This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുപ്പയ്യർ (1798 - 1860)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:16, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുപ്പയ്യർ (1798 - 1860)

ദക്ഷിണേന്ത്യന്‍ സംഗീതജ്ഞന്‍. മദ്രാസിനടുത്തുള്ള തിരുവൊട്ടിയൂർ എന്ന സ്ഥലത്ത്‌ സാംബമൂർത്തി ശാസ്‌ത്രി എന്ന സംഗീതജ്ഞന്റെ മകനായി 1798-ൽ ജനിച്ചു. സംഗീതത്തിൽ സാമാന്യം പ്രാവീണ്യം പിതാവിൽ നിന്നുതന്നെ നേടി; തുടർന്ന്‌ ത്യാഗരാജസ്വാമികളുടെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ട്‌ സംഗീതത്തിൽ അഗാധ പാണ്ഡിത്യം കൈവരിച്ചു. ത്യാഗരാജശിഷ്യരിൽ ഏറ്റവും പ്രസിദ്ധനാണ്‌ ഇദ്ദേഹം. അസാമാന്യമായ കല്‌പനാവൈഭവവും തന്മയത്വവുമുള്ള സംഗീതവിദ്വാനായിരുന്ന കുപ്പയ്യർക്ക്‌ അനവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്‌. വായ്‌പാട്ട്‌, വീണാവാദനം, വയലിന്‍വാദനം തുടങ്ങി സംഗീതത്തിന്റെ വിവിധ ശാഖകളിലുള്ള വൈദഗ്‌ധ്യത്തെ കണക്കിലെടുത്ത്‌ കുപ്പയ്യർക്ക്‌ "ഗാനചക്രവർത്തി' എന്ന കീർത്തിമുദ്ര ലഭിക്കുകയുണ്ടായി. വീണവായനയിലുള്ള സാമർഥ്യം നിമിത്തം ഇദ്ദേഹം വീണക്കുപ്പയ്യർ എന്നും നാരായണഗൗളരാഗം അതിമനോഹരമായി ആലപിച്ചിരുന്നതിനാൽ നാരായണഗൗളക്കുപ്പയ്യർ എന്നും അറിയപ്പെടുന്നു. കോവൂർ രാജധാനിയിലെ ആസ്ഥാനവിദ്വാന്‍ ആയിരുന്നു ഇദ്ദേഹം.

കുപ്പയ്യർ അനേകം വർണങ്ങളും കൃതികളും തില്ലാനകളും രചിച്ചിട്ടുണ്ട്‌. "സ്വാമിനിന്നേ' എന്ന ശങ്കരാഭരണ വർണം, "ഇന്തചൗക്ക' എന്ന ബലഹരിവർണം, "ബാഹുമീര' എന്ന ശങ്കരാഭരണകീർത്തനം, "പരമാത്മനി' എന്ന ഖമാസ്‌ രാഗത്തിലുള്ള കീർത്തനം തുടങ്ങിയവ ഇദ്ദേഹത്തിന്റെ രചനകളാണ്‌. കൂടാതെ വെങ്കടേശ്വരപഞ്ചരത്‌നം, കാളഹസ്‌തീശപഞ്ചരത്‌നം, ചാമുണ്ഡേശ്വരി പഞ്ചരത്‌നം എന്നിവയും ഇദ്ദേഹത്തിന്റെ സംഭാവനകളാണ്‌. (നോ. കാളഹസ്‌തീശപഞ്ചരത്‌നം) തെലുഗു ഭാഷയിലാണ്‌ ഇദ്ദേഹം കൃതികള്‍ രചിച്ചിട്ടുള്ളത്‌. വേണുഗോപാലസ്വാമിയായിരുന്നു കുപ്പയ്യരുടെ ഇഷ്‌ടദേവത. അതിനാൽ തന്റെ കൃതികളിൽ "ഗോപാലദാസ'എന്ന മുദ്രയാണ്‌ ഇദ്ദേഹം സ്വീകരിച്ചിരുന്നത്‌. ജീവിതത്തിന്റെ അവസാനഘട്ടത്തിൽ കുപ്പയ്യർ മദ്രാസിലെ ജോർജ്‌ ടൗണിൽവന്നു താമസിച്ചു. ഫോർട്ട്‌ സെന്റ്‌ ജോർജിലെ ബാന്‍ഡ്‌ വായനക്കാരിൽനിന്ന്‌ ഇദ്ദേഹം പാശ്ചാത്യസംഗീതം പഠിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ "ഇന്തചൗക്ക' എന്ന കൃതിയിൽ പാശ്ചാത്യസംഗീതത്തിന്റെ സ്വാധീനത പ്രകടമാണ്‌. 1860-ൽ കുപ്പയ്യർ അന്തരിച്ചു.

ഇദ്ദേഹത്തിന്റെ പുത്രന്മാരായ കൃഷ്‌ണസ്വാമി, രാമസ്വാമി, ത്യാഗയ്യർ എന്നിവരും സംഗീതവിദ്വാന്മാരായിരുന്നു. ഇളയപുത്രന്‍ പില്‌ക്കാലത്ത്‌ തിരുവൊട്ടിയൂർ ത്യാഗയ്യർ എന്ന പേരിൽ അതിപ്രശസ്‌തനായ സംഗീതവിദ്വാനും ഗാനരചയിതാവും ആയിത്തീർന്നു. ഇദ്ദേഹം കുപ്പയ്യരുടെ കൃതികള്‍ സമാഹരിച്ച്‌ പല്ലവി സ്വരകല്‌പവല്ലി എന്നൊരു ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കുപ്പയ്യരുടെ ശിഷ്യരിൽ കോട്ടവാശൽ വെങ്കടരാമയ്യർ, സീതാരാമയ്യർ, ഫിഡിൽ പൊന്നുസ്വാമി എന്നിവർ പ്രശസ്‌തരാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍