This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓസ്റ്റിയോമലേസ്യ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓസ്റ്റിയോമലേസ്യ
Osteomalacia
ധാതുജപദാർഥങ്ങളുടെ(mineral substances) കുറവുമൂലം എല്ലുകള്‍ക്കുണ്ടാകുന്ന മൃദുത്വം. തരുണാസ്ഥികളിൽ (cartilages)ധാതുജ ലവണങ്ങളുടെ അന്തർനിക്ഷേപമുള്ളതുകൊണ്ടാണ് സാമാന്യമായി ഉറപ്പും സ്പ്രിങ്ങിനെന്നപോലെ പിന്തള്ളൽ സ്വഭാവവും ഉണ്ടാകുന്നത്. അതുകൊണ്ടാണ് ഈ നിക്ഷേപങ്ങളിൽ കുറവുണ്ടാകുമ്പോള്‍ എല്ലുകള്‍ക്കു ബലക്ഷയവും മാർദവവും അനുഭവപ്പെടുന്നത്. അസ്ഥികളുടെ ഭൂരിഭാഗവും കാത്സ്യവും ഫോസ്ഫേറ്റുംകൊണ്ടുനിർമിതമാണ്. ഈ രണ്ടംശങ്ങളും സാധാരണമായി ആഹാരത്തിലടങ്ങിയിരിക്കും.
അന്നപഥത്തിൽനിന്ന് ഇവയുടെ ചെറിയ ഒരു ഭാഗം മാത്രമേ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നുള്ളൂ. അധികഭാഗവും മലത്തിലൂടെയും ചെറിയ ഒരളവിൽ മൂത്രത്തിലൂടെയും വിസർജിക്കപ്പെടുന്നു. ഇപ്രകാരം ആഗിരണം ചെയ്യപ്പെടുന്നതും വിസർജിക്കപ്പെടുന്നതുമായ ഈ ധാതുജങ്ങള് ശരീരത്തിൽ ഒരു സന്തുലിതാവസ്ഥ പുലർത്തിപ്പോരുന്നുണ്ട്. ഏതെങ്കിലും വിധത്തിൽ ഈ സന്തുലിതാവസ്ഥ നഷ്ടപ്പെട്ട് കാത്സ്യവും ഫോസ്ഫേറ്റും കൂടുതലായി പുറന്തള്ളപ്പെടുമ്പോള്‍ ഓസ്റ്റിയോമലേസ്യ അനുഭവപ്പെടുന്നു. ആവശ്യമുള്ളത്ര കാത്സ്യം അടങ്ങിയ ആഹാരത്തോടൊപ്പം വിറ്റാമിന്‍ ഡിയും വേണ്ടയളവിൽ കഴിക്കണം. കാത്സ്യത്തിന്റെ ആഗിരണത്തിന് ഈ വിറ്റാമിന്‍ സഹായകമാണ്. ആഹാരത്തിൽത്തന്നെ മിക്കവാറും ഇത് വേണ്ടിടത്തോളമുണ്ടാകാറുണ്ട്. പാൽ, മറ്റു ക്ഷീരോത്പന്നങ്ങള്‍, വെളുത്ത റൊട്ടി, മുട്ട, പലതരം മീനെണ്ണകള് എന്നിവ ഈ വിറ്റാമിന്റെ സ്രാതസ്സുകളാണ് സൂര്യപ്രകാശമേറ്റാൽ വിറ്റാമിന്‍ ഡി ആയി മാറുന്ന എർഗോസ്റ്റിറോള്‍ എന്ന ഒരു രാസദ്രവ്യം മനുഷ്യശരീരത്തിലുണ്ട്. ആകയാൽ പ്രകൃതിതന്നെ ഈ വിറ്റാമിന്റെ കാര്യത്തിൽ വേണ്ട മുന്കരുതലെടുത്തിരിക്കുന്നു. എങ്കിലും ശീതരാജ്യങ്ങളിൽ, വെയിൽ കമ്മിയാകയാൽ അവിടത്തുകാർക്ക് വിറ്റാമിന്‍ ഡിയുടെയും തദ്വാരാ കാത്സ്യത്തിന്റെയും ആഗിരണത്തിൽ ഹാനി താരതമ്യേന കൂടുതലായിരിക്കും. ഓസ്റ്റിയോമലേസ്യ ആ പ്രദേശങ്ങളിലെ ജനങ്ങളിൽ കൂടുതലായി കണ്ടുവരുന്നു. പർദ ധരിക്കുന്ന സ്ത്രീകള്‍, കൂടുതൽ പ്രസവിക്കുന്ന സ്ത്രീകള്‍, ശിശുക്കള്‍ എന്നിവർ കാത്സ്യം പ്രത്യേകമായി കഴിക്കേണ്ടവരാണ്. മറ്റു കാരണങ്ങള്‍മൂലം (ഉദാ. തുടർച്ചയായ വൃക്കാപ്രവർത്തനപരാജയം) സ്ഥിരമായി വന്നുകൂടിയിട്ടുള്ള അസ്ഥിമൃദുത്വം എളുപ്പത്തിൽ ചികിത്സിച്ചുമാറ്റാന്‍ പ്രയാസമാണ്. (നോ. അസ്ഥി; അസ്ഥികൂടരോഗങ്ങള്‍) വൈറ്റമിന്‍ ഡിയുടെ അപര്യാപ്തത, വൃക്കരോഗങ്ങള്‍, പോഷകവൈകല്യങ്ങള്‍, പോഷകാഗിരണപ്രശ്നങ്ങള്, ഫോസ്ഫറസിന്റെ ന്യൂനത, ചിലയിനം അർബുദങ്ങള്‍ എന്നിവയാണ് പ്രധാന കാരണങ്ങള്‍.
എല്ലിനു ബലക്ഷയം, അസ്ഥിവേദന, കാലിന്റെ അസ്ഥിക്കുവേദന, പെട്ടെന്നുള്ള ഒടിവുകള്‍, അസ്ഥിവളയൽ, പേശീക്ഷയം, ഇടതിങ്ങിയ കശേരുക്കള് എന്നിവയാണ് രോഗലക്ഷണങ്ങള്‍.