This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒട്ടോമന്‍ സാമ്രാജ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:00, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഒട്ടോമന്‍ സാമ്രാജ്യം

Ottoman Empire

1289 മുതൽ 1922 വരെ നിലനിന്നിരുന്ന തുർക്കി സാമ്രാജ്യം. മംഗോള്‍ വംശവുമായി ബന്ധമുള്ള ഒട്ടോമന്‍ തുർക്കികള്‍ മധ്യേഷ്യയിൽനിന്നു പേർഷ്യയിലേക്കും അവിടെനിന്നു അനത്തോളിയയിലേക്കും കുടിയേറിപ്പാർത്തു. അനത്തോളിയയിൽവച്ച്‌ അവർ മറ്റൊരു തുർക്കിവിഭാഗമായ സൽജുക്‌ തുർക്കികളുമായി ബന്ധപ്പെടുകയും അവരുടെ നാടുകള്‍ കൈയടക്കുകയും ചെയ്‌തു. ഈ വിഭാഗം തുർക്കികള്‍ അവരുടെ ഇതിഹാസപുരുഷനായ ഉസ്‌മാന്റെ (1259-1326) അനുയായികളെന്ന നിലയിലാണ്‌ ഉസ്‌മാനിയ്യാക്കള്‍ (ഒട്ടോമനുകള്‍) എന്നറിയപ്പെട്ടത്‌. ഈ പരമ്പരയിൽപ്പെട്ട 36 സുൽത്താന്മാർ ഉണ്ടായിരുന്നു. മുഹമ്മദ്‌ ഢക (ഭ.കാ. 1918-22) ആയിരുന്നു ഒട്ടോമന്‍ ഭരണം അവസാനിക്കുമ്പോള്‍ അധികാരത്തിലുണ്ടായിരുന്നത്‌.

ഏ.ഡി. 1300-നടുപ്പിച്ച്‌ ഉസ്‌മാന്‍ അനത്തോളിയയിൽ പടുത്തുയർത്തിയ രാജ്യം അേദ്ദഹത്തിന്റെ ഏഴാമത്തെ പിന്തുടർച്ചാവകാശിയായ മുഹമ്മദ്‌ കക-ന്റെ കാലത്ത്‌ (1451-81) ഒരു സാമ്രാജ്യമായി വളർന്നിരുന്നു. മുഹമ്മദ്‌, ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കുകയും (1453) ഒരു സഹസ്രാബ്‌ദം പഴക്കമുള്ള ഈ സാമ്രാജ്യം നശിപ്പിക്കുകയും ചെയ്‌തു. യൂറോപ്പിലും ഏഷ്യയിലും അധികാരം ഉറപ്പിച്ച ഒട്ടോമന്‍ തുർക്കികള്‍ തങ്ങളുടെ അധികാരപരിധി അൽജിയേഴ്‌സ്‌ മുതൽ ഇറാക്ക്‌ വരെയും ഹംഗറി മുതൽ ഈജിപ്‌ത്‌ വരെയും വികസിപ്പിച്ചു. മധ്യപൗരസ്‌ത്യദേശത്ത്‌ അവരുടെ ശക്തിയെ ഒട്ടെങ്കിലും ചോദ്യം ചെയ്‌തിരുന്നത്‌ പേർഷ്യ മാത്രമായിരുന്നു.

ഒട്ടോമന്‍ ചക്രവർത്തിമാരിൽ അതിപ്രഗല്‌ഭന്‍ സുലൈമാന്‍ (1520-68) ആയിരുന്നു. സുലൈമാന്റെ മഹത്തായ നേട്ടം, 19-ാം ശതകത്തിന്റെ അന്ത്യംവരെ നിലനിന്ന ഒട്ടോമന്‍ നിയമസംഹിതയുടെ നിർമാണമായിരുന്നു. അക്കാരണത്താൽ അൽഖാനൂനീ (നിയമനിർമാതാവ്‌) എന്ന പേരിലാണ്‌ അദ്ദേഹം സ്വജനതയ്‌ക്കിടയിൽ പ്രസിദ്ധനായത്‌. ഇക്കാലക്ക്‌ വാസ്‌തുവിദ്യാരംഗത്തും വളരെ പുരോഗതിയുണ്ടായി. അദ്ദേഹത്തിന്റെ പ്രധാനശില്‌പി സിനാന്‍ അനത്തോളിയക്കാരനായ ഒരു ക്രിസ്‌ത്യാനിയായിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിളിലെ സെയ്‌ന്റ്‌ സോഫിയാ പള്ളിയെ വെല്ലുന്നതരത്തിൽ എഡ്രിയാനോപ്പിളിൽ സുലൈമാന്‍ പണികഴിപ്പിച്ച സുലൈമാനിയ്യ മസ്‌ജിദ്‌ അതിമനോഹരമായ ഒരു മന്ദിരമാണ്‌. അതിൽ ഉപയോഗിച്ചിരുന്ന സൽജുക്‌ മാതൃകയിലുള്ള മേച്ചിൽ ഓടുകളും പേർഷ്യന്‍ മാതൃകയിലുള്ള മൊസേയിക്‌, ഫിയെന്‍സ്‌ (faience)എന്നിവയും വർണഭേദങ്ങളുടെയെന്നപോലെ കലാസൗകുമാര്യത്തിന്റെയും മാറ്റ്‌ വിളിച്ചറിയിക്കുന്നു. മക്ക, ജെറൂസലം, കോണ്‍സ്റ്റാന്റിനോപ്പിള്‍ തുടങ്ങിയ നഗരങ്ങളിൽ മുന്നൂറിൽപ്പരം പള്ളികള്‍, കൊട്ടാരങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, പൊതു കുളിസ്ഥലങ്ങള്‍ എന്നിവ സിനാന്‍ നിർമിച്ചിട്ടുള്ളതായി പറയപ്പെടുന്നു.

സുലൈമാന്റെ ഭരണകാലത്താണ്‌ തുർക്കി ഒരു പ്രധാന നാവികശക്തിയായി ഉയർന്നത്‌. ഇദ്ദേഹത്തിന്റെ പിതാവായ സലീം ക-ന്റെ കാലത്തുതന്നെ ഒട്ടോമന്‍ നാവിക സൈന്യം അൽജീരിയ പിടിച്ചടക്കിയിരുന്നു (1518). ഖൈറുദ്ദീന്‍ ബാർബറോസായുടെ നേതൃത്വത്തിൽ ഒട്ടോമന്‍ നാവികർ 1534-ൽ ടുണീഷ്യ ആക്രമിച്ചെങ്കിലും 1574-ൽ മാത്രമേ പൂർണമായും അതൊരു തുർക്കി പ്രവിശ്യയായി തീർന്നുള്ളു. 1551-ൽ ട്രിപ്പൊളി അധീനമായതോടുകൂടി ബെർബർ രാജ്യവിഭാഗം മുഴുവന്‍ തുർക്കിക്കധീനമായി. ഉത്തര ആഫ്രിക്കയിൽ മൊറോക്കോ മാത്രമേ ഇക്കാലത്ത്‌ തുർക്കി സാമ്രാജ്യത്തിൽ ഉള്‍പ്പെടാതിരുന്നുള്ളു. തുർക്കി കാലാള്‍പ്പട "ജാനസ്സറി'കള്‍ എന്ന പ്രത്യേയക വിഭാഗത്തിന്റെ സഹായത്തോടുകൂടി അതിശക്തമായ ഒരു സൈനികവിഭാഗമായിത്തീർന്നിരുന്നു. സുശിക്ഷിതമായ പരിശീലനം സിദ്ധിച്ച ഈ സൈനിക വിഭാഗത്തിന്റെ സഹായത്തോടുകൂടി പേർഷ്യയിൽ തബ്‌രീസ്‌ വരെയും ബാള്‍ക്കന്‍ ഉപദ്വീപിൽ ബുഡാപെസ്റ്റുവരെയുമുള്ള ഭൂവിഭാഗം തുർക്കികള്‍ ആക്രമിച്ചു കീഴടക്കി. 1529-ൽ വിയന്ന ആക്രമിച്ചുവെങ്കിലും അവർക്കു പിന്തിരിയേണ്ടിവന്നു. തുർക്കി നാവികസേനയുടെ ആക്രമണങ്ങള്‍മൂലം വിഷമിച്ച ഹാപ്‌സ്‌ ബർഗ്‌ ചക്രവർത്തി ചാള്‍സ്‌ V-ഉം വെനീസിലെ ആന്‍ഡ്രിയാഡോറിയായും ചേർന്ന്‌ തുർക്കികളെ ടുണീസിൽനിന്നും തുരത്തി. പക്ഷേ 1536-ൽ ഫ്രഞ്ചുകാരുമായി ഉണ്ടാക്കിയ ഒരു കരാറിനുശേഷം ഫ്രഞ്ചു നാവികപ്പടയുമായി സഹകരിച്ച്‌ തുർക്കികള്‍ പശ്ചിമ മെഡിറ്ററേനിയനിൽ അവരുടെ ആധിപത്യം നിലനിർത്തി. തുർക്കി നാവിക സൈന്യത്തിന്റെ ഉപയോഗത്തിനായി ഫ്രഞ്ചുകാർ ടുളൂണ്‍ നഗരവും തുറമുഖവും വിട്ടുകൊടുക്കുകയുണ്ടായി.

പൗരസ്‌ത്യ രാജ്യങ്ങളുമായുള്ള വ്യാപാരം ശക്തിപ്പെടുത്തുന്നതിൽ സുലൈമാന്‍ ശ്രദ്ധ ചെലുത്തിയിരുന്നു. ചെങ്കടൽ വഴി തുർക്കിയുടെ പൗരസ്‌ത്യവ്യാപാരം അഭിവൃദ്ധിപ്പെടുത്തുന്നതിനായി 1525-ൽ യെമനും ഏഡനും തുർക്കികള്‍ കൈവശപ്പെടുത്തി. പൗരസ്‌ത്യ വ്യാപാരത്തിന്‌ ഒരു ഭീഷണിയായിത്തീർന്നിരുന്ന പോർച്ചുഗീസുകാരെ ഇന്ത്യന്‍ മഹാസമുദ്രത്തിൽനിന്നു തുരത്തുന്നതിന്‌ സുലൈമാന്‍ പാഷായുടെ നേതൃത്വത്തിൽ വമ്പിച്ചൊരു നാവികപ്പട ഇന്ത്യയിലേക്ക്‌ അയയ്‌ക്കപ്പെട്ടു. സാമൂതിരിയും ഗുജറാത്തിലെ സുൽത്താനുമായി സഹകരിച്ച്‌ തുർക്കികള്‍ പോർച്ചുഗീസ്‌ തുറമുഖമായ ദിയൂ ആക്രമിച്ചുവെങ്കിലും (1538) ആ ഉദ്യമം സഫലമായില്ല. പോർച്ചുഗീസുകാർ പേർഷ്യന്‍ ഉള്‍ക്കടലിലേക്കുള്ള പ്രവേശനദ്വാരമായ ഹോർമസ്‌ പിടിച്ചടക്കിയെങ്കിലും തുർക്കികള്‍ ചെങ്കടൽ, യെമന്‍, പേർഷ്യന്‍ ഉള്‍ക്കടൽ എന്നിവിടങ്ങളിൽ അധികാരം തുടർന്നും നടത്തിയിരുന്നു. സുലൈമാന്റെ വസീർ (പ്രധാനമന്ത്രി) ആയിരുന്ന മുഹമ്മദ്‌ സൊകൊളി, സലീം കക-ന്റെ കാലത്തും (1566-74) ഭരണം നിയന്ത്രിച്ചിരുന്നതുകൊണ്ട്‌ ഭരണതലത്തിൽ പ്രകടമായ വ്യത്യാസമൊന്നും കണ്ടിരുന്നില്ല. എന്നാൽ ചക്രവർത്തിയുടെ സുഖലോലുപതയും അനുയായികളുടെ കുതന്ത്രങ്ങളും സാമ്രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിച്ചു. സലീമിന്റെ കാലത്ത്‌ മെഡിറ്ററേനിയന്‍ കടലിൽ തുർക്കി നാവികാധിപത്യം തുടർന്നും നിലനിന്നുവെങ്കിലും, പശ്ചിമയൂറോപ്യന്‍ രാജ്യങ്ങളുടെ ഒരു സംഘടിത നാവികപ്പട ലെപാന്റോ ഉള്‍ക്കടലിൽവച്ച്‌ തുർക്കികളെ നിർണായകമായി തോല്‌പിക്കുകയുണ്ടായി (1571 ഒ.). എന്നാൽ എതിരാളികള്‍ തങ്ങളുടെ വിജയപരിപൂർത്തിക്കുവേണ്ടി ശ്രമിക്കാതിരുന്നതിനാൽ തുർക്കി നാവികാധിപത്യം തുടർന്നു.

ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭരണം ഇതിനിടയിൽ വ്യക്തമായ ഒരു രൂപം കൈക്കൊണ്ടു. അത്‌ തികച്ചും സുൽത്താന്‍, മന്ത്രിമാർ, ഗവർണർമാർ, പട്ടാളമേധാവികള്‍ എന്നിവരടങ്ങിയ ഒരു വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഒരു സൈനിക ഭരണമായിത്തീർന്നു. ഗവണ്‍മെന്റുദ്യോഗസ്ഥന്‍, അയാള്‍ എത്ര ഉന്നത സ്ഥാനീയനായിരുന്നാലും ഒട്ടോമന്‍ സുൽത്താന്റെ ഒരു അടിമ മാത്രമായിരുന്നു. അയാളുടെ ജീവനും സ്വത്തും സുൽത്താന്റെ ഇച്ഛയ്‌ക്കടിമപ്പെട്ടതായിരുന്നു.

ഒട്ടോമന്‍ പ്രജകള്‍ വിവിധമത, ഭാഷാവർഗവിഭാഗങ്ങളിൽ-സ്ലാവുകള്‍, ഗ്രീക്കുകാർ, കുർദുകള്‍, അർമീനിയക്കാർ, അറബികള്‍, മുസ്‌ലിങ്ങള്‍, ക്രിസ്‌ത്യാനികള്‍, യഹൂദന്മാർ-പെട്ടവരായിരുന്നു; അവരെയെല്ലാം കൂട്ടിയിണക്കിയിരുന്നത്‌ ഒട്ടോമന്‍ സുൽത്താനും. ഒട്ടോമന്‍ സാമ്രാജ്യം നിലനിന്നിടത്തോളം കാലം, ഒട്ടോമന്‍ തുർക്കികള്‍ ആകെ ജനസംഖ്യയുടെ വളരെ ചെറിയൊരു വിഭാഗം മാത്രമായിരുന്നു. അനത്തോളിയയിൽ മാത്രമേ അവരൊരു ഭൂരിപക്ഷ ജനസമൂഹമായിരുന്നുള്ളൂ.

മതപരമായ വിഭാഗങ്ങള്‍ക്ക്‌ തുർക്കികള്‍ മില്ലത്ത്‌ (ജനത) എന്ന പദമാണുപയോഗിച്ചിരുന്നത്‌. മുസ്‌ലിം, റൂം (ഗ്രീക്‌ ഓർത്തഡോക്‌സ്‌ സഭക്കാർ) എന്നിവയായിരുന്നു രണ്ടു പ്രധാന മില്ലത്തുകള്‍; ഓരോ മില്ലത്തിന്റെയും നേതാവിനെ ഔദ്യോഗികമായി അംഗീകരിക്കുകയും ആ വിഭാഗത്തിന്റെ വ്യക്തിനിയമം നടപ്പിലാക്കുന്നതിന്റെ ചുമതല അയാളെ ഏല്‌പിക്കുകയും ചെയ്‌തിരുന്നു. വിവാഹം, വിവാഹമോചനം, ദായക്രമം, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ മുസ്‌ലിം നിയമങ്ങള്‍ അമുസ്‌ലിങ്ങള്‍ക്കു ബാധകമായിരുന്നില്ല. അതതു സമുദായക്കാരുടെ സാമുദായിക കോടതികളാണ്‌ അവ കൈകാര്യം ചെയ്‌തിരുന്നത്‌. ഇത്‌ ഒട്ടോമന്‍സമൂഹത്തെ ഭാഗികമായി സ്വതന്ത്രങ്ങളായ ഗ്രൂപ്പുകളുടെ ഒരു കൂട്ടമാക്കിത്തീർത്തു. സാമ്രാജ്യത്തിലെ യൂറോപ്യന്‍ പ്രജകളെയും മില്ലത്ത്‌ ആയി പരിഗണിച്ചിരുന്നു. ഈ അവകാശങ്ങള്‍ വിദേശീയർക്ക്‌ തുർ ക്കിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാന്‍ അവസരം നല്‌കി. തുർക്കി സ്വാതന്ത്യ്രം പ്രാപിക്കുന്നതുവരെ ഈ നില തുടർന്നു.

പ്രവിശ്യാഭരണകാര്യത്തിൽ തുർക്കികള്‍ ബൈസാന്തിയന്‍-അറബിമാതൃകകള്‍-പിന്തുടരുന്നു. ഓരോ പ്രവിശ്യ(വിലായത്ത്‌)യിലേക്കും നീതിന്യായ പാലനത്തിനും ക്രമസമാധാനം നിലനിർത്താനും സൈനികവിഭാഗങ്ങളെ അയയ്‌ക്കാനും നികുതിപിരിക്കാനുമായി തലസ്ഥാനത്തുനിന്ന്‌ ഗവർണർമാരെ അയച്ചിരുന്നു. നികുതിപിരിവ്‌ ലേലം ചെയ്‌തുകൊടുക്കുന്ന പതിവ്‌, അതിന്റെ എല്ലാ ദൂഷ്യവശങ്ങളോടുംകൂടി, നിലനിന്നു. എന്നാൽ സ്വാതന്ത്യ്രച്ഛുക്കളായ ഡ്രൂസുകളും (Druzes)മൊറൊനൈറ്റുകളും (Maronites) തൊമസിച്ചിരുന്ന ലെബനന്‍ കുന്നുകളെ ഇക്കാര്യത്തിൽ ഒഴിവാക്കിയിരുന്നു. അവരുടെ സമുദായ നേതാക്കന്മാരെത്തന്നെ ഈ ചുമതല ഏല്‌പിച്ചു. നേതാക്കന്മാർ പാരമ്പര്യമായി പ്രസ്‌തുത അവകാശങ്ങള്‍ അനുഭവിച്ചിരുന്നുവെന്നു മാത്രമല്ല പലപ്പോഴും സുൽത്താനെതിരായി ഉപജാപങ്ങള്‍ നടത്തുകയും ചെയ്‌തുപോന്നു. പ്രവിശ്യാ ഗവർണർപദം കോണ്‍സ്റ്റാന്റിനോപ്പിളിൽ വില്‌പനച്ചരക്കായിരുന്നു. താന്‍ മുടക്കിയ തുകയ്‌ക്ക്‌ മുതലും പലിശയും ഈടാക്കാനായിരുന്നു ഓരോ ഉദ്യോഗസ്ഥന്റെയും ശ്രമം. ഉദ്യോഗകാലാവധി നിശ്ചിതമല്ലാത്തതിനാൽ കഴിവതും വേഗം ഈ തുക മുതലാക്കുവാന്‍ ഉദ്യോഗസ്ഥന്മാർ കിണഞ്ഞു പരിശ്രമിച്ചു. നാട്ടിൽ ക്രമസമാധാനം നിലനിർത്തിയെന്നതൊഴിച്ചാൽ, കാർഷികമോ വ്യാവസായികമോ ആയ അഭിവൃദ്ധിക്കുവേണ്ടി സുൽത്താന്‍ഭരണം യാതൊന്നും ചെയ്‌തില്ല. സുലൈമാന്റെ കീഴിൽ തുർക്കി സാമ്രാജ്യം അനുഭവിച്ചിരുന്ന ഔന്നത്യം വളരെനാള്‍ നിലനിന്നില്ല. അദ്ദേഹത്തിന്റെ മകന്‍ സലീം കക-ന്റെ കാലത്തുതന്നെ നിയമവാഴ്‌ചയും ക്രമസമാധാനവും താറുമാറായി. സലീമിനുശേഷം പേർഷ്യക്കാരും ഹംഗറിക്കാർ, ആസ്‌ട്രിയക്കാർ, പോളണ്ടുകാർ എന്നിവരുമായി യുദ്ധം നടന്നിരുന്നു. 1663-ൽ വിയന്ന കീഴടക്കാന്‍ നടത്തിയ വിഫലശ്രമം തുർക്കി ശക്തിയുടെ അധഃപതനത്തെയാണ്‌ കാണിക്കുന്നത്‌. ഭരണത്തിൽനിന്ന്‌ അഴിമതി തുടച്ചുനീക്കാനും, ജാനിസ്സറി സൈനിക വിഭാഗത്തെ സുസജ്ജമാക്കാനും ഭരണസംവിധാനമാകെ അഴിച്ചുപണിയാനും പല വസീർമാരും ശ്രമിച്ചുവെങ്കിലും അതൊന്നും വിജയിച്ചില്ല. 16-ാം ശതകത്തിന്റെ അവസാനത്തോടുകൂടി ഒട്ടോമന്‍ സാമ്രാജ്യത്തിലും സമൂഹത്തിലും നടമാടിയിരുന്ന അഴിമതിയുടെയും ദുഷ്‌പ്രവൃത്തികളുടെയും തിക്തഫലങ്ങള്‍ വ്യക്തമായിത്തുടങ്ങി. യുദ്ധാവശ്യത്തിനുവേണ്ടി രൂപംകൊടുത്ത ഒരു സംവിധാനം സമാധാനത്തിനും രാജ്യത്തിന്റെ നന്മയ്‌ക്കുംവേണ്ടി രൂപം മാറ്റുക എളുപ്പമുള്ള കാര്യമായിരുന്നില്ല. സുൽത്താന്റെ കൈയിൽ അധികാരം കേന്ദ്രീകരിച്ചിരുന്നത്‌ അതിർത്തി പ്രവിശ്യകളിൽ സാമ്രാജ്യാധികാരം നിലനിർത്തുന്നതിന്‌ സഹായകരമായിരുന്നില്ല. അശക്തരും കൊള്ളരുതാത്തവരുമായ പല സുൽത്താന്മാരുടെയും കൈയിൽ ഈ കേന്ദ്രീകരണം അപകടകരമായ ഫലങ്ങളുളവാക്കി. പിന്തുടർച്ചാവകാശത്തെപ്പറ്റിയുണ്ടായ തർക്കങ്ങള്‍ പ്രശ്‌നങ്ങളെ രൂക്ഷതരമാക്കി. സുലൈമാന്‍ തന്റെ പ്രിയപ്പെട്ട വെപ്പാട്ടിയുടെ മകനായ സലീമിനുവേണ്ടി തന്റെ മൂത്തമകനെ ശ്വാസംമുട്ടിച്ചുകൊന്നു. സലീമിന്റെ മകനായ മുറാദ്‌ III (1574-95) തന്റെ ഭരണം ഉദ്‌ഘാടനം ചെയ്‌തതുതന്നെ തന്റെ അഞ്ചു സഹോദരന്മാരെ വധിച്ചുകൊണ്ടായിരുന്നു. ഭരണം കൈയേൽക്കുന്ന സുൽത്താന്‍ തന്റെ അധികാരം ചോദ്യം ചെയ്യുമെന്ന്‌ സംശയമുള്ളവരെയെല്ലാം ജീവിതകാലം മുഴുവനും ഒരു കൂട്ടിൽ ബന്ധനസ്ഥരാക്കുന്ന പതിവ്‌ 1603-ൽ ആണ്‌ ആരംഭിച്ചത്‌. അങ്ങനെ യൗവനത്തിൽ കൂട്ടിലാക്കപ്പെട്ട ഒരു സുൽത്താനായിരുന്നു മുഹമ്മദ്‌ V (1908-15).

പരസ്‌പരബന്ധമോ ഭരിക്കുന്ന തുർക്കിരാജവംശത്തോടു കൂറോ ഇല്ലാത്ത പല വർഗങ്ങളും മതവിഭാഗങ്ങളും ഉള്‍പ്പെട്ട ഒരു രാഷ്‌ട്രമായിരുന്നു തുർക്കിസാമ്രാജ്യം. മുസ്‌ലിങ്ങള്‍ മാത്രമായിരുന്നു സാമ്രാജ്യത്തോടു കൂറു പുലർത്തിയിരുന്നവർ. പൗരാണിക കാർഷിക രീതിയും പാരമ്പര്യ വ്യവസായ സമ്പ്രദായവും സ്വീകരിച്ചിരുന്നതിനാൽ അവർക്ക്‌ ഈ രംഗങ്ങളിൽ പുരോഗമിക്കാന്‍ കഴിഞ്ഞില്ല. പ്രധാന കാർഷികപ്രദേശമായിരുന്ന സിറിയ 18-ാം ശതകത്തിന്റെ മധ്യത്തിൽ ഒരു മരുഭൂമിയുടെ സ്ഥിതി കാഴ്‌ചവച്ചു. റോമന്‍ കാലഘട്ടത്തിൽ 60 ലക്ഷം ജനസംഖ്യയുണ്ടായിരുന്ന സിറിയ-ലെബനന്‍-പലസ്‌തീന്‍ ഭൂവിഭാഗത്തിലെ ജനസംഖ്യ 18-ാം ശതകത്തിന്റെ അന്ത്യത്തിൽ പകുതിയായി കുറഞ്ഞിരുന്നു. അതേസമയം പകർച്ചവ്യാധികള്‍ തുടർച്ചയായി നടമാടിയിരുന്ന ഈജിപ്‌തിലെ ജനസംഖ്യ 80 ലക്ഷത്തിൽനിന്ന്‌ 25 ലക്ഷമായി കുറഞ്ഞു.

ആഭ്യന്തരകുഴപ്പങ്ങള്‍ വൈദേശിക ഇടപെടലുകളെ ക്ഷണിച്ചുവരുത്തി. 17-ാം ശതകത്തിന്റെ ആദ്യം ആസ്‌ട്രിയ-ഹംഗറിയുടെയും പിന്നീട്‌ റഷ്യയുടെയും ഇടപെടലുകളുണ്ടായി. ആസ്‌ട്രിയ-ഹംഗറിക്ക്‌ ബാള്‍ക്കന്‍ ഉപഭൂഖണ്ഡത്തിൽ താത്‌പര്യമുണ്ടായിരുന്നു. കരിങ്കടലിലെ വാണിജ്യാവകാശങ്ങളായിരുന്നു തുർക്കിയും റഷ്യയും തമ്മിലുണ്ടായ മത്സരത്തിന്റെ തുടക്കം. ഉത്തര റഷ്യയിലെ തുറമുഖങ്ങള്‍ മഞ്ഞുമൂടി തടസ്സപ്പെടുന്നതു കാരണം കരിങ്കടലിൽനിന്ന്‌ മെഡിറ്ററേനിയന്‍ കടലിലേക്കുള്ള പ്രവേശനം തുറന്നുകിട്ടാന്‍ റഷ്യ ആഗ്രഹിച്ചു. 1774-ൽ റഷ്യ തുർക്കിയെ നിർണായകമായി തോല്‌പിക്കുകയും കുച്ചുക്‌ കൈനർ(ജ)I സന്ധി (1774) പ്രകാരം തുർക്കി സമുദ്രങ്ങളിൽ യഥേഷ്‌ടം യാത്രചെയ്യുന്നതിനുള്ള അവകാശം സമ്പാദിക്കുകയും ചെയ്‌തു. തുർക്കി സാമ്രാജ്യത്തിന്‍കീഴിലുള്ള ക്രിസ്‌ത്യാനികളുടെ സംരക്ഷണച്ചുമതലയും റഷ്യ സമ്പാദിച്ചു. എന്നാൽ പലസ്‌തീനിലെ ക്രിസ്‌ത്യന്‍ പുണ്യസ്ഥലങ്ങളുടെമേൽ റഷ്യ ഉന്നയിച്ച അവകാശം അംഗീകരിക്കാതിരുന്നത്‌ ക്രമിയന്‍ യുദ്ധത്തിൽ (1853-56) കലാശിച്ചു. റഷ്യയുടെ പുരോഗതി യൂറോപ്പിലെ ശക്തി സന്തുലനം തകരാറിലാക്കുമെന്ന്‌ ഭയന്ന ബ്രിട്ടനും ഫ്രാന്‍സും തുർക്കിയുടെ വശം ചേരുകയും റഷ്യയെ യുദ്ധത്തിൽ തോല്‌പിക്കുകയും ചെയ്‌തു. ആ സമയം മുതൽ ഒന്നാം ലോകയുദ്ധത്തിനുശേഷം തുർക്കി സാമ്രാജ്യം ഛിന്നഭിന്നമാകുന്നതുവരെ ബ്രിട്ടനും ഫ്രാന്‍സും തുർക്കിക്കു പിന്തുണ നല്‌കുന്ന നടപടി തുടർന്നിരുന്നു. തന്മൂലം തുർക്കി "യൂറോപ്പിലെ രോഗി' (Sick Man of Europe) എന്ന്‌ അറിയപ്പെടുവാന്‍ ഇടയായി.

കുച്ചുക്‌ കൈനർക സന്ധിക്കുശേഷം യുദ്ധമുറകളിൽ തങ്ങള്‍ പിന്നിലാണെന്ന വസ്‌തുത തുർക്കികള്‍ക്കു ബോധ്യപ്പെട്ടു. സലീം കകക (1789-1807) ജാനിസ്സറികളെ നിയന്ത്രിക്കാനും ഫ്രഞ്ചുമാതൃകയിൽ സൈന്യത്തെ നവീകരിക്കാനും ശ്രമിച്ചു. ഇതിൽ പ്രതിഷേധിച്ച്‌ തുർക്കി സൈന്യം കലാപമുണ്ടാക്കുകയും സുൽത്താനെ വധിക്കുകയും ചെയ്‌തു. എന്നാൽ സുൽത്താന്‍ മഹ്‌മൂദി(1808-39)ന്റെ കാലത്ത്‌ 8,000 ജാനിസ്സറികള്‍ നിഷ്‌കരുണം വധിക്കപ്പെട്ടു; പ്രവിശ്യകളിൽനിന്ന്‌ അവരെ ഒഴിവാക്കി സൈനിക കാര്യങ്ങളിൽ ഉപദേശവും പരിശീലനവും നല്‌കാന്‍ തുർക്കി ഫ്രഞ്ചുസഹായം സ്വീകരിച്ചു. ഫ്രഞ്ചുഭാഷ പഠിക്കാന്‍ പുതിയതായി ഉണ്ടാക്കിയ സംവിധാനം തുർക്കിയെ പശ്ചിമ യൂറോപ്യന്‍ സംസ്‌കാരവുമായി കൂടുതൽ അടുപ്പിച്ചു. ഇക്കാലത്ത്‌ ബാള്‍ക്കന്‍ ഉപദ്വീപിൽ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഈ കലാപങ്ങള്‍ ഗ്രീസിന്റെ സ്വാതന്ത്ര്യത്തിലും (1828) മുഹമ്മദലിയുടെ നേതൃത്വത്തിൽ ഈജിപ്‌തിന്റെ അർധ സ്വാതന്ത്ര്യത്തിലും കലാശിച്ചു.

മഹ്‌മൂദിന്റെ മകന്‍ അബ്‌ദുൽ മജീദ്‌ (ഭ.കാ. 1839-61) തന്റെ പിതാവിന്റെ കാലടികളെ പിന്തുടർന്നു. ഇദ്ദേഹത്തിന്റെ കാലത്ത്‌ ശരീഅത്ത്‌ നിയമത്തിനുപകരം ഫ്രഞ്ചുമാതൃക ആധാരമാക്കി ക്രിമിനൽ, വാണിജ്യ നിയമസംഹിതകള്‍ ഉണ്ടാക്കി. മുസ്‌ലിം വ്യക്തിനിയമം സംബന്ധിച്ച കേസുകള്‍ ശരീഅത്ത്‌ കോടതികള്‍ തുടർന്നും കൈകാര്യം ചെയ്‌തു.

എന്നാൽ അബ്‌ദുൽ മജീദ്‌ പുറപ്പെടുവിച്ച മറ്റു പല നിയമങ്ങളും അതിമോഹത്തിന്റെ ഫലമായിരുന്നു. അവ എല്ലാ ഒട്ടോമന്‍ പ്രജകളുടെയും-വിശ്വാസം, വർഗവ്യത്യാസം എന്നിവ പരിഗണിക്കാതെ-ജീവനും സ്വത്തിനും ആത്മാഭിമാനത്തിനും പരിരക്ഷ വാഗ്‌ദാനം ചെയ്‌തു. എല്ലാ പ്രജകളും നിയമത്തിന്റെ മുമ്പിൽ തുല്യരാണെന്നു പ്രഖ്യാപിച്ചു. നികുതിപിരിവ്‌ ലേലം ചെയ്‌തുകൊടുക്കുന്ന പതിവ്‌ നിർത്തലാക്കി. എല്ലാവർക്കും വിശ്വാസ-ആരാധനാസ്വാതന്ത്ര്യങ്ങള്‍ നല്‌കി. പക്ഷേ ഇവയെല്ലാം നടപ്പിലാക്കുന്നതിനുവേണ്ട ഭരണസംവിധാനം ഇല്ലാതിരുന്നതുകൊണ്ട്‌ ഈ പരിഷ്‌കാരങ്ങള്‍ കടലാസിൽ ഒതുങ്ങിനിന്നു. ഇക്കാലത്തുതന്നെ പത്രപ്രവർത്തകർ, കവികള്‍, എഴുത്തുകാർ തുടങ്ങിയ ബുദ്ധിജീവികളുടെ പരിശ്രമഫലമായി തുർക്കിയിൽ ഒരു പരിഷ്‌കരണശ്രമം നടന്നു. സുൽത്താന്‍ അബ്‌ദുൽഹമീദ്‌ കക (ഭ.കാ. 1876-1909) ഈ ശ്രമത്തിന്‌ അനുകൂലിയായിരുന്നു. മിദ്‌ഹത്‌ പാഷ(മിഥാത്‌പാഷ)യുടെ നേതൃത്വത്തിൽ ഭരണപരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. സ്റ്റേറ്റിലെ മതമായി ഇസ്‌ലാം അംഗീകരിക്കപ്പെട്ടുവെങ്കിലും എല്ലാ മതങ്ങള്‍ക്കും സംരക്ഷണവും വിശ്വാസാചാരങ്ങള്‍ക്കു സ്വാതന്ത്ര്യവും നല്‌കപ്പെട്ടു. ഫ്രഞ്ചു മാതൃകയിലുള്ള ഒരു പാർലമെന്റും സ്ഥാപിക്കപ്പെട്ടു. എന്നാൽ 1878 ഫെബ്രുവരിയിൽ സുൽത്താന്‍ പാർലമെന്റ്‌ പിരിച്ചുവിടുകയും മിദ്‌ഹത്‌ പാഷായെ അറേബ്യയിലേക്കു നാടുകടത്തുകയും ചെയ്‌തു.

ഇതിനെത്തുടർന്ന്‌ തുർക്കിയിൽ ആകമാനവും ബള്‍ഗേറിയ, അർമീനിയ എന്നിവിടങ്ങളിൽ പ്രതേ്യകിച്ചും കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഇവയെല്ലാം അടിച്ചമർത്തപ്പെട്ടു. 1894-ലും 95-ലും നടന്ന അർമീനിയന്‍ കൂട്ടക്കൊലകള്‍ ലോകമനസ്സാക്ഷിയെ പിടിച്ചു കുലുക്കുകയുണ്ടായി. യൂറോപ്യന്‍ ശക്തികള്‍ക്ക്‌ മുസ്‌ലിം രാജ്യങ്ങളുടെമേൽ സാമ്രാജ്യ താത്‌പര്യങ്ങള്‍ ഉണ്ടെന്നും അതിനാൽ മുസ്‌ലിം രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‌ക്കണമെന്നും സുൽത്താന്‍ പ്രഖ്യാപിച്ചു. ഒരു യൂറോപ്യന്‍ രാജ്യത്തിനെതിരായി മറ്റൊരു യൂറോപ്യന്‍ രാജ്യത്തെ തിരിച്ചുവിടുന്നതിനും ശ്രമമുണ്ടായി. ഈ ശ്രമത്തിന്റെ ഭാഗമായിട്ടാണ്‌ ബർലിന്‍-ബാഗ്‌ദാദ്‌ റെയിൽവേ നിർമിക്കാന്‍ ജർമനിക്ക്‌ അനുവാദം നല്‌കിയത്‌. തുർക്കി-ജർമന്‍ സഖ്യം ഉറപ്പിക്കുന്നതിനുവേണ്ടി 1898-ൽ ജർമന്‍ ചക്രവർത്തി കൈസർ വില്യം, കോണ്‍സ്റ്റാന്റിനോപ്പിള്‍, ബേറൂട്ട്‌, ദമാസ്‌കസ്‌, ജെറുസലേം എന്നീ നഗരങ്ങള്‍ സന്ദർശിക്കുകയുണ്ടായി. വളർന്നുവരുന്ന തുർക്കി-ജർമന്‍ ബന്ധം ബ്രിട്ടനും ഫ്രാന്‍സിനും അലോസരം ഉണ്ടാക്കിയ കാര്യമായിരുന്നു.

അമർത്തിനിർത്തിയിരുന്ന ജനരോഷം അവസാനം തിളച്ചുമറിയുകതന്നെ ചെയ്‌തു. പുരോഗമന സർവകലാശാലാ വിദ്യാർഥി കൂട്ടായ്‌മയിൽ രൂപംകൊണ്ട യുവതുർക്കികളുടെ കലാപം സുൽത്താനെ ഒരപകടത്തിൽ എത്തിച്ചു. തുർക്കിയെ നവീകരിക്കാനും തുർക്കിജനതയെ യോജിപ്പിച്ച്‌ പുരോഗമനപാതയിലേക്കു തിരിച്ചു വിടാനുമായിരുന്നു യുവതുർക്കികളുടെ ഉന്നം. സുൽത്താന്‍ ഇക്കാര്യങ്ങളോട്‌ യോജിച്ചു. ഭരണഘടന വീണ്ടും നടപ്പിൽവരുത്താനും ചാരവൃത്തിയും സെന്‍സർഷിപ്പും അവസാനിപ്പിക്കാനും ഇദ്ദേഹം വിസമ്മതിച്ചു. എന്നാൽ ഈ വിപ്ലവത്തെ തുരങ്കംവയ്‌ക്കാനാണ്‌ സുൽത്താന്റെ ശ്രമമെന്ന്‌ മനസ്സിലാക്കിയ യുവതുർക്കികള്‍ സുൽത്താനെ സ്ഥാനഭ്രഷ്‌ടനാക്കുകയും (1909 ഏപ്രിൽ) അദ്ദേഹത്തിന്റെ സഹോദരന്‍ മുഹമ്മദ്‌ ഢ-നെ സുൽത്താനായി വാഴിക്കുകയും ചെയ്‌തു. ഒട്ടോമന്‍ വംശത്തിലെ അവസാ നത്തെ സുൽത്താന്‍ മുഹമ്മദ്‌ VI വഹീദുദ്ദീന്‍ (ഭ.കാ. 1918-22) ആയിരുന്നു.

തുർക്കിയിലുള്ള വിവിധഭാഷ, മത, വർഗഗ്രൂപ്പുകളെ ഒന്നിച്ചുകൊണ്ടുവരുകയായിരുന്നു യുവതുർക്കികളുടെ ഉന്നം. പക്ഷേ ആ പരിപാടി പൂർത്തീകരിക്കുന്നതിനുമുമ്പുതന്നെ ഒന്നാം ലോകയുദ്ധത്തിൽ തുർക്കിക്ക്‌ പങ്കുചേരേണ്ടിവന്നു. തോൽവിയടഞ്ഞ ശക്തികളുടെ കൂട്ടത്തിൽ തുർക്കിയും ഉള്‍പ്പെട്ടിരുന്നതുകൊണ്ട്‌ തുർക്കിക്ക്‌ ഏഷ്യാമൈനറിനു പുറത്തുണ്ടായിരുന്ന പ്രദേശങ്ങളെല്ലാം നഷ്‌ടപ്പെട്ടു. തുർക്കിയിൽ സുൽത്താന്‍ഭരണം മുസ്‌തഫാ കെമാൽപാഷ അവസാനിപ്പിച്ചതോടെ ഒട്ടോമന്‍ ഭരണത്തിന്റെ അന്ത്യം കുറിച്ചു.

സുൽത്താന്‍ഭരണം അവസാനിച്ചെങ്കിലും ഖലീഫാസ്ഥാനം ജി.എന്‍.എ. തുടർന്നും നിലനിർത്തി. എന്നാൽ നിലവിൽ സുൽത്താനും ഖലീഫയുമായിരുന്ന മുഹമ്മദ്‌ ഢക-മനെ ഖലീഫയായി തുടരാന്‍ അനുവദിച്ചില്ല. പകരം മുഹമ്മദിന്റെ അനന്തിരവന്‍ അബ്‌ദുള്‍ മജീദിനെ ഖലീഫയാക്കി. അതോടുകൂടി മുഹമ്മദ്‌ ആറാമന്‍ രാജ്യംവിട്ടുപോയി. മുസ്‌തഫ കമാലിന്റെ നേതൃത്വത്തിൽ 1923-ൽ ഒട്ടോമന്‍ ജി.എന്‍.എ. ഭരണഘടനയിൽ മാറ്റം വരുത്തിക്കൊണ്ട്‌ രാജ്യത്തെ റിപ്പബ്ലിക്‌ ആയി പ്രഖ്യാപിച്ചു. മുസ്‌തഫ കമാലിനെ ആദ്യത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്‌തു.

1924 മാർച്ചിൽ ജി.എന്‍.എ. നടപ്പാക്കിയ നിയമപ്രകാരം തുർക്കിയെ ഒരു മതേതരരാഷ്‌ട്രമായി പ്രഖ്യാപിച്ചു. അതോടുകൂടി 1992 വർഷത്തെ പാരമ്പര്യമുള്ള ഖലീഫാസ്ഥാനവും അവസാനിച്ചു. മാത്രമല്ല ഒട്ടോമന്‍ സാമ്രാജ്യത്തിലെ എല്ലാ അംഗങ്ങളെയും നാടുകടത്തുകയും ചെയ്‌തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍