This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:01, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാട്‌

Jungle/Forest

വൃക്ഷങ്ങളും വള്ളികളും ചെടികളും തിങ്ങിനിറഞ്ഞ നിമ്‌നോന്നത ഭൂമി. ഐക്യരാഷ്‌ട്രസഭയുടെ ഘടകവിഭാഗമായ ഭക്ഷ്യകാർഷികസംഘടന (FAO) നല്‌കിയിട്ടുള്ള നിർവചനമനുസരിച്ച്‌ മരങ്ങള്‍ക്ക്‌ പ്രാമുഖ്യമുള്ളതും സസ്യജാലങ്ങള്‍ തിങ്ങിനിറഞ്ഞതുമായ ഒരു പ്രദേശമാണ്‌ കാട്‌. ജന്തുജാലങ്ങള്‍ക്ക്‌ അഭയം നല്‌കുകയും കാലാവസ്ഥയെ സ്വാധീനിക്കുകയും ചെയ്യുന്ന കാട്‌ ഒരു ജൈവ വ്യൂഹമാണ്‌. അതിൽ സൂക്ഷ്‌മമായ ബാക്‌റ്റീരിയ മുതൽ കൂറ്റന്‍ മരങ്ങള്‍ വരെ ഉള്‍പ്പെടും. തോട്ടങ്ങളും മറ്റും ഈ നിർവചന പരിധിയിൽപ്പെടുന്നില്ല. ഒരു നിർദിഷ്‌ട ജൈവസമൂഹവും ഭൗതികഘടകങ്ങളും അടങ്ങിയതാണ്‌ ഈ പരിസ്ഥിതി വ്യവസ്ഥ. നിരവധി നൂറ്റാണ്ടുകളുടെ വികാസപരിണാമങ്ങള്‍ക്കു വിധേയമായി പരമകാഷ്‌ഠയിലെത്തുന്ന ജൈവ പ്രതിഭാസമാണിത്‌. ആദിമകാലത്ത്‌ ഭൂമിയിൽ ധ്രുവമേഖലയൊഴിച്ചുള്ള മറ്റെല്ലായിടത്തും നിബിഡവനങ്ങളായിരുന്നു. കാലക്രമേണ ഇവയിൽ പകുതിയോളം സ്ഥലം കൃഷിക്കും പാർപ്പിടം പണിയാനും കന്നുകാലികളെ വളർത്താനുമായി മനുഷ്യന്‍ വെട്ടിത്തെളിച്ചു, കാനഡയിലെയും വടക്കന്‍ യൂറോപ്പിലെയും സൈബീരിയയിലെയും പൈന്‍ മരങ്ങളും ദേവദാരു വൃക്ഷങ്ങളും തെക്കേ അമേരിക്കയിലെയും മധ്യ ആഫ്രിക്കയിലെയും തെക്കു കിഴക്കന്‍ ഏഷ്യയിലെയും കാടുകളും പാരമ്പര്യവനങ്ങളുടെ തുടർച്ചയാണ്‌.

ഭൂമധ്യരേഖയ്‌ക്കു ഇരുവശത്തും പത്തു ഡിഗ്രി അക്ഷാംശത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിൽ കാട്‌ സമൃദ്ധമായി വളരുന്നു. മഴക്കാടുകളെന്നാണ്‌ ഇവ അറിയപ്പെടുന്നത്‌. കഠിനശൈത്യമോ താപമോ ഇല്ലാത്തതും ഇടവിട്ട്‌ മഴപെയ്യുന്നതും ഇവിടെ സസ്യജാലങ്ങള്‍ക്കു വളരാന്‍ പറ്റിയ അനുകൂലകാലാവസ്ഥ ഒരുക്കുന്നു. തെക്കേ അമേരിക്കയിലെ ആമസോണ്‍ നദീതടത്തിലാണ്‌ ഏറ്റവും വലിയ മഴക്കാടുകള്‍ ഉള്ളത്‌. ആഫ്രിക്കയിൽ ഗിനിയാ ഉള്‍ക്കടൽത്തീരം മുതൽ കോംഗോ നദീതടം വരെ മഴക്കാടുകള്‍ വ്യാപിച്ച്‌ കിടക്കുന്നു. ഏഷ്യയിൽ മലയ, ഇന്തോനേഷ്യ, ഇന്തോചൈന എന്നീ രാജ്യങ്ങളിലാണ്‌ മഴക്കാടുള്ളത്‌.

മഴയെ അടിസ്ഥാനമാക്കി, കടുത്ത ഈർപ്പമുള്ളത് കുറഞ്ഞ ഈർപ്പമുള്ളത്‌, വരണ്ടത്‌ എന്നിങ്ങനെയും, മരങ്ങളുടെ സ്വഭാവമനുസരിച്ച്‌, വിസ്‌തൃത ഇലകളുള്ളവ, അറ്റം കൂർത്ത ഇലകളുള്ളവ(coniferous), ഇലപൊഴിക്കുന്നവ (deciduous)എന്നിങ്ങനെയും കാടുകളെ തരംതിരിച്ചിട്ടുണ്ട്‌. മണ്ണ്‌, വംശപരമായ പ്രത്യേകതകള്‍, സസ്യങ്ങളുടെ പരിണാമദശകള്‍ തുടങ്ങിയവ പരിഗണിച്ച്‌ വേറെയും ഉപവിഭാഗങ്ങളുണ്ട്‌. മരങ്ങള്‍ ചെറുതും പ്രദേശം ഇടയ്‌ക്കിടെ ഊഷരവും ആണെങ്കിൽ അവയെ കുറ്റിക്കാടുകളെന്നോ തരിശുഭൂമിയെന്നോ വ്യവഹരിക്കുന്നു. സർ എച്ച്‌.ജി. ചാമ്പ്യനാണ്‌ 1936-ൽ ഇന്ത്യയിലെ വനങ്ങളെ ആദ്യമായി ശാസ്‌ത്രീയാടിസ്ഥാനത്തിൽ തരംതിരിച്ചത്‌. ഈ വർഗീകരണത്തിൽ തൃപ്‌തി തോന്നാത്തതിനാൽ അദ്ദേഹം പ്രശസ്‌തവനശാസ്‌ത്ര വിദഗ്‌ധനായിരുന്ന എസ്‌. കെ. സേത്തുമായിച്ചേർന്ന്‌ 1962-ൽ അത്‌ നവീകരിച്ചു. ഭൗമതാപനില, ഭൂമിയുടെ കിടപ്പ്‌, വൃക്ഷങ്ങളുടെ വിതാനം എന്നിവയെ ആധാരമാക്കിയായിരുന്നു ഈ തരംതിരിവ്‌.

–കേരളത്തിൽ മൊത്തം വനത്തിന്റെ വിസ്‌തീർണം സു. 11265 ച.കി.മീ. ആണ്‌-സംസ്ഥാനത്തിന്റെ ആകെ വിസ്‌തൃതിയുടെ 28.98 ശ.മാ.. ഇതിൽ 9284.857 ച.കി.മീ. റിസർവ്‌ ഫോറസ്റ്റും 1834.48 ച.കി.മീ. നിക്ഷിപ്‌തവനഭൂമിയുമാണ്‌. സഹ്യപർവതനിരകളിലെ വനങ്ങള്‍ക്ക്‌ ജൈവ വൈവിധ്യത്തിലും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന കാര്യത്തിലും സവിശേഷ പ്രാധാന്യമുണ്ട്‌. ഇവയിൽ ഉഷ്‌ണമേഖലാഹരിതവനങ്ങളും മണ്ണിന്‌ ആർദ്രതയില്ലാത്ത ഇലപൊഴിയും കാടുകളും ഉള്‍പ്പെടും. തടി, ഈറ്റ, മുള, വിറക്‌ എന്നിവയാണ്‌ പ്രധാന വനവിഭവങ്ങള്‍. ഏതാണ്ട്‌ 2395 ച.കി.മീ. സ്ഥലത്തായി വന്യമൃഗസംരക്ഷണത്തിനുള്ള രണ്ട്‌ ദേശീയ പാർക്കുകളും, 12-വന്യമൃഗ വിഹാര കേന്ദ്രങ്ങളും, ഒരു ബയോസ്‌ഫിയർ റിസർവും സ്ഥാപിച്ചിട്ടുണ്ട്‌.

മനുഷ്യരുടെ സാമൂഹ്യജീവിതത്തിൽ കാടുകള്‍ നിർണായകസ്ഥാനം വഹിക്കുന്നു. എന്നാൽ നഗരവത്‌കരണത്തിന്റെയും വ്യവസായവത്‌കരണത്തിന്റെയും വളർച്ചയോടെ വനസമ്പത്ത്‌ ലോകത്താകെ കുറഞ്ഞുവരികയാണ്‌. മണ്ണൊലിപ്പ്‌, വരള്‍ച്ച, അനാവർഷം, അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വർധനവ്‌ തുടങ്ങിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക്‌ ഇത്‌ വഴിതെളിക്കുന്നു. കാടുകളുടെ സംരക്ഷണത്തിന്‌ മിക്ക ലോകരാഷ്‌ട്രങ്ങളും ഇന്ന്‌ ഏറെ പ്രാധാന്യം നൽകുന്നുണ്ട്‌. ജനങ്ങളിൽ അവബോധം സൃഷ്‌ടിക്കുക വഴി വനനശീകരണം പരമാവധി കുറയ്‌ക്കുകയും വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്ന "സാമൂഹ്യവനവത്‌കരണം' (Social forestry) പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്‌ത്‌ സസ്യസമ്പത്ത്‌ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്ന്‌ ആഗോളതലത്തിൽ പ്രയോഗത്തിലുണ്ട്‌.

(തോട്ടം രാജശേഖരന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍