This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാഡിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:19, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാഡിസ്‌

Cadiz

തെക്കന്‍ സ്‌പെയിനിലെ ഒരു തുറമുഖനഗരവും ഇതേ പേരുള്ള പ്രവിശ്യയുടെ തലസ്ഥാനവും. അത്‌ലാന്തിക്‌ സമുദ്രത്തിലുള്ള കാഡിസ്‌ ഉള്‍ക്കടലിൽ ജിബ്രാള്‍ട്ടറിനു 97 കി.മീ. തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. കടലിലേക്ക്‌ ഏതാണ്ട്‌ 8 കി.മീ. നീണ്ടു കിടക്കുന്ന ഈ ഭൂപ്രദേശം പാറക്കെട്ടുകളാൽ ചുറ്റപ്പെട്ടതാണ്‌. ഭൂപ്രകൃതിയുടെ പ്രത്യേകതകൊണ്ട്‌ കാലാവസ്ഥ സൗമ്യമായതാണ്‌. ശൈത്യകാലത്ത്‌ ഊഷ്‌മാവ്‌ 0ºC-ൽ താഴുന്നില്ല; വേനൽക്കാലത്ത്‌ ഊഷ്‌മാവ്‌ 28.33ºC-ൽ കൂടാറുമില്ല. പ്രവിശ്യാ വിസ്‌തീർണം: 7436; ച.കി.മീ.; ജനസംഖ്യ: 11,16,491 (2001).

ഉദ്ദേശം 11 കി.മീ. ചുറ്റളവുള്ള കാഡിസ്‌ നഗരത്തെ ഒരു ഭിത്തികൊണ്ട്‌ വലയം ചെയ്‌തു സംരക്ഷിച്ചിരുന്നു. ഇപ്പോള്‍ ഭിത്തി ഏതാണ്ട്‌ പൂർണമായും നശിച്ച നിലയിലാണ്‌. മൂന്നും അതിൽ ക്കൂടുതലും നിലകളുള്ളവയാണ്‌ കെട്ടിടങ്ങളിൽ അധികവും. വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന ഈ നഗരത്തിൽ വീടുകളെല്ലാം വർഷംതോറും വെള്ള തേച്ചു മോടിപിടിപ്പിക്കുന്നു. സമുദ്ര തീരത്തിലൂടെ നഗരത്തെ ചുറ്റിപ്പോകുന്നതും പോപ്ലാർ മരങ്ങള്‍ തണൽ വിരിച്ചിട്ടുള്ളതുമായ വിഹാരനടപ്പാത നഗരത്തെ കൂടുതൽ മനോഹരമാക്കുന്നു. ഈ ഘടകങ്ങളും സുഖശീതളമായ കാലാവസ്ഥയുമെല്ലാം ചേർന്നാണ്‌ കാഡിസ്‌ നഗരത്തെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുന്നത്‌. നഗരജനസംഖ്യ: 1,33,363 (2001).

കാഡിസിന്റെ തെക്കേ തീരത്തുള്ള നാവിക-ആയുധ നിർമാണശാലയാണ്‌ ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായസ്ഥാപനം. അൽഫോണ്‍സോ ത നിർമിച്ചതും 1956-ൽ പുനർനിർമാണം നടത്തിയതുമായ പഴയ ഭദ്രാസനപ്പള്ളി മറ്റൊരു ശ്രദ്ധേയ സ്ഥാപനമാകുന്നു. 1722-ൽ പണി ആരംഭിച്ച്‌ 1838-ൽ പൂർത്തിയാക്കിയ പുതിയ ഭദ്രാസനപ്പള്ളി ആന്‍ഡലൂഷന്‍ ബറോക്ക്‌ ശില്‌പവിദ്യയുടെ ഒരുത്തമ ദൃഷ്‌ടാന്തമാണ്‌. ഇതിന്റെ പ്രസിദ്ധമായ ഗുഹാഗൃഹത്തിൽ (നിലവറ) മാനുവൽ ഡി ഫള്ളായുടെ (Manuel de Falla) അവശിഷ്‌ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു. വിലപ്പെട്ട കലാശില്‌പങ്ങളുടെ നല്ലൊരു ശേഖരവും ഈ ഭദ്രാസനപ്പള്ളിയിലുണ്ട്‌.

ബി.സി. 1130-ൽ ഫിനിഷ്യർ സ്ഥാപിച്ച കാഡിസ്‌ തുറമുഖം യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖപട്ടണമായി കരുതപ്പെടുന്നു. കാലക്രമത്തിൽ ഇവിടെ ഫിനിഷ്യരുടെ പ്രമുഖവും ശക്തവുമായ ഒരു അധിവാസകേന്ദ്രമായിത്തീർന്നു. ബി.സി. 550 നോടടുപ്പിച്ച്‌ പ്രാദേശിക ജനവർഗം ഫിനിഷ്യർക്കെതിരായി തിരിഞ്ഞു. തങ്ങളുടെ ആധിപത്യം അപകടത്തിലാകുമെന്നു കണ്ടപ്പോള്‍ ഫിനിഷ്യർ കാർഥിജിന്റെ സഹായം അഭ്യർഥിച്ചു. ഫിനിഷ്യരുടെ സഹായത്തിനെത്തിയ കാർഥിജ്‌ കാഡിസ്‌ സ്വന്തമാക്കുകയാണുണ്ടായത്‌. ബി.സി. 205-ൽ റോമാക്കാർ കാഡിസ്‌ കൈവശപ്പെടുത്തി. നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഇവിടം മൂർ വർഗക്കാരുടെ ശക്തികേന്ദ്രമായിത്തീർന്നു. എ.ഡി. 1262-ൽ കാസ്റ്റീലിയയിലെ രാജാവായ അൽഫോണ്‍സോ X മൂർ വർഗക്കാരെ കാഡിസിൽനിന്നു തുരത്തി. ഇവിടെനിന്നായിരുന്നു ക്രിസ്റ്റഫർ കൊളംബസ്‌ 1493-ൽ അമേരിക്കയിലേക്കുള്ള തന്റെ രണ്ടാമത്തെ യാത്ര ആരംഭിച്ചത്‌. ഇതിനുശേഷമുള്ള ഏതാണ്ട്‌ 300 വർഷക്കാലം അമേരിക്കന്‍ കോളനികളിൽനിന്നു കാഡിസിലേക്കുണ്ടായ സമ്പത്തിന്റെ നിലയ്‌ക്കാത്ത പ്രവാഹം ഇതിനെ ഒരു സമ്പന്ന നഗരമാക്കിത്തീർത്തു. 18-ാം ശതകത്തിൽ കാഡിസിന്റെ സാമ്പത്തിക വരുമാനം ലണ്ടന്റേതിലും അധികമായിരുന്നു. എന്നാൽ ഈ കാലഘട്ടം കാഡിസിന്റെ ദുർദശ കൂടിയായിരുന്നു. കാഡിസ്‌ പലവിധ ആക്രമണങ്ങള്‍ക്കും വിധേയമായി. 1797 ഫെബ്രുവരി മുതൽ 1798 ഏപ്രിൽ വരെ കാഡിസ്‌ തുറമുഖത്തിൽ ബ്രിട്ടീഷ്‌ പട്ടാളം ഉപരോധം ഏർപ്പെടുത്തി. 1810 ഫെബ്രുവരി മുതൽ 1812 ആഗസ്റ്റ്‌ വരെ ഈ നഗരം ഫ്രഞ്ച്‌ സായുധ സൈനികരാൽ ചുറ്റപ്പെട്ടിരുന്നു. ഈ കാലഘട്ടത്തിൽ നെപ്പോളിയന്റെ അധീനതയിൽ ഉള്‍പ്പെടാതിരുന്ന എല്ലാ സ്‌പാനിഷ്‌ പ്രദേശത്തിന്റെയും തലസ്ഥാനമായിരുന്നു ഇവിടം. 1936-39-ലെ സ്‌പാനിഷ്‌ ആഭ്യന്തര യുദ്ധകാലഘട്ടത്തിൽ സ്‌പാനിഷ്‌ മൊറോക്കോയിൽനിന്നുള്ള പോഷകസേനകള്‍ക്ക്‌ എത്തിച്ചേരുന്നതിനുള്ള ഒരു പ്രധാന കവാടമായി ഈ തുറമുഖം വർത്തിച്ചു. അന്നത്‌ ദേശീയവാദികളുടെ അധീനതയിലായിരുന്നു. ഇന്ന്‌ സ്‌പെയിനിലെ ഒരു പ്രധാനവാണിജ്യ-വ്യാവസായിക കേന്ദ്രമായി കാഡിസ്‌ നഗരം വികസിച്ചിട്ടുണ്ട്‌. നാവിക-വാണിജ്യാവശ്യങ്ങള്‍ക്കുള്ള നൗകകള്‍ക്കു പുറമേ വസ്‌ത്രം, രാസവസ്‌തുക്കള്‍, പേപ്പർ, ഗ്ലാസ്‌, കളിമണ്‍പാത്രങ്ങള്‍, ഉപ്പ്‌ തുടങ്ങിയ ഉത്‌പന്നങ്ങളും ഈ നഗരത്തിൽ നിന്ന്‌ ഉത്‌പാദിപ്പിക്കപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%A1%E0%B4%BF%E0%B4%B8%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍