This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്‌ട്രിക്‌ ഡിസ്‌ചാർജ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:01, 20 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇലക്‌ട്രിക്‌ ഡിസ്‌ചാർജ്‌

Electric Discharge

സാധാരണഗതിയിൽ മിക്ക വാതകങ്ങളും വിദ്യുത്‌ചാലകങ്ങളല്ല. മർദം വളരെക്കുറച്ച്‌ വോള്‍ട്ടത വർധിപ്പിക്കുമ്പോള്‍ വാതകത്തിൽക്കൂടി വൈദ്യുതധാര പ്രവഹിക്കും. ഈ പ്രതിഭാസത്തെ "ഇലക്‌ട്രിക്‌ ഡിസ്‌ചാർജ്‌' എന്നുപറയുന്നു. 1859-ൽ ജെ. പ്ലക്കർ ഈ പ്രതിഭാസത്തെ ദർശിച്ചുവെങ്കിലും, അതിനുശേഷം വില്യം ക്രൂക്‌സ്‌, ജെ.ജെ. തോംസണ്‍ എന്നിവരാണ്‌ ഇതേപ്പറ്റി വിശദമായ പഠനം നടത്തിയത്‌.

ഏകദേശം 30 സെ.മീ. നീളവും 5 സെ.മീ. വ്യാസവും ഉള്ളതും രണ്ടുവശവും അടയ്‌ക്കപ്പെട്ടതും ഓരോ പ്ലാറ്റിനം ഇലക്‌ട്രാഡുകള്‍ ഇരുവശത്തും ഘടിപ്പിക്കപ്പെട്ടതുമായ ഒരു ഗ്ലാസ്‌ കുഴലാണ്‌ പരീക്ഷണത്തിനുപയോഗിക്കാവുന്ന ലളിതമായ ഒരുപകരണം. ഇലക്‌ട്രാഡുകളിൽ ആവശ്യമായ വോള്‍ട്ടത കൊടുക്കാം. കുഴലിൽ നിന്ന്‌ വാതകത്തെ ക്രമേണ നീക്കം ചെയ്യുമ്പോള്‍ പല പ്രതിഭാസങ്ങളും കാണപ്പെടുന്നു. വാതകത്തിന്റെ മർദം ഏകദേശം ഒരു സെ.മീ. മെർക്കുറി ആകുമ്പോള്‍ വൈദ്യുതിപ്രവാഹം ആരംഭിക്കുന്നു. കുഴലിൽ അനിയതമായ രജതരേഖകള്‍ കാണപ്പെടും. ഒരു സ്‌ഫോടനശബ്‌ദവും കേള്‍ക്കാം. മർദം 0.5 സെ.മീ. ആകുമ്പോള്‍ ഡിസ്‌ചാർജ്‌ തുടർച്ചയായുണ്ടാകുകയും കുഴൽ ആകമാനം പ്രകാശമാനമാകുകയും ചെയ്യുന്നു. പ്രകാശത്തിന്റെ വർണം വാതകസ്വഭാവത്തെ ആശ്രയിച്ചിരിക്കും. മർദം 0.2 സെ.മീ. ആകുന്നതോടെ കുഴൽ നിറഞ്ഞിരുന്ന പ്രകാശധാര രണ്ടു പുഞ്‌ജങ്ങളായിത്തീരുന്നു. ആനോഡിനോടു ചേർന്നുള്ള വലിയ മെർക്കുറി സ്‌തംഭത്തെ ധനാത്മകം (positive) എന്നും കാഥോഡിനോടുചേർന്ന ചെറിയ സ്‌തംഭത്തെ ഋണാത്മകം (negative) എന്നും ഇവയ്‌ക്കിടയിലുള്ള ഇടുങ്ങിയ അദീപ്‌ത പ്രദേശത്തെ "ഫാരഡെ അദീപ്‌തപ്രദേശം' (Faraday dark region) എന്നും പറയുന്നു. മർദം 0.1 സെ.മീ. ആകുന്നതോടെ ധനാത്മകസ്‌തംഭം ചെറുതാകുകയും ഋണാത്മകസ്‌തംഭം കാഥോഡിൽനിന്നു വിടുകയും അവയ്‌ക്കിടയിൽ മറ്റൊരു അദീപ്‌തപ്രദേശം ഉണ്ടാകുകയും ചെയ്യുന്നു. ഇത്‌ "ക്രൂക്‌ അദീപ്‌തപ്രദേശം' (Crook dark region) എന്ന പേരിലറിയപ്പെടുന്നു. മർദം 0.01 സെ.മീ. ആകുമ്പോള്‍ ചെറുതായിത്തീർന്ന ധനാത്മകസ്‌തംഭം ചെറിയ തിളങ്ങുന്ന തളികകള്‍പോലെ ഭിന്നമായിത്തീരുന്നു. കാഥോഡിലെ പ്രകാശം വളരെക്കൂടുകയും ക്രൂക്‌ അദീപ്‌തപ്രദേശം വളരെ വലുതാകുകയും ചെയ്യുന്നു. മർദം വീണ്ടും കുറയ്‌ക്കുമ്പോള്‍ പല ഭാഗങ്ങളും ഓരോന്നായി കാഥോഡിലേക്കു നീങ്ങി അപ്രത്യക്ഷമാകുന്നു; ക്രൂക്‌ അദീപ്‌തപ്രദേശം വളരെ വലുതാകുന്നു. ഏകദേശം 0.001 സെ.മീ. മർദത്തിൽ കുഴൽ മുഴുവനും അദീപ്‌തപ്രദേശമായിത്തീരുന്നു. ഈ അവസ്ഥയിൽ കുഴൽ നിർമിതിക്ക്‌ ഉപയോഗിച്ചിട്ടുള്ള ഗ്ലാസിന്റെ ഘടനയ്‌ക്കനുസരണമായി നീലയോ പച്ചകലർന്ന നീലയോ ആയ ഫ്‌ളൂറെസന്റ്‌ കിരണങ്ങള്‍ കുഴലിൽനിന്നും പുറപ്പെടുവാന്‍ തുടങ്ങും. കുഴലിൽ എക്‌സ്‌-കിരണങ്ങള്‍ ഉണ്ടായി അവ കുഴലിന്റെ ഭിത്തിയിൽ പതിക്കുന്നതിന്റെ ഫലമായാണ്‌ ഫ്‌ളൂറസെന്റ്‌ കിരണങ്ങള്‍ ഉണ്ടാകുന്നത്‌.

ഡിസ്‌ചാർജ്‌ ട്യൂബ്‌

കാഥോഡിൽനിന്ന്‌ ആനോഡിലേക്ക്‌ അദൃശ്യമായ കാഥോഡ്‌ കിരണങ്ങള്‍ പ്രവഹിക്കുന്നു. ഇത്‌ ഇലക്‌ട്രാണുകളുടെ പ്രവാഹം തന്നെയാണെന്ന്‌ പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്‌. കാഥോഡ്‌ കിരണങ്ങള്‍ സിങ്ക്‌ സള്‍ഫൈഡ്‌ പോലെയുള്ള പദാർഥങ്ങളിൽ പതിക്കുമ്പോള്‍ ദീപ്‌തി ഉണ്ടാകുന്നു. ടെലിവിഷന്‍ സ്‌ക്രീനിന്‌ അകവശത്ത്‌ ഫ്‌ളൂറസെന്‍സ്‌ ഉണ്ടാക്കുന്ന പദാർഥങ്ങള്‍ പൂശിയിരിക്കും. ഇതിൽ കാഥോഡ്‌ കിരണങ്ങള്‍ പതിക്കുമ്പോഴാണ്‌ ടെലിവിഷന്‍ സ്‌ക്രീനിലും അതുപോലെ കംപ്യൂട്ടർ മോണിറ്ററിലും ചിത്രങ്ങള്‍ തെളിയുന്നത്‌. കാഥോഡ്‌ കിരണങ്ങള്‍ പതിയുമ്പോള്‍ പ്രകാശമുണ്ടാകുന്നതിനെ കാഥോഡോ ലൂമിനസെന്‍സ്‌ എന്നുപറയുന്നു. ഇലക്‌ട്രാണുകള്‍ (പ്രകാശം തന്നെയും ആകാം) പതിക്കുന്നത്‌ നിലച്ചാലും അല്‌പം നേരത്തേക്കുകൂടി പ്രകാശം തരുന്ന പ്രതിഭാസത്തെ ഫോസ്‌ഫോറസെന്‍സ്‌ എന്ന്‌ വിളിക്കുന്നു. എന്നാൽ ഫ്‌ളൂറസെന്റ്‌ പദാർഥങ്ങളിൽ പ്രകാശം അല്ലെങ്കിൽ ഇലക്‌ട്രാണുകള്‍ പതിക്കുന്നതു നിലച്ചാൽ പ്രകാശം നിർഗമിക്കുന്നതും നിലയ്‌ക്കും. ഫ്‌ളൂറസെന്റ്‌ പെയിന്റുകള്‍ പൂശിയ ട്രാഫിക്‌സിഗ്നൽ ബോർഡുകളും പരസ്യബോർഡുകളും റോഡ്‌സ്റ്റഡുകളും ഇന്ന്‌ ഏറെ ഉപയോഗിച്ചുവരുന്നു. വ്യത്യസ്‌ത വാതകങ്ങളിൽ വൈദ്യുതി കടത്തിവിടുമ്പോള്‍ ഉണ്ടാകുന്ന വിവിധ പ്രതിഭാസങ്ങളെ ആസ്‌പദമാക്കിയാണ്‌ ഫ്‌ളൂറസെന്റ്‌ വിളക്കുകള്‍, നിയോണ്‍ വിളക്കുകള്‍ മുതലായവ പ്രവർത്തിക്കുന്നത്‌.

(ഡോ. എം.ജി. കൃഷ്‌ണപിള്ള; ഡോ. ബി. പ്രംലെറ്റ്‌; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍