This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിഴക്കിന്റെ കാതോലിക്കോസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:55, 26 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കിഴക്കിന്റെ കാതോലിക്കോസ്‌

Catholicos of the East

ക്രസ്‌തവസഭയിലെ ഒരു സ്ഥാനം (സഭാതലവന്‍). അർമേനിയന്‍, ജോർജിയന്‍, പേർഷ്യന്‍ എന്നീ സഭകളുടെ അധ്യക്ഷന്മാർ ആദ്യകാലത്തു പേരിനോട്‌ "കാതോലിക്കാ' എന്നു ചേർത്തിരുന്നു. കാലം കുറേക്കഴിഞ്ഞപ്പോള്‍ "പാത്രിയർക്കീസ്‌' (പൊതുപിതാവ്‌) എന്ന സംജ്ഞകൂടി ചേർക്കാന്‍ തുടങ്ങി. പാത്രിയർക്കീസിൽ നിന്ന്‌ അല്‌പം താഴ്‌ന്ന പടിയിലായിരുന്നു കാതോലിക്കോസിന്റെ സ്ഥാനമെങ്കിലും പില്‌ക്കാലത്ത്‌ രണ്ടും ഒരേ അർഥത്തിൽ പ്രയോഗിച്ചുതുടങ്ങി. ക്രസ്‌തവസഭയുടെ ആദ്യനൂറ്റാണ്ടുകളിൽ റോമന്‍സാമ്രാജ്യത്തിനു കിഴക്കുള്ള പേർഷ്യന്‍ സാമ്രാജ്യത്തിൽ വളർന്നു വികസിച്ച ക്രസ്‌തവസഭ, പേർഷ്യന്‍സഭ എന്ന പേരിലറിയപ്പെട്ടിരുന്നു. റോമന്‍ സാമ്രാജ്യവും പേർഷ്യന്‍ സാമ്രാജ്യവും തമ്മിലുള്ള ശക്തിമത്സരങ്ങളുടെ ഫലമായി പേർഷ്യയിൽ നിന്ന്‌ അന്ത്യോഖ്യയിലേക്കും മറ്റുമുള്ള യാത്ര സുഗമമല്ലാതായി. പ്രസ്‌തുത സാഹചര്യത്തിൽ പേർഷ്യയിൽത്തന്നെ സഭാധ്യക്ഷന്മാരെ വാഴിക്കാന്‍ തുടങ്ങി. അതിനുശേഷം പേർഷ്യന്‍ സഭാധ്യക്ഷന്മാർ "വലിയ മെത്രാപ്പൊലീത്താ' എന്ന്‌ അറിയപ്പെടാനും "കാതോലിക്കോസ്‌', "കാതോലിക്കോസ്‌ പാത്രിയർക്കീസ്‌' എന്നു തുടങ്ങിയ സംജ്ഞകള്‍ അവരുടെ പേരിനോടു കൂട്ടിച്ചേർക്കാനും തുടങ്ങി. "കാതോലിക്കോസ്‌' എന്ന്‌ ആദ്യമായി ഉപയോഗിച്ചത്‌ മാർ ആബാ (540-552) എന്ന സഭാധ്യക്ഷനാണ്‌. പില്‌ക്കാലങ്ങളിൽ പേർഷ്യയിലെ ഈ ക്രസ്‌തവസഭ നെസ്‌തോറിയന്‍ സഭ എന്നറിയപ്പെട്ടു. പേർഷ്യന്‍ ക്രസ്‌തവരിൽ ഒരു വിഭാഗമായ യാക്കോബായക്കാരുടെ ആത്മീയ കാര്യങ്ങള്‍ക്കായി ആഹൂദെമ്മെ (559-577) എന്നയാള്‍ നിയമിതനായി. 628-നോടുകൂടി പേർഷ്യന്‍ സാമ്രാജ്യം തകർന്നപ്പോള്‍ പേർഷ്യയിലെ ഒന്നാമത്തെ "മഫ്രിയാനാ'യി(മെത്രാന്മാരെ വാഴിക്കാന്‍ അധികാരമുള്ള സഭാധ്യക്ഷന്‍) മാർ മാരൂഥാ നിയമിതനായി. ഈ മാരൂഥായുടെ പിന്‍ഗാമികള്‍ "മഫ്രിയാന്‍' എന്ന സംജ്ഞയാണ്‌ ഉപയോഗിച്ചിരുന്നത്‌. ഇതിന്റെ പിന്തുടർച്ചയാണ്‌ "കിഴക്കിന്റെ കാതോലിക്കോസ്‌' എന്ന്‌ പില്‌ക്കാലത്ത്‌ അറിയപ്പെടുന്ന അധ്യക്ഷസ്ഥാനം.

കേരളത്തിൽ 1912-ൽ യാക്കോബായക്കാരുടെയിടയിൽ പുനരുദ്ധരിക്കപ്പെട്ടത്‌ പേർഷ്യയിലെ ഈ മഫ്രിയാനേറ്റാണ്‌. മാർ അബ്‌ദൽ മിശിഹാ (1915) എന്ന പാത്രിയർക്കീസാണ്‌ ഇപ്രകാരം ഇതു സ്ഥാപിച്ചത്‌. പാത്രിയർക്കേറ്റിന്റെ അധികാരത്തിനു പുറത്തുള്ള പൗരസ്‌ത്യദേശങ്ങളിലെല്ലാം അധികാരമുള്ളയാള്‍ എന്ന അർഥത്തിലുള്ളതാണ്‌ കിഴക്കിന്റെ കാതോലിക്കോസ്‌ എന്ന സംജ്ഞ. ബസേലിയോസ്‌ പൗലോസ്‌ ക (ഭ.കാ. 1912-13) മരിച്ചപ്പോള്‍ വേറൊരാളെ കാതോലിക്കായായി വാഴിച്ചില്ല. പിന്നെ 1925-ൽ ബസേലിയോസ്‌ ഗീവർഗീസ്‌ ക (1870-1928) കേരളത്തിലെ രണ്ടാമത്തെ കാതോലിക്കോസ്‌ ആയി. ബസേലിയോസ്‌ ഗീവർഗീസ്‌ II (ഭ. കാ. 1929-64), ബസേലിയോസ്‌ ഔഗന്‍ I (ഭ. കാ. 1964-75), ബസേലിയോസ്‌ മാർത്തോമാ മാത്യൂസ്‌ കക (ഭ.കാ. 1991-2006), ബസേലിയോസ്‌ മാർത്തോമാ ദിദിമോസ്‌ I (ഭ.കാ. 2005-2010), ബസേലിയോസ്‌ മാർത്തോമാ പൗലോസ്‌ II (ഭ.കാ. 2010- ) എന്നിവർ "പൗരസ്‌ത്യ കാതോലിക്കോസ്‌'മാരായി ഭരണം നടത്തി. അന്ത്യോക്യ പാത്രിയർക്കീസ്‌, ബസേലിയോസ്‌ പൗലോസ്‌ കക എന്ന പേരിൽ 1975 സെപ്‌. 7-ന്‌ മറ്റൊരു കാതോലിക്കോസിനെ വാഴിച്ചു. കേരളത്തിലെ യാക്കോബായക്കാരുടെ ഇടയിൽ ഇന്ന്‌ "പൗരസ്‌ത്യ കാതോലിക്കോസ്‌' എന്ന പേരിൽ രണ്ടു കാതോലിക്കോസുമാരുണ്ട്‌. ഒരു കാതോലിക്കോസ്‌ കോട്ടയത്തും (ദേവലോകം) മറ്റേ കാതോലിക്കോസ്‌ മൂവാറ്റുപുഴയിലും ആണ്‌.

മാർത്തോമാശ്ലീഹാ സ്ഥാപിച്ചതും പൗരസ്‌ത്യ ഓർത്തഡോക്‌സ്‌ സുറിയാനി സഭയിൽപ്പെട്ടതും ആണ്‌ മലങ്കരസഭ. റോമന്‍ കത്തോലിക്കാസഭയുമായി മലങ്കരസഭയ്‌ക്ക്‌ എ.ഡി. 1599 മുതല്‌ക്കുണ്ടായിരുന്ന ബന്ധം എ.ഡി. 1653-ലുണ്ടായ കൂനന്‍കുരിശു സത്യ(നോ. കൂനന്‍കുരിശു സത്യം)ത്തെത്തുടർന്ന്‌ വിടർത്തപ്പെട്ടു. മലങ്കരസഭ ഒരു പൗരസ്‌ത്യസഭയായി കഴിയണമെന്നാഗ്രഹിക്കുകയും അതിനുവേണ്ടി പൗരസ്‌ത്യ സഭാധ്യക്ഷന്മാരുടെ സഹായം അഭ്യർഥിക്കുകയും ചെയ്‌തു. എ.ഡി. 1665-ൽ യറുശലേമിലെ മാർ ഗ്രിഗോറിയോസിനെ സഭ സ്വീകരിച്ചു. മലങ്കര യാക്കോബായ സുറിയാനിസഭ ലോകത്തിലെ യാതൊരു സഭയുടെയും അധീശത്വം സ്വീകരിക്കാതെ ഒരു പൗരസ്‌ത്യ ഭാരതീയ സഭയായി കിഴക്കിന്റെ കതോലിക്കോസിന്റെ നേതൃത്വത്തിൽ നിലകൊള്ളുന്നു. അഖിലലോക ക്രസ്‌തവസഭയുടെ നേതാവ്‌ റോമിലെ സഭാധ്യക്ഷനാണെന്നു പറയുന്ന സഭാകേന്ദ്രീകൃതസിദ്ധാന്തവും അതോടൊപ്പം റോമിന്റെ അവകാശവാദങ്ങളും പൗരസ്‌ത്യസഭകള്‍ സ്വീകരിക്കുന്നില്ല. കോപ്‌ടിക്‌, എത്യോപ്യന്‍, സിറിയന്‍, അർമീനിയന്‍ തുടങ്ങിയവ കിഴക്കന്‍ ഓർത്തഡോക്‌സ്‌ സഭകളാണ്‌. ഇപ്പോള്‍ ഈ സഭകളൊന്നും മറ്റൊന്നിന്റെ മേൽക്കോയ്‌മ അംഗീകരിക്കുന്നില്ല. ആരാധന, ശിക്ഷണം, പാരമ്പര്യം എന്നിവയിൽ അതാതിന്റെ പ്രത്യേകത നിലനിർത്തിപ്പോരുന്നു. പോർച്ചുഗീസുകാരുടെ വരവിനു മുമ്പുതന്നെ മലങ്കര നസ്രാണികള്‍ മാർത്തോമാശ്ലീഹായുടെ സിംഹാസനത്തിന്‍ കീഴിലായിരുന്നു എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌.

(ഡോ. ഗീവർഗീസ്‌ ചേടിയത്ത്‌; ജസ്റ്റിസ്‌ ലാസറസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍