This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാവുമ്പായി സമരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:13, 24 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാവുമ്പായി സമരം

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പു താലൂക്കിലുള്ള ഇരിക്കൂര്‍ ഫര്‍ക്കയില്‍പ്പെട്ട കാവുമ്പായി ഗ്രാമത്തില്‍ മലബാറിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ വീരേതിഹാസം സൃഷ്‌ടിച്ച സമരം. കയ്യൂരിലും കരിവെള്ളൂരിലും നടന്ന വെടിവയ്‌പുകള്‍ക്കു(1941)ശേഷം കര്‍ഷകസമരത്തിന്റെ തീച്ചൂളയായി മാറിയതോടെയാണ്‌ ഈ ഗ്രാമത്തിന്‌ രാഷ്‌ട്രീയ പ്രാധാന്യമുണ്ടായത്‌. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും ഉത്തരകേരളത്തിലെങ്ങും അലയടിച്ചുയര്‍ന്ന കര്‍ഷകപ്രസ്ഥാനത്തിന്റെ പുരോഗതിയും കാവുമ്പായിയിലും ചലനങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. 1946 നവംബറില്‍ ഇതിനടുത്ത കുയിലൂരില്‍നിന്ന്‌ കര്‍ഷകരുടെ ഒരു ജാഥ തലശ്ശേരിയിലെത്തി പുനംകൃഷി അനുവദിച്ചുകിട്ടാന്‍വേണ്ടി സബ്‌കലക്‌ടര്‍ക്കു നിവേദനം നല്‌കി; മറ്റൊരു ജാഥ കോഴിക്കോട്ട്‌ എത്തി കലക്‌ടര്‍ക്കും നിവേദനം സമര്‍പ്പിച്ചു. കാവുമ്പായിയിലെ കര്‍ഷകര്‍ മദിരാശിയിലെത്തി അന്നത്തെ റവന്യൂമന്ത്രിക്കും നിവേദനം നല്‌കിയിരുന്നു. എന്നാല്‍ പുനം കൃഷിയുടെ കാര-്യത്തില്‍ തീര്‍പ്പുണ്ടായില്ലെന്നു മാത്രമല്ല, കുയിലൂര്‍, കാവുമ്പായി പ്രദേശങ്ങളിലെ കര്‍ഷകര്‍ ജന്മിമാരുടെ കിരാതമര്‍ദനങ്ങള്‍ക്കു വിധേയരാവുകയും ചെയ്‌തു. ഈ മര്‍ദനങ്ങളെ നേരിടാന്‍വേണ്ടി കൃഷിക്കാര്‍ രൂപവത്‌കരിച്ച സന്നദ്ധസേന കുയിലൂരില്‍ പരിശീലനം നേടിക്കൊണ്ടിരിക്കുമ്പോള്‍ പൊലീസ്‌ അവരെ വേട്ടയാടി.

പുനംകുത്താന്‍ കിട്ടാത്തതുകൊണ്ട്‌ തൊഴിലവസരം നഷ്‌ടപ്പെട്ട കൃഷിക്കാര്‍ ആകെ പട്ടിണിയിലായി. ഇതിനു പുറമേ ജന്മിമാരുടെയും അവരുടെ കാര്യസ്ഥന്മാരുടെയും പൊലീസിന്റെയും മര്‍ദനങ്ങളും അവരെ അത-്യധികം പീഡിപ്പിച്ചു. ഇതിനെ ചെറുക്കാന്‍ തീരുമാനിച്ച കര്‍ഷകര്‍ 1946 ഡി. 8ന്‌ രാത്രി കാവുമ്പായി ക്കുന്നില്‍ ആലോചനായോഗം ചേര്‍ന്നു; നാടനായുധങ്ങളും കരസ്ഥമാക്കി. കരക്കാട്ടിടം നായനാര്‍ എന്ന ജന്മിയുടെ വീട്ടില്‍ ക്യാമ്പുചെയ്‌തിരുന്ന എം.എസ്‌.പി.ക്കാര്‍ ആ രാത്രിയില്‍ കാവുമ്പായി ക്കുന്ന്‌ വളഞ്ഞു. ഉറങ്ങിക്കിടന്ന കര്‍ഷകനേതാക്കളായ പി. കുമാരന്‍, മഞ്ഞേരി ഗോവിന്ദന്‍ നമ്പ-്യാര്‍, തെങ്ങില്‍ അപ്പു നമ്പ്യാര്‍, ബ്ലാത്തൂരിലെ കൃഷ്‌ണന്‍ എന്നിവരെ വെടിവച്ചും പുളിക്കല്‍ കുഞ്ഞിരാമനെ മര്‍ദിച്ചും കൊന്നു. നൂറിലധികം പേരെ പ്രതികളാക്കി പൊലീസ്‌ കേസും ചാര്‍ജ്‌ ചെയ്‌തു. പിന്നെയും ആറുമാസക്കാലത്തോളം ഈ പ്രദേശത്ത്‌ പൊലീസ്‌ മര്‍ദനം തുടര്‍ന്നു.

(വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍