This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞന്‍ മേനോന്‍, കൂട്ടിൽ(1850 - 1928)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:02, 27 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുഞ്ഞന്‍ മേനോന്‍, കൂട്ടിൽ(1850 - 1928)

കഥകളി നടന്‍. വള്ളുവനാട്ടിൽ തിരുമാന്ധാംകുന്നു ഭഗവതിക്ഷേത്രത്തിനു സമീപമുള്ള കൂട്ടിൽ ഭവനത്തിൽ കൊല്ലവർഷം 1026-ൽ ജനിച്ചു. വെള്ളാട്ടു കുഞ്ഞുണ്ണിപ്പണിക്കരുടെ ശിഷ്യനായ മുട്ടത്തിൽ രാമന്‍മേനോന്റെ കീഴിലാണ്‌ ഇദ്ദേഹം കച്ചകെട്ടിയത്‌. ഏഴാമത്തെ വയസ്സിൽത്തന്നെ അരങ്ങേറിയ ഇദ്ദേഹത്തെ അമ്പാട്ട്‌ ഈച്ചരമേനോന്‍ ആദ്യവസാനങ്ങള്‍ അഭ്യസിപ്പിച്ചു. തുടർന്ന്‌ ഈച്ചരമേനോന്റെ കഥകളിയോഗത്തിൽ ആദ്യവസാനക്കാരനായി ശോഭിച്ചു. മങ്കട കോവിലകം തമ്പുരാക്കന്മാരുടെ ആശ്രിതനായിരുന്നു ഇദ്ദേഹം. കഥകളിയഭ്യസനത്തോടൊപ്പം സംസ്‌കൃതത്തിലും അവഗാഹം നേടിയിരുന്നു.

കുളത്തൂർ പെരുണ്ണിമൂപ്പിൽവാരിയർ, പയ്യപ്പള്ളി ഇല്ലം, കുട്ടിത്തമ്പാനെന്ന ശ്രീ വല്ലഭരാജാവ്‌, പലയക്കോട്ട്‌ ഗോവിന്ദമേനോന്‍, പുല്ലൂര്‌ കുറ്റാനിക്കാട്ട്‌ മനമഞ്ചേരി എന്നിവരുടെ കളിയോഗങ്ങളിൽ ആദ്യവസാനക്കാരനായിരുന്ന കുഞ്ഞന്‍മേനോന്റെ കത്തിക്കു പച്ചയേക്കാള്‍ ഭംഗിയുണ്ടായിരുന്നു. ശിശുപാലന്‍, ധർമപുത്രർ എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രസിദ്ധ വേഷങ്ങള്‍. സന്താനഗോപാലത്തിലെ ബ്രാഹ്മണന്‍, രുക്‌മിണീസ്വയംവരത്തിലെ സുന്ദരബ്രാഹ്മണന്‍, നാരദന്‍, ദുർവാസാവ്‌ എന്നീ മിനുക്കുവേഷങ്ങളും ഇദ്ദേഹം രസകരമായി ആടിയിരുന്നു.

ഇദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ പ്രമുഖരാണ്‌ കുറിച്ചി കുഞ്ഞന്‍പണിക്കർ, വണ്ടൂർ കൃഷ്‌ണന്‍ നായർ, ശങ്കരന്‍നായർ, കുളത്തൂർ ശൂലപാണിവാരിയർ എന്നിവർ. ഇദ്ദേഹം 1928-ൽ സ്വദേശത്തുവച്ച്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍