This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരന്‍ നായർ, മേജർ (1903 - 44)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:31, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുമാരന്‍ നായർ, മേജർ (1903 - 44)

ഇന്ത്യന്‍ സ്വാതന്ത്യ്രത്തിനുവേണ്ടി ജീവന്‍ ബലിയർപ്പിച്ച രക്തസാക്ഷി. കോഴിക്കോടിനടുത്ത്‌ നെല്ലിക്കോട്‌ ഗ്രാമത്തിൽ ആയേടത്തിൽ കോടേരികക്കാടന്‍ കൃഷ്‌ണപ്പണിക്കരുടെയും തൈക്കണ്ടിയിൽ തെക്കുമ്പലത്ത്‌ പുത്തന്‍വീട്ടിൽ കല്യാണിയമ്മയുടെയും പുത്രനായി 1903 ജൂണ്‍ 22-ന്‌ കുമാരന്‍നായർ ജനിച്ചു. കോഴിക്കോട്‌ സാമൂതിരി കോളജിൽ ഇന്റർമീഡിയറ്റ്‌ വരെ പഠിച്ചു. എടപ്പത്തിൽ മാളുഅമ്മയെയാണ്‌ ഇദ്ദേഹം വിവാഹം കഴിച്ചത്‌. 1925-ൽ മലബാർ സ്‌പെഷ്യൽ പോലീസിൽ ജമേദാറായി ചേർന്ന കുമാരന്‍ നായർ ലാഹോർ ഗൂഢാലോചനക്കേസിലെ പ്രതികളായ ഭഗത്‌സിങ്‌, രാജ്‌ഗുരു, സുഖ്‌ദേവ്‌ എന്നിവരെ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ തൂക്കിക്കൊന്നതിൽ പ്രതിഷേധിച്ച്‌ ജമേദാർ സ്ഥാനം രാജിവച്ചു. എന്നാൽ, രാജി സ്വീകരിക്കാതെ ഇദ്ദേഹത്തെ പിരിച്ചുവിടുകയാണുണ്ടായത്‌. പിന്നീട്‌ ഇദ്ദേഹം കോണ്‍ഗ്രസ്‌ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. 1933-ൽ വടകരയിൽ ചേർന്ന കോണ്‍ഗ്രസ്‌ മഹാസമ്മേളനത്തിൽ വാളണ്ടിയർ ക്യാപ്‌റ്റനായി സേവനമനുഷ്‌ഠിച്ചു. 1937-ൽ അധികാരത്തിൽ വന്ന മദിരാശിയിലെ കോണ്‍ഗ്രസ്‌ മന്ത്രിസഭ ഇദ്ദേഹത്തിന്റെ ഉദ്യോഗത്തിനുള്ള അപേക്ഷ തള്ളിക്കളഞ്ഞതിനാൽ ഇദ്ദേഹം സിങ്കപ്പൂരിലേക്കു പോയി. ജപ്പാന്‍ സിങ്കപ്പൂർ ആക്രമിച്ചു കീഴടക്കിയതിനെത്തുടർന്ന്‌ സിങ്കപ്പൂരിൽ സംഘടിപ്പിക്കപ്പെട്ട ഇന്ത്യാ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗിൽ കുമാരന്‍നായർ എന്‍. രാഘവന്റെ സഹായിയായി ഇന്ത്യന്‍ ദേശീയ സേനയിലേക്കു സിവിലിയന്‍മാരെ ചേർത്തുതുടങ്ങി. സ്വരാജ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റലിജന്‍സ്‌ വിഭാഗത്തിൽനിന്നു പ്രത്യേക പരിശീലനം നേടിയ കുമാരന്‍ നായർ, ജാപ്പനീസ്‌ വിദഗ്‌ധന്മാരുടെ യുദ്ധപരിശീലന ക്ലാസ്സുകള്‍ക്കു ശേഷം ഇന്ത്യയിൽ വിപ്ലവപ്രവർത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനായി മറ്റു പല ചെറുപ്പക്കാരുടെയും കൂട്ടത്തിൽ നിയോഗിക്കപ്പെട്ടു. 1942 നവംബറിൽ ഇദ്ദേഹവും കൂട്ടുകാരന്‍ തേവരും കരമാർഗം ഇന്ത്യയിലേക്കു വരുമ്പോള്‍ ചിറ്റഗോങ്ങിനടുത്തുവച്ച്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടു. ചിന്‍ലെവിസ്‌ സ്‌ക്വാഡിന്റെ വെടിയേറ്റ കുമാരന്‍നായരെ പാലം സിവിൽ ആശുപത്രിയിലെ രണ്ടുമാസത്തെ ചികിത്സയ്‌ക്കുശേഷം ഡൽഹിയിലേക്കു കൊണ്ടുപോയി. പെനാങ്കിലെ സ്വരാജ്‌ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടുവെന്ന കുറ്റം ചുമത്തി "എനിമി ഏജന്റ്‌സ്‌ ഓർഡിനന്‍സ്‌' പ്രകാരം കുമാരന്‍നായരെ മദിരാശിയിൽ കൊണ്ടുവന്ന്‌ ഒരു പ്രത്യേക കോടതിയിൽ രഹസ്യമായി വിചാരണ നടത്തി. എം.എസ്‌.പി. ജമേദാർ ഉദ്യോഗം രാജിവച്ച പൂർവകാലചരിത്രം രാജ്യദ്രാഹക്കുറ്റത്തിനു തെളിവായി ഉദ്ധരിക്കപ്പെട്ടു. ഒരു കൊല്ലത്തെ വിചാരണയ്‌ക്കുശേഷം കുമാരന്‍നായർ ജപ്പാന്‍ ഏജന്റായിരുന്നതായി നിശ്ചയിച്ച്‌ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ അഭ്യർഥനകളും ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ തള്ളിക്കളഞ്ഞു. 1944 ജൂല. 7-ന്‌ പുലരുംമുമ്പ്‌ ഇദ്ദേഹത്തെ തൂക്കിക്കൊന്നു. സ്‌നേഹിതന്മാരോട്‌ യാത്രപറഞ്ഞശേഷം മന്ദഹസിച്ച്‌, വന്ദേമാതരം പാടിക്കൊണ്ടാണ്‌ ആ ധീരദേശാഭിമാനി തൂക്കുമരത്തിലേക്കു നടന്നുപോയത്‌. ഈ വധവാർത്ത പ്രക്ഷേപണം ചെയ്‌തുകേട്ട സുഭാഷ്‌ ചന്ദ്രബോസ്‌ "ഷഹീദ്‌-എ-ഹിന്ദ്‌' എന്ന ബഹുമതി നല്‌കി ഇദ്ദേഹത്തെ ആദരിച്ചു.

(എസ്‌.എം. മുഹമ്മദ്‌ കോയ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍