This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓപ്‌റ്റിക്കൽ ആക്‌റ്റിവിറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:46, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓപ്‌റ്റിക്കൽ ആക്‌റ്റിവിറ്റി

Optical activity

ചിലയിനം പദാർഥങ്ങള്‍ക്ക്‌ അവയിൽക്കൂടി കടന്നുപോകുന്ന സമതല ധ്രുവീകൃത പ്രകാശത്തിന്റെ (plane polarised light)ധ്രുവണതലത്തിന്‌ ഘൂർണനം (rotation) ഉണ്ടാക്കുന്നതിനുള്ള കഴിവ്‌. പദാർഥത്തിലേക്ക്‌ ധ്രുവീകൃത പ്രകാശം (polarised light) പ്രവേശിക്കുന്നതിനുമുമ്പുള്ള ധ്രുവണതലവും പദാർഥത്തിൽനിന്ന്‌ പ്രകാശം പുറത്തേക്കു വരുമ്പോഴുള്ള ധ്രുവണതലവും തമ്മിൽ ഒരു നിശ്ചിതകോണം ഉണ്ടായിരിക്കും; ഈ കോണത്തെ ഘൂർണന കോണം (angle of rotation)എന്നു പറയുന്നു. ഘൂർണന കോണം പദാർഥത്തിന്റെ ഘനത്വം, പ്രകാശം പദാർഥത്തിൽക്കൂടി സഞ്ചരിക്കുന്ന ദൂരം, പദാർഥത്തിന്റെ സ്വഭാവം, താപനില, പ്രകാശത്തിന്റെ തരംഗനീളം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. മൂന്നുതരം ഓപ്‌റ്റിക്കൽ ആക്‌റ്റിവിറ്റി ഉണ്ട്‌. (1) ചില പദാർഥങ്ങള്‍ ക്രിസ്റ്റലീകൃത അവസ്ഥയിൽമാത്രം പ്രദർശിപ്പിക്കുന്ന ഓപ്‌റ്റിക്കൽ ആക്‌റ്റിവിറ്റി. ഇത്‌ പദാർഥത്തിന്റെ വിലയിതാവസ്ഥയിലോ ബാഷ്‌പാവസ്ഥയിലോ ഇല്ലാതാകുന്നു. (2) ചില പദാർഥങ്ങള്‍, അവ ഏതവസ്ഥയിലാണെങ്കിലും (ക്രിസ്റ്റൽ അവസ്ഥയിലും ബാഷ്‌പാവസ്ഥയിലും വിലയിതാവസ്ഥയിലും ദ്രാവകാവസ്ഥയിലും) ഓപ്‌റ്റിക്കൽ ആക്‌റ്റിവിറ്റി പ്രദർശിപ്പിക്കുന്നു. (3) ചില പദാർഥങ്ങള്‍ക്ക്‌ എല്ലാ അവസ്ഥകളിലും (കാന്തികക്ഷേത്രത്തിൽ വയ്‌ക്കുമ്പോള്‍മാത്രം) ഓപ്‌റ്റിക്കൽ ആക്‌റ്റിവിറ്റി ഉണ്ടാകുന്നു.

ഇതാണ്‌ ഫാരഡേ പ്രഭാവം. ഇവയിൽ മൂന്നാമത്തെ ഇനം, പദാർഥത്തിന്റെ തന്മാത്രയുടെയോ ക്രിസ്റ്റലിന്റെയോ സംരചനാവിശേഷത്താൽ മാത്രം ഉണ്ടാകുന്നതല്ല; ഒരു ബാഹ്യ-കാന്തിക ക്ഷേത്രത്തിന്റെ പ്രഭാവത്താൽ നിവേശിതമാകുന്ന ഒന്നാണ്‌. ഈ ഇനത്തെപ്പറ്റി ഇവിടെ പ്രതിപാദിക്കുന്നില്ല.

മറ്റു രണ്ടിനം പ്രതിഭാസങ്ങളും ഉണ്ടാകുന്നത്‌, ക്രിസ്റ്റലിന്റെയോ തന്മാത്രയുടെയോ ഉള്ളിലുള്ള അസമമിത(asymmetric)മായ വിദ്യുത്‌ക്ഷേത്രത്തിൽക്കൂടി പ്രകാശം കടന്നുപോകുന്നതിനാലാണ്‌. ഒരു ക്രിസ്റ്റലിന്‌ ചില സമമിതികളുടെ അഭാവമുണ്ടാകുമ്പോഴാണ്‌ അതിനുള്ളിൽ അസമമിത വിദ്യുത്‌ക്ഷേത്രം ഉണ്ടാകുന്നത്‌. അതുപോലെ സംരചനാവിശേഷത്താൽ തന്മാത്രയിലോ അയോണിലോ ഉള്ള സമമിതി ഇല്ലായ്‌മയാൽ തന്മാത്രയ്‌ക്ക്‌ അഥവാ അയോണിനുതന്നെ ഓപ്‌റ്റിക്കൽ ആക്‌റ്റിവിറ്റി ഉണ്ടാകുന്നു.

നിരവധി ഓർഗാനിക പദാർഥങ്ങളും ഇനോർഗാനിക പദാർഥങ്ങളും ക്രിസ്റ്റൽ അവസ്ഥയിൽ മാത്രം ഓപ്‌റ്റിക്കൽ ആക്‌റ്റിവിറ്റിയുള്ളവയാണ്‌. ക്വാർട്‌സ്‌ ഇതിന്‌ ഉദാഹരണമാണ്‌. സംരചനാപരമായ പഠനങ്ങളിൽ ഓപ്‌റ്റിക്കൽ ആക്‌റ്റിവിറ്റി വളരെ പ്രയോജനപ്പെടുന്നു. നോ. ഐസൊമെറിസം

(ഡോ. കെ.പി. ധർമരാജയ്യർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍