ണകാലത്ത്‌ പകൽ താപനില 45º50ºC വരെ ഉയരുന്നു; സൂര്യാതപം മൂലമുള്ള മരണവും ഈ ജില്ലയിൽ സാധാരണമാണ്‌. ജൂലായിൽ വർഷകാലാരംഭത്തോടെ സംജാതമാകുന്ന പ്രളയക്കെടുതിയിൽനിന്നും ഈ ജില്ല വിമുക്തമല്ല. ഒക്‌ടോബറിൽ തണുപ്പുകാലം ആരംഭിക്കുന്നു. ജനുവരിയിൽ രാത്രി താപനില 5ºC-ലും താഴെയാണ്‌. ഇവിടത്തെ ശരാശരി വാർഷിക വർഷപാതം 800-900 മില്ലിമീറ്റർ ആണ്‌. ഭൂവിസ്‌തൃതിയിൽ 70 ശതമാനത്തോളം കൃഷിയിടങ്ങളുള്ള ഈ ജില്ല ജലസേചനസൗകര്യങ്ങള്‍കൊണ്ട്‌ സമ്പന്നമാണ്‌. കനാൽ, നദികള്‍, കുളങ്ങള്‍, തടാകങ്ങള്‍ എന്നിവ മുഖേന ജലസേചനം നടത്തപ്പെടുന്നു; ഭൂഗർഭജലം ധാരാളമുള്ളതിനാൽ ജില്ലയിൽ ധാരാളം കിണറുകളും നിർമിച്ചിട്ടുണ്ട്‌. കൃഷിയിടങ്ങളിൽ ഏറിയപങ്കും റബി (വസന്തകാല) വിളവെടുപ്പിന്‌ അനുയോജ്യമാണ്‌. "റബി' വിളവെടുപ്പിലെ മുഖ്യയിനങ്ങള്‍ ഗോതമ്പ്‌, ബാർലി, മുതിര, കടല, തുവര എന്നിവയും "ഖരിഫ്‌' വിളവെടുപ്പിൽപ്പെടുന്നയിനങ്ങള്‍ നെല്ല്‌, ചോളം, ജോവർ, ബജ്‌റ, പരുത്തി എന്നിവയുമാണ്‌. കാണ്‍പൂർ നഗരത്തിനു വടക്കു പടിഞ്ഞാറായി ഗംഗാനദിക്കരയിലുള്ള ബിഥൂർ പട്ടണം നാശോന്മുഖമായ ഒരു ഹൈന്ദവ തീർഥാടനകേന്ദ്രമാണ്‌. ബ്രഹ്മദേവന്റേതെന്നു വിശ്വസിക്കപ്പെടുന്ന ഒരു പാദമുദ്രയാണ്‌ ഇവിടെ ആരാധിക്കപ്പെടുന്നത്‌. വാല്‌മീകിരാമായണം രചിച്ചത്‌ ഇവിടെവച്ചായിരുന്നുവെന്നാണ്‌ വിശ്വാസം.

ചരിത്രം. അക്‌ബറുടെ സമകാലികനായിരുന്ന അബാസ്‌ഖാന്‍ രചിച്ച താരിക്‌-എ ഷെന്‍ ഷാഹി എന്ന ഗ്രന്ഥത്തിൽ ഒരു ഗ്രാമമെന്ന നിലയിൽ കാണ്‍പൂരിനെ പരാമർശിച്ചിട്ടുണ്ട്‌. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാക്കമ്പനിയും മുഗള്‍ ചക്രവർത്തിയും ചേർന്ന്‌ 1765-ൽ ഉണ്ടാക്കിയ ജഗ്‌മാവ്‌ ഉടമ്പടിപ്രകാരം കാണ്‍പൂർ മുഗള്‍സാമ്രാജ്യത്തിന്റെ ഭാഗമായിത്തുടർന്നു. മുഗളന്മാർ 1771-ൽ ഇവിടം മറാത്തികള്‍ക്കു കൈമാറി. തുടർന്ന്‌ കമ്പനി ഇവിടം പിടിച്ചടക്കുകയും ഫൈസാബാദ്‌ ഉടമ്പടിക്കു വിധേയമായി ഔധിലെ നവാബിന്‌ കൈമാറുകയും ചെയ്‌തു. 1773 മുതൽ 1801 വരെ ഔധിലെ വാസിർ നവാബിന്റെ സൈനിക ആസ്ഥാനമായിരുന്ന കാണ്‍പൂരിന്‌ അഭൂതപൂർവമായ വികാസം കൈവന്നു. 1778-ൽ ഇവിടെ ഒരു ഇംഗ്ലീഷ്‌ സേനാവിഭാഗം താവളമുറപ്പിച്ചു. കാണ്‍പൂരിന്റെ സ്ഥാനം, ഗതാഗതസൗകര്യം തുടങ്ങിയ നയതന്ത്രപ്രാധാന്യമുള്ള ഘടകങ്ങളും പശ്ചപ്രദേശത്തെ കാർഷികാഭിവൃദ്ധിയുമാണ്‌ ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാക്കമ്പനിയെ ഈ പ്രദേശത്തേക്കാകർഷിച്ചത്‌. 1801-ൽ നവാബിൽനിന്നു കാണ്‍പൂർ ഉള്‍പ്പെടെ അഞ്ചു പ്രവിശ്യകളുടെ പൂർണാധികാരം കമ്പനി സ്വായത്തമാക്കിയതോടെ വാണിജ്യ-വ്യവസായരംഗങ്ങളിൽ കാണ്‍പൂരിൽ വലുതായ വികാസമാരംഭിച്ചു; തുടർന്ന്‌ ഇവിടം ഭരണകേന്ദ്രം കൂടിയായിത്തീർന്നു. ഗ്രാന്‍ഡ്‌ ട്രങ്ക്‌ റോഡ്‌, ഗംഗാ കനാൽ എന്നിവയും നിർമിക്കപ്പെട്ടു. ഗതാഗതം, വാർത്താവിനിമയം, വിദ്യാഭ്യാസം, സാമൂഹ്യസേവനം തുടങ്ങിയ രംഗങ്ങളിലുണ്ടായ വികാസപരിണാമങ്ങളിലൂടെ കാണ്‍പൂർ പിന്നീടു നഗരപദവി നേടി. 1855 ആയപ്പോഴേക്കും നഗരം (2.72 ച.കി.മീ.), സിവിൽ ലൈന്‍ (14.23 ച.കി.മീ.), കന്റോണ്‍മെന്റ്‌ (25.92 ച. കി.മീ.) എന്നിങ്ങനെ കാണ്‍പൂർ മെട്രാപോളിറ്റന്‍ മേഖല വിഭക്തമായിക്കഴിഞ്ഞിരുന്നു.

ഒന്നാം സ്വാതന്ത്യ്രസമരകാലത്തു (1857) നാനാസാഹിബിന്റെ സൈന്യം ബ്രിട്ടീഷ്‌ സൈനികത്താവളമായിരുന്ന കാണ്‍പൂരിനെ തകർത്തുതരിപ്പണമാക്കി. ബ്രിട്ടീഷുകാർ ഇതിനെ കാണ്‍പൂർ കൂട്ടക്കൊല (Cawnpur massacre) എന്നു വിശേഷിപ്പിക്കുന്നു. ഒരുമാസത്തിനകം ബ്രിട്ടീഷുകാർ ഇവിടം തിരിച്ചുപിടിച്ചു. നിർദോഷികളായ നഗരവാസികളെയടക്കം വളരെപ്പേരെ കൂട്ടക്കൊല ചെയ്‌തു പകരംവീട്ടുകയുണ്ടായി. 1858-ൽ ബ്രിട്ടീഷ്‌ ഇന്ത്യയുടെ ഭരണം കമ്പനിയിൽനിന്നു വേർപെടുത്തി ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴിലാക്കി. അതിനുശേഷം നടന്ന പുനർനിർമാണ പ്രവർത്തനങ്ങളുടെ ഫലമായി കാണ്‍പൂർ നഗരം ഒരു വികസിത പ്രദേശമായി രൂപംകൊണ്ടു; കന്റോണ്‍മെന്റിന്റെ പരിധി ഗണ്യമായി ചുരുക്കി; സിവിൽ സ്റ്റേഷന്‍ വിസ്‌തൃതമാക്കി. കോടതി, ജയിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റോഡുകള്‍, ഉദ്യാനങ്ങള്‍ തുടങ്ങിയവ വിപുലമായ തോതിൽ നിർമിക്കപ്പെട്ടു. ഇവിടെ 1859-ൽ റെയിൽഗതാഗതസൗകര്യവും 1891-ൽ ടെലിഫോണ്‍ സൗകര്യവും ഏർപ്പെടുത്തപ്പെട്ടു. ബ്രിട്ടീഷ്‌ സൈനികർക്കാവശ്യമായ വസ്‌ത്രം, തുകലുരുപ്പടികള്‍ എന്നിവ നിർമിക്കാനായി കൂടുതൽ വ്യവസായശാലകളും ആരംഭിച്ചു. 20-ാം ശതകത്തിന്റെ തുടക്കത്തോടെ കാണ്‍പൂർ നഗരം ഇന്ത്യയിലെ പ്രമുഖ റോഡ്‌-റെയിൽ ജങ്‌ഷനും വ്യവസായ-വാണിജ്യകേന്ദ്രവും സൈനികത്താവളവുമായി വികസിച്ചുകഴിഞ്ഞിരുന്നു. സ്വാതന്ത്യ്രപ്രാപ്‌തിക്കു മുമ്പുതന്നെ വിവിധ മേഖലകളിൽ വികാസം പ്രാപിച്ചുകഴിഞ്ഞ കാണ്‍പൂർ മേഖല തൊഴിലാളിപ്രസ്ഥാനങ്ങളുടെ വളർച്ചയ്‌ക്കും ഗണ്യമായ സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. ഇന്നും ഈ നഗരം ഇന്ത്യയിലെ ഒരു സുപ്രധാന സൈനികകേന്ദ്രമായി വർത്തിച്ചുവരുന്നു.

മെട്രാപോളിറ്റന്‍ നഗരം. ഡൽഹിയിൽനിന്നു 435 കി.മീ. തെക്കു കിഴക്കും കൊൽക്കത്തയ്‌ക്ക്‌ 1,007 കി.മീ. പടിഞ്ഞാറുമായാണ്‌ നഗരം സ്ഥിതിചെയ്യുന്നത്‌. റെയിൽവേകോളനികള്‍, കന്റോണ്‍മെന്റ്‌, അർമാപൂർ നഗരപ്രാന്തമേഖല തുടങ്ങിയവ കാണ്‍പൂർ വ്യാവസായിക-മെട്രാപോളിറ്റന്‍ നഗരത്തിൽ ഉള്‍ക്കൊള്ളുന്നു.

പഴയ കാണ്‍പൂർ, പട്‌കാപൂർ, കുർസ്‌വാന്‍, ജൂഹി, സിസാമന്‍ എന്നീ ഗ്രാമങ്ങള്‍ കൂട്ടിച്ചേർത്താണ്‌ 1901-ൽ ആധുനിക കാണ്‍പൂർ മെട്രാപോളിറ്റന്‍ നഗര (നഗരസഞ്ചയം-Urban agglomeration) ത്തിനു രൂപം കൊടുത്തത്‌. കാണ്‍പൂർ മുനിസിപ്പൽ കോർപ്പറേഷന്‍, രവാത്‌പൂർ സ്റ്റേഷന്‍, സെന്‍ട്രൽ റെയിൽവേ കോളനി, കാണ്‍പൂർ കന്റോണ്‍മെന്റ്‌, അർമാപൂർ എസ്റ്റേറ്റ്‌, നോർത്തേണ്‍ റെയിൽവേ കോളനി, ചക്കേരി, ഐ.ഐ.ടി.-കാണ്‍പൂർ എന്നീ പട്ടണങ്ങള്‍ ഈ നഗരസഞ്ചയത്തിൽ ഉള്‍പ്പെടുത്തപ്പെട്ടു. 1930 മുതല്‌ക്കാണ്‌ ഇവിടത്തെ ജനസംഖ്യ ഗണ്യമായി വർധിക്കാനാരംഭിച്ചത്‌. 1931-41 ദശകത്തിൽ വർധനവ്‌ 99.9 ശതമാനം ആയിരുന്നു. അതോടെ കാണ്‍പൂർ ജനസംഖ്യാപരമായി ലഖ്‌നൗ നഗരത്തെ പിന്നിലാക്കിക്കൊണ്ട്‌ ഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരമായിത്തീർന്നു. 1961-71 ദശകത്തിൽ ജനസംഖ്യ പത്തുലക്ഷം കവിഞ്ഞതോടെ ഇത്‌ ഇന്ത്യയിലെ പ്രയുത നഗരങ്ങളിൽ ഒന്നായി. പാർപ്പിടപ്രശ്‌നം ഇവിടെയും രൂക്ഷമാണ്‌. ഇന്ത്യയിൽ കൂടുതൽ ക്ഷയരോഗികളുള്ള നഗരങ്ങളിലൊന്നാണിത്‌. ശിശുമരണനിരക്കിലും കാണ്‍പൂർ മുന്‍പന്തിയിലാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍