This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എക്‌സ് കത്തീഡ്രാ പ്രഖ്യാപനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എക്‌സ് കത്തീഡ്രാ പ്രഖ്യാപനം
"സിംഹാസനത്തിൽ നിന്ന്' എന്ന് അർഥമുള്ള ലത്തീന്‍ ശൈലി. ക്രിസ്‌തു സഭ സ്ഥാപിച്ചത് മാനവവംശത്തെ പഠിപ്പിക്കുന്നതിനും ഭരിക്കുന്നതിനും പവിത്രീകരിക്കുന്നതിനുമാണെന്നത് സഭാപ്രമാണമാണ്. ഈ ദൗത്യം ലോകാന്ത്യംവരെ നിറവേറ്റുവാന്‍ സഭ ബാധ്യസ്ഥവുമാണ്. ഇതിന് സഹായകമായിട്ടാണ് സഭയ്‌ക്ക് ദൈവികമായ അധികാരം നൽകപ്പെട്ടിട്ടുള്ളത്. പ്രസ്‌തുത അധികാരം ശ്ലീഹന്മാരുടെ സംഘത്തിനു പൊതുവായും അവരുടെ തലവനായ പത്രാസിനു പ്രത്യേകമായും നൽകിയിരുന്നു. ശ്ലീഹന്മാരുടെ അനന്തരഗാമികളാണ് മെത്രാന്മാർ. സഭയുടെ കാണപ്പെട്ട തലവനോടു ചേർന്നുനിന്നുകൊണ്ട് സത്യവിശ്വാസം പ്രഖ്യാപിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോള്‍ ദൈവത്തിന്റെ പ്രത്യേകസഹായം മൂലം മെത്രാന്മാർക്ക് തെറ്റിൽനിന്നുള്ള പരിരക്ഷ അഥവാ അപ്രമാദിത്വം സിദ്ധിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അതേസമയംതന്നെ സഭയുടെ കാണപ്പെട്ട തലവനായ മാർപ്പാപ്പയ്‌ക്ക് ദൈവത്തിന്റെ പ്രത്യേക പരിപാലനത്തിൽ ചില പ്രത്യേകാവസരങ്ങളിൽ അപ്രമാദിത്വവരം ഉണ്ട് എന്നും വിശ്വസിക്കപ്പെടുന്നു.
19-ാം ശതകത്തിൽ നടന്ന ഒന്നാം വത്തിക്കാന്‍ കൗണ്‍സിലാണ് മാർപ്പാപ്പയുടെ ഈ അപ്രമാദിത്വം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചത്.
സഭാസ്ഥാപകനായ ക്രിസ്‌തു സഭയെ ഭരിക്കുന്നതിനും നയിക്കുന്നതിനുമുള്ള എല്ലാ അധികാരങ്ങളും വിശുദ്ധ പത്രാസിനു നൽകിയെന്നു കത്തോലിക്കാസഭ വിശ്വസിക്കുന്നു. "സ്വർഗത്തിന്റെയും ഭൂമിയുടെയും താക്കോൽ' എന്നു വിവക്ഷിക്കുന്നത് ഈ അധികാരത്തെയാണ്. വിശുദ്ധപത്രാസ് സഭയുടെ ദൃശ്യമേധാവിയും പ്രഥമ മാർപ്പാപ്പയുമാണ്. അദ്ദേഹത്തിന്റെ കാലശേഷം റോമാസിംഹാസനത്തിൽ അവരോഹിതരായിട്ടുള്ള എല്ലാ മാർപ്പാപ്പമാരും വിശുദ്ധ പത്രാസിന്റെ അനന്തരഗാമികളും ഇദ്ദേഹത്തിന് ക്രിസ്‌തു നൽകിയിരുന്ന അധികാരങ്ങള്‍ കൈക്കൊണ്ടിട്ടുള്ളവരുമാണ്.
എല്ലാ വിശ്വാസികളുടെയും ഇടയനും ഗുരുവും എന്നനിലയിൽ മാർപ്പാപ്പ പഠിപ്പിക്കുന്നു; വിശുദ്ധപത്രാസിൽക്കൂടി തനിക്കു നൽകപ്പെട്ട അധികാരങ്ങളെ അവയുടെ പരമോന്നതമായ പദവിയിൽ കൈകാര്യം ചെയ്യുന്നു; വിശ്വാസത്തെയും സന്മാർഗത്തെയും സംബന്ധിച്ചുള്ള പ്രബോധനം സാർവലൗകികസഭകള്‍ക്കെല്ലാമായി നൽകുന്നു; മാർപ്പാപ്പ ഔദ്യോഗികമായും അനിഷേധ്യമായും പഠിപ്പിക്കുന്ന വിശ്വാസസത്യത്തിനു സ്വയം അർപ്പിക്കുവാന്‍ എല്ലാ വിശ്വാസികളും നിർബന്ധിതരാണ്; എക്‌സ് കത്തീഡ്രാ പ്രഖ്യാപനത്തിലെ നാലു പ്രധാന പ്രമാണങ്ങള്‍ ഇവയാണ്. മാർപ്പാപ്പയുടെ അപ്രമാദിത്വം എന്താണെന്നും അതിന്റെ അർഥവ്യാപ്‌തി എത്രമാത്രമാണെന്നും ഇതു വ്യക്തമാക്കുന്നുണ്ട്. കേവലം ഒരു വ്യക്തിയെന്നുള്ള നിലയിൽ മാർപ്പാപ്പ പഠിപ്പിക്കുന്നതും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായവും എക്‌സ് കത്തീഡ്രാ പ്രഖ്യാപനമാകുകയില്ല. അതുപോലെതന്നെ റോമന്‍ രൂപതാമെത്രാന്‍, പാശ്ചാത്യദേശത്തെ പാത്രിയാർക്കീസ് എന്നീ രണ്ടു നിലകളിലും അദ്ദേഹം പഠിപ്പിക്കുന്നതും മാർപ്പാപ്പ എന്ന നിലയിൽ അദ്ദേഹം സാധാരണ ഉപദേശിക്കുന്നതും പ്രസംഗിക്കുന്നതും എക്‌സ് കത്തീഡ്രാ പ്രഖ്യാപനത്തിന്റെ പരിധിയിൽപ്പെടുന്നില്ല.
(മോസ്റ്റ് റവ. ബനഡിക്‌ട് മാർ ഗ്രിഗോറിയോസ്)