This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒക്കോവ, സെവറോ (1905 - 1993 )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഒക്കോവ, സെവറോ (1905 - 1993 )
Ochoa, Severo
സ്പാനിഷ്-അമേരിക്കന്‍ ജൈവരസതന്ത്രജ്ഞന്. 1959-ൽ വൈദ്യശാസ്ത്രത്തിനും ശരീരക്രിയാവിജ്ഞാനത്തിനുമുള്ള നോബൽ സമ്മാനം ഒക്കോവയ്ക്കും കോണ്‍ബർഗിനും കൂടിയാണ് ലഭിച്ചത്.
സ്പെയിനിലെ ലുവാർക്കയിൽ 1905 സെപ്. 24-ന് ഒരു അഭിഭാഷകന്റെ പുത്രനായി ഒക്കോവ ജനിച്ചു. 1921-ൽ മലാഗാ സർവകലാശാലയിൽ നിന്നും ബിരുദം നേടിയശേഷം ഇദ്ദേഹം മാഡ്രിഡ് സർവകലാശാലയിൽ വൈദ്യശാസ്ത്രപഠനം ആരംഭിച്ചു. 1929-ൽ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. 1936-ൽ സ്വദേശമായ സ്പെയിന്വിട്ട് ഒരു വർഷം ജർമനിയിലും മൂന്നുവർഷം ഇംഗ്ലണ്ടിലും കഴിച്ചുകൂട്ടി. 1942-ൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റി കോളജ് ഒഫ് മെഡിസിനിൽ റിസർച്ച് അസോസിയേറ്റ് ആയി ജോലിയിൽ പ്രവേശിച്ചു. 1941-ൽ യു.എസ്.-ൽ എത്തിയ ഇദ്ദേഹം 1956-ൽ അവിടത്തെ പൗരത്വം സ്വീകരിച്ചു. മനുഷ്യശരീരത്തിലെ രാസക്രിയാവിധികളെപ്പറ്റിയാണ് ഒക്കോവ കൂടുതലായും പഠനങ്ങള്‍ നടത്തിയത്. കാർബണ്‍ഡൈ ഓക്സൈഡ് തന്മാത്രകള് എപ്രകാരം യൗഗികങ്ങളിലുള്ക്കൊള്ളുന്നുവെന്നും എപ്രകാരം അവ സ്വതന്ത്രങ്ങളാവുന്നു എന്നും ഇദ്ദേഹം നിരീക്ഷിച്ചു. ഉപാപചയസംവിധാനത്തിലെ അടിസ്ഥാനയൗഗികങ്ങളിലൊന്നായ "ഇരട്ട-കാർബണ്‍ അംശ'ത്തെ (two-carbon fragment) മേനസ്സിലാക്കുന്നതിൽ ഒക്കോവയുടെ പഠനങ്ങള്‍ ഗണ്യമായി സഹായിച്ചു.
എങ്കിലും ഒക്കോവയെ പ്രശസ്തനാക്കിയത് ന്യൂക്ലിയിക് ആസിഡുകളെപ്പറ്റി നടത്തിയ പഠനങ്ങളാണ്. മനുഷ്യശരീരത്തിൽ ന്യൂക്ലിയോറ്റൈഡുകളിൽ നിന്നാണ് ന്യൂക്ലിയിക് ആസിഡുകള്‍ ഉത്പാദിതമാകുന്നത്. ഈ പ്രക്രിയയ്ക്ക് എന്‍സൈമുകളുടെ സാന്നിധ്യം ആവശ്യമാണ്. ഇപ്രകാരമുള്ള ഒരു എന്‍സൈമിനെ ഒരിനം ബാക്റ്റീരിയയിൽ നിന്ന് 1955-ൽ ഒക്കോവ വേർതിരിച്ചെടുക്കുകയുണ്ടായി. ഈ പ്രത്യേക എന്‍സൈമും ന്യൂക്ലിയോറ്റൈഡുകളുമായുള്ള പ്രതിപ്രവർത്തനത്തിൽനിന്നും ഞ. ച. അ. തന്മാത്രകളെ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഇദ്ദേഹം ആരംഭിക്കുകയുണ്ടായി. 1956-ൽ കോണ്‍ബർഗ് എന്ന ശാസ്ത്രകാരന് ഒക്കോവയുടെ പരീക്ഷണങ്ങള്‍ തുടരുകയും ഉ. ച. അ. തന്മാത്രകളുടെ സംശ്ലേഷണം സാധിതപ്രായമാക്കുകയും ചെയ്തു. ഈ പരീക്ഷണവിജയങ്ങളാണ് ഒക്കോവയെയും കോണ്ബർഗിനെയും 1959-ൽ നോബൽ സമ്മാനത്തിന് അർഹനാക്കിയത്. 1974-ൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും വിരമിച്ച ഒക്കോവ, ന്യൂ ജഴ്സിയിലെ മോളിക്കുലർ ബയോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ ചേർന്നു. ഇവിടെനിന്നും 1985-ൽ പിരിഞ്ഞ് വീണ്ടും സ്പെയിനിലെത്തി. 1993-ൽ മാഡ്രിഡിൽ ഇദ്ദേഹം അന്തരിച്ചു.