This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കീമിയാഅ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:01, 26 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കീമിയാഅ്‌

രസവാദവിദ്യ എന്നർഥം വരുന്ന അറബിപദം. വൈദ്യശാസ്‌ത്രവും ഗോളശാസ്‌ത്രവും ഗണിതശാസ്‌ത്രവും കഴിഞ്ഞാൽ ശാസ്‌ത്രരംഗത്ത്‌ അറബികളുടെ ഏറ്റവും മഹത്തായ സംഭാവനയാണ്‌ കീമിയാഅ്‌ (alchemy). രസതന്ത്രത്തിൽ ആദ്യമായി പരീക്ഷണങ്ങള്‍ ആരംഭിച്ചത്‌ അറബികളായിരുന്നു. നിരീക്ഷണത്തിലും വസ്‌തുക്കളുടെ ക്രാഡീകരണത്തിലും അവർ ബദ്ധശ്രദ്ധരായിരുന്നുവെങ്കിലും ശരിയായ തത്ത്വങ്ങള്‍ ആവിഷ്‌കരിക്കുന്നതിൽ അവർക്ക്‌ പ്രയാസം നേരിട്ടു. ചില തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ ചില പദാർഥങ്ങള്‍ ലോഹങ്ങളോടു ചേർത്തു വിലപിടിപ്പുള്ള മറ്റു ചില ലോഹങ്ങളുണ്ടാക്കാന്‍ അവർ ശ്രമിച്ചു. ഈ പഠനങ്ങളുടെ ഫലമായി പ്രകൃതിയിൽ ലഭിക്കുന്ന പദാർഥങ്ങളെക്കുറിച്ച്‌ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചു. ഈ വിജ്ഞാനം ശാസ്‌ത്രീയമായി ഉപയോഗിക്കപ്പെടുകയും ആധുനിക രസതന്ത്രത്തിനു തുടക്കം കുറിക്കുകയും ചെയ്‌തു.

കൂഫയിൽ പ്രസിദ്ധി നേടിയ ജാബിരി ബ്‌നു ഹയ്യാനെ അൽക്കെമിയുടെ പിതാവെന്നു വിളിക്കുന്നു. അൽറാസി കഴിഞ്ഞാൽ രസതന്ത്രത്തിൽ മധ്യകാലഘട്ടത്തിലെ ഏറ്റവും ഉന്നതന്‍ ജാബിറാണ്‌. ഗ്രീസിലെയും ഈജിപ്‌തിലെയും തന്റെ മുന്‍ഗാമികളെപ്പോലെ ജാബിറും ഈയം, ഇരുമ്പ്‌, ചെമ്പ്‌ മുതലായ ലോഹങ്ങള്‍ ഒരദ്‌ഭുത വസ്‌തു കൊണ്ട്‌ സ്വർണമോ, വെള്ളിയോ ആക്കി മാറ്റാന്‍ കഴിയുമെന്നു വിശ്വസിച്ചിരുന്നു. ആ അദ്‌ഭുതവസ്‌തു കണ്ടുപിടിക്കാന്‍ ജാബിർ തന്റെ സർവശക്തിയും ഉപയോഗിച്ചു. ഇദ്ദേഹം രസതന്ത്രപരീക്ഷണങ്ങള്‍ക്ക്‌ പ്രത്യേക പ്രാധാന്യം നല്‌കി. ഇദ്ദേഹത്തിന്റെ കൃതികളിൽ 22 എണ്ണം ലഭ്യമാണ്‌; ഇവയിൽ അഞ്ചെണ്ണം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്‌. ഇവയ്‌ക്ക്‌ യൂറോപ്പിലും ഏഷ്യയിലും നല്ല അംഗീകാരമുണ്ടായിരുന്നു. 18-ാം ശതകത്തിൽ ആധുനിക രസതന്ത്രത്തിന്റെ ആവിർഭാവം വരെ ജാബിറിന്റെ തത്ത്വങ്ങള്‍ക്ക്‌ പ്രാമാണ്യം ഉണ്ടായിരുന്നു.

പിന്നീടുണ്ടായ അറബി രസതന്ത്രജ്ഞന്മാരിൽ പ്രധാനികളാണ്‌ ഇബ്‌നുൽ വഹ്‌ശിയ്യ (ഫതു്‌ഹുന്നബാതിയ്യ), അൽറാസി (കിതാബുൽ അസ്‌റാർ), അൽമജ്‌റിത്വി (ത്വബക്വാതുൽ ഉലമാഅ്‌), അൽഖ്വാസ്‌മി (അയിനു സ്വൽഅവ ഔനുസ്‌സുന്നാഇ്‌), അൽതുഗ്‌രാഇ (1. കീതാബുന്‍ അന്‍വാർ വൽമഹാതീഹ്‌, 2. മഹാതീഹുർറഹ്മ), അബുൽഹസന്‍ബ്‌നുമൂസ (ശുദൂറുൽ ദഹബ്‌). അബുൽ ഹസന്‍ അൽ ഇറാഖി (അൽമുക്തസബ്‌ ഫിസ്വീറാഅതിദാഹബ്‌) എന്നിവർ.

(പ്രാഫ. വി. മുഹമ്മദ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍