This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എപ്‌സ്റ്റൈന്‍, ജേക്കബ്‌ (1880 - 1959)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:40, 17 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എപ്‌സ്റ്റൈന്‍, ജേക്കബ്‌ (1880 - 1959)

Epstein, Jacob

യു.എസ്‌. പ്രതിമാശില്‌പി. 1880 ന. 10-ന്‌ പോളിഷ്‌-റഷ്യന്‍ മാതാപിതാക്കളുടെ പുത്രനായി ന്യൂയോർക്കിൽ ജനിച്ചു. 1902-ൽ പാരിസിലേക്കു പോയി. 1905 മുതൽ ഇംഗ്ലണ്ടിൽ താമസമുറപ്പിച്ചു. 1907-ൽ ബ്രിട്ടീഷ്‌ മെഡിക്കൽ അസോസിയേഷന്‍ മന്ദിരത്തിന്റെ ആവശ്യത്തിലേക്കായി 18 പ്രതിമകള്‍ കൊത്തിയുണ്ടാക്കുവാന്‍ നിയുക്തനായി; 1908-ൽ അവ സ്ഥാപിക്കപ്പെട്ടു. താമ്രത്തിൽ ഇദ്ദേഹം രചിച്ചിട്ടുള്ള ഛായാരൂപങ്ങള്‍ സ്ഥൂലാകാരങ്ങളാണ്‌. ഇവ റോഡിന്‍കൃതികളെ അനുസ്‌മരിപ്പിക്കുന്നു. റോഡിന്‍ എന്ന വിശ്രുത കലാകാരനെയാണ്‌ ഇദ്ദേഹം മാതൃകയായി സ്വീകരിക്കുകയും അനുകരിക്കുകയും ചെയ്‌തിട്ടുള്ളത്‌.

റോഡിന്‍മാതൃകയിലുള്ള ഇദ്ദേഹത്തന്റെ പല കലാസൃഷ്‌ടികളും പൊതുജനങ്ങളുടെ അഭിനന്ദനത്തിനു പാത്രമായിട്ടുണ്ട്‌. ഏറ്റവും മികച്ച ഉദാഹരണം ബ്രിട്ടീഷ്‌ പാർലമെന്റ്‌ മന്ദിരത്തിനു മുന്‍പിലുള്ള സ്‌മട്‌സിന്റെ രൂപമാണ്‌. ഇദ്ദേഹത്തിന്റെ കലാസൃഷ്‌ടികള്‍ ബർഡീന്‍, ആക്‌ലന്‍ഡ്‌, ബർമിങ്‌ഹാം, ഹള്‍, ലാന്‍ഡഫ്‌കത്തീഡ്രൽ, വെസ്റ്റ്‌മിനിസ്റ്റർ ആബി, സെന്റ്‌പോള്‍സ്‌, ഇംപീരിയൽ വാർ മ്യൂസിയം, ഹോളി ചൈൽഡകോണ്‍വെന്റ്‌, മാഞ്ചസ്റ്റർ, ന്യൂയോർക്ക്‌, ഓക്‌സ്‌ഫഡ്‌, പാരിസ്‌ എന്നിവിടങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്‌. ഹൈഡ്‌ പാർക്കിൽ സ്ഥാപിച്ചിട്ടുള്ള റിമ (1925), വെസ്റ്റ്‌മിനിസ്റ്ററിലെ ലണ്ടന്‍ ട്രാന്‍സ്‌പോർട്ട്‌ മന്ദിരത്തിലെ കൊത്തുപണി (1928-1929) എന്നിവ എപ്‌സ്റ്റൈന്‍ന്റെ പ്രമുഖ രചനകളാണ്‌. 1940-ൽ ഇദ്ദേഹത്തിന്റെ ലെറ്റ്‌ ദേർ ബി സ്‌കള്‍പ്‌ചർ എന്ന ആത്മകഥ പ്രകാശിതമായി. പാരിസിൽ ഓസ്‌കർ വൈൽഡിന്റെ ശവകുടീരം ഇദ്ദേഹത്തിന്റെ ശില്‌പ വൈദഗ്‌ധ്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു. യഥാതഥമായ നിർമാണ രീതിയാണ്‌ ഇദ്ദേഹിത്തന്റെ കലാസൃഷ്‌ടികളിൽ കാണുന്നത്‌.

1954-ൽ ഇദ്ദേഹത്തിനു സർസ്ഥാനം ലഭിച്ചു. 1959 ആഗ. 19-ന്‌ എപ്‌സ്റ്റൈന്‍ ലണ്ടനിൽ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍