This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒക്കോവ, സെവറോ (1905 - 1993 )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഒക്കോവ, സെവറോ (1905 - 1993 )

Ochoa, Severo

സ്‌പാനിഷ്‌-അമേരിക്കന്‍ ജൈവരസതന്ത്രജ്ഞന്‍. 1959-ല്‍ വൈദ്യശാസ്‌ത്രത്തിനും ശരീരക്രിയാവിജ്ഞാനത്തിനുമുള്ള നോബല്‍ സമ്മാനം ഒക്കോവയ്‌ക്കും കോണ്‍ബര്‍ഗിനും കൂടിയാണ്‌ ലഭിച്ചത്‌.

സ്‌പെയിനിലെ ലുവാര്‍ക്കയില്‍ 1905 സെപ്‌. 24-ന്‌ ഒരു അഭിഭാഷകന്റെ പുത്രനായി ഒക്കോവ ജനിച്ചു. 1921-ല്‍ മലാഗാ സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയശേഷം ഇദ്ദേഹം മാഡ്രിഡ്‌ സര്‍വകലാശാലയില്‍ വൈദ്യശാസ്‌ത്രപഠനം ആരംഭിച്ചു. 1929-ല്‍ വൈദ്യശാസ്‌ത്രത്തില്‍ ബിരുദം നേടി. 1936-ല്‍ സ്വദേശമായ സ്‌പെയിന്‍വിട്ട്‌ ഒരു വര്‍ഷം ജര്‍മനിയിലും മൂന്നുവര്‍ഷം ഇംഗ്ലണ്ടിലും കഴിച്ചുകൂട്ടി. 1942-ല്‍ ന്യൂയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റി കോളജ്‌ ഒഫ്‌ മെഡിസിനില്‍ റിസര്‍ച്ച്‌ അസോസിയേറ്റ്‌ ആയി ജോലിയില്‍ പ്രവേശിച്ചു. 1941-ല്‍ യു.എസ്‌.-ല്‍ എത്തിയ ഇദ്ദേഹം 1956-ല്‍ അവിടത്തെ പൗരത്വം സ്വീകരിച്ചു. മനുഷ്യശരീരത്തിലെ രാസക്രിയാവിധികളെപ്പറ്റിയാണ്‌ ഒക്കോവ കൂടുതലായും പഠനങ്ങള്‍ നടത്തിയത്‌. കാര്‍ബണ്‍ഡൈ ഓക്‌സൈഡ്‌ തന്മാത്രകള്‍ എപ്രകാരം യൗഗികങ്ങളിലുള്‍ക്കൊള്ളുന്നുവെന്നും എപ്രകാരം അവ സ്വതന്ത്രങ്ങളാവുന്നു എന്നും ഇദ്ദേഹം നിരീക്ഷിച്ചു. ഉപാപചയസംവിധാനത്തിലെ അടിസ്ഥാനയൗഗികങ്ങളിലൊന്നായ "ഇരട്ട-കാര്‍ബണ്‍ അംശ'ത്തെ (two-carbon fragment) മേനസ്സിലാക്കുന്നതില്‍ ഒക്കോവയുടെ പഠനങ്ങള്‍ ഗണ്യമായി സഹായിച്ചു.

എങ്കിലും ഒക്കോവയെ പ്രശസ്‌തനാക്കിയത്‌ ന്യൂക്ലിയിക്‌ ആസിഡുകളെപ്പറ്റി നടത്തിയ പഠനങ്ങളാണ്‌. മനുഷ്യശരീരത്തില്‍ ന്യൂക്ലിയോറ്റൈഡുകളില്‍ നിന്നാണ്‌ ന്യൂക്ലിയിക്‌ ആസിഡുകള്‍ ഉത്‌പാദിതമാകുന്നത്‌. ഈ പ്രക്രിയയ്‌ക്ക്‌ എന്‍സൈമുകളുടെ സാന്നിധ്യം ആവശ്യമാണ്‌. ഇപ്രകാരമുള്ള ഒരു എന്‍സൈമിനെ ഒരിനം ബാക്‌റ്റീരിയയില്‍ നിന്ന്‌ 1955-ല്‍ ഒക്കോവ വേര്‍തിരിച്ചെടുക്കുകയുണ്ടായി. ഈ പ്രത്യേക എന്‍സൈമും ന്യൂക്ലിയോറ്റൈഡുകളുമായുള്ള പ്രതിപ്രവര്‍ത്തനത്തില്‍നിന്നും ഞ. ച. അ. തന്മാത്രകളെ സൃഷ്‌ടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഇദ്ദേഹം ആരംഭിക്കുകയുണ്ടായി. 1956-ല്‍ കോണ്‍ബര്‍ഗ്‌ എന്ന ശാസ്‌ത്രകാരന്‍ ഒക്കോവയുടെ പരീക്ഷണങ്ങള്‍ തുടരുകയും ഉ. ച. അ. തന്മാത്രകളുടെ സംശ്ലേഷണം സാധിതപ്രായമാക്കുകയും ചെയ്‌തു. ഈ പരീക്ഷണവിജയങ്ങളാണ്‌ ഒക്കോവയെയും കോണ്‍ബര്‍ഗിനെയും 1959-ല്‍ നോബല്‍ സമ്മാനത്തിന്‌ അര്‍ഹനാക്കിയത്‌. 1974-ല്‍ ന്യൂയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിരമിച്ച ഒക്കോവ, ന്യൂ ജഴ്‌സിയിലെ മോളിക്കുലര്‍ ബയോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. ഇവിടെനിന്നും 1985-ല്‍ പിരിഞ്ഞ്‌ വീണ്ടും സ്‌പെയിനിലെത്തി. 1993-ല്‍ മാഡ്രിഡില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍